ജയിൽവിമോചിതർക്ക് പ്രതീക്ഷ പകർന്ന് ഒരു സന്യാസിനി  

ജയിൽസന്ദർശനത്തിനായി ചെല്ലുമ്പോൾ സിസ്റ്റർ ആവർത്തിച്ചു കേട്ടത് ‘എനിക്ക് ആരുമില്ല’, ‘ജയിലിൽ നിന്നിറങ്ങിയാൽ എനിക്ക് പോകാൻ ഒരിടവുമില്ല’, ‘എന്നെ കാണാൻ ആരും ഇവിടെ വന്നിട്ടില്ല’, ‘എന്നെ ഒന്ന് സഹായിക്കുമോ’, ഫോൺ ചെയ്തു പറയാമോ’ എന്നൊക്കെയുള്ള അഭ്യർത്ഥനകളായിരുന്നു. അതിന്റെ ഫലമാണ്, ജയിലിൽ നിന്നും മോചിതരാകുന്ന സ്ത്രീകൾക്കു വേണ്ടി ആരംഭിച്ച ഒരു പുനരധിവാസകേന്ദ്രം.  സി. ഫിഡെലിസ്‌, ‘ജീവോദയ’യുടെ ചരിത്രം പറയുന്നു.

സി. സൗമ്യ DSHJ

കഴിഞ്ഞ 27 വർഷങ്ങളായി ജയിൽ മിനിസ്ട്രിയുടെ ഭാഗമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഹോളി ക്രോസ് സന്യാസിനീ സമൂഹത്തിലെ സി. ഫിഡെലിസ്‌. ബെംഗളൂരുവിലെ കർമ്മലാരാം എന്ന സ്ഥലത്ത് ‘ജീവോദയ’ എന്ന പുനരധിവാസ കേന്ദ്രത്തിന്റെ കീഴിൽ, ജയിൽമോചിതരായ നിരവധി സ്ത്രീകൾക്കാണ് ഒരു പുതിയ ജീവിതം ലഭിച്ചത്. കുറ്റപ്പെടുത്തലുകൾ കൊണ്ടും വിവേചനങ്ങൾ കൊണ്ടും ഇരുൾമൂടാമായിരുന്ന അനേകം സ്ത്രീകൾ ഇന്ന് പ്രത്യാശയുടെ പാതയിൽ മുന്നേറുന്നതിനു കാരണം സി. ഫിഡെലിസിന്റെ നിസ്വാർത്ഥ സേവനമാണ്. സന്യാസ സമർപ്പണത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിലായിരിക്കുന്ന ഈ സന്യാസിനി തന്റെ ശുശ്രൂഷാമേഖലയെക്കുറിച്ചും മിഷൻ അനുഭവങ്ങളെ കുറിച്ചും ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു.

നമ്മൾ ലവ് ബോംബുകൾ; നമ്മിലെ സ്നേഹം പൊട്ടിത്തെറിക്കണം

എം.എസ്.ഡബ്ള്യു പഠനത്തിനു ശേഷം സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു സി. ഫിഡെലിസ്‌. മെഡിക്കൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി സെന്റ് ജോൺസ് ആശുപത്രിയിൽ ഏഴു വർഷക്കാലം  സിസ്റ്റർ ജോലി ചെയ്തു. അതിനു ശേഷം ഒരു വർഷം സന്യാസ പരിശീലനത്തിനായുള്ള കോഴ്‌സ് ചെയ്തു. ഒരു വർഷം റോമിലും പഠിച്ചു. കുറച്ചു നാളുകൾ നവസന്യാസിനിമാരുടെ രൂപീകരണത്തിലും സിസ്റ്റർ  ഭാഗമായിട്ടുണ്ട്. അതിനു ശേഷമാണ് ജയിൽ മിനിസ്ട്രിയുടെ ഭാഗമാകുന്നത്.

അന്ന് ആദ്യമായിട്ടായിരുന്നു കേരളത്തിനു പുറത്ത് ജയിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കർണ്ണാടകയിൽ ഈ മിനിസ്ട്രിയുടെ ഭാഗമാകാൻ സിസ്റ്റേഴ്സിനെ അന്വേഷിക്കുന്ന സമയത്ത് സി. ഫിഡെലിസ്‌ തന്റെ സന്നദ്ധത അറിയിക്കുകയായിരുന്നു. ബെംഗളൂരുവിൽ വച്ചു നടന്ന ഒരു നാഷണൽ മീറ്റിംഗിൽ ഒരു വൈദികൻ പറഞ്ഞ വാക്കുകളാണ് ഈ മിനിസ്ട്രിയുടെ ഭാഗമാകാൻ സിസ്റ്ററിന് പ്രേരകശക്തിയായി നിലകൊണ്ടത് – “നമ്മൾ ലവ് ബോംബുകളാണ്; നമ്മിലെ സ്നേഹം പൊട്ടിത്തെറിക്കണം. കൊല്ലാനല്ല, തകർന്ന ഹൃദയങ്ങളെ സുഖപ്പെടുത്താനായിരിക്കണം അത്” –  ഈ വാക്കുകൾ സിസ്റ്ററിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു.

ആളുകൾക്കിടയിലേക്ക് സ്നേഹത്തിന്റെ ബോംബായി കടന്നുചെല്ലാൻ എങ്ങനെ സാധിക്കുമെന്ന് സിസ്റ്റർ ചിന്തിച്ചു. സമൂഹത്തിലെ താഴേക്കിടയിലുള്ള ആളുകൾ, കുടുംബങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ജോലി ഇല്ലാത്തവർ, ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർ എന്നിവരുടെ ഇടയിലേക്ക് സിസ്റ്റർ ഇറങ്ങിച്ചെന്നു. അങ്ങനെ കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി സിസ്റ്റർ തന്നെ തിരഞ്ഞെടുത്ത ഒരു മിഷൻ പ്രവർത്തനമാണ് ജയിൽ മിനിസ്ട്രി. 1995 ജനുവരിയിലാണ് സിസ്റ്റർ ഈ മിനിസ്ട്രിയിലേക്ക് കടന്നുവരുന്നത്.

‘ഞങ്ങൾ വന്നത് ജയിലിലുള്ള ആളുകളെ മതം മാറ്റാനല്ല; അവരുടെ മനസ് മാറ്റാനാണ്’

ജയിൽ മിനിസ്ട്രിക്കായി ഇറങ്ങിത്തിരിക്കുമ്പോൾ ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു പോകാൻ തുടക്കത്തിൽ ഒരു സ്ഥലം പോലും ഇവർക്ക് ഉണ്ടായിരുന്നില്ല. ജയിൽ മിനിസ്ട്രിക്ക് എന്തിനാണ് ഒരു കെട്ടിടം എന്ന് പലരും ചോദിച്ചു. എന്നാൽ ഇവരുടെ ലക്ഷ്യം ജയിലിൽ പോയി ആളുകളെ സന്ദർശിക്കുക മാത്രമായിരുന്നില്ല, ജയിലിൽ നിന്നും മോചിതരാകുന്ന ആളുകൾക്കു വേണ്ടി ഒരു പുനരധിവാസകേന്ദ്രം ആരംഭിക്കുക എന്നതും കൂടിയായിരുന്നു.

മൂന്നു മാസത്തേക്ക് ഒരു കെട്ടിടം ഇവർക്ക് ലഭിച്ചു. അങ്ങനെയാണ് ജയിൽ മിനിസ്ട്രിയുടെ നാഷണൽ ഓഫീസ് ഫാ. വർഗീസ് കരിപ്പേരിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. അതോടു കൂടി ‘ജീവോദയ ആശ്രമം’ എന്ന പേരിൽ ജയിൽ നിന്നും മോചിതരാകുന്ന ആളുകൾക്കു വേണ്ടി പുനരധിവാസകേന്ദ്രം ആരംഭിച്ചു.

ബാംഗ്ലൂർ സിറ്റിയിൽ ആയിരുന്നു അന്ന് ജയിൽ. ജയിൽ സന്ദർശനത്തിനായി എഡിജിപിയെ കണ്ട് അനുവാദമൊക്കെ വാങ്ങിയാണ് പോകുന്നത്. അനുവാദത്തിനായി ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഒറ്റ കാര്യം മാത്രം: “നിങ്ങൾ ചെയ്യുന്നതൊക്കെ കൊള്ളാം; എന്നാൽ ആരെയും മതം മാറ്റരുത്.” അതിന് മറുപടിയായി ഫാ. വർഗീസ് പറഞ്ഞത് ഇപ്രകാരമാണ്: “ആളുകളെ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് മാറ്റാനല്ല ഞങ്ങൾ വന്നത്; അവരുടെ മനസ് മാറ്റാനാണ്.” അങ്ങനെ മാസത്തിലൊരിക്കൽ ജയിൽ സന്ദർശിക്കാനുള്ള അനുവാദം ലഭിച്ചു.

അടുത്ത ലക്ഷ്യം ഒരു സ്ഥലം കണ്ടെത്തി വീട് ഉണ്ടാക്കുക എന്നതായിരുന്നു. കുമ്മനഹള്ളി എന്ന സ്ഥലത്ത്  കുഷ്ഠരോഗികളെ താമസിപ്പിക്കുന്ന ഒരു സ്ഥലമുണ്ട്. ആ പ്രദേശം ഉപയോഗിക്കാനുള്ള അനുവാദം ബിഷപ്പ് നൽകി. താത്ക്കാലികമായി ആ സ്ഥലത്തേക്ക് മാറി. അവിടെ നിന്നും ജയിൽ സന്ദർശനത്തിന് പോകുന്നത് കൂടുതൽ എളുപ്പമായിരുന്നു. എന്നാൽ, 2000-ത്തിൽ ജയിൽ അവിടെ നിന്നും മാറ്റി. പിന്നീടാണ് കർമ്മലരാം എന്ന സ്ഥലത്ത് അര ഏക്കർ സ്ഥലം വാങ്ങി കെട്ടിടം പണിയുന്നത്. 1997-ലാണ് ഈ പുനരധിവാസകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരംഭിക്കുന്നത്. ജയിൽവിമുക്തരായ സ്ത്രീകളെ പുനരധിവസിപ്പിക്കാനായിരുന്നു ഈ കെട്ടിടം.

ജയിൽമോചിതരായാലും പോകാൻ ഒരിടവും ഇല്ലാതെ വലയുന്ന സ്ത്രീകൾ

ജയിൽസന്ദർശനത്തിനായി സി. ഫിഡെലിസ്‌ അധികവും പോയിരുന്നത് സ്ത്രീകളെ പാർപ്പിച്ചിരുന്ന ഇടങ്ങളിലാണ്. വിവിധ കുറ്റകൃത്യങ്ങളിലേർപ്പെട്ട്‌ ജയിലിലായ സ്ത്രീകൾ ജയിൽമോചിതരായാലും പോകാൻ ഒരിടവുമില്ലാത്ത അവസ്ഥയിലായിരുന്നു. ജയിൽസന്ദർശനത്തിനായി ചെല്ലുമ്പോൾ സിസ്റ്റർ ആവർത്തിച്ചു കേട്ടത് അവരുടെ നിസ്സഹായാവസ്ഥകളും – ‘എനിക്ക് ആരുമില്ല’, ‘ജയിലിൽ നിന്നിറങ്ങിയാൽ എനിക്ക് പോകാൻ ഒരിടവുമില്ല’, ‘എന്നെ കാണാൻ ആരും ഇവിടെ വന്നിട്ടില്ല’, ‘എന്നെ ഒന്ന് സഹായിക്കുമോ’, ഫോൺ ചെയ്തു പറയാമോ’ എന്നൊക്കെയുള്ള അഭ്യർത്ഥനകൾ സിസ്റ്ററിനു മുന്നിൽ നിറഞ്ഞു.

ജയിൽസന്ദർശനത്തിൽ കണ്ട ഒരു സ്ത്രീയുടെ അനുഭവം സിസ്റ്റർ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: അവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. ഭർത്താവ് കുറച്ച് പ്രശ്നമുള്ള ആളായിരുന്നു. ഭർത്താവിന്റെ കൂടെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഈ സ്ത്രീ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അവർ തന്റെ രണ്ടു കുട്ടികളെയും കൊണ്ട് പുഴയിൽ ചാടി. പത്തു വയസുള്ള പെൺകുട്ടിയും അഞ്ചു വയസുള്ള ആൺകുട്ടിയുമായിരുന്നു അവർക്കുണ്ടായിരുന്നത്. പെൺകുട്ടി മരിച്ചുപോയി. ആൺകുട്ടിയെയും സ്ത്രീയെയും രക്ഷപെടുത്തിയെങ്കിലും ഈ സ്ത്രീയെ ജയിലിലടച്ചു. ജയിൽമോചിതയായ ശേഷം അവരെ കൊണ്ടുപോകാൻ ആരും തന്നെ എത്തിയില്ല. സിസ്റ്റർ ആ സ്ത്രീയെ പുനരധിവാസകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോന്നു. അങ്ങനെ അവർ അവിടെ താമസിക്കാൻ തുടങ്ങി.

ഈ സെന്ററിലെത്തിയ ശേഷം അവർക്ക് തന്റെ മകനെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു; എന്നാൽ ഭർത്താവിന്റെ വീട്ടുകാർ മകനെ കൊണ്ടുവരികയോ, അമ്മയെ കാണിക്കുകയോ ചെയ്യില്ലെന്ന വാശിയിലും. സിസ്റ്റർമാർ ഭർത്താവിനോടും വീട്ടുകാരോടും സംസാരിച്ചു. അവരെ രമ്യതയിലാക്കി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അവസാനം ഭർത്താവ് മകനെ കൊണ്ടുവന്ന് കാണിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ മകന്റെ ഭാവിയോർത്ത് ഭർത്താവുമായി ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനിച്ചു. ഈ കുടുംബം ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ച് കുറച്ചു നാളുകൾക്കു ശേഷം ഭർത്താവ് മരണമടഞ്ഞു. അതിനു ശേഷവും ആ കുടുംബത്തെ ആവശ്യഘട്ടങ്ങളിൽ സഹായിക്കാൻ സിസ്റ്റർമാർ സന്നദ്ധരായിരുന്നു.

ജീവിതമാർഗ്ഗം കാണിച്ചുകൊടുക്കുന്ന പുനരധിവാസകേന്ദ്രം 

മറ്റൊരു സംഭവം ഇപ്രകാരമാണ്: 17 വയസുള്ള ഒരു പെൺകുട്ടി അവളുടെ വീട് വിട്ടു പോന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് അവൾ വീട്ടിൽ നിന്നും ഇറങ്ങിയത്. മൂത്ത ആങ്ങളയും ചേച്ചിയും വിവാഹം കഴിഞ്ഞവരാണ്. വീട്ടിൽ കടബാധ്യതയുമുണ്ട്. അതിനാൽ ഇനിയും വിവാഹം കഴിയാത്ത തന്റെ വിവാഹം ആര് നടത്തും, താൻ ഒരു ബാധ്യതയാണ് എന്നൊക്കെയുള്ള ചിന്ത ഈ പെൺകുട്ടിക്കുണ്ടായി. വീട്ടുകാരുടെ ഭാഗത്തു നിന്നും തന്നെ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടെന്നു മനസിലാക്കി അതിൽ വിഷമിച്ചാണ് ഈ പെൺകുട്ടി വീട് വിട്ടത്.

ആത്മഹത്യ ചെയ്യാനായി പല ശ്രമങ്ങളും നടത്തി. അവസാനം വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ അവൾ തീരുമാനിച്ചു. അങ്ങനെ ബാംഗ്ലൂർ സിറ്റിയിൽ എത്തിയപ്പോൾ ഒരു സ്ത്രീ അവൾക്ക് ഒരു ജോലി ശരിയാക്കി കൊടുത്തു. നാലു വർഷത്തോളം അവൾ അവിടെ ജോലി ചെയ്തു. വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഈ പെൺകുട്ടി അക്കാലയളവിനുള്ളിൽ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ പഠിച്ചു. അതിനു ശേഷമാണ് സിസ്റ്റേഴ്സിന്റെ അടുത്ത് എത്തുന്നത്. ഒരു സഹോദരൻ മാത്രമേ ഉള്ളുവെന്നും സഹോദര ഭാര്യക്ക് തന്നോട് ഇഷ്ടമല്ലാത്തതുകൊണ്ടാണ് വീട് വിട്ടതെന്നുമാണ് ആ പെൺകുട്ടി പറഞ്ഞത്.

പുനരധിവാസകേന്ദ്രത്തിൽ എത്തിയതിനു ശേഷം തയ്യൽ പഠിക്കുകയും പത്താം ക്ലാസ്സ് പരീക്ഷ എഴുതി പാസാകുകയും ചെയ്തു. പിന്നീട് ഈ പെൺകുട്ടിയുടെ വിവാഹവും സിസ്റ്റർമാർ നടത്തിക്കൊടുത്തു. ഭർത്താവിന്റെ അമ്മക്ക് അസുഖമായിരുന്ന സാഹചര്യത്തിലൊക്കെ അവൾ നല്ലതുപോലെ അവരെ ശുശ്രൂഷിച്ചു. അവൾക്ക് സ്ഥലം വാങ്ങാനും സ്വന്തമായി ഒരു വീട് നിർമ്മിക്കാനും മറ്റും സിസ്റ്റർമാർ അവളെ സഹായിച്ചു.

സ്നേഹം കൊണ്ട് തീർത്ത പാലങ്ങൾ

സ്നേഹം കൊണ്ട് അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് ജീവിതത്തിലൂടെ മനസിലാക്കിത്തരികയാണ് ഈ സന്യാസിനിമാർ. “ആരുമില്ലാത്ത, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് സ്നേഹവും കരുതലും കൊടുത്താൽ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാനുള്ള സന്നദ്ധതയും ദൈവം തന്നു. പഴയ ജീവിതത്തിലെ, ഒരുപാട് പ്രശ്നങ്ങളിൽ നിന്നും വരുന്ന ആളുകൾ ഞങ്ങളുടെ അടുത്ത് വരാറുണ്ട്. അവരെ തിരുത്തിയും വളർത്തിയും മുന്നോട്ട് കൊണ്ടുപോകേണ്ടത് വളരെ ശ്രമകരമായ ദൗത്യമാണ്. പ്രസവിച്ചില്ലെങ്കിലും ഇവരെ സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങൾ നോക്കുന്നത്” – സി. ഫിഡെലിസ്‌ പറയുന്നു.

ജീവോദയയിൽ മൂന്ന് സന്യാസിനിമാരാണ് ഇപ്പോൾ ഉള്ളത്. സി. ഫിഡെലിസ്, സി. ക്ലാര, സി. തെരെസീന. കോഴിക്കോട് ചേവായൂർ സ്വദേശിയാണ് സി. ഫിഡെലിസ്‌. 27 വർഷങ്ങളായി ജയിൽ മിനിസ്ട്രിയാണ് സിസ്റ്ററിന്റെ സേവനമണ്ഡലം.

“ഈ മിനിസ്ട്രിയുടെ ഒരു പ്രത്യേകത, നമ്മൾ ഒരു പ്രാവശ്യം ഇതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ തന്നെ തുടരാൻ തോന്നും. ജയിൽ മോചിതരാകുന്നവരെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലേക്ക് വന്നുകഴിഞ്ഞാൽ പിന്നെ ഒരു തിരിഞ്ഞുനോട്ടമില്ല. അവർക്ക് പുതിയ ജീവിതം ലഭിക്കുന്നതു കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്” – സിസ്റ്റർ തന്റെ അനുഭവം പറയുന്നു.

ജയിലിലാകുന്ന ഒരു വ്യക്തി എന്തുമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന് തിരിച്ചറിയാൻ ഈ സന്യാസിനിമാർക്ക് ഒരു അവസരമുണ്ടായി. ആ സംഭവം ഇപ്രകാരമാണ്: ഒരു ദിവസം രാത്രി കള്ളന്മാർ പുറത്തു നിന്നും ഇവരുടെ വീട് പൂട്ടി. കാര്യമായിട്ടൊന്നും മോഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ആ രാത്രി ഭീതിയോടെ അടച്ചിട്ട ആ മുറിക്കുള്ളിൽ ഇവർക്ക് കഴിയേണ്ടിവന്നു. നേരം വെളുത്തപ്പോൾ പാൽ കൊണ്ടുവരുന്ന ചേച്ചിയുടെ സഹായത്തോടെയാണ് ഇവർ പുറത്തിറങ്ങിയത്. ഏതാനും മണിക്കൂറുകളാണ് അങ്ങനെ ചിലവഴിച്ചതെങ്കിലും ജയിലിൽ അകപ്പെടുന്നതിന്റെ വിഷമം എന്താണെന്ന് അവർ തിരിച്ചറിഞ്ഞു. പുറത്ത് എന്ത് നടക്കുന്നു എന്ന് അറിയില്ല; എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അറിയില്ല. അത്തരമൊരു അവസ്ഥയിലൂടെയാണ് ആ മണിക്കൂറുകൾ കടന്നുപോയത്.

സിസ്റ്റേഴ്സ് ഓഫ് ഹോളിക്രോസ് എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ. സ്വിറ്റ്സർലണ്ടിലാണ് ഈ സമൂഹത്തിന്റെ ആരംഭം. 14 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സമർപ്പിത സമൂഹത്തിന് ഇന്ത്യയിൽ മൂന്ന് പ്രൊവിൻസുകളുണ്ട്. സൗത്ത് ഇന്ത്യൻ പ്രൊവിൻസ്, സെൻട്രൽ ഇന്ത്യൻ പ്രൊവിൻസ്, നോർത്ത് ഇന്ത്യൻ പ്രൊവിൻസ്. ഇതിൽ സെന്ററിൽ ഇന്ത്യൻ പ്രോവിൻസിലാണ് സിസ്റ്ററുള്ളത്. 75 വയസുള്ള സി. ഫിഡെലിസ്‌, ഈ വർഷം സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. സിസ്റ്ററിന് ലൈഫ് ഡേ യുടെ ആശംസകൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.