
1770 ജൂൺ 11 ന് ക്യാപ്റ്റൻ ജെയിംസ് കുക്ക് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് കണ്ടെത്തി. ബ്രിട്ടീഷ് റോയൽ നേവിയിലെ ഒരു പര്യവേഷകനും നാവികനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്. ഓസ്ട്രേലിയയുടെ വടക്കുകിഴക്കേ തീരത്ത് കോറൽ സീയിൽ ക്വീൻസ്ലാന്റിന്റെ തീരത്താണ് ഈ പ്രകൃതിവിസ്മയം വ്യാപിച്ചുകിടക്കുന്നത്. 3000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്റെ വിസ്തീർണം മൂന്നുലക്ഷത്തി നാൽപത്തിനാലായിരത്തി നാനൂറ് ചതുരശ്ര കിലോമീറ്ററാണ്. ഗ്രേറ്റ് ബാരിയർ റീഫ് ബഹിരാകാശത്തുനിന്നു നോക്കിയാൽ കാണാൻസാധിക്കും. ജീവജാലങ്ങൾ ചേർന്നു നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്.
ലോകാരോഗ്യ സംഘടന എച്ച്1 എൻ1 പന്നിപ്പനി ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത് 2009 ജൂൺ 11 നാണ്. പന്നികളിൽവച്ച് ജനിതകവ്യതിയാനം സംഭവിച്ചവയാണ് എച്ച്1 എൻ1 വൈറസ് വകഭേദം. ഇത് മനുഷ്യരിലേക്കു പകർന്നതായി ആദ്യം കണ്ടത് മെക്സിക്കോയിലാണ്. ആയിരങ്ങളെ രോഗം പിടികൂടി. 74 രാജ്യങ്ങളിലായി 27,737 പേരെയാണ് വൈറസ് ബാധിച്ചത്. 141 പേർ രോഗബാധയിൽ മരിച്ചു.
1898 ജൂൺ 11 നാണ് ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോകളിലൊന്നായ ലൈംലൈറ്റ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽ സാൽവേഷൻ ആർമിയുടെ മേൽനോട്ടത്തിലായിരുന്നു തുടങ്ങിയത്. ഈ സ്റ്റുഡിയോ പ്രധാനമായും സാൽവേഷൻ ആർമിയുടെ സ്വകാര്യ സർക്കാർ കരാറുകൾക്കായി സുവിശേഷപ്രചരണ സാമഗ്രികൾ നിർമിച്ചു. 19 വർഷത്തിനിടയിൽ ലൈംലൈറ്റ് സിനിമ മുന്നൂറിലധികം സിനിമകൾ നിർമിച്ചു. അങ്ങനെ അത് അക്കാലത്തെ ഏറ്റവും വലിയ ചലച്ചിത്രനിർമാതാക്കളിൽ ഒന്നായി മാറി. 1899 ൽ ലോകത്തെ ആദ്യ മുഴുനീള ഫീച്ചർ സിനിമ എന്നു കരുതപ്പെടുന്ന സോൾജ്യേഴ്സ് ഓഫ് ദ ക്രോസ് നിർമിച്ചതോടെ ലൈംലൈറ്റ് ഡിപ്പാർട്ട്മെന്റ് ആദ്യകാല ചലച്ചിത്രവ്യവസായത്തിലെ നാഴികക്കല്ലായിത്തീർന്നു.
തയ്യാറാക്കിയത്: സുനിഷ വി എഫ്




