ആലപ്പുഴയുടെ നല്ല സമരിയക്കാരൻ

മരിയ ജോസ്

ഒരു തീർത്ഥാടനം പോലെ വിശുദ്ധമായിരുന്നു ദേവസിച്ചേട്ടന്റെ ജീവിതത്തിലെ കഴിഞ്ഞ 32 വർഷങ്ങൾ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തുന്ന ആരോരുമില്ലാത്ത രോഗികൾക്കു മുന്നിൽ ദൈവസ്നേഹത്തിന്റെ മുഖമായി മാറിയ വ്യക്തിയാണ് ആലപ്പുഴ പൂങ്കാവ് സ്വദേശിയായ ദേവസിച്ചേട്ടൻ. ആലപ്പുഴയുടെ ഈ നല്ല സമരിയക്കാരനെക്കുറിച്ച് കൂടുതല്‍ അറിയാം.

“ദേവസിച്ചേട്ടാ, ഇന്ന് പുതിയ ഒരാൾ കൂടിയുണ്ട് കേട്ടോ” – വണ്ടാനം മെഡിക്കൽ കോളേജ് വാർഡിൽ നിന്നും സിസ്റ്റർമാർ അത് പറയുമ്പോൾ ദേവസിച്ചേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരും. തലയാട്ടി മെല്ലെ വാർഡുകളിലേക്കു നടക്കും. അവിടെ ആരോരുമില്ലാത്ത, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, സഹായിക്കാൻ ബന്ധുക്കൾ കൂടെയില്ലാത്ത ആളുകളുടെ അടുത്തെയ്ക്കാണ് ആ നടത്തം. വാർഡിലെത്തി അവരെ പരിചരിച്ച്, ഭക്ഷണം നൽകി, ഒരു നന്ദി സ്വീകരിക്കാൻ പോലും നിൽക്കാതെ അവർക്കു പ്രിയപ്പെട്ടവനായി നടന്നകലും. ഇതാണ് ആലപ്പുഴയുടെ സ്വന്തം സമരിയക്കാരനായി മാറിയ ദേവസിച്ചേട്ടൻ.

കഴിഞ്ഞ 32 വർഷങ്ങളായി, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തുന്ന ആരോരുമില്ലാത്ത രോഗികൾക്കു മുന്നിൽ ദൈവസ്നേഹത്തിന്റെ മുഖമായി മാറിയ വ്യക്തിയാണ് ആലപ്പുഴ പൂങ്കാവ് സ്വദേശിയായ ദേവസിച്ചേട്ടൻ. ഒരിക്കൽ നെഞ്ചുവേദനയുമായി ചെന്ന ദേവസിച്ചേട്ടന്റെ കണ്ണുകൾക്ക് തുറവി നൽകിക്കൊണ്ട് ദൈവം അദ്ദേഹത്തെ ഒരു വലിയ ദൗത്യം ഏൽപിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് മെഡിക്കൽ കോളേജിലെ സ്ഥിരം സന്ദർശകനായി, ശുശ്രൂഷകനായി മാറി അദ്ദേഹം.

നീണ്ട 32 വർഷങ്ങൾ കടന്നുപോകുമ്പോൾ ദൈവം ഏല്പിച്ച ആ വലിയ ദൗത്യം നിശബ്ദം തുടരുകയാണ് അദ്ദേഹം. ലാഭേച്ഛയില്ലാതെ, തളരാതെ. അറിയാം ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ശുശ്രൂഷകനായ ദേവസിച്ചേട്ടനെ.

ദൈവത്താൽ പിടിക്കപ്പെട്ടവൻ ശുശ്രൂഷകനായ കഥ

“ഫോണ്‍ ചെയ്യുകയാണെങ്കില്‍ ഞായറാഴ്ച ഉച്ചക്കു മുൻപ് വിളിക്കാൻ പറ്റുമോ? വൈകിട്ട് എനിക്ക് കുർബാനക്ക് പോകേണ്ടതാണ്” – ഒരു അഭിമുഖത്തിനായി ദേവസിച്ചേട്ടനെ സമീപിച്ചപ്പോൾ ആദ്യം പറഞ്ഞത് ഈ വാക്കുകളായിരുന്നു. കുർബാനക്കു പോകണം. അതുകഴിഞ്ഞേ ഉള്ളൂ മറ്റെന്തും. അതാണ് ദേവസിച്ചേട്ടന്റെ ജീവിതത്തിൽ ശക്തി പകരുന്നത്.

മുൻപ് ഇത്ര ആധ്യാത്മികത ഒന്നുമില്ലായിരുന്നു ദേവസിച്ചേട്ടന്റെ ജീവിതത്തിന്. തോന്നുന്നതൊക്കെ ചെയ്തുനടക്കുന്ന സമയം. പല ജോലികൾ ചെയ്ത് ലഭിക്കുന്ന വരുമാനം കയ്യിലുണ്ട്. അത് സ്വന്തം ഇഷ്ടത്തിന് ചെലവിട്ടു നടക്കുന്ന കാലം. അങ്ങനെയിരിക്കുമ്പോഴാണ് ഈ കുടുംബത്തെ കൊടിയ ദാരിദ്ര്യം പിടികൂടുന്നത്. വീട്ടിലുള്ള അഞ്ചു പേർ ചേർന്ന് ഒരു പാത്രം കഞ്ഞി മാത്രം കുടിച്ച് വിശപ്പടക്കിയ ദിനങ്ങൾ.

ആ ഇടയ്ക്കാണ് അപ്പു എന്ന ഡോക്ടർ ദേവസിച്ചേട്ടനെ ഡിവൈനിൽ ധ്യാനത്തിനു കൊണ്ടുപോകുന്നത്. ആ ധ്യാനത്തോടെ ദേവസിച്ചേട്ടനിൽ മാറ്റങ്ങൾ ആരംഭിക്കുകയായിരുന്നു. വെറും ദേവസി ആയിരുന്ന വ്യക്തിയെ ദൈവം ശുശ്രൂഷാദൗത്യം നൽകി ഉയർത്തി. അന്ന് പനക്കലച്ചൻ ധ്യാനത്തിനു മധ്യേ പറഞ്ഞ വാക്കുകൾ ഇപ്പോഴും ദേവസിച്ചേട്ടന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട് – “തന്നിഷ്ടപ്രകാരം നടക്കുന്നവർ അതെല്ലാം ഉപേക്ഷിച്ച് ദൈവത്തിലേക്ക് വന്നാൽ അവരെ ദൈവം തന്റെ ശുശ്രൂഷകരാക്കി മാറ്റും.”

തന്റെ പഴയ ജീവിതം ഇനി ആവർത്തിക്കില്ല എന്ന പ്രതിജ്ഞ എടുത്തുകൊണ്ടാണ് അവിടെ നിന്നും ദേവസിച്ചേട്ടൻ വീട്ടിലേക്കു മടങ്ങിയത്. ആ പ്രതിജ്ഞ നല്ല നിലത്തു വീണ വിത്തു പോലെ ദേവസിച്ചേട്ടനിൽ തഴച്ചുവളർന്നു; നൂറുകണക്കിന് ഫലം പുറപ്പെടുവിക്കുന്ന വൃക്ഷമായി വളർന്നു. പിന്നീടങ്ങോട്ട് ശുശ്രൂഷകൾക്കു പിന്നാലെയുള്ള ഓട്ടമായിരുന്നു. പ്രാർത്ഥനാഗ്രൂപ്പുകളിൽ കൂടുതൽ സജീവമായി. ദൈവവുമായി കൂടുതൽ അടുത്തു. വിശുദ്ധ കുർബാന പതിവാക്കി. രോഗമോ, മറ്റു അസ്വസ്ഥതകളോ വല്ലാണ്ട് പിടിമുറുക്കുമ്പോൾ മാത്രമാണ് ദേവാലയത്തിൽ പോകാൻ കഴിയാതെ വരുന്നത്.

നെഞ്ചുവേദനയുമായി എത്തപ്പെട്ട, ആലപ്പുഴ മെഡിക്കൽ കോളേജ് തന്നെ കർമ്മമണ്ഡലമായി മാറിയപ്പോൾ

മുപ്പത്തിരണ്ട് വർഷങ്ങൾക്കു മുൻപ് ഒരു നെഞ്ചുവേദനയുമായിട്ടാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ദേവസിച്ചേട്ടൻ അഡ്മിറ്റ് ആയത്. നാലു ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ദേവസിച്ചേട്ടൻ പോലും അറിഞ്ഞിരുന്നില്ല, ആ ദിവസങ്ങൾ ദൈവം തന്റെ പദ്ധതിപ്രകാരം തനിക്കായി ഒരുക്കിയതായിരുന്നെന്ന്. ദേവസിച്ചേട്ടനൊപ്പം അടുത്ത കട്ടിലിൽ കിടന്നിരുന്ന ഒരു മിലിട്ടറിക്കാരനിലൂടെ ദൈവം തന്റെ ദൗത്യം ദേവസിച്ചേട്ടനെ ഏൽപിക്കുകയായിരുന്നു. നല്ല ശാരീരികസ്ഥിതി ഉണ്ടായിരുന്ന മിലിട്ടറിക്കാരനായ ആ മനുഷ്യനെ ബാത്റൂമിൽ കൊണ്ടുപോകാനും മറ്റും സഹായിച്ചത് നെഞ്ചുവേദനയായി കിടന്നിരുന്ന ദേവസിച്ചേട്ടൻ ആയിരുന്നു. നാലാം നാൾ ഡിസ്ചാർജ് ആയി വീട്ടിൽ പോയിട്ടും അടുത്ത ദിവസങ്ങളിലൊക്കെയും ആ വ്യക്തിയെ പരിചരിക്കാൻ വേണ്ടി ദേവസിച്ചേട്ടൻ ചെന്നിരുന്നു. ഏതാണ്ട് ഒന്നര മാസത്തോളം അവർക്കു വേണ്ട സഹായവുമായി ദേവസിച്ചേട്ടൻ എത്തി. ഒരു ദിവസം ദേവസിച്ചേട്ടൻ വന്നപ്പോൾ അവർ ഡിസ്ചാർജ് ആയതായി അറിയാൻ കഴിഞ്ഞു.

അവിടം കൊണ്ടും തന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അടുത്ത കട്ടിലിൽ ഒരു വല്യപ്പൻ കിടക്കുന്നുണ്ടായിരുന്നു. കട്ടിലിൽ തന്നെ മലമൂത്രവിസർജ്ജനം നടത്തിയ ആ മനുഷ്യനെ വൃത്തിയാക്കട്ടെ എന്ന് സിസ്റ്റർമാരോടു ചോദിച്ചപ്പോൾ അവർ അനുവാദം കൊടുത്തു. അങ്ങനെ ആ സംഭവത്തിലൂടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ തന്റെ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കുകയായിരുന്നു ദേവസിച്ചേട്ടൻ. പിന്നീടങ്ങോട്ട് ആരോരുമില്ലാത്തവർ, കേരളത്തിൽ എത്തി അപകടത്തിൽപെടുന്ന അന്യസംസ്ഥാനക്കാർ, പ്രായമായ ആളുകൾ തുടങ്ങിവർക്കു കൂട്ടായി ദേവസിച്ചേട്ടൻ എത്തി.

ഗോതമ്പുകഞ്ഞിയിൽ നിന്ന് ഊട്ടുശാല വരെ

ആരോരുമില്ലാത്ത ആളുകൾ, ഉപേക്ഷിക്കപ്പെട്ടവർ അങ്ങനെയുള്ളവർക്ക് ചുരുങ്ങിയ സമയം കൊണ്ട് ഒരു അഭയമായി മാറി ദേവസിക്കുട്ടി. ഏതാണ്ട് ഈ സമയത്തു തന്നെ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളൊക്കെയും ദേവസിച്ചേട്ടനും മനസിലാക്കിയിരുന്നു. അതിനാൽ തന്നെ ഷുഗർ രോഗികൾക്കായി വീട്ടിൽ നിന്നും ചേട്ടൻ ഗോതമ്പുകഞ്ഞി എത്തിച്ചുപോന്നു. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് ദേവസിച്ചേട്ടന് പിത്താശയക്കല്ലിന്റെ പ്രശ്നം ഉണ്ടാകുകയും ഒരു ഓപ്പറേഷന് വിധേയനാകേണ്ടി വരികയും ചെയ്തത്. അന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വളരെ കരുതലോടെയാണ് ദേവസിച്ചേട്ടനൊപ്പം നിന്നത്. അദ്ദേഹത്തെ ചികിത്സിച്ച റെനിൻ ഡോക്ടർ പറഞ്ഞത്, ‘ഒരു 12 ദിവസം ചേട്ടൻ റസ്റ്റ് എടുക്കണം. എന്നിട്ട് ശുശ്രൂഷ തുടങ്ങാം’ എന്നായിരുന്നു. ഡോക്ടർമാർ പറഞ്ഞതുപോലെ പന്ത്രണ്ടാം ദിവസം മുതൽ ദേവസിച്ചേട്ടൻ തന്റെ ശുശ്രൂഷകൾ പുനരാരംഭിച്ചു.

ഓപ്പറേഷനു ശേഷം കഞ്ഞി നിർത്തി ഉച്ചക്ക് കുറച്ചു രോഗികൾക്കുള്ള ചോറുമായിട്ടാണ് ദേവസിച്ചേട്ടൻ മടങ്ങിയെത്തിയത്. പിന്നീട് എറണാകുളത്തു നിന്ന് ഒരു വ്യക്തി ഉച്ചഭക്ഷണം നൽകാൻ എത്തിയപ്പോൾ, ദേവസിച്ചേട്ടനോടു കൂടെ ആലോചിച്ച് അദ്ദേഹത്തോടൊപ്പം ചേർന്ന് ‘ചോറ് വിതരണം നടത്തിക്കോളൂ’ എന്നുപറഞ്ഞ ഡോക്ടർമാരിൽ അദ്ദേഹത്തിന്റെ പ്രവർത്തികളിലുള്ള വിശ്വാസം തെളിഞ്ഞുനിന്നിരുന്നു. ആ ഭക്ഷണവിതരണം ആറു വർഷത്തോളം തുടർന്നു. ഈ സമയത്തിനുള്ളിൽ തന്നെ ദേവസിച്ചേട്ടൻ ആശുപത്രിയിൽ, ശുശ്രൂഷിക്കാൻ ആരുമില്ലാത്തവരെ പരിചരിക്കുകയും അവരെ കുളിപ്പിക്കുക, ഭക്ഷണം കൊടുക്കുക തുടങ്ങിയ ശുശ്രൂഷകളിലേക്കും കടന്നിരുന്നു.

അതിനു ശേഷമാണ് ആശുപത്രിയുടെ പ്രധാന വിഭാഗങ്ങൾ വണ്ടാനത്തേക്കു മാറ്റുന്നത്. പിന്നീടുള്ള ശുശ്രൂഷകളൊക്കെയും അവിടേക്കും കൂടെ വ്യാപിപ്പിച്ചു.

വാർഡുകളിലൂടെയുള്ള ദിനചര്യ

ഇന്ന് ദേവസിച്ചേട്ടൻ മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിലായി ഇരുപത്തിയൊന്നോളം രോഗികളെ പരിചരിക്കുന്നുണ്ട്. രാവിലെ എട്ടു മണിയോടെ ആശുപത്രിയിലെത്തുന്ന ദേവസിച്ചേട്ടൻ ആദ്യം സിസ്റ്റർമാരോട് പുതിയ ആളുകൾ വല്ലതുമുണ്ടോ എന്നു അന്വേഷിക്കും; അല്ലെങ്കിൽ അവർ തന്നെ പറയും ഈ വാർഡിൽ പുതിയ ഒരു രോഗി വന്നിട്ടുണ്ടെന്ന്. ചേട്ടൻ അവർക്കരികിലേക്കു നീങ്ങും.

പത്താം വാർഡിൽ നിന്നു തുടങ്ങുന്ന ശുശ്രൂഷ. ആരോരുമില്ലാത്തവരും ഉപേക്ഷിക്കപ്പെട്ടവരുമായ രോഗികളെ കുളിപ്പിച്ചും മലമൂത്രവിസർജ്ജ്യങ്ങൾ തുടച്ചുമാറ്റിയും പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചും ദേവസിച്ചേട്ടൻ നടന്നുനീങ്ങും. ശുശ്രൂഷിക്കുന്ന രോഗികൾക്ക് ആദ്യം രണ്ടു ഗ്ളാസ് പാൽ നൽകിയതിനു ശേഷമാണ് അവരെ കുളിപ്പിക്കാനും മറ്റും തുടങ്ങുന്നത്.

അഡ്മിറ്റാകുന്ന രോഗികൾക്ക് ആശുപത്രിയില്‍ നിന്നും ഒരു കവർ പാലും ബ്രെഡും നൽകുന്നുണ്ട്. ഈ പാൽ ദേവസിച്ചേട്ടൻ കൊണ്ടുപോയി പിറ്റേന്ന് രാവിലെ കാച്ചിക്കൊണ്ടു വരും. അത് നൽകിയാണ് അവരുടെ അന്നത്തെ ദിവസം ദേവസിച്ചേട്ടൻ ആരംഭിപ്പിക്കുക. ഇതു കൂടാതെ, നാട്ടിൻപുറത്ത് വയ്യാത്ത ആളുകളെ സഹായിക്കാനും ദേവസിച്ചേട്ടൻ ഓടിയെത്തും.

അപ്പനെ ഉപേക്ഷിക്കുന്ന മക്കൾ: വേറിട്ട അനുഭവങ്ങൾ പകരുന്ന ശുശ്രൂഷ

കഴിഞ്ഞ 32 വർഷങ്ങളായുള്ള ശുശ്രൂഷാജീവിതത്തിലൂടെ മറക്കാനാകാത്ത നിരവധി അനുഭവങ്ങൾ ദേവസിച്ചേട്ടന് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു വല്യപ്പന്റേത്. ആശുപത്രിയിൽ ശുശ്രൂഷക്കായി എത്തിയപ്പോഴാണ് ആരോരുമില്ലാത്ത, തൊണ്ണൂറിലധികം പ്രായമുള്ള ഒരു വല്യപ്പനെ ദേവസിച്ചേട്ടൻ കാണുന്നത്. ആശുപത്രിയിൽ കിടന്നിരുന്ന അത്രയും ദിവസം സ്വന്തം അപ്പനെപ്പോലെ ആ മനുഷ്യനെ ശുശ്രൂഷിച്ചു. ഒടുവിൽ ഡിസ്ചാർജ് ആക്കാറായപ്പോഴാണ് അദ്ദേഹത്തെ കൊണ്ടുപോകാൻ മക്കൾ തയ്യാറല്ല എന്ന കാര്യം അറിയുന്നത്. ആശുപത്രി അധികൃതർ ദേവസിച്ചേട്ടനോട് ആലോചന ചോദിച്ചു. “അതിനെന്താ, ഞാൻ ഇവിടെ ഉണ്ടല്ലോ. ദൈവം അതാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ സംഭവിക്കട്ടെ. ഞാൻ അദ്ദേഹത്തെ കൊണ്ടുപൊയ്‌ക്കോളാം” – ദേവസിച്ചേട്ടൻ പറഞ്ഞു.

ഇന്ന് ഇത് സംസാരിക്കുമ്പോൾ ആ വല്യപ്പച്ചനും ദേവസിച്ചേട്ടന്റെ വീട്ടിലുണ്ട്. ദേവസിച്ചേട്ടന്റെ മകൻ ആ വല്യപ്പന്റെ മക്കളുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് കൊണ്ടുപോകാൻ താല്പര്യമില്ലെന്ന് അറിയിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗ് ആ ഭവനത്തിൽ കൊണ്ടുവച്ച് മടങ്ങുകയും ചെയ്തു. നാളിതുവരെയുള്ള ശുശ്രൂഷാജീവിതത്തിൻ മറക്കാൻ കഴിയാത്ത ഒരു സംഭവമാണ് ഇത്‌.

ആശുപത്രിയിൽ ആരോരുമില്ലാത്ത പലരെയും മുൻപും ദേവസിച്ചേട്ടൻ സ്വന്തം വീട്ടിൽ താമസിപ്പിച്ചിട്ടുണ്ട്. ആ ധൈര്യത്തിൽ പല രോഗികളെയും ഡോക്ടർമാർ ദേവസിച്ചേട്ടനൊപ്പം അയക്കും. അവരെ വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ച് ഭേദമാകുമ്പോൾ അഡ്രസ്സ് തപ്പിപ്പിടിച്ച് വീട്ടുകാരുടെ അടുക്കലേക്ക് അയക്കും. വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അങ്ങനെയുള്ള ആളുകളെ താമസിപ്പിക്കുന്നതിനായി വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമ്മിച്ചിട്ടുണ്ട് ദേവസിച്ചേട്ടൻ; അവിടെ പാർപ്പിക്കും. സാഹചര്യങ്ങൾ അനുസരിച്ച് വയോധികരുടെ അനാഥാലയങ്ങളേക്കും മറ്റും ആക്കും.

ഇതുപോലെ തന്നെ, ഒരിക്കൽ കേരളം സന്ദർശിക്കുന്നതിനായി എത്തുകയും ആലപ്പുഴയിൽ വച്ച് അപകടം സംഭവിക്കുകയും ചെയ്ത ബാംഗ്ലൂരുകാരനെ ദേവസിച്ചേട്ടൻ ഓർക്കുന്നു. ബോധം വന്നപ്പോൾ ആ വ്യക്തിയുടെ അഡ്രസ്സും മറ്റും തിരക്കി നാട്ടിലേക്ക് അയച്ചു. പിന്നീട് അസുഖം ഭേദമായ ആ വ്യക്തി തിരിച്ച് ആശുപത്രിയിൽ വന്നു. “ദേവസിയെ ഒന്ന് കാണണം” – അതായിരുന്നു അയാളുടെ ആവശ്യം. അങ്ങനെ ദേവസിച്ചേട്ടനെ കണ്ട് വീട്ടിലൊക്കെ വന്ന് നന്ദി പറഞ്ഞാണ് ആ വ്യക്തി മടങ്ങിയത്. ഇങ്ങനെ അനേകം മുഖങ്ങൾ അനുദിനം ദേവസിച്ചേട്ടന്റെ മുന്നിലൂടെ കടന്നുപോകുന്നു.

കാവലായി കൂടെ നിൽക്കുന്ന ദൈവം

ദേവസിച്ചേട്ടൻ ഈ ഒരു ശുശ്രൂഷയിലേക്ക് ഇറങ്ങിയതു മുതൽ ദൈവത്തിന്റെ വലിയ കരുതൽ ഒപ്പമുണ്ട്. ദൈവത്തിന്റെ കൃപയുള്ളതു കൊണ്ടു മാത്രമാണ് തനിക്ക് ഇതൊക്കെ ഒറ്റക്ക് ചെയ്യാൻ സാധിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് മറ്റൊരു വരുമാനത്തിന്റെയും പിന്തുണ ഇല്ലാതെയാണ് ദേവസിച്ചേട്ടൻ ഈ ശുശ്രൂഷക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാൽ ആവശ്യനേരങ്ങളിലൊക്കെ ദൈവം കൃത്യമായി ഇടപെടുന്ന അനേകം അനുഭവങ്ങളും ഇദ്ദേഹത്തിനുണ്ട്.

ആദ്യമായി ഗോതമ്പു കഞ്ഞി ആശുപത്രിയിൽ കൊണ്ടുപോകാനായി പാത്രം വാങ്ങി നൽകിയ ജെയിംസ് ലൂക്കോസ് സാർ മുതൽ വാഹനം വാങ്ങി നൽകിയ ഇടവക വൈദികൻ വരെ ആ കൂട്ടത്തിലുണ്ട്. കൂടാതെ, പ്രാർത്ഥനാ ഗ്രൂപ്പ് അംഗങ്ങളുടെ അകമഴിഞ്ഞ സഹായം കൊണ്ട് ഭക്ഷണവിതരണം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നു. ഒന്നിനും ഒരു കുറവും വരാതെ ദൈവം ദേവസിച്ചേട്ടനെ കൈപിടിച്ചു നടത്തുകയായിരുന്നു ഇക്കാലമത്രയും. ഇതു കൂടാതെ, ശുശ്രൂഷക്കായുള്ള യാത്രക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും ദൈവം അത്ഭുതകരമായി സംരക്ഷിക്കുന്നതും ദേവസിച്ചേട്ടൻ വെളിപ്പെടുത്തുന്നു.

കൊറോണക്കാലത്ത് എല്ലാവരും ആശുപത്രിയിൽ പോകാൻ പോലും മടിച്ചിരുന്ന സമയം. അപ്പോഴും ദേവസിച്ചേട്ടൻ ആശുപത്രിയിലെ കിടപ്പുരോഗികളെ ശുശ്രൂഷിക്കാൻ എത്തിയിരുന്നു. കോവിഡ് രോഗികൾ വർദ്ധിക്കുമ്പോഴും മെഡിക്കൽ കോളേജിൽ അവർക്കിടയിലൂടെ ശുശ്രൂഷകൾ ചെയ്തു കടന്നുപോയ ദേവസിച്ചേട്ടനെ ദൈവം കോവിഡ് രോഗബാധയിൽ നിന്നും അത്ഭുതകരമായി സംരക്ഷിച്ചു പിടിച്ചിരുന്നു. അതൊക്കെ ദൈവത്തിന്റെ പരിപാലനയുടെ വലിയ സാക്ഷ്യങ്ങളായിട്ടാണ് ദേവസിച്ചേട്ടൻ വിശ്വസിക്കുന്നത്.

കുടുംബം എന്ന അനുഗ്രഹം

ദേവസിച്ചേട്ടന് കുടുംബം എന്നാൽ അനുഗ്രഹമാണ്. അവരുടെ പിന്തുണയുള്ളതു കൊണ്ടു മാത്രമാണ് യാതൊരു തടസവും കൂടാതെ തന്റെ ശുശ്രൂഷ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നു ദേവസിച്ചേട്ടൻ പറയുമ്പോൾ മുഖത്ത് സംതൃപ്തമായ ഒരു പുഞ്ചിരി വിരിയുന്നു. ചേട്ടൻ ശുശ്രൂഷക്കായി പോകുമ്പോൾ, അദ്ദേഹം വീട്ടിലാക്കിയിരിക്കുന്ന രോഗികൾക്കും മറ്റും ഭക്ഷണം നൽകുന്നതും അവരുടെ കാര്യങ്ങൾ നോക്കുന്നതും വീട്ടുകാരാണ്. ആ ഒരു പിന്തുണയാണ് ശുശ്രൂഷാജീവിതത്തിൽ ചേട്ടന് ശക്തി പകരുന്നത്. കൂടാതെ, എന്നും വൈകിട്ട് ആശുപത്രിയിൽ നിന്ന് വന്നിട്ട് ദേവസിച്ചേട്ടൻ ഓടുന്നത് പള്ളിയിലേക്കാണ്. പൂങ്കാവ് പള്ളിയിൽ അല്ലെങ്കിൽ തുമ്പോളി പള്ളിയിൽ വിശുദ്ധ കുർബാനക്കു പോകണം; അത് നിർബന്ധമാണ്. അവിടെ വിശുദ്ധ കുർബാനയിൽ തന്റെ മുഴുവൻ ഭാരവും കഷ്ടതകളും ക്ഷീണവും ഇറക്കിവച്ച് പുതിയ ഊർജ്ജം നേടി ഓട്ടം തുടരുകയാണ് ദേവസിച്ചേട്ടൻ.

കഴിഞ്ഞ 32 വർഷങ്ങൾ. ഒരു തീർത്ഥാടനം പോലെ വിശുദ്ധമാണ് ദേവസിച്ചേട്ടന്റെ കഴിഞ്ഞുപോയ ഓരോ ദിവസവും. ആവശ്യക്കാരിലേക്ക് പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ നടന്നടുക്കുന്ന, എല്ലാം ചെയ്തുകൊടുത്ത് ഒരു നന്ദിവാക്കോ, ഒരു ചായയോ പോലും പ്രതീക്ഷിക്കാതെ തിരിഞ്ഞുനടക്കുന്ന ഒരാള്‍. ആ മനുഷ്യനെ ആലപ്പുഴക്കാർ സ്നേഹത്തോടെ തങ്ങളുടെ ‘സമരിയാക്കാരൻ’ എന്നു വിളിക്കുന്നു. ശരിയാണ്, മറ്റൊന്നും ചിന്തിക്കാതെ, താൻ അശുദ്ധനാകുമോ എന്നു പോലും നോക്കാതെ വഴിയരികിൽ കിടന്ന മനുഷ്യനെ പരിചരിച്ച സമരിയാക്കാരനോടല്ലാതെ ദേവസിച്ചേട്ടനെ മറ്റാരോട് ഉപമിക്കാൻ!

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.