അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര: ജൂലൈ 28 – മരണം ദിവ്യമണവാളന്റെ അടുക്കലേക്കുള്ള മടക്കയാത്രയായിക്കണ്ട അൽഫോൻസാമ്മ

സി. റെറ്റി എഫ്. സി. സി.

“ഭാരക്കുറവുള്ള പക്ഷികൾക്ക് വളരെവേഗം പറക്കാൻ കഴിയും. ചില പക്ഷികൾ പറന്നാൽ ചിറകടിക്കുന്ന ശബ്ദംപോലും കേൾക്കുകയില്ല. ഞാനും അപ്രകാരം പറന്നുപോകും. എന്റെ ബലി പൂർത്തിയാകുമ്പോൾ എന്റെ ദിവ്യനാഥൻ എന്നെ വിളിക്കും. അപ്പോൾ ഞാനൊരു ഓട്ടമോടും. ഞാൻ ഓടി കർത്താവിന്റെ മടിയിൽച്ചെന്നിരിക്കും. നിങ്ങൾ ആരും അറിയുകയില്ല” – വി. അൽഫോൻസാമ്മ.

ഈശോ പറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല (യോഹ. 11: 25-26). സ്വർഗം തുറക്കുന്ന സ്വർണ്ണത്താക്കോലാണ് മരണമെന്ന്  മഹാനായ മിൽട്ടൺ പറഞ്ഞിട്ടുണ്ട്. തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ് (സങ്കീ. 116:15) കർത്താവ് വിശുദ്ധർക്കായി സ്വർഗവാതിൽ തുറക്കുന്നതും തന്റെ മഹത്വത്തിൽ അവർക്ക് പങ്കാളിത്തം നൽകുന്നതും അവരുടെ മരണത്തിലൂടെയാണ്. തന്റെ മരണം ആസന്നമായി എന്നറിഞ്ഞ വി. ഫ്രാൻസിസ് അസീസി ഉദ്ഘോഷിച്ചു: “വന്നാലും സഹോദരി മരണമേ.” ആഹ്ലാദത്തോടെ അദ്ദേഹം ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ പ്രതീക്ഷിച്ചിരുന്ന അതിഥി വന്നിരിക്കുന്നു. എനിക്കുവേണ്ടി നിങ്ങൾ സന്തോഷത്തോടെ, മേളക്കൊഴുപ്പോടെ കീർത്തനങ്ങൾ ആലപിക്കുവിൻ.” മരണസമയത്ത് പാട്ടും മേളവും അധികപ്പറ്റാണെന്ന് അഭിപ്രായപ്പെട്ടവരോട് അദ്ദേഹം ചോദിച്ചു: “എന്തുകൊണ്ടാണ് എനിക്ക് സന്തോഷിച്ചുകൂടാത്തത്? എന്റെ കർത്താവിന്റെ അരികിലേക്കല്ലേ ഞാൻ പോകുന്നത്.”

വി. അൽഫോൻസാമ്മ തന്റെ മരണം മുൻകൂട്ടി കാണുക മാത്രമല്ല, ചോദിച്ചുവാങ്ങുകയും ചെയ്തു. മരണസമയം തന്റെ നിയന്ത്രണത്തിലാണെന്ന രീതിയിലായിരുന്നു അവളുടെ സംഭാഷണം. അവളുടെ ജീവിതത്തിന്റെ അന്തിമ കാലഘട്ടത്തിൽ മദറായിരുന്ന ബഹുമാനപ്പെട്ട ബർണ്ണദീത്താമ്മ അവളോടു ചോദിച്ചു: “ഇപ്പോൾ മരിക്കുന്നത് സന്തോഷമാണോ? മരിക്കണമെന്ന് ആഗ്രഹമുണ്ടോ?” അപ്പോൾ അൽഫോൻസാമ്മ പറഞ്ഞു: “ഇങ്ങനെ കിടന്ന് മറ്റുള്ളവർക്ക് ഭാരമാകാതെ മരിച്ചുകൊള്ളട്ടെ എന്ന് ചിലപ്പോൾ തോന്നാറുണ്ടെങ്കിലും ദിവ്യനാഥനുവേണ്ടി ലോകാവസാനംവരെ സഹിക്കുന്നത് സന്തോഷമാണ്.” അവശതകൾ വർധിച്ചുതുടങ്ങിയപ്പോൾ അൽഫോൻസാമ്മ ചില സഹോദരിമാരോടു ചോദിച്ചു: “ഇനി ഞാൻ മരിച്ചുകൊള്ളട്ടെയോ? ഞാൻ സഹിച്ചതു പോരായോ?” അവസാനകാലത്ത് അവളെ പരിചരിക്കാൻ കൂടുതൽ ആളുകൾ വേണ്ടിവന്നു.

സഹോദരിമാർക്ക് വരുന്ന കഷ്ടപ്പാടുകളും ഗുരുതരമായ വിഷമതകളും ചിന്താവിഷയമാകാനും ക്ലേശങ്ങളോടൊപ്പം അത് മാനസികമായി അവളെ മഥിക്കാനും ഇടയായി. മറ്റുപലർക്കും ദുരിതഹേതുകമായ തന്റെ ജീവിതം ദൈവഹിതമെങ്കിൽ അവസാനിക്കുന്നതായിരിക്കും നല്ലത് എന്ന് ആശയം അൽഫോൻസാമ്മയിൽ പ്രബലമായി. 1946 ജൂൺ 26-ന് തന്റെ ആധ്യാത്മികനിയന്താവായിരുന്ന റോമുളൂസ് അച്ചനു കത്തയച്ചു. അച്ചൻ അൽഫോൻസാമ്മയെ സന്ദർശിച്ചപ്പോൾ അവളുടെ അപ്പോഴത്തെ അവസ്ഥ വിശദീകരിച്ചതിനുശേഷം ചോദിച്ചു: “ദിവ്യമണവാളന്റെ അടുക്കലേക്ക് എന്നെ ഇനി വിളിച്ചുകൊള്ളാൻ അപേക്ഷിക്കട്ടെയോ?” അച്ചൻ പല ന്യായങ്ങൾ പറഞ്ഞ് തടയാൻ ശ്രമിച്ചു. എങ്കിലും അൽഫോൻസാമ്മയുടെ വികാരങ്ങളെയും ന്യായങ്ങളെയും മാനിക്കാൻ നിർബന്ധിതനായതിനാൽ ‘ദൈവേഷ്ടമെങ്കിൽ’ എന്നു ചേർത്ത് അപേക്ഷിച്ചുകൊള്ളാൻ അദ്ദേഹം അനുവദിച്ചു.

ജൂലൈ 16-ന് മദർ ജനറലിന് എഴുതി: “പരുന്ത് കോഴിക്കുഞ്ഞുങ്ങളെ എന്നപോലെ കർത്താവ് എന്നെ റാഞ്ചിക്കൊണ്ടു പോകും.” വി. അൽഫോൻസാമ്മയ്ക്ക് ദീർഘദർശനസിദ്ധി ഉണ്ടായിരുന്നെന്നും തന്റെ മരണത്തെപ്പറ്റി സഹസന്യാസിനിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വിശ്വവിജ്ഞാനകോശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 27-ാം തീയതി വൈകുന്നേരം ഭരണങ്ങാനം ഫൊറോനാ പള്ളിവികാരിയും മഠത്തിന്റെ ചാപ്ലയനുമായ ബഹുമാനപ്പെട്ട പ്ലാത്തോട്ടത്തിൽ കുരുവിള അച്ചൻ അൽഫോൻസാമ്മയെ സന്ദർശിച്ചു വിശേഷങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തോട് അവൾ പറഞ്ഞു: “അച്ചാ, നാളെ എനിക്കൊരു യുദ്ധമുണ്ട്. അച്ചൻ എനിക്കുവേണ്ടി പ്രാർഥിക്കണം.” ‘എത്ര യുദ്ധം കഴിഞ്ഞതാ. പഴയ ആയുധമൊക്കെ എടുത്ത് തൂത്തുമിനിക്കിവച്ചോളൂ’ എന്ന് അച്ചൻ മറുപടി പറഞ്ഞപ്പോൾ അൽഫോൻസാമ്മ തുടർന്നു: “അതുതന്നെയാണച്ചാ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അച്ചനുവേണ്ടി ഞാൻ അപേക്ഷിച്ചുകൊള്ളാം.”

അൽഫോൻസാമ്മ കട്ടിലിൽക്കിടന്ന് ജപമാല ചൊല്ലി പ്രാർഥിക്കുകയാണ്. ബഹു. ഗബ്രിയേലമ്മ കാപ്പി കൊടുക്കാൻ അടുത്തുചെന്നപ്പോൾ അവൾ പറഞ്ഞു: “നാളെ എനിക്ക് ഉണ്ടാകുന്നത് എന്നത്തെയുംപോലെ ആയിരിക്കില്ല. അതിനാൽ, സഹായത്തിന് ഒന്നു-രണ്ടു പേരെക്കൂടി മദറിനോടു ചോദിച്ചിട്ട് വിളിച്ചേക്കണേ, മറക്കല്ലേ.”

ജൂലൈ 28-ന് രാവിലെതന്നെ അൽഫോൻസ ഉണർന്നു. ഗബ്രിയേലമ്മ അൽഫോൻസാമ്മയെ ഒരുക്കി കുർബാനയ്ക്ക് പങ്കെടുക്കുന്നതിനായി സാധാരണ വന്നിരിക്കാറുള്ള സ്ഥലത്ത് ജനാലയുടെ അടുത്തായി ഇരുത്തി. ഗബ്രിയേലമ്മ പള്ളിയിലേക്കു പോയി. ഇടയ്ക്കുവന്നു നോക്കിയപ്പോൾ അൽഫോൻസാമ്മയ്ക്ക് പാരവശ്യത്തിന്റെ തുടക്കമായി. താങ്ങിപ്പിടിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി, കുടിക്കാൻ കൊടുത്തു. 40-ഓളം പ്രാവശ്യം അൽഫോൻസാ ഛർദിച്ചു. പാരവശ്യത്തിനു കുറവില്ല. അൽഫോൻസാമ്മയുടെ അവസ്ഥ വളരെ ഗുരുതരമായി. അൽഫോൻസാ പറഞ്ഞു: “എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എനിക്കുവേണ്ടി പ്രാർഥിക്കുവിൻ. എന്റെ മാതാവേ, എന്റെ അമ്മയെ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് സമീപത്തു സൂക്ഷിച്ചിരുന്ന വ്യാകുലമാതാവിന്റെ ചിത്രത്തിലേക്ക് അൽഫോൻസാമ്മ മുഖം തിരിച്ചു. ഈ സമയത്ത് അസാധാരണമായൊരു പ്രസന്നതയും തേജസും അവളുടെ മുഖത്ത് കാണപ്പെട്ടു. അല്പം കഴിഞ്ഞ് എല്ലാവരെയും നോക്കി അൽഫോൻസ പുഞ്ചിരിച്ചു. അവൾ പറഞ്ഞു: “എന്നെ ഉടുപ്പിടുവിക്കുവിൻ ഞാൻ പോകട്ടെ. കേട്ടോ, എന്റെ ചങ്കിലൊരു ശബ്ദം. കേൾക്കാൻ എന്തുരസം” എന്നുപറഞ്ഞ് രണ്ടുപ്രാവശ്യം ശ്വാസം വലിച്ചുവിട്ടിട്ട് അവൾ നിശ്ശബ്ദയായിക്കിടന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടത്തുപാടത്ത് അൽഫോൻസ എന്ന സിസ്റ്ററിന്റെ മരണം ബാഹ്യലോകത്തെ അറിയിച്ചുകൊണ്ട് ഭരണങ്ങാനം ക്ലാരമഠത്തിലെ മണിമുഴങ്ങി.

ദിവ്യമണവാളന്റെ അടുക്കലേക്കുള്ള മടക്കയാത്രയായി മരണത്തെക്കണ്ട അൽഫോൻസാമ്മയെപ്പോലെ സ്വർഗം തുറക്കുന്ന സുവർണ്ണതാക്കോലായി മരണത്തെ നമുക്കു സമീപിക്കാം.

സി. റെറ്റി FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.