സ്വയം മതിപ്പു നഷ്ടപ്പെ‌‌ടുമ്പോൾ ഉപയോഗിക്കാൻ അഞ്ചു തിരുവചനങ്ങൾ

സ്വയം വിലയില്ലയെന്നു തോന്നുമ്പോൾ ഉപയോഗിക്കാവുന്ന ഈ തിരുവചനങ്ങൾ നിങ്ങളെ തീർച്ചയായും പ്രചോദിപ്പിക്കും. നമുക്കു തീർത്തും വിലകെട്ടതായി തോന്നുന്ന സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്താണു നമ്മളെ അലട്ടുന്ന കാര്യങ്ങളെന്നു കണ്ടെത്തി പരിഹരിക്കുന്നതോ‌ടൊപ്പം പ്രത്യാശയോ‌ടെ ജീവിക്കുകയും വേണം.

തികച്ചും വിലകെട്ടതായി തോന്നുമ്പോൾ, സ്വയം മതിപ്പു നഷ്ടപ്പെടുമ്പോൾ ഈ തിരുവചനങ്ങൾ, നമ്മുടെ വ്യക്തിത്വത്തിന്റെ മൂല്യത്തെയും ദൈവമെത്രമാത്രം നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും നമ്മുടെ നിയോഗം എന്താണെന്നും ഓ‌ർമ്മിപ്പിച്ചുതരും.

1. “ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികൾ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.” (സങ്കീ. 139:14).

ദൈവം നമ്മളെ അത്ഭുതകരമായും ശ്രേഷ്ഠമായും സൃഷ്ടിച്ചുവെന്നു  ഈ തിരുവചനം അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്റെ കണ്ണിലുള്ള നമ്മുടെ അനന്യതയും മൂല്യവും അടിവരയിടുന്നതാണ് ഈ തിരുവചനം. സ്വയം മതിപ്പുനഷ്ടപ്പെടുമ്പോൾ ഈ വചനം വായിക്കുന്നതു നമ്മളെ സഹായിക്കും.

2. “നീ എനിക്കു വിലപ്പെട്ടവനും ബതാണ്ഹു മാന്യനും പ്രിയങ്കരനുമാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാൻ നൽകുന്നു.”(ഏശയ്യ. 43:4).

ദൈവത്തിനു നമ്മൾ ഓരോരുത്തരോടുമുള്ള മതിപ്പും സ്നേഹവുമാണ് ഈ വചനം പങ്കുവയ്ക്കുന്നത്. മറ്റെന്തിനെക്കാളും ദൈവം നമ്മുടെ ജീവനെ വിലമതിയ്ക്കുന്നുണ്ട്.

3. “കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.”( ജെറമിയ 29:11).

ഈ വചനം സൂചിപ്പിക്കുന്നതുപോലെ പ്രത്യാശനിറഞ്ഞ ഒരു ഭാവി നല്കുന്ന ഒരു പദ്ധതി നമ്മളെക്കുറിച്ച് കർത്താവിന്റെ മനസ്സിലുണ്ട്. സാഹചര്യങ്ങളല്ല മറിച്ച് ദൈവത്തിന്റെ നിയോഗങ്ങളാണു നമ്മുടെ മൂല്യം നിശ്ചയിക്കുന്നത്.

4. “നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാൻവേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സത്പ്രവൃത്തികൾക്കായി യേശുക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവരാണ്.” (എഫേ. 2:10).

പ്രത്യേകനിയോഗങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ കരവേലയെന്ന നിലയിലുള്ള നമ്മുടെ ഐഡന്റിറ്റിയാണ് ഈ വചനങ്ങൾ വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ കരവേലയായ നമ്മൾക്കു നിറവേറ്റാനുള്ള പ്രത്യേക ദൗത്യങ്ങൾ ദൈവരാജ്യത്തിലുണ്ട്.

5. “എന്തെന്നാൽ, മരണത്തിനോ ജീവനോ ദൂതൻമാർക്കോ അധികാരങ്ങൾക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.” (റോമ. 8:38-39).

ദൈവത്തിന്റെ അചഞ്ചലവും ഉപാധികളില്ലാത്തതുമായ സ്നേഹത്തെക്കുറിച്ചുള്ള ഉറപ്പാണു  ഈ വചനം നല്കുന്നത്. നമ്മളെ കുറിച്ചുതന്നെയുള്ള നമ്മുടെ ചിന്ത എങ്ങനെയായാലും ദൈവത്തിന്റെ സ്നേഹത്തിൽ നിന്നു അകറ്റാൻ ഒന്നിനും കഴിയില്ല എന്നാണ് വചനം പഠിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.