
യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന
അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം എടുത്തുമാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. (യോഹ. 19:38) അവൻ യേശുവിന്റെ ശരീരം കുരിശിൽ നിന്നിറക്കി ശുചിയായ ഒരു തുണിയിൽ പൊതിഞ്ഞ് തന്റെ പുതിയ കല്ലറയിൽ സംസ്കരിച്ചു.
മനുഷ്യദൃഷ്ടിയിൽ നിസ്സാരമായ പ്രവർത്തി ദൈവസന്നിധിയിൽ വിലയുള്ളതായി മാറി. ജോസഫ് യേശുവിന്റെ ശരീരത്തിന് കൊടുത്ത ആദരവ് അവനെ അനശ്വരനാക്കി മാറ്റി തിരുവെഴുത്തിന്റെ താളുകളിൽ സ്വർഗം അവന്റെ പേര് എഴുതിച്ചേർത്തു.
യേശുവിന്റെ ശരീരമാകുന്ന പരിശുദ്ധ കുർബാനയോട് നമ്മൾ കാണിക്കുന്ന ആദരവ് നാളെ നമ്മളെ അനശ്വരരാക്കി മാറ്റും. യേശുവിന്റെ ശരീരത്തോട്, അവിടുത്തെ സഭയോട്, അവന്റെ ശരീരത്തിലെ അവയവങ്ങളായ ഈ എളിയവരിൽ ഒരുവനോടു കാണിക്കുന്ന ആദരവ് നാളെ നമ്മളെ അനശ്വരരാക്കി മാറ്റും.
യേശുവിനെ പരസ്യമായി അംഗീകരിക്കുകയും ശിഷ്യത്വം ഏറ്റുപറയുകയും, അവിടുത്തെ ഭൗതികസാന്നിധ്യ നിറവ് സദാ അനുഭവിച്ചറിഞ്ഞവരും, തള്ളിപ്പറയുകയും ഒറ്റപ്പെടുത്തി ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്തപ്പോൾ യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അവന്റെ രഹസ്യശിഷ്യനായ നിക്കോദേമൂസ് അരിമത്യക്കാരൻ ജോസഫിനൊപ്പം അവനെ കല്ലറയിൽ സൂക്ഷിക്കാനായി യേശുവിന്റെ ശരീരം സ്വന്തമാക്കി.
ക്രിസ്തുവിന്റെ ശിഷ്യനാകുക എന്നാൽ, ശാരീരികമായി അവനോടു ചേർന്നിരിക്കുക എന്നല്ല; ആത്മീയമായി അവനോടു ചേർന്നിരിക്കുക എന്നു തന്നെയാണ്. വെളിച്ചത്തിന്റെ വില അറിയണമെങ്കിൽ ഇരുളറിയണം. ജീവന്റെ വില അറിയണമെങ്കിൽ മൃതിയുടെ തണുപ്പറിയണം. ഈ തിരിച്ചറിവിൽ നിന്ന് മനുഷ്യന്റെ പദ്ധതികളും മോഹങ്ങളും മിതമാകുന്നു.
ഈശോയെ അടക്കിയ കല്ലറ മനോഹരമായ ഒരു തോട്ടത്തിനുള്ളിലായിരുന്നു. “അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിക്കാത്ത പുതിയ ഒരു കല്ലറയുമുണ്ടായിരുന്നു” (യോഹ. 19:41).
ഇതൊരു ധ്യാന വിഷയമാണ്. മനോഹരമായ ഒരു തോട്ടമാണ് ജീവിതം. അത് എത്ര സുഖദുഃഖങ്ങൾ തന്നാലും ആ തോട്ടത്തിനകത്ത് ഒരു ‘കല്ലറ’ നിനക്കായ് ഒരുക്കിയിട്ടുണ്ട് എന്നത് മറക്കരുത്. ‘ഞാൻ’ എന്ന ഭാവം ഉള്ളിലുണരുമ്പോഴൊക്കെ ഈ ‘കല്ലറ’യെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്. അവസാനം ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ വിജയിച്ചു എന്നുപറയാൻ ചില മനുഷ്യരുടെ മുമ്പിൽ, ചിലരുടെ സ്നേഹത്തിനു മുമ്പിൽ, മറ്റുള്ളവരുടെ ക്രൂരതയ്ക്കും നിന്ദനത്തിനും മുമ്പിൽ തോറ്റുകൊടുക്കാൻ. ‘കല്ലറ ധ്യാനം ‘നിന്നെ സഹായിക്കും. ‘കല്ലറ ധ്യാനം’ നിന്നെ വിശുദ്ധനാക്കും.
ജിൻസി സന്തോഷ്