ഉത്കണ്ഠകളെ അതിജീവിക്കാൻ വി. തോമസ് അക്വീനാസ് നിർദേശിക്കുന്ന ചില മാർഗങ്ങൾ

അനുദിനപ്രാർഥനയിലൂടെ മാത്രമേ ഉത്കണ്ഠകളോട് പൊരുതിജയിക്കാൻ നമുക്ക് സാധിക്കൂ എന്നാണ് വി. തോമസ് അക്വീനാസ് പറയുന്നത്. പഠനത്തിന്റെയും രോഗത്തിന്റെയും പൂർത്തിയാക്കേണ്ട മറ്റു പലകാര്യങ്ങളുടെയും നടുവിൽ കഴിയുന്ന നാമെല്ലാവരും ഒരുപാട് ഉത്കണ്ഠകളിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. അമേരിക്കയിൽ, പ്രായപൂർത്തിയാകാത്തവരിൽമാത്രം നടത്തിയ പഠനത്തിൽ ഏകദേശം 30% കുട്ടികളാണ് ഉത്കണ്ഠമൂലം ക്ലേശിക്കുന്നത് എന്നാണ് കണ്ടെത്താനായത്. പ്രായഭേദമന്യേ ഉത്കണ്ഠകളുടെ ലോകത്തിൽ കഴിയുന്നവരാണ് നാമെല്ലാവരും എന്നതിനൊരു തെളിവാണിത്. ലളിതമായ മാർഗങ്ങളിലൂടെ ഉത്കണ്ഠകളെ എങ്ങനെ അതിജീവിക്കാം എന്നതിന് വി. തോമസ് അക്വീനാസ് പറഞ്ഞുതരുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

1. ദൈവത്തിൽ ശരണംവയ്ക്കുക 

നമ്മുടെ ജീവിതാനുഭവങ്ങൾ എന്തുതന്നെയായാലും ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നുംസംഭവിക്കില്ല എന്ന വിശ്വാസമാണ് നമ്മുടെ ഉത്കണ്ഠകളെ ലഘൂകരിക്കാൻ ഏറ്റവും വലിയ സഹായം. അതിനാൽ എപ്പോഴും ദൈവത്തിൽ ശരണംവയ്ക്കാൻ പരിശീലിക്കുക എന്നതുതന്നെയാണ് ഉത്കണ്ഠകളെ അതിജീവിക്കാനുള്ള ഏറ്റവും പ്രധാനമാർഗം. വ്യക്തിപരമായ പ്രാർഥന, ശാന്തമായും സമയമെടുത്തും നിഷ്ഠയോടെ പരിശീലിക്കുന്നതും ഉത്ക്കണ്ഠകളെ അതിജീവിക്കാൻ സഹായിക്കും. ഇത് വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ്. തോമസ് അക്വീനാസ് പറയുന്നു: “ഞാൻ എന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. പ്രാർഥനയിൽ ദൈവത്തോടൊപ്പം ചെലവഴിക്കുന്ന സമയം എന്റെ ഓരോ ദിവസത്തെയും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നു ഞാൻ വിശ്വസിക്കുന്നു.”

2. സത്യംകൊണ്ടും നന്മകൊണ്ടും ഹൃദയം നിറയ്ക്കുക

ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചോ, തിരുവെഴുത്തുകളെക്കുറിച്ചോ, വിശുദ്ധരുടെ വെളിപ്പെടുത്തലുകളെക്കുറിച്ചോ ചിന്തിക്കുന്നത് നമ്മുടെ മനസ്സിനെ ദൈവസ്നേഹത്താൽ നിറയ്ക്കുകയും ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രതിസന്ധികളിലും ക്ലേശങ്ങളിലും സമചിത്തതയോടെ മുന്നേറാൻ കർത്താവിന്റെ വചനങ്ങളും വിശുദ്ധരുടെ ജീവിതവും ശക്തിയാകും.

3. പരിശുദ്ധാത്മാവിന്റെ പ്രേരണകളെ സ്വീകരിക്കുക

പ്രാർഥനയിൽ, പരിശുദ്ധാത്മാവ് നയിക്കുന്ന വഴികളെ മനസ്സിലാക്കാനും അതനുസരിച്ച് മുന്നേറാനും പരിശ്രമിക്കുന്നതിലൂടെ ജീവിതത്തിലെ വളരെയേറെ ഉത്കണ്ഠകളെ അതിജീവിക്കാൻ നമുക്കു സാധിക്കുന്നു. അതിനാൽ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങളെ മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ശ്രദ്ധിക്കണം. നിരന്തരമായ പ്രാർഥനയിലൂടെ മാത്രമേ  പരിശുദ്ധാത്മാവിന്റെ സ്വരം വിവേചിച്ചറിയാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇങ്ങനെ പരിശുദ്ധാത്മാവുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ ഒരു വ്യക്തിയെന്നപോലെ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിലും ഇടപെടുകയും നമ്മുടെ ഉത്കണ്ഠകളെ ഏറ്റെടുക്കുകയും ചെയ്യുന്നു.

ഈ മൂന്നു മാർഗങ്ങളിലൂടെ നമുക്കും നമ്മുടെ ആകുലതകളെ അതിജീവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.