ബെനഡിക്ട് പാപ്പായ്ക്ക് ലോകം ആദരവോടെ വിട നൽകി

ബെനഡിക്ട് പാപ്പായ്ക്ക് ലോകം ആദരവോടെ അന്തിമ യാത്രാവന്ദനം നൽകി. കത്തോലിക്കാ സഭയുടെ ആത്മീയപാരമ്പര്യവും ലാളിത്യവും വിളിച്ചോതുന്ന മൃതസംസ്ക്കാര ചടങ്ങുകളായിരുന്നു ബെനഡിക്ട് പാപ്പാക്കായി ഒരുക്കിയിരുന്നത്. നിറഞ്ഞുകവിഞ്ഞ വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്നു വായിക്കുക…

വത്തിക്കാൻ സമയം രാവിലെ കൃത്യം ഒൻപതരയ്ക്ക്, ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ചടങ്ങുകൾ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പരിശുദ്ധ കുർബാനയും മറ്റു ചടങ്ങുകളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി കർദ്ദിനാളുമാരും മെത്രാപ്പോലീത്താമാരും മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും സന്യസ്തരും അത്മായവിശ്വാസികളും കബറടക്ക ശുശ്രൂഷയിൽ ഭക്തിയോടെ പങ്കുചേർന്നു. അനേകലക്ഷം വിശ്വാസികൾ ലോകത്തിന്റെ വിവിധ ഇടങ്ങളിലിരുന്ന് ഓൺലൈനിലൂടെയും ചടങ്ങുകളിൽ സംബന്ധിച്ചു.

ചടങ്ങുകളിലെ വായനകൾ

വിവിധ ഭാഷകളിലുള്ള ബൈബിൾ വായനകൾ മൃതസംസ്കാര ചടങ്ങിന്റെ ഭാഗമായി. തിരുകർമ്മങ്ങൾക്കു വേണ്ടി വത്തിക്കാൻ പ്രത്യേകമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അത് വിശ്വാസികൾക്ക് പ്രാർത്ഥനകളിൽ സജീവമായി പങ്കെടുക്കാൻ സഹായകരമായി. ഫ്രാൻസിസ് മാർപാപ്പയായിരുന്നു കുർബാനയ്ക്ക് നേതൃത്വം നൽകിയത്. ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഈശോയുടെ മരണഭാഗമായിരുന്നു സുവിശേഷവായന. ഇത് ഇറ്റാലിയൻ ഭാഷയിൽ ആയിരുന്നു. പത്രോസിന്റെ ലേഖനത്തിൽ നിന്നുള്ള വായന ഇംഗ്ലീഷ് ഭാഷയിലും, ഏശയ്യായുടെ പുസ്തകത്തിൽ നിന്നുള്ള വായന സ്പാനിഷ് ഭാഷയിലും, സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള വായന ലത്തീൻ ഭാഷയിലും നടത്തി.

സുവിശേഷത്തിനു ശേഷമുള്ള പ്രസംഗം

സുവിശേഷ വായനക്കു ശേഷം ഫ്രാൻസിസ് പാപ്പാ അതീവഹൃദ്യവും ഹൃദയസ്പർശിയുമായ പ്രസംഗം നടത്തി. “അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്ന വചനത്തിലധിഷ്ഠിതമായിരുന്നു പ്രസംഗം. തുടർന്ന് വിവിധ ഭാഷകളിൽ മദ്ധ്യസ്ഥപ്രാർത്ഥനകൾ അർപ്പിച്ചു.

കബറിടം

വി. ജോൺ പോൾ രണ്ടാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനു മുൻപ് അടക്കം ചെയ്തിരുന്ന കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ പാപ്പായേയും അടക്കം ചെയ്തത്. വത്തിക്കാൻ ഗ്രോട്ടോയിൽ വി. പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതിചെയ്യുന്നത്.

ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമ്മികത്വം വഹിച്ച ശുശ്രൂഷയിൽ നിരവധി കർദ്ദിനാളുമാരും മെത്രാപ്പോലീത്താമാരും മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും സന്യസ്തരും പതിനായിരക്കണക്കിന് അത്മായവിശ്വാസികളും ഭാഗഭാക്കായി.

മരിയാ ജോസ്

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.