വി. അലോഷ്യസ് ഗോൺസാഗോ: മനസിന്റെയും ശരീരത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കാൻ മാധ്യസ്ഥം തേടേണ്ട വിശുദ്ധൻ

    മനസിന്റെയും ശരീരത്തിന്റെയും വിശുദ്ധിയുടെ പേരിൽ സഭ ഉയർത്തിക്കാണിക്കുന്ന ഒരു മികച്ച മാതൃകയാണ് വി. അലോഷ്യസ് ഗോൺസാഗോ. 23 വയസു വരെ മാത്രമേ ഈ വിശുദ്ധൻ ജീവിച്ചുള്ളൂ. യുവജനങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായാണ് സഭ വി. അലോഷ്യസിനെ പ്രഖ്യാപിച്ചിരിക്കുന്നത്. തിന്മയുടെ സ്വാധീനത്തിൽ കഴിയുന്നവർക്കായി വി. അലോഷ്യസ് ഗോൺസാഗോയുടെ മാദ്ധ്യസ്ഥം തേടുന്നത് ഉചിതവും ഫലദായകവുമാണ്.

    ഒരു വൈദികനാകണമെന്നായിരുന്നു അലോഷ്യസിന്റെ ആഗ്രഹം. പക്ഷേ അത് സാധിക്കുന്നതിനു മുമ്പ് അലോഷ്യസ് ദൈവത്തിന്റെ പക്കലേക്കു യാത്രയായി. ഭൂമിയിലെ പരിമിതമായ ജീവിതത്തിനിടയിൽ മനസു കൊണ്ടോ, ശരീരം കൊണ്ടോ ഒരു പാപവും അദ്ദേഹം ചെയ്തിരുന്നില്ല.

    കാസ്റ്റിഗ്ലിയോൺ പ്രഭുവായ ഫെർഡിനാന്റിന്റെ മൂത്ത മകനായിരുന്നു അലോഷ്യസ് ഗോൺസാഗോ. 1568 മാർച്ച് 9-നാണ് അദ്ദേഹം ജനിച്ചത്. ‘ഈശോ മറിയം’ എന്ന തിരുനാമമാണ് ഈ ബാലൻ ആദ്യമായി ഉച്ചരിച്ചത്. ഒൻപതാമത്തെ വയസിൽ ബ്രഹ്മചര്യവ്രതം നേർന്ന അലോഷ്യസ്, പ്രത്യേകമായ ദൈവികസഹായം വഴി അശുദ്ധപാപങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല.

    രാജകൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ അലോഷ്യസ് പലപ്പോഴും കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ട്. എന്നാൽ അവിടുത്തെ സുഖസൗകര്യങ്ങൾ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയോ, ആകർഷിക്കുകയോ ചെയ്തില്ല. സദാ പ്രാർഥനയിൽ ചെലവഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കാൻ സമയം കണ്ടെത്തിയ അലോഷ്യസിനെ വനവാസി എന്നാണ് പലരും വിളിച്ചിരുന്നത്.

    യൗവനാരംഭത്തിൽ തന്നെ ഭൗതികമായതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ച അലോഷ്യസിന് ഈ അവസരത്തിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് ഈശോസഭയിൽ പ്രവേശിക്കാൻ നിർദേശം നൽകി. അലോഷ്യസ് തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. എന്നാൽ, പിതാവിന് മകന്റെ ആഗ്രഹം സ്വീകാര്യമായിരുന്നില്ല. നാലു വർഷത്തെ പ്രാർഥനയുടെയും അപേക്ഷയുടെയും ഫലമായി അലോഷ്യസ് 1585 നവംബർ 25-ാം തീയതി ഈശോസഭയിൽ പ്രവേശിച്ചു.

    രണ്ടു വർഷത്തെ നോവിഷ്യേറ്റിനു ശേഷം അദ്ദേഹം സഭയുടെ വ്രതങ്ങൾ അനുഷ്ഠിച്ചു. അതിനു ശേഷം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. സെമിനാരിയിൽ ഏവർക്കും മാതൃകയായിരുന്നു അലോഷ്യസിന്റെ ജീവിതം. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികപിതാവായിരുന്ന വി. റോബർട്ട് ബല്ലർമിൻ അദ്ദേഹത്തെക്കുറിച്ച് ഇപ്രകാരമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്: “അലോഷ്യസ് അറിഞ്ഞുകൊണ്ട് യാതൊരു പാപവും തന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം തന്റെ ജീവിതത്തെ കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികൾക്ക് വിധേയമാക്കിയിരുന്നു. രാത്രിയിൽ ഏറെ സമയം പ്രാർഥനക്കായി ചിലവഴിച്ചിരുന്ന അലോഷ്യസ്, സ്വന്തം തെറ്റുകളോർത്ത് കണ്ണുനീർ ചിന്തിയിരുന്നു.”

    അലോഷ്യസ് തന്റെ ദൈവശാസ്ത്രപഠനം പൂർത്തിയാക്കാറായപ്പോൾ റോമിൽ മാരകമായ ജ്വരപ്പനി പടർന്നുപിടിച്ചു. അനേകം ആളുകൾ ശുശ്രൂഷിക്കപ്പെടാതെ മരിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ അവരെ ശുശ്രൂഷിക്കുന്നതിനായി തന്നെയും അനുവദിക്കണമെന്ന് അലോഷ്യസ് അധികാരികളോട് അപേക്ഷിച്ചു. അനുമതി ലഭിച്ച അലോഷ്യസ്, ഉടൻ തന്നെ സേവനരംഗത്തേക്ക് പുറപ്പെട്ടു. അധികം താമസിയാതെ അദ്ദേഹത്തിനും പനി പിടിപെട്ടു. 1591 ജൂൺ 21-ാം തീയതി ഇരുപത്തിമൂന്നാമത്തെ വയസിൽ വിശുദ്ധൻ സ്വർഗത്തിലേക്ക് പറന്നുയർന്നു.

    ശരീരം കൊണ്ടും മനസു കൊണ്ടും പലവിധത്തിൽ പാപം ചെയ്തിട്ടുള്ളവരാണ് നാമെല്ലാവരും. പലപ്പോഴും മനസിലുണ്ടാവുന്ന പലതരത്തിലുള്ള ദുഷ്ചിന്തകളാണ് നമ്മെ വഴിതെറ്റിക്കുന്നത്. മനസിലെ ആഗ്രഹങ്ങളാണ് പ്രവൃത്തിപഥത്തിലെത്തുന്നത്. അതുകൊണ്ട് മനസിന്റെ വിശുദ്ധിയും നൈർമ്മല്യവും പ്രധാനപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിൽ വി. അലോഷ്യസ് ഗോൺസാഗോയുടെ മാദ്ധ്യസ്ഥത്തിന് വലിയ ശക്തിയുണ്ട്. അതിനാൽ മനസിന്റെയും ശരീരത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കാൻ നമുക്ക് ഈ കുഞ്ഞു വിശുദ്ധന്റെ മാധ്യസ്ഥം തേടാം.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.