
ഈശോയുടെ വിശ്വസ്ത വളര്‍ത്തുപിതാവും മറിയത്തിന്റെ ഭര്‍ത്താവുമായ ജോസഫിലൂടെയാണ് ആധുനികലോകത്തില്‍ ജോസഫ് എന്ന പേര് പ്രശസ്തമാകുന്നതും അര്‍ത്ഥവത്തായ ഒന്നാകുന്നതും. ജോസഫ് എന്ന പേരുമായി ബന്ധപ്പെട്ട പല പേരുകളും ഇന്ന് നാം ഉപയോഗിക്കുന്നുണ്ട്. എങ്കിലും എപ്പോഴെങ്കിലും അതിന്റെ ആത്മീയമായ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ജോസഫ് എന്ന പേര് യോസഫ് എന്ന ഹീബ്രു പേരില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. യോസഫ് എന്ന ഹീബ്രു പേരിന് അര്‍ത്ഥം ‘കൂടെ ചേര്‍ക്കുക, വീണ്ടും ചെയ്യുക, വര്‍ദ്ധിപ്പിക്കുക’ എന്നൊക്കെയാണ്. എന്തെങ്കിലും ഒരു സാധനത്തെ കൂടെച്ചേര്‍ക്കുക എന്നതിനും ഈ നാമം ഉപയോഗിച്ചിരുന്നു.
ജോസഫ് എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്, പഴയനിയമത്തിലെ ഉല്പത്തി പുസ്തകത്തിലാണ്. വന്ധ്യയായിരുന്ന റാഹേലിന്റെ വന്ധ്യത്വം ദൈവം അവസാനിപ്പിച്ചപ്പോള്‍ തനിക്കു ജനിച്ച ആദ്യകുഞ്ഞിന്, ‘ദൈവം ഒരു പുത്രനെക്കൂടെ എനിക്കു തരട്ടെ’ എന്നു പറഞ്ഞുകൊണ്ടാണ് ജോസഫ് എന്ന പേരിടുന്നത്. അതിനാല്‍ തന്നെ ജോസഫ് എന്ന പേരിന്റെ അര്‍ത്ഥം ‘ഇരട്ടിപ്പിക്കുന്നവന്, വര്‍ദ്ധിപ്പിക്കുന്നവന്‍’ എന്നൊക്കെയാണ്. ബൈബിള്‍ വ്യാഖ്യാനങ്ങള്‍ പറയുന്നത് ജോസഫ് എന്ന പേരിന്റെ അര്‍ത്ഥം ദൈവം കൂട്ടിച്ചേര്‍ത്തു എന്നാണ്.
തിരുക്കുടുംബത്തിനോടൊപ്പമുള്ള ജീവിതത്തിലൂടെയും ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞുകൊണ്ടുള്ള ജീവിതശൈലിയിലൂടെയും ദൈവപുത്രന്റെ വളര്‍ത്തുപിതാവാകാന്‍ ദൈവം കൂട്ടിച്ചേര്‍ത്ത വ്യക്തിയാണ് താന്‍ എന്ന് വി. യൗസേപ്പിതാവ് തെളിയിക്കുകയായിരുന്നു. ദൈവത്തോടൊപ്പം ‘കൂടുതല്‍ ചേര്‍ന്ന്’ നിന്നു കൊണ്ട് വിശുദ്ധമായ ഒരു മാതൃക നല്കാൻ, തന്റെ പേരിനെ അര്‍ത്ഥവത്താക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു വി. യൗസേപ്പിതാവ്.