പച്ചമരുന്നുകൾക്കിടയിലെ വൈദ്യനച്ചൻ 

സുനിഷ വി.എഫ്

താരപരിവേഷമോ, ആർഭാടങ്ങളോ അല്ലായിരുന്നു വൈദ്യനച്ചന്റെ മുഖമുദ്ര. ഏറ്റവും ലളിതമായി ജീവിച്ചുകൊണ്ട് അദ്ദേഹം നേടിയത് അനേകായിരം ആളുകളെയാണ്.  ഒരു പ്രകൃതിസ്നേഹിയെന്നോ, പച്ചമരുന്ന് വിദഗ്ധനെന്നോ, ഒരു സാമൂഹ്യപരിഷ്കർത്താവെന്നോ ഈ പുരോഹിതനെ നമുക്ക് വിശേഷിപ്പിക്കാം. എന്നാൽ ചിറ്റൂരച്ചന് താൻ ഇപ്പോഴും ക്രിസ്തുവിന്റെ പുരോഹിതനായി അറിയപ്പെടാനാണ് ആഗ്രഹം. തുടർന്നു വായിക്കുക…

മാനന്തവാടി രൂപതയിലെ വൈദിക വിശ്രമകേന്ദ്രമാണ് ദ്വാരകയിൽ സ്ഥിതിചെയ്യുന്ന വിയാനി ഭവൻ. വിശുദ്ധിയുടെ പരിമളം പരക്കുന്ന സ്വർഗീയമായ ശാന്തത പുൽകുന്ന ഇടം. അവിടെ പച്ചമരുന്നുകളുടെ കൂട്ടും കരുതലും, ആ കരുതലിനെ ഉറപ്പിക്കുന്ന സ്നേഹവും പകരുന്ന ഒരു വൈദ്യനുണ്ട്; വെറും വൈദ്യനല്ല, വൈദ്യനച്ചൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മനുഷ്യസ്നേഹിയായ ഒരു വൈദികൻ – ഫാ. ജോസഫ് ചിറ്റൂർ.

പച്ചമരുന്ന് ചികിത്സകയായ അമ്മയിൽ നിന്നും ആയുർവേദ ചികിത്സയുടെ വേരുകൾ പകർന്നുകിട്ടിയ കൈപുണ്യമുള്ള സഹായി. ആ സഹായിയായ മകനെ ദൈവം, ആത്മാക്കളെ സുഖപ്പെടുത്തുന്ന വൈദികനാക്കാൻ പ്രത്യേകമായി തിരഞ്ഞെടുത്തു. വ്യത്യസ്തമായ ആ ദൈവവിളി അനുഭവം ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് ഫാ. ജോസഫ് ചിറ്റൂർ.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ ഇടവകയിൽ ചിറ്റൂർ വർക്കി – മോണിക്ക ദമ്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയ മകനായിട്ടാണ് ജോസഫ് അച്ചന്റെ ജനനം. ഇപ്പോൾ 87 വയസുള്ള ചിറ്റൂരച്ചന് പറയാൻ ഒട്ടേറെ കഥകളുണ്ട്. ഓർമ്മകളിലേക്കു പായുമ്പോൾ കർത്താവിനോട് ചേർന്നുനിന്ന ബാല്യത്തെ ഓർത്തെടുക്കാൻ ചിറ്റൂരച്ചന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

സഹോദരനൊപ്പം മിഷൻജീവിതം ആഗ്രഹിച്ച ബാല്യം

പച്ചമരുന്നുകളോടുള്ള അടുപ്പം പോലെ തന്നെ പള്ളിയുമായും അച്ചന് വളരെ ആഴത്തിലുള്ള അടുപ്പമായിരുന്നു ബാല്യകാലത്തിൽ ഉണ്ടായിരുന്നത്. കുര്യനാട് സി. എം.ഐ. അച്ചന്മാരുടെ കൊവേന്തയായ സെന്റ് ആൻസ് മൊണാസ്ട്രി, വീടിനു സമീപത്തായതിനാൽ തന്നെ ചെറുപ്പത്തിൽ വിശുദ്ധ കുർബാന മുടക്കേണ്ട അവസരം കുഞ്ഞുജോസഫിന് വന്നിട്ടില്ല. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതെ സ്‌കൂളിൽ പോയ ദിനങ്ങളും അച്ചന്റെ ഓർമ്മയിലില്ല. കൂടാതെ, അക്കാലത്ത് ആശ്രമത്തിന്റെ മേലധികാരിയായിരുന്ന ദൈവദാസനായി ഉയർത്തപ്പെട്ട ഫാ. ബ്രൂണോ കണിയാരകത്ത് സി.എം.ഐ കുഞ്ഞുജോസഫിൽ വലിയ സ്വാധീനവും ചെലുത്തിയിരുന്നു.

ഇതു കൂടാതെ വേദപാഠ ക്ലാസുകളിലും മറ്റും വളരെ ഉത്സാഹത്തോടെ പങ്കെടുത്തിരുന്ന അച്ചന് വളരെ ചെറുപ്പം മുതൽ തന്നെ ഇടവകയിലെ കുട്ടികളെ വേദപാഠം പഠിപ്പിക്കാനും ആദ്യകുർബാന സ്വീകരണത്തിനൊരുക്കാനും അവസരം ലഭിച്ചു. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് മൂത്ത സഹോദരൻ ഷില്ലോങ് രൂപതക്കു വേണ്ടി സെമിനാരിയിൽ ചേരുന്നത്. അതോടെ ഒരു വൈദികനാകണം എന്ന ആഗ്രഹം കുഞ്ഞുജോസഫിൽ രൂപം കൊണ്ടു.

അതിനിടയിൽ കുടിയേറ്റത്തിന്റെ ഭാഗമായി അച്ചന്റെ കുടുംബം കണ്ണൂർ ജില്ലയിലെ എടൂരിലേക്ക് സ്ഥലം മാറി. വൈകാതെ പത്താം ക്ലാസ് പാസായ ജോസഫ്, വൈദികനാകണം എന്ന തന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചു.

“എന്റെ ആഗ്രഹം വീട്ടിലറിയിച്ചപ്പോൾ അമ്മ പറഞ്ഞു: ‘ദൂരേക്ക് പോകണ്ട. ഇനി വൈദികനാകണം എന്നുതന്നെയാണ് ആഗ്രഹമെങ്കിൽ ഒരു ഇടവക വൈദികനായാൽ മതി’ എന്ന്. അങ്ങനെ ഞാൻ രൂപതാ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു. ഇതിനിടയിൽ എടൂരിലെ ആദ്യത്തെ വൈദികനായി സഹോദരൻ വർക്കി ചിറ്റൂർ അഭിഷിക്തനായി. എന്റെ തിരുപ്പട്ടം 1964 ഡിസംബർ ഒന്നാം തീയതിയായിരുന്നു. പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം രൂപതയിലെ കണിച്ചാർ ഇടവകയിൽ വികാരിയായി നിയമിതനായി. സാധാരണ ഗതിയിൽ സഹവികാരിയായിട്ടാണ് നിയമനം ലഭിക്കുക. എന്നാൽ എന്റെ കാര്യത്തിൽ നേരിട്ടുള്ള നിയമനമായിരുന്നു” – പൗരോഹിത്യത്തിന്റെ ആദ്യനാളുകളെ ഓർത്തെടുത്തുകൊണ്ട് അച്ചൻ പറഞ്ഞു.

പുതിയ ദൗത്യവുമായി ദൈവം ഏൽപിച്ച പൗരോഹിത്യജീവിതം

ആത്മീയതയുടെ അടിത്തറ ചെറുപ്പത്തിലേ നൽകിയാൽ മരണം വരെയും അത് അവരെ ദൈവത്തോട് ചേർത്തുനിർത്തുമെന്ന് അനുഭവത്തിലൂടെ മനസിലാക്കിയ വ്യക്തിയായിരുന്നു അച്ചൻ. അതിനാൽ തന്നെ ഈ ഒരു കാര്യം തന്റെ പ്രവർത്തികളിലും കൊണ്ടുവരാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശ്വാസപരിശീലനത്തിൽ നൂതനമാർഗ്ഗങ്ങളെക്കുറിച്ചു പഠിക്കാൻ അച്ചൻ എപ്പോഴും താത്പര്യപ്പെട്ടിരുന്നു. ഇതിനാൽ തന്നെ തുടർപഠനത്തിനായി ഫിലിപ്പീൻസിലെ അത്തനേയോ ഡി മനില (Ateneo de Manila) സർവ്വകലാശാലയിൽ അവസരം ലഭിച്ചു. കാറ്റക്കിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാന്തരബിരുദം ആയിരുന്നു അദ്ദേഹം അവിടെ നിന്നും പൂർത്തീകരിച്ചത്. പിന്നീട് സ്പെഷ്യൽ എഡ്യൂക്കേഷനിലും സ്കൂൾ ഗൈഡൻസ് ഓർഗനൈസേഷനിലും അച്ചൻ ബിരുദാന്തരബിരുദം നേടി.

പഠനത്തിനു ശേഷം മടങ്ങിയെത്തിയപ്പോൾ കർണാടകയിലെ നരസിംഹ രാജപുരം എന്ന ഇടവകയിലെ വികാരിയായി ചിറ്റൂരച്ചൻ നിയമിതനായി. ആ കാലഘട്ടത്തിലാണ് തലശേരി രൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിതമാകുന്നത്; കൃത്യമായി പറഞ്ഞാൽ അൻപത് വർഷങ്ങൾക്കു മുൻപ്. അച്ചൻ ആയിരിക്കുന്ന ഇടവക, പുതിയ രൂപതയുടെ ഭാഗമായി മാറി. അതോടെ ഫാ. ജോസഫ് ചിറ്റൂർ മാനന്തവാടി രൂപതയുടെ ഭാഗമായി മാറുകയായിരുന്നു.

കർണ്ണാടകയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിലെ അജപാലനവും രൂപതയുടെ വിശ്വാസ പരിശീലനക്കളരിയുടെ അമരക്കാരനുമായി അദ്ദേഹം മാറി. അതോടൊപ്പം തന്നെ രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. ആദിവാസികളുടെ ഇടയിൽ അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം ഏറ്റവും താഴേക്കിടയിലുള്ള ജീവിതങ്ങളുടെ സുസ്ഥിരതക്ക് പ്രാധാന്യം കൊടുക്കുകയാണുണ്ടായത്.

സ്വയംസഹായ സംഘങ്ങളുടെ രൂപീകരണം 

ഉത്തരവാദിത്വങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും തന്റെ അജപാലന ദൗത്യത്തിൽ ഒരു കുറവും ഈ വൈദികൻ വരുത്തിയിരുന്നില്ല. കർണ്ണാടകയുടെ വരണ്ട മണ്ണിലെ കുടിയേറ്റ ജനതയ്ക്ക് വിശ്വാസത്തിന്റെ ജലമായി മാറാൻ ഈ പുരോഹിതൻ സ്വയം ക്രിസ്തുവിന്റെ ബലിയായി മാറി. കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങളെക്കുറിച്ച് സർക്കാർ ചിന്തിച്ചുതുടങ്ങുന്നതിനും ദശാബ്ദങ്ങൾക്കു മുമ്പു തന്നെ വയനാട്ടിലെ പാവപ്പെട്ട കർഷകർക്കിടയിൽ ചിറ്റൂരച്ചന്റെ നേതൃത്വത്തിൽ ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കുകയും നിരവധി മുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. അൻപതു വർഷങ്ങൾക്കു മുമ്പു തന്നെ ഇത്തരം സ്വയംസഹായ സഹകരണസംഘങ്ങൾ ആരംഭിക്കാൻ ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ ദീർഘവീക്ഷണം എത്രയോ വലുതാണ്.

“കർണ്ണാടകയിൽ കിലോമീറ്ററുകൾ നടന്നായിരുന്നു ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ എത്തിക്കൊണ്ടിരുന്നത്; അതോടൊപ്പം ഞങ്ങൾ അച്ചന്മാരും കാതങ്ങൾ താണ്ടിയാണ് ഓരോ ഇടവകയിലും പോയിരുന്നതും. എങ്കിലും ആ ജനങ്ങൾക്കുള്ള വിശ്വാസം നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. സീറോമലബാർ സഭക്കായി കന്നഡ ഭാഷയിലും ഞങ്ങൾ വിശുദ്ധ ബലി അർപ്പിക്കാൻ ആരംഭിച്ചു. പ്രാർത്ഥനകളൊക്കെ മലയാളത്തിൽ നിന്നും കന്നഡ ഭാഷയിലാക്കി മാറ്റി. വിശ്വാസത്തിന്റെ മുൻപിൽ ഭാഷയുടെ അതിർവരമ്പുകൾ പോലും നിസാരമായി മാറി” – അച്ചൻ തന്റെ അനുഭവങ്ങൾ തുടർന്നു.

പച്ചമരുന്നിലുള്ള പാണ്ഡിത്യം 

ഈ കാലയളവിനു ശേഷമാണ് അച്ചൻ കത്തോലിക്കാ ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI) യുടെ ഡയറക്ടർ ഫാ. ജോൺ വട്ടമറ്റത്തിനെ ഹൈദരാബാദിൽ വച്ചു കാണുന്നത്. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ചായ്’യുടെ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവയാണ്. അമ്മയുടെ സഹായിയായിരുന്ന ചിറ്റൂരച്ചന്റെ പച്ചമരുന്നിലുള്ള പാണ്ഡിത്യത്തെ ഇന്ത്യയിലുടനീളമുള്ള വിവിധ ഗ്രാമങ്ങളിൽ സാധാരണക്കാർക്കായി ഉപയോഗപ്പെടുത്താമെന്ന വട്ടമറ്റത്തിലച്ചന്റെ ആശയത്തെ ചിറ്റൂരച്ചൻ തന്റെ മറ്റൊരു ‘വിളി’യായി ഏറ്റെടുത്തു. പ്രകൃതിയിൽ നിന്നുമുള്ള മരുന്നുകൾ കൊണ്ടു തന്നെ ഒട്ടുമിക്ക അസുഖങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്ന് അച്ചൻ നിരവധിയാളുകളെ ബോധ്യപ്പെടുത്തി.

“എല്ലാ ചികിത്സാരീതികളുടെയും അടിസ്ഥാനം നമ്മുടെ പ്രകൃതി തന്നെയാണ്. അവിടെ നിന്നുമുള്ള എല്ലാത്തിനും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയും. പിന്നെ എല്ലാ ചികിത്സാരീതികൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. അതുകൊണ്ടു തന്നെ പ്രകൃതിയോട് ചേർന്നുള്ള ചികിത്സാരീതികളെ നാം മുറുകെപ്പിടിക്കുകയാണ് ചെയ്യേണ്ടത്” – ചിറ്റൂരച്ചൻ മനസ് തുറക്കുന്നു.

‘ചായ്’യുമായി ചേർന്നു നിന്നുകൊണ്ട് പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ അച്ചൻ ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ഗസ്റ്റ് ഫാക്കൽറ്റി ആയി സേവനം ചെയ്യുന്നുണ്ടായിരുന്നു. നിരവധി കോളേജുകളിൽ, പ്രത്യേകിച്ച് സസ്യശാസ്ത്ര (ബോട്ടണി) വിദ്യാർത്ഥികൾക്ക് അച്ചൻ ക്‌ളാസുകൾ കൈകാര്യം ചെയ്തിരുന്നു. അതോടൊപ്പം റേഡിയോ മാറ്റൊലിയിൽ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി രണ്ടര വർഷം തുടർച്ചയായി അച്ചൻ ചെയ്തുവന്നിരുന്നു. സമാന്തര ചികിത്സാരീതികളുടെ സംഘടനയായ ആൾട്ടർനേറ്റീവ് സിസ്റ്റംസ് ഓഫ് മെഡിസിൻ (ASM) ന്റെ ടീം മെമ്പറായും അച്ചൻ വളരെക്കാലം സേവനമനുഷ്ഠിച്ചു.

‘ജീവധാരു’ എന്ന ജീവന്റെ വൃക്ഷം

മൈസൂർ എച്ച്.ഡി കോട്ടയിൽ ‘ജീവധാരു’ എന്ന പേരിൽ ഒരു ആയുർവേദ ചികിത്സാകേന്ദ്രമുണ്ട്. ചിറ്റൂരച്ചന്റെ പ്രയത്നവും ആത്മസമർപ്പണവും കഴിവും കൊണ്ടാണ് ജീവധാരു എന്ന സംരംഭം ജന്മമെടുത്തത്. മരുന്നുകളെക്കുറിച്ച് കൃത്യമായ അറിവ് അച്ചനുണ്ടെങ്കിലും നിയമപരമായ തടസങ്ങളുള്ളതിനാൽ മറ്റുള്ളവർക്ക് മരുന്നു കൊടുക്കാൻ സാധിച്ചിരുന്നില്ല.

ജീവധാരുവിൽ വരുന്നവരെ ചികിത്സിക്കാൻ ആയുർവേദ ഡോക്ടർമാരുണ്ട്. എന്നാൽ അച്ചൻ പറഞ്ഞുകൊടുത്ത മരുന്നുകൾ ഉപയോഗിച്ച് അസുഖം മാറിയവർ നിരവധിയാണ്. ചികിത്സയോടൊപ്പം വലിയൊരു ഔഷധസസ്യ ഉദ്യാനവും സ്വപ്രയത്നം കൊണ്ട് അച്ചൻ വളർത്തിയെടുത്തു. വയനാട്ടിലെ ബോയ്സ് ടൗണിലെ ബൊട്ടാണിക്കൽ ഗാർഡന്റെ ഉത്ഭവത്തിനു പിന്നിലും ഈ വൈദികന്റെ കഠിനാദ്ധ്വാനമുണ്ട്. കേരള ടൂറിസം വകുപ്പിന്റെ ഭൂപടത്തിൽ ഇടംപിടിക്കാൻ ഈ ബോട്ടാണിക്കൽ ഗാർഡന് സാധിച്ചിട്ടുണ്ടെങ്കിൽ അത് അത്രമേൽ ശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്നതുകൊണ്ടു തന്നെയാണ്.

ഒരു വൈദ്യൻ നോക്കുന്നിടത്ത് കാണുന്നതെന്തും ഔഷധമാണ്. മുന്നിലുള്ള കരിങ്കല്ലിനു പോലും ഔഷധഗുണമുണ്ടെന്ന് അറിയുന്നവനാണ് യഥാർത്ഥ വൈദ്യൻ. അവർ എവിടെ നോക്കിയാലും ഔഷധഗുണമുള്ള സസ്യങ്ങളെ മാത്രമേ കാണൂ. ചിറ്റൂരച്ചനും അങ്ങനെ തന്നെ. നിരവധി ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായി അറിവ് അച്ചനുണ്ട്. ഏകദേശം ഇരുനൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകളെ മലയാളത്തിലും കന്നഡ ഭാഷയിലുമായി പുസ്തകരൂപത്തിലാക്കുകയും ചെയ്തിട്ടുണ്ട് അച്ചൻ. അറിവിന്റെ ഔഷധ കലവറ എന്നുതന്നെ നമുക്ക് അച്ചനെ വിശേഷിപ്പിക്കാം.

കഴിഞ്ഞ നാലു  വർഷമായി അച്ചൻ വിശ്രമജീവിതത്തിലാണ്. ഇക്കാലമത്രയും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെ കണക്കിലെടുത്ത് 2022-ൽ സീറോമലബാർ സഭ അദ്ദേഹത്തെ ആദരിച്ചിരുന്നു.

താരപരിവേഷമോ, ആർഭാടങ്ങളോ അല്ലായിരുന്നു ഈ പുരോഹിതന്റെ മുഖമുദ്ര. ഏറ്റവും ലളിതമായി ജീവിച്ചുകൊണ്ട് അദ്ദേഹം നേടിയത് അനേകായിരം ആളുകളെയാണ്. ഇവർക്കൊക്കെയും അദ്ദേഹം നൽകിയത് വ്യക്തമായ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളുമാണ്. ഒരു പ്രകൃതിസ്നേഹിയെന്നോ, പച്ചമരുന്ന് വിദഗ്ധനെന്നോ, ഒരു സാമൂഹ്യപരിഷ്കർത്താവെന്നോ ഈ പുരോഹിതനെ നമുക്ക് വിശേഷിപ്പിക്കാം. എന്നാൽ ചിറ്റൂരച്ചന് താൻ ഇപ്പോഴും ക്രിസ്തുവിന്റെ പുരോഹിതനായി അറിയപ്പെടാനാണ് ആഗ്രഹം. അത് നിർബന്ധമുള്ളതിനാലാണ് എത്ര വലിയ തിരക്കുള്ള കാര്യങ്ങൾക്കിടയിലും അദ്ദേഹം തന്റെ ഇടവക ശുശ്രൂഷാജീവിതത്തെ ചേർത്തുനിർത്തുന്നത്.

പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അച്ചനുണ്ടെങ്കിലും ഔഷധസസ്യങ്ങളെക്കുറിച്ചു ചോദിച്ചാൽ അച്ചൻ വാചാലനാകും. പച്ചമരുന്നുകൾക്കിടയിലെ പച്ചയായ പുരോഹിതന്റെ ജീവിതം മുഴുവനും സേവനത്തിനായി നീക്കിവച്ചതായിരുന്നു. ഒരേസമയം ഒരു ഇടവക വൈദികനും മിഷനറിയും സാമൂഹ്യപ്രവർത്തകനുമായ മാനന്തവാടി രൂപതയുടെ പ്രിയ വൈദ്യനച്ചന് ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.