ഹെയ്തിയിലെ ഗുണ്ടാസംഘങ്ങളിൽനിന്നും കുട്ടികളെ രക്ഷിക്കുന്ന സന്യാസിനി

“കുട്ടികൾ തെരുവിൽ അലഞ്ഞുതിരിയുന്നത് ഞാൻ കണ്ടു. അവരെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കർത്താവ് എന്നോട് ആവശ്യപ്പെടുന്നതായി എനിക്കു തോന്നി”  – സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ ഫ്രഞ്ച് മിഷനറിയായ സി. പേസിയുടെ വാക്കുകളാണ് ഇത്. ഒരു രാജ്യത്തെ തെരുവിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളിലേക്ക്  നന്മയുടെ വെളിച്ചംപകരാൻ കാരണമായ പ്രചോദനത്തെക്കുറിച്ച് സിസ്റ്റർ പറഞ്ഞുതുടങ്ങിയത് ഇപ്രകാരമാണ്. 2017 -ൽ, ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ഏറ്റവും വലിയ ചേരിയായ സിറ്റി ഡെൽ സോലെയിൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി കിസിറ്റോ ഫാമിലി സ്ഥാപിച്ച സന്യാസിനിയാണ് സി. പേസി.

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ ഫ്രഞ്ച് മിഷനറിയായിരുന്നു സിസ്റ്റർ പേസി. 1999 -ൽ അവളെ ഹെയ്തിയിലേക്ക് അയച്ചു. അവിടെ 18 വർഷക്കാലം മദർ തെരേസ കോൺഗ്രിഗേഷൻ ഓഫ് കൽക്കട്ട നടത്തുന്ന ഒരു അനാഥാലയത്തിലും ഡിസ്പെൻസറിയിലും സിസ്റ്റർ ജോലിചെയ്തു. തുടർന്ന്, 2017 -ൽ കുട്ടികളെ തെരുവിൽ നിന്ന് സ്വാതന്ത്രമാക്കാനും അവരെ സുരക്ഷിതരാക്കാനും സി. പേസി സ്വന്തം മതസമൂഹമായ കിസിറ്റോ ഫാമിലി സ്ഥാപിച്ചു.

ഹെയ്തിയിൽ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് മക്കളെ നോക്കാനോ, അവർക്ക് വേണ്ട മൂല്യങ്ങൾ പകർന്നുകൊടുക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. പല കുട്ടികളെയും മാതാപിതാക്കൾ അവരുടെ സ്വന്തം ഇഷ്ടത്തിനുവിടുകയും അതുവഴി, ആ സമൂഹത്തിൽ തിന്മയുടെ മാർഗങ്ങളായി നിലകൊണ്ടിരുന്ന ഗുണ്ടാസംഘങ്ങളിലേക്ക് അവർ എത്തപ്പെടുകയും ചെയ്യുന്നത് സാധാരണകാര്യമായി മാറിയിരുന്നു. രണ്ടുവർഷം മുമ്പ് ഹെയ്തി പ്രസിഡൻറ് ജോവനൽ മോയിസിന്റെ കൊലപാതകത്തിനുശേഷമുണ്ടായ അധികാരശൂന്യതയിൽ സായുധസംഘങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചു. അതോടെ കൂടുതൽ കുട്ടികൾ ഗുണ്ടാസംഘങ്ങളുടെ വലയിലായി.

ഈ സാഹചര്യത്തിലാണ് സിസ്റ്റർ തെരുവിൽ അലഞ്ഞുനടക്കുന്ന കുട്ടികളിലേക്ക് തന്റെ ശ്രദ്ധ തിരിക്കുന്നത്. അങ്ങനെ അവർക്കായി പ്രവർത്തിക്കാൻ കിസിറ്റോ ഫാമിലി എന്ന സമൂഹത്തിന് രൂപംനൽകി. ചേരികളിലെ കുട്ടികൾക്ക് സുരക്ഷിതമായ താവളമൊരുക്കുകയാണ് കിസിറ്റോ ഫാമിലിയുടെ ലക്ഷ്യം.

പ്രവർത്തനങ്ങൾ

നിലവിൽ ആറ് കന്യാസ്ത്രീകൾ അടങ്ങുന്ന കമ്മ്യൂണിറ്റി, ചേരിയിൽ ആൺകുട്ടികൾക്കായി നാലു ഭവനങ്ങളും പെൺകുട്ടികൾക്കായി രണ്ട് സ്ഥാപനങ്ങളും നടത്തുന്നു. ഈ ആറു ഭവനങ്ങൾക്കുപുറമെ മതസമൂഹം റിഫ്രഷർ കോഴ്‌സുകൾ, എട്ട് ചെറിയ സ്‌കൂളുകൾ (1,500 കുട്ടികളെ സ്വാഗതം ചെയ്യുന്നവ), കാന്റീനുകൾ, പാഠ്യേതര പ്രവർത്തനകേന്ദ്രങ്ങൾ, കുടുംബം പുനർനിർമിക്കുന്ന ഘട്ടത്തിൽ കുട്ടികളെ സ്വാഗതംചെയ്യുന്ന മാർസൽ വാൻ ഹൗസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

“ഹെയ്തി പോലുള്ള, അക്രമങ്ങളാൽ നശിപ്പിക്കപ്പെട്ട ഒരു സാമൂഹികപശ്ചാത്തലത്തിൽ പ്രത്യാശ പകരാനുള്ള ഏകമാർഗം സുവിശേഷവൽക്കരണമാണ്. സുവിശേഷത്തിന്റെ മൂല്യങ്ങൾ കൈമാറുക എന്നതാണ് ഏക ദീർഘകാല പ്രതികരണം. ക്ഷമ, പൊതുനന്മ സംരക്ഷിക്കുക, ദുർബലരെ സംരക്ഷിക്കുക തുടങ്ങിയ ക്രിസ്തീയമൂല്യങ്ങളില്ലാതെ ഒരു സമൂഹം കെട്ടിപ്പടുക്കാനാവില്ല” – സി. പേസി പറയുന്നു. അതിനാൽതന്നെ സുവിശേഷമൂല്യങ്ങളിൽ അധിഷ്ഠിതമായി തെരുവിലെ കുട്ടികൾക്കിടയിൽ തന്റെ ജീവിതം സമർപ്പിക്കുകയാണ് ഈ സന്യാസിനി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.