വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അഭിനന്ദനം അഭിഷേകമാക്കി മാറ്റിയ ബാലൻ

അനേകം ആളുകളെ സ്വാധീനിച്ച വ്യക്തിയാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ. ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധനായി അറിയപ്പെട്ടിരുന്ന ജോൺ പോൾ പാപ്പായുടെ ഓരോ ചെറിയ പ്രവൃത്തിപോലും അനേകരെ വിശുദ്ധിയിലേക്കു നയിച്ചിരുന്നു. അത്തരത്തിലൊരു ചെറിയ പ്രവൃത്തി, ഒരു ബാലനെ സ്വാധീനിച്ച സംഭവമാണ് ഇവിടെ കുറിക്കുന്നത്. ആ ബാലൻ ഇന്നൊരു വൈദികനാണ്. അദ്ദേഹത്തെ ഒരു വൈദികനാക്കിയത് വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ, വളരെ നിസ്സാരമെന്നു കരുതാവുന്ന ഒരു അഭിവാദനവും.

ഫാ. ഫ്രാൻസെസ്കോ ചിയാരിനി എന്ന വൈദികനെയാണ് ദൈവം, വിശുദ്ധനായ ആ പാപ്പായിലൂടെ തന്റെ പൗരോഹിത്യത്തിലേക്കു ക്ഷണിച്ചത്. ജോൺ പോൾ രണ്ടാമൻ  പാപ്പാ 1988 ഡിസംബർ 30 -ന് ചിയാരിനിയുടെ ജന്മനാട് സന്ദർശിച്ചു. അന്ന് ചിയാരിനിക്കു എട്ടുവയസ്സ്. ചുവന്ന തൊപ്പിയൊക്കെവച്ച് ആൾക്കൂട്ടത്തിനിടയിലൂടെ കടന്നുപോകുന്ന പാപ്പാ. ആർപ്പുവിളികളാൽ അവിടെ മുഴുവൻ ശബ്ദമുഖരിതമായിരുന്നു.

ആളുകളുടെ ബാഹുല്യംനിമിത്തം പാപ്പായെ കാണാൻ സാധിക്കാതിരുന്ന ആ എട്ടുവയസ്സുകാരനെ അദ്ദേഹത്തിന്റെ സഹോദരൻ എടുത്തിരുന്നു. കുട്ടികളെ ഏറെ സ്നേഹിക്കുന്ന പാപ്പായുടെ കണ്ണുകളിൽ വത്തിക്കാന്റെ ചെറിയ പതാകയുമേന്തി തന്നെ അഭിവാദ്യം ചെയ്യുന്ന ആ കുട്ടി പതിയാൻ അധികസമയം വേണ്ടിവന്നില്ല. പാപ്പാ അവന്റെ അടുത്തേക്കുവന്നു. “ഈ സമയം പാപ്പായ്ക്കും ഞങ്ങൾക്കുമിടയിൽ ഒരു സുരക്ഷാവേലിയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ” – ഫ്രാൻസെസ്കോ ഓർക്കുന്നു. ശേഷം മൂത്തകുട്ടിയെയും അവന്റെകൂടെയുള്ള ആ ചെറിയ കുട്ടിയെയും പാപ്പാ നോക്കി; അവരുടെ മുഖത്ത് തലോടി. ആ നിമിഷം വിശുദ്ധനായ പാപ്പായുടെ ഊഷ്മളത തനിക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്ന് ഫാ. ഫ്രാൻസെസ്കോ പറയുന്നു.

അതിനുശേഷമാണ് പരിശുദ്ധ കുർബാന സ്വീകരിക്കുന്നതും വൈദികനാകുക എന്ന അതിയായ ആഗ്രഹത്തിലേക്ക് എത്തുന്നതും. തുടർന്നുള്ള ജീവിതത്തിൽ ആരാകാനാണ് ആഗ്രഹമെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ, ‘എനിക്ക് വൈദികനാകണം’ എന്ന് ഞാൻ പറയുമായിരുന്നു –  ഫാ. ചിയാരിനി വെളിപ്പെടുത്തി. പിന്നീട് പതിനേഴാം വയസ്സിൽ ലോക യുവജനസമ്മേളനത്തിൽ പങ്കെടുക്കാനുള്ള  ഭാഗ്യം ചിയാരിനിക്കു ലഭിച്ചു. “ക്രിസ്തുവിനെ അനുഗമിക്കുക. ഭയപ്പെടേണ്ട; അവിടുന്ന് നിങ്ങൾക്ക് പുതുജീവൻ നൽകും” എന്ന ജോൺ പോൾ പാപ്പായുടെ ആഹ്വാനം ആ ചെറുപ്പക്കാരന്റെ മനസ്സിൽ അലയടിച്ചു. ആ പ്രചോദനം അദ്ദേഹത്തെ എത്തിച്ചത് സെമിനാരിയിൽ.

ഇന്ന് അദ്ദേഹത്തിന് 42 വയസ്സുണ്ട്. ഇറ്റലിയിലെ ഫെർമോ രൂപതയിൽ വൈദികനായി സേവനം ചെയ്യുകയാണ് അദ്ദേഹം. പാപ്പായെ കണ്ടതും അദ്ദേഹത്തിന്റെ ആലിംഗനം ലഭിച്ചതുമൊക്കെ ഇന്നും പച്ചകെടാതെ അച്ചൻ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്; ഒരു നിയോഗം പോലെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.