
1613 ജൂൺ 29 നാണ് പ്രസിദ്ധമായ ലണ്ടൻ ഗ്ലോബ് തിയേറ്ററിൽ അഗ്നിബാധയുണ്ടായത്. ‘ഹെൻറി എട്ട്’ എന്ന് ഇന്നറിയപ്പെടുന്ന ഓൾ ഈസ് ട്രൂ എന്ന ഷേക്സ്പിയറിന്റെ നാടകം നടക്കുന്ന സമയത്തായിരുന്നു അഗ്നിബാധ. നാടകത്തിൽ ഉപയോഗിച്ചിരുന്ന ഒരു പീരങ്കിയിൽ നിന്ന് അവിചാരിതമായി തിയേറ്ററിന്റെ മേൽക്കൂരയ്ക്ക് തീപിടിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തിയേറ്റർ പൂർണ്ണമായും കത്തിനശിച്ചു. പിന്നീട് ഓടിട്ട മേൽക്കൂരയോടുകൂടിയാണ് അത് പുനർനിർമ്മിച്ചത്. തേംസ് നദിക്കരയിൽ 1599 ലാണ് തിയേറ്റർ നിർമ്മിച്ചത്. ഷേക്സ്പിയറിന്റെ മിക്ക നാടകങ്ങളും ആദ്യമായി അരങ്ങേറിയത് ഗ്ലോബ് തിയേറ്ററിൽ തന്നെയാണ്.
ആപ്പിൾ നിർമ്മിച്ച ആദ്യ സ്മാർട്ട് ഫോൺ വിപണിയിലെത്തിയത് 2007 ജൂൺ 29 നാണ്. ഫോണിന്റെ രൂപകൽപന 2005 ൽ ആരംഭിച്ചിരുന്നെങ്കിലും 2007 ജനുവരിയിൽ സ്റ്റീവ് ജോബ്സ് ഇക്കാര്യം പ്രഖ്യാപിക്കുന്നതുവരെ ലോകം അത് അറിഞ്ഞിരുന്നില്ല. 2ജി സാങ്കേതികവിദ്യയോടെയാണ് ഫോൺ പുറത്തിറങ്ങിയത്. സാധാരണ കണ്ടുവന്നിരുന്ന ഫോണുകളിൽനിന്ന് ഐഫോൺ കാഴ്ചയിൽതന്നെ വ്യത്യസ്തമായിരുന്നു. ഫോണിലുള്ള നിരവധി സ്വിച്ചുകളെ ഒരു ടച്ച്സ്ക്രീൻ കൊണ്ട് പകരംവയ്ക്കാൻ കഴിയുമെന്നും ഐഫോൺ തെളിയിച്ചു. സദാസമയവും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണായിരുന്നു ആപ്പിൾ ആദ്യ ഐഫോൺ മുതൽ വിഭാവനം ചെയ്തിരുന്നത്. 4 ജി ബി ഇന്റേണൽ സ്റ്റോറേജുണ്ടായിരുന്ന ഫോണിന് 499 ഡോളറും 8 ജി ബി ഇന്റേണൽ സ്റ്റോറേജുണ്ടായിരുന്ന ഫോണിന് 599 ഡോളറുമായിരുന്നു വില.
2007 ജൂൺ 29 നാണ് സച്ചിൻ അന്താരാഷ്ട്ര ഏകദിന കരിയറിൽ 15,000 റൺസ് പൂർത്തിയാക്കുന്നത്. ബെൽഫാസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു സച്ചിന്റെ അത്യപൂർവനേട്ടം. സൗത്ത് ആഫ്രിക്കയുടെ 227 റൺസെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശാൻ സൗരവ് ഗാംഗുലിക്കൊപ്പം സച്ചിൻ ഓപ്പണറായാണ് ഇറങ്ങിയത്. ഗാംഗുലിക്കൊപ്പം 130 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ സച്ചിൻ, ഹാഫ് സെഞ്ച്വറി തികയ്ക്കുകയും 49.1 ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. മത്സരത്തിൽ 106 പന്തിൽനിന്നും 93 റൺസായിരുന്നു സച്ചിന്റെ സമ്പാദ്യം. 13 ബൗണ്ടറികളും രണ്ടു സിക്സറുകളും നേടി. സച്ചിന്റെ 377-ാം ഇന്നിങ്സ് കൂടിയായിരുന്നു ഇത്. ഇന്ത്യ കളി ജയിച്ചപ്പോൾ സച്ചിൻ മാൻ ഓഫ് ദി മാച്ചും ആയി.
തയ്യാറാക്കിയത്: സുനിഷ വി എഫ്




