ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ എല്ലാം ഉപേക്ഷിക്കുവാൻ നിർബന്ധിതയായ സ്ത്രീ

“ഒരു മനുഷ്യനെന്ന നിലയിലും സ്ത്രീയെന്ന നിലയിലും അമ്മ എന്ന നിലയിലും യാതൊരുവിധ പരിഗണനയും ലഭിക്കാതെയാണ് ഞാൻ എന്റെ ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും ആട്ടിയിറക്കപ്പെട്ടത്” – സഹർ എന്ന ഇറാനിയൻ സ്ത്രീയുടെ വാക്കുകളാണിത്. വേദനയും ലജ്ജയും ആശങ്കയും സഹറിനെ കീഴടക്കുന്നു. തന്റെ കുടുംബവീട്ടിൽ നിന്ന് ഒരു ടാക്സിയുടെ പിറകിൽ കയറി രക്ഷപെടുമ്പോൾ അവളുടെ കണ്ണുകളിലൂടെ കണ്ണീരൊഴുകുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇതൊക്കെ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ സഹറിന് പറയാനുള്ളൂ – അവൾ ക്രിസ്തുവിൽ വിശ്വസിച്ചു!

ഇറാനിൽ സ്ത്രീകളുടെ ജീവിതം ദുസ്സഹമാണ്; ക്രിസ്തുവിശ്വാസം സ്വീകരിച്ചാൽ പിന്നെ പറയാനില്ല. എന്നാൽ ഇത്രയും അപകടസ്ഥിതികൾ നിലനിൽക്കുമ്പോഴും ചില സ്ത്രീകൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു. സഹറിനെപ്പോലെയുള്ള സ്ത്രീകൾ പരസ്പരം ശക്തിപ്പെടുത്താൻ ധൈര്യം കണ്ടെത്തുന്നു.

സഹർ ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെന്നു മനസിലാക്കിയ ഭർത്താവ് സഹറിനെ വീട്ടിൽ നിന്ന് പുറത്താക്കി. അവളുടെ രണ്ട് ചെറിയ മക്കളിൽ നിന്നുള്ള വേർപാട് അവൾക്ക് അസഹനീയമായിരുന്നു. “ആ നിമിഷം എന്റെ ഹൃദയം തകർന്നു” – സഹർ പറയുന്നു.

സഹറിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇറാനിലും ലോകമെമ്പാടും ഇസ്ലാമിക വിശ്വാസത്തിൽ നിന്നും പരിവർത്തനം ചെയ്ത ക്രൈസ്തവ സ്ത്രീകൾ കടുത്ത പീഡനങ്ങൾ നേരിടുന്നുണ്ട്.

ഇറാനിലെ മുസ്ലീം പെൺകുട്ടിയായ സഹർ ഒരു രണ്ടാംകിട പൗരയായിരുന്നു. “അവിടെ പെൺകുട്ടികൾ വില കുറഞ്ഞവരും തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരുമാണ് എന്ന ചിന്താഗതിയാണ് നിലനിൽക്കുന്നത്. അതെനിക്ക് അരോചകമായി തോന്നി. അങ്ങനെ ഞാൻ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. ഞാൻ പതിവായി പ്രാർത്ഥിച്ചു. പക്ഷേ, ആ പ്രാർത്ഥനയും എന്നെ സഹായിച്ചില്ല” – സഹർ പറയുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സഹറിന്റെ സഹോദരഭാര്യ അവൾക്ക് ഒരു പുതിയ നിയമ പുസ്തകം നൽകി.

“ഞാൻ അത് ആദ്യം മുതൽ അവസാനം വരെ വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കി, ‘ഇത് യഥാർത്ഥത്തിൽ ജീവനുള്ള ദൈവത്തിന്റെ വചനമാണ്’ എന്ന്. എന്റെ ആത്മാവിനെയും ജീവിതത്തെയും മൂടുന്ന ഒരു ശാന്തത അപ്പോൾ എനിക്ക് അനുഭവപ്പെട്ടു. അത് ദൈവികമാണെന്ന് എനിക്കറിയാമായിരുന്നു. ക്രിസ്തുവിലൂടെ ഞാൻ രൂപാന്തരപ്പെട്ടു” – ആ നിമിഷത്തെക്കുറിച്ച് സഹർ വാചാലയായി.

അപ്പോൾ മുതൽ സഹർ ക്രിസ്തുവിൽ വിശ്വസിക്കുകയും രഹസ്യമായി പ്രാർത്ഥിക്കുകയും ബൈബിൾ വായിക്കാനും തുടങ്ങി. യേശു, സ്‌ത്രീകളെ സ്‌നേഹിക്കുന്നത് എങ്ങനെയെന്ന് അതിൽ കണ്ടെത്തിയപ്പോൾ സഹറിന് ഒരു പൂർണ്ണത തോന്നി. “ഞാനും ദൈവത്തിന്റെ മകളാണ് എന്ന എന്റെ ഐഡന്റിറ്റിയിൽ എനിക്ക് ബോധ്യം വന്നു. ആ ബോധ്യം എന്നെ പടിപടിയായി രൂപാന്തരപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്തു” – അവൾ പറയുന്നു.

വലിയ അപകടസാധ്യത

എന്നാൽ യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ചതിലൂടെ സഹർ ഒരു വലിയ റിസ്ക് ആണ് ഏറ്റെടുത്തത്. ഒരു സ്ത്രീയെന്ന നിലയിൽ തന്റെ രാജ്യത്ത് അവൾക്ക് കുറച്ച് അവകാശങ്ങളേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിലൂടെ അവൾ കടുത്ത പീഡനങ്ങൾക്ക് ഇരയായി. ഒരു മുസ്ലീം മതവിശ്വാസിയായ സഹറിന്റെ ഭർത്താവിന് അവളെ വിവാഹമോചനം ചെയ്യാൻ കഴിയും. അങ്ങനെ സംഭവിച്ചാൽ, പിന്നീടൊരിക്കലും അവൾക്ക് തന്റെ കുട്ടികളെ കാണാൻ സാധിക്കുകയില്ല.

2023-ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, യേശുവിനെ പിന്തുടരുന്ന, ലോകത്തിലെ ഏറ്റവും അപകടകരമായ എട്ടാമത്തെ രാജ്യമാണ് ഇറാൻ. സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാം; ഒറ്റ രാത്രി കൊണ്ട് വിവാഹമോചനം നേടുകയും അനന്തരാവകാശം ഇല്ലാതാക്കുകയും ചെയ്യാം, അല്ലെങ്കിൽ അടച്ചിട്ട വാതിലുകൾക്കു പിന്നിൽ ബലാത്സംഗം ചെയ്യപ്പെടുകയോ, മർദ്ദിച്ച് അവശയാക്കുകയോ ചെയ്യാം. പലപ്പോഴും സ്ത്രീകൾക്കെതിരായി വീടുകളിൽ നടക്കുന്ന ഇത്തരം പീഡനങ്ങൾ ചിലയിടങ്ങളിൽ സാംസ്കാരികമായി പോലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കടുത്ത അനീതികൾക്കെതിരെ ദശലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും നിശബ്ദരായിപ്പോകുന്നു.

‘എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നു’

വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സഹർ ഇറാനിൽ തിരിച്ചെത്തിയപ്പോൾ അവൾക്ക് തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞില്ല. കത്തോലിക്കാ വിശ്വാസത്തെപ്രതി അവൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ സഹറിന്റെ അറസ്റ്റിനു ശേഷം അവളുടെ ഭർത്താവിന് അവളെ തിരികെ ലഭിക്കണമെന്നായി. അങ്ങനെ, ജയിൽമോചിതയായപ്പോൾ, സഹർ അവളുടെ ഭർത്താവുമായി വീണ്ടും ഒന്നിക്കുകയും തുർക്കിയിൽ ഒരു പുതിയ ജീവിതം തുടങ്ങാൻ വേണ്ടി പലായനം ചെയ്യുകയും ചെയ്തു. അവളുടെ ഭർത്താവ് ഇപ്പോഴും ഒരു മുസ്ലീം വിശ്വാസി ആണെങ്കിലും പരസ്പരം സമാധാനത്തോടെ അവർ ജീവിക്കുന്നു. ഇപ്പോൾ സഹറിന്റെ ഭർത്താവും അവളുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.

ഒരു പുതിയ സ്ഥലത്തു പോലും അവളുടെ കുടുംബത്തിന്റെ ജീവിതം എളുപ്പമായിരുന്നില്ല. ഇറാനിയൻ അഭയാർത്ഥികളായതിനാൽ ജോലി കണ്ടെത്തുന്നതിനും കുട്ടികളെ സ്കൂളിൽ അയക്കുന്നതിനുമൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എങ്കിൽ പോലും, യേശുവിനെ അനുഗമിക്കാൻ ഇസ്ലാം ഉപേക്ഷിച്ച മറ്റു സ്ത്രീകളെ സഹർ ശുശ്രൂഷിക്കുന്നു. “എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നു. അവരോടൊപ്പം പ്രാർത്ഥിക്കാനും അവരോട് കൂടിയാലോചിക്കാനും അവരെ ആശ്വസിപ്പിക്കാനും ഞാൻ അവരുടെ അരികിലുണ്ട്” – അവൾ പറയുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.