ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 18

ഒന്നാം സ്വാതന്ത്ര്യസമര നായിക റാണി ലക്ഷ്മിഭായ് മരണപ്പെട്ടത് 1858 ജൂൺ 18 നാണ്. അന്നത്തെ മറാത്താ ഭരണത്തിൻ കീഴിലുണ്ടായിരുന്ന ഝാൻസിയിലെ റാണി ആയിരുന്നു അവർ. അതുകൊണ്ട് ഝാൻസി റാണി എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. 1857 ലെ ശിപായിലഹളയിൽ സമരം നയിച്ചവരിൽ മുൻപന്തിയിൽ റാണിയും ഉണ്ടായിരുന്നു. കൂടാതെ, ജൊവാൻ ഓഫ് ആർക്ക് എന്ന വിശേഷണവും അവർക്ക് ഉണ്ടായിരുന്നു. പതിനാലാം വയസ്സിലാണ് ഝാൻസിയിലെ രാജാവായിരുന്ന ഗംഗാധർ റാവു റാണിയെ വിവാഹം കഴിക്കുന്നത്. പിന്നീട് ഭർത്താവിന്റെ മരണശേഷം ഒരു സന്യാസിനി എന്ന നിലയിൽ നിന്നും കഴിവുറ്റ ഒരു ഭരണാധികാരി എന്ന നിലയിലേക്ക് റാണി ഉയർന്നുവന്നു. ഭർത്താവിന്റെ മരണശേഷം അന്നത്തെ ബ്രാഹ്മണസ്ത്രീകൾ ധരിക്കേണ്ടിയിരുന്ന മൂടുപടം അവർ ഉപേക്ഷിച്ചു. ഒരു ഭരണാധികാരി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കേവലം 22 വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. നീതിനിർവഹണത്തിലും ഭരണകാര്യത്തിലും അവർ മികച്ച പ്രകടനം കാഴ്ചവച്ചു. 1858 ൽ സർ ഹ്യൂഗ് റോസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ഝാൻസി വളഞ്ഞു. എന്നാൽ റാണിയുടെ സൈന്യം വളരെ ശക്തരായിരുന്നു. റാണിയോട് ആയുധംവച്ചു കീഴടങ്ങണമെന്ന് ഹ്യൂഗ് സന്ദേശം അയച്ചു; സന്ദേശം നിരാകരിച്ചാൽ കോട്ട അക്രമിക്കുമെന്നും ഹ്യൂഗ് അറിയിച്ചു. എന്നാൽ റാണി ആ സന്ദേശം തള്ളിക്കളഞ്ഞു. അതിശക്തമായ തിരിച്ചടിയാണ് റാണിയുടെ ഭാഗത്തുനിന്നും നേരിടേണ്ടിവന്നത്. അതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷ് സൈനികരിൽനിന്നും റാണിക്ക് മാരകമായി മുറിവേറ്റതിനെ തുടർന്ന് അവർ മരണമടഞ്ഞു.

നാസ ബഹിരാകാശ യാത്രികയായ സാലി കെ റൈഡ് ബഹിരാകാശത്തെത്തിയത് 1983 ജൂൺ 18 നാണ്. റൈഡ് ആണ് ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കൻ വനിത. 1978 ൽ നാസ ആസ്ട്രോനട്ട് ഗ്രൂപ്പിലേക്ക് റൈഡും മറ്റ് അഞ്ചു സ്ത്രീകളും തിരഞ്ഞെടുക്കപ്പെട്ടു. സ്ത്രീകളെ ഉൾപ്പെടുത്തിയ ആദ്യത്തെ അമേരിക്കൻ സെക്ഷൻ ക്ലാസ്സായിരുന്നു അത്. 1978 ജനുവരി ഒന്നിന് റൈഡിനെയും സഹപ്രവത്തകരെയും പൊതുജനങ്ങൾക്കു പരിചയപ്പെടുത്തി. 1981 ലും 1982 ലും എസ് ടി എസ് 2, എസ് ടി എസ് 3 എന്നിവയ്ക്കായി ക്യാപ്സ്യൂൾ കമ്മ്യൂണിക്കേറ്ററായും റൈഡ് സേവനമനുഷ്ഠിച്ചു. കമാൻഡർ റോബർട്ട് എൽ ക്രീപ്പൻ, പൈലറ്റ് ഫ്രഡറിക് എച് റിക്ക് ഹോക്ക് ജോൺ എം ഫാബിയാണ് എന്നിവരായിരുന്നു റൈഡിനെ പരിചയപ്പെടുത്തിയത്.

ബ്രിട്ടീഷ് പർവതാരോഹകനായ ജോർജ് മല്ലൊറി ജനിച്ചത് 1886 ജൂൺ 18 നാണ്. ബിരുദപഠനത്തിനുശേഷം ആൽപ്സ്, ഇംഗ്ലീഷ് ലേക്ക് ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ അദ്ദേഹം പർവതാരോഹണം പരിശീലിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിച്ചു. യുദ്ധത്തിനുശേഷം 1921 ൽ ബ്രിട്ടീഷ് മൗണ്ട് പര്യവേഷണത്തിലും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതത്തിൽ കയറുന്നതിനുള്ള രണ്ടാമത്തെ പര്യവേഷണത്തിലും അദ്ദേഹം പങ്കെടുത്തു. അങ്ങനെ ഓക്സിജൻ കുറവായ 26,980 അടി ഉയരത്തിൽ കയറി അദ്ദേഹം റെക്കോർഡ് കരസ്ഥമാക്കി. 1924 ൽ എവറസ്റ്റിന്റെ വടക്കുകിഴക്ക് പരുവത്തിൽവച്ച്  മല്ലൊറിയെയും സുഹൃത്ത് ആൻഡ്രൂ സാൻഡി ഇർവിനെയും കാണാതായി. അങ്ങനെ 1999 മെയ് ഒന്നിന് മല കയറുന്നവരിൽ മരണപ്പെടുന്നവരുടെ അവശിഷ്ടങ്ങൾക്കായി നടത്തിയ അന്വേഷണത്തിൽ മല്ലൊറിയുടെ മൃതദേഹം കണ്ടെത്തി.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.