സാംബിയായിലെ ഭവനരഹിതരായ കുട്ടികൾക്ക് കുടുംബജീവിതത്തിന്റെ ഊഷ്മളത പകരുന്ന വനിത

സാംബിയായിലെ തെരുവുകളിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന ധാരാളം കുട്ടികളുണ്ട്. ഒരു കുടുംബത്തിന്റെ തണലോ, കുടുംബാംഗങ്ങളുടെ സ്നേഹമോ ലഭിക്കാതെ മോശമായ സാഹചര്യങ്ങളിൽ വളർന്നുവരുന്ന കുട്ടികൾ. ആ കുട്ടികളെ നെഞ്ചോട് ചേർത്തുനിർത്തി, അവർക്ക്  അമ്മയായി മാറി, മാതൃസ്നേഹവും മൂല്യങ്ങളും പകർന്നുനൽകുന്ന ഒരു മിഷനറി വനിതയുണ്ട് – കരോൾ മക്‌ബ്രാഡി! അതാണ് ആ മിഷനറിയുടെ പേര്. നിങ്ങൾ ഇവരുടെ ആരാണ് എന്ന് ചോദിച്ചാൽ അടുത്തുനിൽക്കുന്ന കുട്ടികളെ ചേർത്തുനിർത്തി കരോൾ മക്‌ബ്രാഡി പറയും, “ഞാൻ ഇവരുടെ അമ്മയാണ്” എന്ന്. അറിയാം ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് സാംബിയായിലെ തെരുവിന്റെ മക്കളുടെ അമ്മയായ മിഷനറി വനിതയുടെ ജീവിതം.

ഒരു കത്തോലിക്കാ മിഷനറിയും ഒപ്പം തെരുവിൽ ജീവിക്കുന്ന കുട്ടികളുടെ ജീവിതത്തിന് സംരക്ഷണം നൽകുന്ന സന്നദ്ധ സംഘടനയായ ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയായുടെ (AFCZ) സ്ഥാപകയുമാണ് മക്ബ്രാഡി. ഈ സന്നദ്ധസംഘടന എന്താണെന്നും മക്ബ്രാഡിയെ അതിലേക്കു നയിച്ച കാരണങ്ങൾ എന്താണെന്നും അറിയണമെങ്കിൽ കുറച്ചു വർഷങ്ങൾ പിന്നിലേക്കു നടക്കണം; അതായത് 2002-ൽ എത്തണം. കാരണം അന്നാണ് മക്ബ്രാഡി ആദ്യമായി സാംബിയ സന്ദർശിക്കുന്നത്. “മിഷൻ പ്രവർത്തനം നടത്തുകയും ഒരു സ്കൂൾ സാമൂഹികപ്രവർത്തകയായി പ്രവൃത്തിക്കുകയും ചെയ്ത എനിക്ക് ദാരിദ്ര്യം എന്താണെന്ന് നന്നായി അറിയാമെന്ന് ഞാൻ കരുതി. എന്നാൽ എത്രത്തോളം തെറ്റായാണ് ദാരിദ്ര്യം എന്ന വികാരത്തെ ഞാൻ മനസിലാക്കിയതെന്ന് ദൈവം എനിക്ക് കാണിച്ചുതന്ന നിമിഷങ്ങളായിരുന്നു അത്”- ആദ്യമായി സാംബിയയിൽ എത്തിയ തന്റെ അനുഭവങ്ങളെ ഓർത്തെടുത്തുകൊണ്ട് അവർ പറഞ്ഞുതുടങ്ങി.

“ചപ്പുചവറുകൾ, മലിനജല തുരങ്കങ്ങൾ, ഡ്രെയിനേജ് ചാലുകൾ അവക്കിടയിൽ ഒരു വറ്റു ചോറിനായി അലയുന്ന കുട്ടികൾ. കിട്ടിയ അപ്പക്കഷണത്തിനായി പോരാടുന്ന മക്കൾ..” ഇതായിരുന്നു മക്ബ്രാഡി സാംബിയായിൽ എത്തിയപ്പോൾ കണ്ട കാഴ്ചകൾ. മറ്റനേകം കാഴ്ചകൾ കണ്ടുവെങ്കിലും തെരുവിലലയുന്ന ആ കുട്ടികളുടെ ഭാവി എന്താകും എന്ന ചോദ്യം മക്ബ്രാഡിയുടെ ഉറക്കം കെടുത്തി. ആ ചോദ്യത്തിനുള്ള ഉത്തരത്തിനായി അവർ രാപ്പകലില്ലാതെ അലഞ്ഞു. ആ അലച്ചിലിന്റെയും അന്വേഷണങ്ങളുടെയും ഫലമായാണ് തെരുവുകുട്ടികളെ സഹായിക്കുന്നതിനും അവർക്ക് ഒരു കുടുംബാന്തരീക്ഷം നൽകിക്കൊണ്ട് നല്ല മൂല്യങ്ങളിൽ അവരെ വളർത്തുന്നതിനുമായി ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയ എന്ന സംഘടന സ്ഥാപിക്കുന്നത്.

തെരുവിലലയുന്ന കുട്ടികൾക്ക് ഈ സംഘടന ഒരു കുടുംബത്തെ കണ്ടെത്തി നൽകുന്നു. ഈ കുട്ടികളെ ആ മാതാപിതാക്കളുടെ വീടുകളിൽ പാർപ്പിക്കുന്നു. അതുവഴി അവർ കുടുംബം എന്താണെന്നും സംസ്കാരങ്ങൾ എന്താണെന്നും അടുത്തറിയുകയും കുടുംബജീവിതത്തിന്റെ സ്വച്ഛത അനുഭവിച്ചറിയുകയും ചെയ്യുന്നു. അങ്ങനെ അവരിലേക്ക്‌ സ്നേഹം എന്ന വികാരം എത്തുകയും കുടുംബബന്ധങ്ങളുടെ വില അവർ മനസിലാക്കുകയും ചെയ്യുന്നു.

“ഞാൻ ഈ പ്രോഗ്രാമിൽ വരുന്നതിനു മുമ്പ്, എന്റെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. ചെറുപ്പമായിരുന്നിട്ടും മോശമായ ഒരുപാട് കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചിരുന്നു, എന്റെ അമ്മ ഒരു മദ്യപാനിയായിരുന്നു, എന്റെ രണ്ടാനച്ഛൻ ക്രൂരനായിരുന്നു. എനിക്ക് ഒന്നുമില്ലായിരുന്നു. എന്റെ സഹോദരൻ എന്നെ മാമാ കരോളിലേക്ക് കൊണ്ടുവന്നപ്പോൾ അത് മാറി. ഇന്നെനിക്ക് എല്ലാമുണ്ട്. സ്കൂൾ, ഭക്ഷണം, സ്നേഹം, പരിചരണം. നിങ്ങൾ എന്നെ സഹായിക്കാൻ ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നെന്ന് ഞാൻ ആലോചിക്കുകയാണ്” – ഈ പരിപാടിയുടെ ഭാഗമായി മാറിയ മുയിൽ എന്ന ചെറുപ്പക്കാരൻ പറയുന്നു.

ഇത്തരത്തിൽ ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയയിലൂടെ രക്ഷപെട്ട അനേകം കുട്ടികളുണ്ട് ആ രാജ്യത്ത്. ദാരിദ്ര്യവും മൂല്യശോഷണവും കാർന്നുതിന്നുന്ന രാജ്യത്ത് പ്രതീക്ഷയുടെ നാളമായി മാറുകയാണ് മക്ബ്രാഡിയും ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.