“അവൻ ഇപ്പോൾ എന്റെ കൂടെയില്ല” – ഉക്രൈൻ യുദ്ധഭൂമിയില്‍ സഹോദരനെ ഉപേക്ഷിക്കാൻ നിർബന്ധിതയായ പെണ്‍കുട്ടിയുടെ വിലാപം

ഫെബ്രുവരി 24 -ന് പുലര്‍ച്ചെ 5 മണിക്ക് കീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍, ഓള്‍ഗ ബാലബാന്‍ എന്ന 26 -കാരി ഉക്രൈന്‍ പെണ്‍കുട്ടിക്ക് സ്വയം തോന്നി, കഴിയുന്നിടത്തോളം വേഗം കുടുംബത്തോടൊപ്പം നഗരത്തിനു പുറത്തു പോകണമെന്ന്. പക്ഷേ, അവളുടെ പല സുഹൃത്തുക്കളും അവളോട് പറഞ്ഞു, ഇത് ഉടന്‍ അവസാനിക്കുമെന്നും പുടിന്‍ നമ്മെ ഭയപ്പെടുത്താന്‍ മാത്രം ചെയ്യുന്നതാണെന്നും. പക്ഷേ, എത്രയും വേഗം രക്ഷപെടണമെന്ന് ഓള്‍ഗക്ക് അറിയാമായിരുന്നു.

അതിനാല്‍, ഓള്‍ഗ തന്റെ മുത്തശ്ശിയെയും അമ്മയെയും 18 വയസ്സുള്ള സഹോദരനെയും ചേര്‍ത്തുപിടിച്ച് കീവ് സെന്‍ട്രല്‍ സ്റ്റേഷനിലേക്കു പോയി. യൂറോപ്യന്‍ യൂണിയനുമായുള്ള രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് പടിഞ്ഞാറോട്ട് പോകുന്ന ആദ്യത്തെ ട്രെയിനില്‍ കയറി. ട്രെയിനില്‍ പകുതി മാത്രം നിറഞ്ഞിരുന്ന ശാന്തമായ അന്തരീക്ഷമായിരുന്നു ഉള്ളത്. എന്നാല്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ പര്‍വ്വതനിരകളിലൂടെ ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയതോടെ, സ്ഥിതിഗതികളുടെ തീവ്രത രാജ്യത്തുടനീളം പ്രതിഫലിച്ചു തുടങ്ങി. ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തികളിലേക്ക് ഒഴുകാന്‍ തുടങ്ങി. റഷ്യന്‍ സൈന്യം വിവിധ ദിശകളില്‍ നിന്ന് രാജ്യത്തെ ആക്രമിച്ചതിനാല്‍ കീവ് പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നുള്ള റോഡുകളില്‍ ഗതാഗതക്കുരുക്കുണ്ടായി.

ഓള്‍ഗയും കുടുംബവും ടെര്‍നോപില്‍ വച്ച് രണ്ടാമത്തെ ട്രെയിനില്‍ കയറി. ലിവിവിലേക്ക് മൂന്ന് മണിക്കൂര്‍ യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ട്രെയിനിലെ അന്തരീക്ഷം അസ്വസ്ഥതയുടേതായിരുന്നു. ആളുകള്‍ നിലവിളിക്കാനും പരിഭ്രാന്തരാകാനും തുടങ്ങി. ട്രെയിന്‍ ജീവനക്കാര്‍ ആരോടും പണം പോലും ചോദിച്ചില്ല; അവര്‍ എല്ലാവരെയും കയറാന്‍ അനുവദിച്ചു.

ഓള്‍ഗയും കുടുംബവും ലിവിവില്‍ എത്തി ടാക്‌സിയില്‍ പോളണ്ടിന്റെ അതിര്‍ത്തിയിലെത്തുമ്പോഴേക്കും 30 കിലോമീറ്റര്‍ നീണ്ട ക്യൂവാണ് കണ്ടത്. ഗാര്‍ഡുകള്‍ തങ്ങളെ ഉക്രേനിയന്‍ അതിര്‍ത്തി കടത്തിവിടുന്നതും കാത്ത് ആയിരക്കണക്കിന് ആളുകള്‍ ആ കൊടുംതണുപ്പില്‍ വരിയില്‍ നില്‍ക്കുകയാണ്. ആ സമയം കൊണ്ട് എല്ലാവരും ക്ഷീണിച്ചിരുന്നു. 74 വയസ്സുള്ള, ഓപ്പറേഷനില്‍ നിന്ന് സുഖം പ്രാപിക്കുന്ന അവളുടെ മുത്തശ്ശിക്ക് നടക്കാനും പ്രയാസമാണ്. അതിനാല്‍ അവരെ കൂടി കൊണ്ടുപോകാന്‍ ഓള്‍ഗ കാറുകളില്‍ അതിര്‍ത്തി കടക്കാനെത്തിയവരോട് യാചിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരു കുടുംബം അവരെ വണ്ടിയില്‍ കയറ്റി.

ക്യൂവില്‍ രണ്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷം വൈകാരികമായും ശാരീരികമായും തളര്‍ന്ന ഓള്‍ഗയും അവളുടെ അമ്മയും സഹോദരനും ഒടുവില്‍ വരിയുടെ മുന്നിലെത്തി. എന്നാല്‍ 18 -നും 60 -നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷപൗരന്മാരെയും രാജ്യം വിടുന്നതു നിരോധിച്ചതായി ഉക്രൈനിലെ സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വ്വീസ് പ്രഖ്യാപിച്ചു.

തന്റെ ഇളയ സഹോദരനോട് വിട പറയേണ്ടി വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ ഓള്‍ഗയുടെ കണ്ണുകളില്‍ കണ്ണുനീരും പരിഭ്രാന്തിയും പടര്‍ന്നു. “ലോകത്തിലെ ഏറ്റവും ശക്തമായ ഒരു സൈനിക സേനയോട് പോരാടാന്‍ അവന്‍ പഠിക്കുമെന്ന് ഞാന്‍ മനസിലാക്കി. അവനെ എന്നോടൊപ്പം നിര്‍ത്താന്‍ എനിക്ക് എന്തും ചെയ്യാമായിരുന്നു; ഞാന്‍ പണം നല്‍കുമായിരുന്നു. പക്ഷേ ഞാന്‍ എന്തുചെയ്യും? എല്ലാ പുരുഷന്മാരെയും യുദ്ധത്തിന് വിളിക്കുന്നത് ന്യായമാണെന്നു ഞാന്‍ കരുതുന്നില്ല. ചിലര്‍ രോഗികളായിരിക്കാം ചിലര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരിക്കാം. നിരവധി വര്‍ഷങ്ങളായി ഉക്രേനിയക്കാര്‍ ഭീഷണിയിലാണ്. ഒരു പൂര്‍ണ്ണമായ അധിനിവേശം ശരിക്കും സംഭവിക്കുമെന്ന് ഞങ്ങളില്‍ പലരും വിശ്വസിച്ചിരുന്നില്ല.”

മകനെ തനിയെ ഉപേക്ഷിക്കുന്നത് അവരുടെ അമ്മക്ക് സഹിക്കവയ്യാതെ അവരും അവനോടൊപ്പം സ്വന്തം രാജ്യത്തേക്കു മടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഓള്‍ഗ ഒറ്റക്ക് അതിര്‍ത്തി കടന്നു. അവിടെ അവള്‍ക്ക് ഒരു ചെറിയ ഹോസ്റ്റല്‍ കണ്ടെത്താനും കഴിഞ്ഞു. ഈ സമയമെല്ലാം വാട്സ് ആപ്പ് വഴി മുത്തശ്ശിയുമായി അവള്‍ ബന്ധപ്പെട്ടിരുന്നു. പന്ത്രണ്ട് മണിക്കൂറുകൾക്കു ശേഷം അവള്‍ അതിര്‍ത്തിയില്‍ ചെന്ന് മുത്തശ്ശിയെ കയറ്റിവിട്ട കാര്‍ കാത്തുനിന്നു. അതിര്‍ത്തി കടന്നുപോകുന്ന ഓരോ കാറും അവള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. രണ്ടു മണിക്കൂറുകൾക്കു ശേഷം മുത്തശ്ശിയെ കയറ്റിവിട്ട കാര്‍ അവള്‍ കണ്ടെത്തി. മുത്തശ്ശിയുമായി ഓള്‍ഗ വീണ്ടും ഒന്നിച്ചു. പോളണ്ടില്‍ അഭയം തേടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ രാജ്യം ശാന്തമാകുന്നതു വരെ അവിടെ കഴിയാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. സഹോദരനേയും അമ്മയേയും വേര്‍പിരിഞ്ഞതിലുള്ള നൊമ്പരം അവളുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടുമിരിക്കുന്നു.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.