ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 21

നൊബേൽ സമ്മാനജേതാവും സാഹസികതകൾ നിറഞ്ഞ കഥകൾ കൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച കഥാകാരനുമായിരുന്ന ഏണസ്റ്റ് ഹെമിങ് വേ ജനിച്ചത് 1899 ജൂലൈ 21 നാണ്. ഹൈസ്കൂൾ ക്ലാസിൽ മികച്ച അത്ലറ്റായിരുന്ന ഹെമിങ് വെ, അന്നുതന്നെ എഴുതാനും തുടങ്ങിയിരുന്നു. വിദ്യാഭ്യാസാനന്തരം കാൻസാൻ സിറ്റി സ്റ്റാർ എന്ന പത്രത്തിൽ റിപ്പോർട്ടറായി. ഒന്നാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ റെഡ്ക്രോസിൽ ആംബുലൻസ് ഡ്രൈവറായി. പിന്നീട് ‘ടോറന്റോ സ്റ്റാറി’ന്റെ വിദേശകാര്യ ലേഖകനായി പാരീസിലെത്തിയപ്പോഴാണ് സർഗാത്മക സാഹിത്യപ്രവർത്തനം ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം ഹെമിങ് വെയുടെ എഴുത്തുജീവിതത്തിൽ സൃഷ്ടിച്ച ഒരു പതിറ്റാണ്ടു നീണ്ട മരവിപ്പിനു ശേഷമെഴുതിയ ‘ഓൾഡ് മാൻ ആൻഡ് ദി സീ’ എന്ന വിഖ്യാതകൃതി അതിന്റെ അത്യപൂർവമായ ശിൽപഭംഗി കൊണ്ട് ലോകപ്രശസ്തമാകുകയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാകുകയും ചെയ്തു. 1954 ലാണ് അദ്ദേഹം നൊബേൽ ജേതാവായത്. 1953 ലെ പുലിറ്റ്സർ പൈ്രസും ഹെമിങ് വേയ്ക്കായിരുന്നു. 1961 ജൂലൈ രണ്ടിന് സ്വന്തം തോക്കിൽ നിന്നുതിർന്ന വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ ജീവിതത്തിനു വിരാമമിട്ടത്.

1960 ജൂലൈ 21 ന് ലോകത്ത് ആദ്യമായി ഒരു വനിത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സരിമാവോ ബണ്ഡാരനായികെ ആയിരുന്നു അത്. പിന്നീട് ശ്രീലങ്കയായി മാറിയ അന്നത്തെ സിലോണിന്റെ പ്രധാനമന്ത്രിയായാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. ഭർത്താവ് കൊല്ലപ്പെട്ടതിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ അവർ, ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ സ്ഥാനാർഥിയായാണ് പ്രധാനമന്ത്രിപദത്തിലെത്തിയത്. 1947 ൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷം സിലോണിൽ അധികാരത്തിലെത്തുന്ന ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു സരിമാവോ. 151 ൽ 75 സീറ്റുകളും നേടിയ പാർട്ടി, തെരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങളുടെയും നാമനിർദേശം ചെയ്യപ്പെട്ട ആറ് അംഗങ്ങളുടെയും പിന്തുണയോടെയാണ് ഭരണം പിടിച്ചത്.

ഭൂമിയിൽ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത് 1983 ജൂലൈ 21 നായിരുന്നു. -89.2 ഡിഗ്രി സെൽഷ്യസാണ് അന്ന് അനുഭവപ്പെട്ടത്. അന്റാർട്ടിക്കയിലെ വൊസ്റ്റോക്കിലാണ് ഇത് രേഖപ്പെടുത്തിയത്. റഷ്യയിലെ ലെനിൻഗാർഡിലുള്ള ആർട്ടിക് ആന്റ് അന്റാർട്ടിക് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഇത് സ്ഥിരീകരിച്ചു. സമുദ്രനിരപ്പിൽ നിന്നുള്ള പ്രദേശത്തിന്റെ ഉയരം, സൂര്യവെളിച്ചത്തിന്റെ അഭാവം തുടങ്ങിയവയാണ് താപനില താഴാനുണ്ടായ കാരണങ്ങളായി പറയുന്നത്. 1960 ആഗസ്റ്റ് 24 ന് വൊസ്റ്റോക്കിൽ തന്നെ രേഖപ്പെടുത്തിയ -88.3 ഡിഗ്രി സെൽഷ്യസാണ് അതിനുമുമ്പ് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന താപനില.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.