
ചാൾസ് ഡാർവിൻ എച്ച് എം എസ് ബീഗിൾ എന്ന കപ്പലിൽ നടത്തിയ സുപ്രധാന യാത്ര അവസാനിച്ചത് 1836 ഒക്ടോബർ രണ്ടിനായിരുന്നു. ഇംഗ്ലണ്ടിലെ പൈ്ലമൗത്തിൽ നിന്ന് 1831 ഡിസംബർ 27 നാണ് അദ്ദേഹം കപ്പൽയാത്ര ആരംഭിച്ചത്. അന്ന് 22 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഡാർവിൻ നാച്ചുറലിസ്റ്റായാണ് യാത്രയിൽ ചേർന്നത്. തെക്കേ അമേരിക്ക ചുറ്റിയായിരുന്നു യാത്ര. യാത്രയിലുടനീളം ഡാർവിൻ ചെടികളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. നിരവധി നോട്ട്ബുക്കുകളിൽ തന്റെ നിരീക്ഷണങ്ങൾ അദ്ദേഹം കുറിച്ചുവച്ചു. ഈ കണ്ടെത്തലുകളാണ് പിന്നീട് അദ്ദേഹം വികസിപ്പിച്ച പരിണാമസിദ്ധാന്തത്തിന് അടിസ്ഥാനമായി മാറിയത്. ഏകദേശം അഞ്ചുവർഷങ്ങൾ നീണ്ട ആ യാത്രയാണ് 1836 ഒക്ടോബർ രണ്ടിന് ഇംഗ്ലണ്ടിലെ ഫാൽമൗത്ത് തീരത്ത് തിരിച്ചെത്തിയതോടെ അവസാനിച്ചത്.
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് 1961 ഒക്ടോബർ രണ്ടിനായിരുന്നു. ഈസ്റ്റേൺ ഷിപ്പിംഗ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിംഗ് കോർപ്പറേഷനും ലയിച്ചാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആയിത്തീർന്നത്. 19 കപ്പലുകളുമായി ആരംഭിച്ച കോർപ്പറേഷൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയാണ്. കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ബൾക്ക് കാരിയറുകൾ, ക്രൂഡ് ഓയിൽ ടാങ്കറുകൾ, പ്രൊഡക്ട് ടാങ്കറുകൾ, കണ്ടെയ്നർ വെസലുകൾ, പാസഞ്ചർ കും കാർഗോ വെസലുകൾ തുടങ്ങി നിരവധി കപ്പലുകളുണ്ട്. പല അടിയന്തര ഘട്ടങ്ങളിലും ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെടാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ചലിപ്പിച്ചത് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയായിരുന്നു.
1958 ഒക്ടോബർ രണ്ടിനാണ് ഗിനിയ സ്വതന്ത്രമായത്. 1898 ൽ അന്നത്തെ ഗിനിയയുടെ ഭരണാധികാരിയെ പരാജയപ്പെടുത്തിയ ഫ്രാൻസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് നടന്ന നിരവധി സമരങ്ങൾക്കും ആക്രമണങ്ങൾക്കും ശേഷമാണ് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഫ്രഞ്ച് വെസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയിലെ അർധ-സ്വയാധികാര അംഗമായി തുടരാനുള്ള ഫ്രാൻസിന്റെ ആവശ്യം, ഗിനിയയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങൾ നിഷേധിച്ചതോടെയാണ് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അഹ്മദ് സെക്കുതുരി ആയിരുന്നു ആദ്യ പ്രസിഡന്റ്.
സുനീഷ വി എഫ്




