മുസ്ലിം കുടുംബത്തെ അഫ്ഗാനിലെ അതിർത്തി കടക്കാൻ സഹായിച്ച കത്തോലിക്കാ സന്യാസിനി

2021 ഡിസംബർ മാസത്തിലെ വാഷിംഗ്‌ടൺ ഡിസി- യിലെ ഒരു ദിവസം. പരിചയമില്ലാത്ത നമ്പറിൽ നിന്ന് സേക്രഡ് ഹാർട്ട്സ് ഓഫ് ജീസസ് ആൻഡ് മേരിയുടെ ലിറ്റിൽ വർക്കേഴ്‌സ് എന്ന സന്യാസ സമൂഹത്തിലെ അംഗമായ ഡോ. സി. ബൈറന് ഒരു കോൾ വന്നു. അപ്പുറത്ത് ഒരു യുവാവായിരുന്നു. ആ യുവാവ് ശ്വാസമടക്കിപ്പറഞ്ഞ കാര്യങ്ങൾ അവിശ്വസനീയമായി ആ സന്യസ്തയ്ക്ക് തോന്നി.

ഡോക്ടറായ തന്റെ അമ്മ സി. ബൈറനൊപ്പം പത്തു വർഷങ്ങൾക്കു മുൻപ് അഫ്‌ഗാനിസ്ഥാനിലെ യു.എസ് ക്യാമ്പിൽ ജോലി ചെയ്തിട്ടുണ്ടെന്നും തന്റെ അമ്മയുടെ ജീവൻ ഇപ്പോൾ അപകടത്തിലാണെന്നും ആ യുവാവ് വെളിപ്പെടുത്തി.

2008- ൽ പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് ആറ് മൈൽ അകലെയുള്ള സലേർനോ ക്യാമ്പിൽ താൻ ജോലി ചെയ്ത ദിസങ്ങളിലേക്ക് സിസ്റ്ററിന്റെ മനസ്സ് വേഗത്തിൽ പാഞ്ഞു. 30 വർഷത്തോളം ആർമി ഡോക്ടറായി സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു മിഷനറി സർജൻ എന്ന നിലയിൽ കെനിയ, ഹെയ്തി, സുഡാൻ, ഇറാഖ് എന്നിവിടങ്ങളിലെ രോഗികളെ സഹായിക്കാൻ സിസ്റ്റർ നിരവധി യാത്രകളും നടത്തിയിട്ടുണ്ട്. എന്നാൽ എന്ത് മറുപടി പറയണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങളായിരുന്നുസിസ്റ്ററിന്. കാരണം ആ യുവാവ് പറയുന്ന കാര്യങ്ങൾ സത്യമോ, അസത്യമോ എന്നു പോലും സിസ്റ്ററിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

വിശദമായ വിവരങ്ങളടങ്ങിയ ഒരു ഇ-മെയിൽ സിസ്റ്ററിന് തന്റെ അമ്മ അയയ്ക്കുമെന്ന് പറഞ്ഞുകൊണ്ട് യുവാവ് ആ ഫോൺ കോൾ അവസാനിപ്പിച്ചു. 2022 ജനുവരിയിൽ സിസ്റ്ററിന് മുറിഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങളിൽ, സഹായത്തിനായി കേണപേക്ഷിക്കുന്ന ഒരു ഇ-മെയിൽ സന്ദേശം ലഭിച്ചു. ആ ഇമെയിലിൽ, പാസ്‌പോർട്ട് പോലെയുള്ള തിരിച്ചറിയൽ രേഖകളുടെ സ്‌ക്രീൻഷോട്ടുകളും ഡോക്ടർ ഉൾപ്പെടുത്തിയിരുന്നു. താനിപ്പോൾ വളരെ അപകടത്തിലാണെന്നു സൂചിപ്പിക്കുന്ന വിവരങ്ങളായിരുന്നു ആ ഇ-മെയിലിൽ. 2020 ഒക്ടോബർ 4- ന്, താലിബാൻ, ഡോക്ടറെ അവളുടെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്യുകയും മൂന്നു ദിവസം ജയിലിലടക്കുകയും ചെയ്തു; അതിനു ശേഷം വിട്ടയച്ചു. എന്നാൽ മോചിതയായതു മുതൽ അവൾ ഭയം മൂലം ഒളിവിലായിരുന്നു.

2021 ആഗസ്റ്റ് 31- ന് അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനു ശേഷം താലിബാൻ, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തു. അന്നു മുതൽ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവർ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. ക്രൈസ്തവരായതിന്റെ പേരിൽ എപ്പോൾ വേണമെങ്കിലും തങ്ങൾ വധിക്കപ്പെടാമെന്ന് അവർക്ക് അറിയാമായിരുന്നു. ഓരോ നിമിഷവും ഭയത്താൽ നുറുങ്ങിയുള്ള ജീവിതം വർണ്ണിക്കാനാവാത്തതാണ്.

അമേരിക്കൻ സേനയ്‌ക്കൊപ്പം ജോലി ചെയ്യുകയും വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്ത 60,000 അഫ്ഗാനികൾ അഫ്ഗാനിസ്ഥാനിൽ തുടരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടറും അവളുടെ മുഴുവൻ കുടുംബവും ഇസ്ലാം മതവിശ്വാസികളാണ്. എന്നിരുന്നാലും അമേരിക്കയുമായുള്ള ബന്ധം കാരണം അവരും താലിബാന്റെ ലക്ഷ്യമായി. “ദയവായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യുക. ഞങ്ങളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുക” – ഇ-മെയിലിൽ ഡോക്ടർ എഴുതി. ഡോക്ടർ കടന്നുപോകുന്ന മാനസിക സംഘർഷം മനസിലാക്കാൻ സിസ്റ്ററിന് ഇതില്പരം ഒരു വാചകത്തിന്റെയും ആവശ്യമില്ല.

സിസ്റ്ററിന് അവരെ സഹായിക്കണമെന്നുണ്ട്. പക്ഷേ എങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ മനസ്സിൽ തങ്ങിനിന്നു. സിസ്റ്റർ പലരോടും സഹായം ചോദിച്ചു. ഒടുവിൽ യുഎസ് പ്രതിനിധിയുടെ മുതിർന്ന അസിസ്റ്റന്റായ ക്രിസ് സ്മിത് സിസ്റ്ററിന് ഒരാളെ പരിചയപ്പെടുത്തിക്കൊടുത്തു. അത് ‘വൽനെറബിൾ പീപ്പിൾ പ്രൊജക്റ്റ്’ (വിപിപി) എന്ന സംഘടനയുടെ ഡയറക്ടർ ആയ ജേസൺ ജോൺസ്‌ ആയിരുന്നു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക്‌ ഭക്ഷണവും കൽക്കരിയും എത്തിക്കുന്നതിലായിരുന്നു വിപിപി പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭക്ഷണവും സാധനങ്ങളും എത്തിക്കുന്നതിനായി അവർ വിശ്വസ്തരായ അഫ്ഗാനികളുടെ ഒരു ശൃംഖല സ്ഥാപിച്ചിരുന്നു. എന്നാൽ ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമസംഭവങ്ങൾ വർദ്ധിച്ചതോടെ, ദുർബലരായ ആളുകളെ രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറത്തുകടത്താനുള്ള ശ്രമങ്ങളും അവർ ഏറ്റെടുത്തു. ഭക്ഷണവും സാധനങ്ങളും എത്തിക്കുന്നതിനായി അവർ സ്ഥാപിച്ച വിശ്വസ്തരായ അഫ്ഗാനികളുടെ ശൃംഖല ഉപയോഗിച്ച്, നിരവധി പ്രദേശങ്ങളിലെ ഒഴിപ്പിക്കലുകളും അവർ ഏകോപിപ്പിച്ചു. പക്ഷേ എങ്ങനെയാണ് ഇവർ ഒഴിപ്പിക്കലുകൾ നടത്തുന്നതെന്ന് പുറംലോകത്തിന് ഇന്നും അജ്ഞാതമാണ്. അതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല. അനേകം ആളുകളെ വിപിപി ഇത്തരത്തിൽ സഹായിച്ചിട്ടുണ്ട്.

വിപിപി സംഘടനയുടെ മുമ്പിൽ സി. ബൈറൺ, ഡോക്ടറെയും കുടുംബത്തെയും രക്ഷിക്കണമെന്നുള്ള തന്റെ അഭ്യർത്ഥന സമർപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡോക്ടർക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷണവും കൽക്കരിയും അവർ എത്തിച്ചുകൊടുത്തു. ഡോക്ടറുടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ നാളുകൾ മൊട്ടിട്ടു. രക്ഷപെടാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ അവർ ദിവസങ്ങൾ തള്ളിനീക്കി. പിന്നീടുള്ള ദിവസങ്ങളിൽ ഡോക്ടറിനും കുടുംബത്തിനും പാസ്‌പോർട്ടും വിസയും ശരിയാക്കാനുള്ള ശ്രമങ്ങളിലായിരുന്നു വിപിപി സംഘടന. അതിന് ഏതാനും ആഴ്ചകൾ എടുത്തു. അങ്ങനെ 2021 ഫെബ്രുവരി 3- ഓടെ അവർക്ക് യാത്ര ചെയ്യാനുള്ള എല്ലാ രേഖകളും തയ്യാറായി. എന്തെന്നില്ലാത്ത ആനന്ദം ഡോക്ടറിന്റെയും കുടുംബത്തിന്റെയും മനസ്സിൽ നിറഞ്ഞു.

പക്ഷേ അതിർത്തി കടക്കാൻ അത്ര എളുപ്പമല്ല എന്ന് അവർക്കറിയാമായിരുന്നു. ഒടുവിൽ, ഫെബ്രുവരി 8- ന്, 13 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിൽ നിന്ന് റോഡ് മാർഗ്ഗം പുറപ്പെട്ടു. ഡോക്ടറും കുടുംബവും അതോടൊപ്പം അവരെ സഹായിക്കാൻ സംഘടനയുടെ പ്രവർത്തകരുമുണ്ടായിരുന്നു. മൂന്നു കാറുകളിലായാണ് അവർ യാത്ര ചെയ്തത്. അപകടമൊന്നും സംഭവിക്കാതെ അവർ സുരക്ഷിതമായി തന്നെ അതിർത്തി കടന്നു. അതിർത്തി കടന്ന നിമിഷം അവരുടെ വദനങ്ങളിൽ വിരിഞ്ഞ പുഞ്ചിരിക്ക് വർണ്ണനാതീതമായ ഒരു മനോഹാരിതയുണ്ടായിരുന്നു.

തങ്ങൾ മരണത്തിന്റെ ഭീതിയിൽ കഴിഞ്ഞ ദിവസങ്ങൾ കണ്ണീരോടെയല്ലാതെ ഡോക്ടറിനും കുടുംബത്തിനും ഇന്നും ഓർക്കാനാവുന്നില്ല. വിദൂരത്തു നിന്നും അവരെ സഹായിക്കാനായി കൈകൾ നീട്ടിയ സി. ബൈറന് ഈ സംഭവം ഇന്നും അവിശ്വസനീയം തന്നെ. ദൈവത്തിന്റെ കൈകളിലെ ഒരു ഉപകരണം മാത്രമായിരുന്നു താനെന്നാണ് സിസ്റ്റർ പറയുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.