ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 06

1937 മെയ് ആറിനാണ് ജർമ്മനിയുടെ എയർഷിപ്പായ ഹിഡൻബർഗ് അപകടത്തിൽപെടുന്നത്. ആ ദുരന്തം 35 പേരുടെ ജീവൻ കവർന്നു. 97 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനം ന്യൂജേഴ്സിയിലെ ലേക്ക്ഹേസ്റ്റിൽ ലാന്റ് ചെയ്യവെ തീപിടിക്കുകയായിരുന്നു. 1934 മാർച്ച് നാലിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഹിഡൻബർഗ് വെറും ഒരുവർഷം മാത്രമാണ് സർവീസ് നടത്തിയത്. 804 അടി നീളവും മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയുമുള്ള ഹിഡൻബർഗ്, ഹീലിയം എന്ന വാതകം നിറയ്ക്കാനാണ് രൂപകൽപന ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അന്ന്  ജർമ്മനിക്കെതിരെ അമേരിക്ക കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാൽതന്നെ ഹീലിയത്തിനു പകരം അത്യധികം ജ്വലനശേഷിയുള്ള ഹൈഡ്രജൻ വാതകമായിരുന്നു നിറച്ചിരുന്നത്.

1954 മെയ് ആറിന് ആദ്യമായി ഒരു കായികതാരം ഒരു മൈൽ ദൂരം നാലു മിനിറ്റിൽ താഴെ സമയത്തിൽ ഓടിത്തീർത്തു. 25 വയസ്സ് പ്രായമുള്ള ഇംഗ്ലണ്ടുകാരനായ റോജർ ബാനിസ്റ്റർ എന്ന ന്യൂറോളജിസ്റ്റാണ് ഈ സ്വപ്നനേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ഗുണ്ടെ ഹാഗ് എന്ന സ്വീഡൻ കായികതാരത്തിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഗുണ്ടർ ഹാഗ് ഒരു മൈൽ ദൂരം നാലു മിനിറ്റും ഒന്നേ ദശാംശം മൂന്നു മിനിറ്റും കൊണ്ട് ഓടിത്തീർത്തപ്പോൾ റോജർ, മൂന്നു മിനിറ്റും 59 ദശാംശം നാല് സെക്കന്റും കൊണ്ട് ഓടിത്തീർത്ത് വിജയക്കൊടി പാറിച്ചു. കഠിനമായ പ്രയത്നത്തിലൂടെയും ശാസ്ത്രീയമായ പഠനത്തിലൂടെയുമാണ് താനിത് കരസ്ഥമാക്കിയതെന്ന് 1955 ൽ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ‘ദി ഫോർ മിനിറ്റ് മൈൽ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ആ റെക്കോർഡ് ഹിച്ചാം ഓഗ്വാറെഫ് എന്ന മൊറോക്കോക്കാരനാണ്. മൂന്ന് മിനിറ്റും 43.13 സെക്കന്റും കൊണ്ടാണ് ഇത് അദ്ദേഹം കരസ്ഥമാക്കിയത്.

2002 മെയ് ആറിന് വാണിജ്യ ബഹിരാകാശ യാത്രയുടെ പുതിയ യുഗത്തിലേക്കു നയിച്ച സ്പേസ് എക്സ് എന്ന കമ്പനി സ്ഥാപിതമായി. സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ – സ്പേസ് എക്സ് എന്ന അമേരിക്കയിൽ സ്ഥാപിതമായ ഏയ്റോ സ്പേസ് കമ്പനിയുടെ ആസ്ഥാനം കാലിഫോർണിയയിലെ ഹാത്തോണാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഒരു ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയും തിരികെയെത്തിക്കുകയും ഒരു ക്രൂഡ് ബഹിരാകാശ പേടകം വിക്ഷേപിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുകയും ചെയ്ത ആദ്യത്തെ സ്വകാര്യ കമ്പനിയാണ് സ്പേസ് എക്സ്. ഏയ്റോ സ്പേസ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനും ചെലവു കുറഞ്ഞ ബഹിരാകാശ യാത്ര യാഥാർഥ്യമാക്കാനുമുള്ള പ്രതീക്ഷയെ സൗത്താഫ്രിക്കൻ വംശജനായ അമേരിക്കൻ സംരഭകൻ എലോൺ മസ്ക് സ്പേസ് എക്സ് രൂപീകരിച്ചു. ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയയ്ക്കുന്നതിനായി രണ്ടു ഘട്ടങ്ങളിലായി ദ്രാവക ഇന്ധനമുള്ള ക്രാഫ്റ്റ് ഫാൽക്കൺ വൺ റോക്കറ്റുമായി കമ്പനി രംഗത്തെത്തി. ഈയടുത്തായി സ്പേസ് എക്സ് ഫാൽക്കൺ 9, ഫാൽക്കൺ ഹെവി ലോഞ്ച് വെഹിക്കിൾസ് നിരവധി റോക്കറ്റ് എഞ്ചിനുകൾ, കാർഗോ ഡ്രാഗൺ, ക്രൂഡ് സ്പേസ് ക്രാഫ്റ്റ്, സ്റ്റാൽലിങ്ക് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് എന്നിവ നിർമ്മിക്കുന്നതോടൊപ്പം ചൊവ്വയിൽ കോളനിവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയും പ്രവർത്തിച്ചുവരുന്നു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.