വരൂ, നമുക്ക് ആവിലായിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര പോകാം

ഇരുപത്തിയഞ്ചോളം പ്രാവശ്യം, വി. അമ്മത്രേസ്യയുടെ നാടായ  ആവില സന്ദര്‍ശിച്ച അനുഭവവുമായി ഒരു മലയാളി വൈദികൻ. വായിക്കുക…

മരിയ ജോസ്

“ഇവയൊക്കെ സ്ഥിതി ചെയ്യുന്നത് മാർക്കറ്റുകളുടെയൊക്കെ സമീപത്താണ്. എങ്കിലും ആ പുണ്യസ്ഥലങ്ങളിൽ വശ്യമായ ഒരു ആത്മീയശാന്തതയുടെ സൗന്ദര്യം നമുക്ക് അനുഭവിക്കുവാൻ കഴിയും.” എംസിബിഎസ് സന്യാസ സഭയുടെ അതിരമ്പുഴ ലിസ്യൂ  മൈനർ സെമിനാരിയുടെ റെക്ടർ ഫാ. ജെയ്‌മോൻ മുളപ്പാഞ്ചേരി mcbs -ന്റെതാണ്  ഈ വാക്കുകൾ. അദ്ദേഹം പറയുന്നത്, സഭയിലെ ആദ്യത്തെ വേദപാരംഗതയും ആത്മജ്ഞാനിയും സന്യാസ സമൂഹപരിഷ്ക്കർത്താവും എഴുത്തുകാരിയുമായിരുന്ന ആവിലായിലെ അമ്മത്രേസ്യയുടെ നാടിനെക്കുറിച്ചും.

ആവിലയിലെ അമ്മത്രേസ്യ ജനിച്ച ഭവനവും ശവകുടീരം കുടികൊള്ളുന്ന ആശ്രമവും വിശുദ്ധ സ്ഥാപിച്ച മഠങ്ങളും സന്ദർശിച്ച ജെയ്‌മോനച്ചന്റെ വാക്കുകളിലൂടെ നമുക്കും സഞ്ചരിക്കാം വിശുദ്ധി തുളുമ്പുന്ന ആ നാട്ടിലേയ്ക്ക്…

ആവിലയിലെ അമ്മത്രേസ്യ

ആവിലായെക്കുറിച്ച് പറയണമെങ്കിൽ, ആ നാട്ടിൽ വളർന്ന് വിശുദ്ധിയുടെ പരിമളം പരത്തിയ അമ്മത്രേസ്യയെ അറിയണം.  കത്തോലിക്കാ സഭയിലെ ആദ്യ വനിതാ വേദപാരംഗത, കത്തോലിക്കാ സഭയിലെ വലിയ മിസ്റ്റിക്കുകളിൽ ഒരാൾ, കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ  പരിഷ്ക്കർത്താവ് എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന വിശുദ്ധ വലിയ ഒരു എഴുത്തുകാരി കൂടി ആയിരുന്നു. 1563-ൽ പൂർണ്ണമായ ദാരിദ്ര്യത്തിലും പ്രാർത്ഥനയിലും ജീവിക്കുന്നതിനായി പുതിയ ഒരു സന്യാസ സമൂഹത്തിന് അമ്മത്രേസ്യ രൂപം നൽകി. തുടർന്ന് തെരേസയുടെ നേതൃത്വത്തിൽ സ്പെയിനിലുടനീളം സന്യാസ-സന്യാസിനീ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു.

2009-ൽ സലമാങ്ക എന്ന സ്ഥലത്ത് സ്പാനിഷ് ഭാഷ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ജെയ്‌മോനച്ചൻ ആദ്യമായി ആവില സന്ദർശിക്കുന്നത്. അതിനുശേഷം മാഡ്രിഡിൽ ഏഴുവർഷത്തോളം പഠനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ സമയത്ത് നാട്ടിൽ നിന്ന് വരുന്ന ആളുകളെ സ്ഥലം പരിചയപ്പെടുത്താനും മറ്റുമായി ഇരുപത്തിയഞ്ചോളം പ്രാവശ്യം ഈ പുണ്യഭൂമിയിൽ പോകുവാൻ അച്ചനു കഴിഞ്ഞു.

ഈ യാത്രകളിലൊക്കെയും അച്ചന് തന്റെ വലിയ ഒരു സ്വപ്നം യാഥാർത്ഥ്യമായ സന്തോഷമായിരുന്നു ഉള്ളിൽ. നോവിഷെറ്റ് കാലത്ത് ആത്മീയപാരായണത്തിലൂടെയാണ് അച്ചൻ അമ്മത്രേസ്യയെ കൂടുതൽ അറിയുന്നത്. അന്നുമുതൽ ആ വിശുദ്ധയുടെ ജന്മസ്ഥലം സന്ദർശിക്കണമെന്ന വലിയ ആഗ്രഹം അച്ചന്റെ മനസ്സിലുണ്ടായിരുന്നു. സ്‌പെയിനിലെത്തിയ ശേഷം അച്ചൻ നടത്തയ ആ യാത്രകളൊക്കെയും ആത്മീയമായി ഏറെ ആഗ്രഹിച്ചിരുന്ന തീർത്ഥാടനത്തിന്റെ പൂർത്തീകരണമായി മാറുകയായിരുന്നു.

വിശുദ്ധി തുളുമ്പുന്ന ആവില

ആവില. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന നഗരം. മലകളും കുന്നുകളും നിറഞ്ഞ് പ്രകൃതിസുന്ദരമാണ് ഇവിടം. പൈൻ മരങ്ങളാൽ ചുറ്റപ്പെട്ട, ഒലിവ് തോട്ടങ്ങളും മുന്തിരിത്തോപ്പുകളും നിറഞ്ഞ ഫലസമൃദ്ധിയാൽ പേരുകേട്ട ആവില. സമുദ്രനിരപ്പിൽ നിന്ന് 1,130 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ തന്നെ സ്‌പെയിനിലെ പ്രവിശ്യാ തലസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രദേശവും തണുപ്പുള്ള കാലാവസ്ഥയിൽ കാണപ്പെടുന്നതുമായ സ്ഥലമാണ് ഇത്. സ്‌പെയിനിലെ കസ്റ്റീജിയ – ലെയോൺ പ്രദേശത്തെ ആവിലാ പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ് ആവില. ഈ സ്ഥലമാണ് വി. അമ്മത്രേസ്യയുടെ പേരിനോടൊപ്പം ലോകപ്രസിദ്ധമായി തീർന്നത്. വിശുദ്ധയുടെ ജന്മനാടായി, പുണ്യസ്ഥലമായി അറിയപ്പെടുന്നത്.

ആവില അറിയപ്പെടുന്നതു തന്നെ കല്ലുകളുടെയും വിശുദ്ധരുടെയും നാട് എന്നാണ്. ട്രെയിനിലും ബസിലും കാറിലുമൊക്കെയായി ഈ സ്ഥലത്ത് എത്തുവാൻ കഴിയും. ബസ് സ്റ്റേഷനിൽ നിന്ന് പത്തു മിനിറ്റ് ദൂരം. അത്രേയുള്ളൂ ഈ സ്ഥലത്തേയ്ക്ക് – അച്ചൻ പറഞ്ഞുതുടങ്ങി. ആവില ടൗണിൽ എത്തുന്ന ഏതൊരു സന്ദർശകനെയും ആകർഷിക്കുന്ന ഒന്നാണ്  മൂന്നാം നൂറ്റാണ്ടിൽ പണി ആരംഭിച്ച ഒരു വൻമതിൽ. ലാ – മുറാല്ല (LA -MURALLA) എന്നറിയപ്പെടുന്ന ഈ മതിലിന് 2,500 മീറ്റർ നീളമുണ്ട്. ഇതിൽ 88 കാവൽഗോപുരങ്ങളും ഒൻപതു കോട്ടവാതിലുകളുമുണ്ട്. നീളം കൊണ്ടും ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും ഈ മതിൽ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഒപ്പം യുനസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ ഈ മതിലും ഇടം നേടിയിട്ടുണ്ട്. അപ്പോൾ പറയേണ്ടല്ലോ ഇതിന്റെ പ്രാധാന്യം.

അടുത്തതായി പ്രധാന ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് ക്രിസ്തോ സാൽവദോർ കത്തീഡ്രൽ. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി ആരംഭിക്കുകയും പതിനഞ്ചാം നൂറ്റാണ്ടിൽ പൂർത്തിയാക്കുകയും ചെയ്ത ഈ കത്തീഡ്രൽ ഗോഥിക് ശൈലിയിൽ നിർമ്മിച്ച സ്‌പെയിനിലെ ആദ്യ ദൈവാലയമാണ്.

ക്രൈസ്തവരുടെ ശ്രദ്ധയാകർഷിച്ച ആവിലയുടെ വിശുദ്ധ സ്ഥലം

സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന പല കാര്യങ്ങളും സ്ഥലങ്ങളും ആവിലയിൽ ഉണ്ടെങ്കിലും ഇവിടെയെത്തുന്ന ക്രൈസ്തവരുടെ ഏറ്റവും ശ്രദ്ധാകേന്ദ്രം അമ്മത്രേസ്യയാണ്. ആവിലയിലെ അമ്മത്രേസ്യയുടെ ജന്മഗൃഹം ആണ് ഇവിടുത്തെ പ്രധാന സ്ഥലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളും തീർത്ഥാടകരും ഈ പുണ്യഭൂമിയിൽ വന്നു പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടി കടന്നുപോകുന്നു.

1515-ൽ ജനിച്ച അമ്മത്രേസ്യ, കർമ്മലീത്ത നിഷ്പാദുക സഭയിലെ അംഗമായിരുന്നു. അമ്മത്രേസ്യയെ അവിടെ അറിയപ്പെടുന്നത് ലാ സാന്താ എന്നാണ്. അതിന്റെ അർത്ഥം വിശുദ്ധ എന്നാണ്. വിശുദ്ധയുടെ ജന്മഗൃഹത്തിനു മുകളിൽ ഒരു ദൈവാലയമാണ് ഇപ്പോൾ സ്ഥിതിചെയ്യന്നത്. അത്യാവശ്യം വലിയ ഒരു ദൈവാലയമാണ് അത്. ദൈവാലയത്തിന് അരികിലായി അമ്മത്രേസ്യ ജനിച്ച മുറി പ്രത്യേക ചാപ്പലായി സൂക്ഷിക്കുന്നു. അവിടെ അമ്മത്രേസ്യയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. ഒപ്പം അമ്മത്രേസ്യയുടെ ജീവചരിത്രത്തിൽ അനിയനുമൊപ്പം മുറ്റത്ത് പള്ളിയുണ്ടാക്കി കളിച്ച കാര്യങ്ങൾളൊക്കെ പരാമർശിക്കുന്നുണ്ട്. വീടിനു മുമ്പിലെ ആ സ്ഥലമൊക്കെ ഇവിടെ കാണാൻ കഴിയും.

കൂടാതെ, ഇതിനോട് ചേർന്നുള്ള ബുക്ക് സ്റ്റാളിലെ മ്യൂസിയത്തിൽ അമ്മത്രേസ്യയുടെ മോതിരവിരലും വിവിധ ഇടങ്ങളിൽ മഠങ്ങൾ സ്ഥാപിക്കുന്നതിനായി സഞ്ചരിക്കേണ്ടിവന്ന അവസരത്തിൽ ഉപയോഗിച്ച ഊന്നുവടിയും സൂക്ഷിച്ചിട്ടുണ്ട്. ഈ ദൈവാലയത്തിൽ വൈദികരോടൊപ്പമെത്തുന്ന തീർത്ഥാടകർക്ക് എപ്പോൾ വേണമെങ്കിലും വിശുദ്ധ കുർബാന അർപ്പിക്കുവാനും അവസരമുണ്ട്.

സെന്റ് മേരി ഓഫ് ഇൻകാർനേഷൻ (ഇൻകാർനേഷൻ കോൺവെന്റ്)

സെന്റ് മേരി ഓഫ് ഇൻകാർനേഷൻ കോൺവെന്റ് എന്നറിയപ്പെടുന്ന സന്യാസാശ്രമം ആണ് ആവിലയിലെ മറ്റൊരു പ്രധാന തീർത്ഥാടനകേന്ദ്രം. ഇവിടെയാണ് വി. അമ്മത്രേസ്യ, സന്യാസിനിയാകണം എന്ന ആഗ്രഹത്തോടു കൂടെ ആദ്യമായി മഠത്തിൽ ചേരുന്നത്. തുടർന്ന് മുപ്പതു വർഷത്തോളം വിശുദ്ധ ജീവിച്ചതും ഇവിടെത്തന്നെ. ഈ മഠത്തിൽ ആയിരുന്നുകൊണ്ടാണ് വിശുദ്ധ സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിൽ മഠങ്ങൾ സ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 1479-ൽ പണികഴിപ്പിച്ച ഈ കോൺവെന്റ് ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ഇതൊരു മിണ്ടാമഠമാണ്. ഈ പുരാതന മഠത്തിൽ അമ്മത്രേസ്യ പകർന്ന ചൈതന്യത്തിൽ ജീവിക്കുന്ന സന്യസിനിമാർ ഇപ്പോഴും ഉണ്ടെന്നത് അത്ഭുതം തന്നെയാണ്. ഇവരിൽ മലയാളികളും ഉണ്ടെന്ന് അച്ചൻ വെളിപ്പെടുത്തുന്നു.

ഇവിടെയുള്ള മ്യൂസിയത്തിൽ അമ്മത്രേസ്യയുടെ തിരുശേഷിപ്പുകൾ പലതും സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ഉണ്ണീശോയുടെ ദർശനം വിശുദ്ധയ്ക്കു ലഭിച്ച ഗോവണിപ്പടികൾ നമുക്കും കയറുവാൻ സാധിക്കും. അതൊക്കെ നൽകുന്ന ആത്മീയാനുഭവം വളരെ വിശിഷ്ടമാണ് എന്ന് അച്ചൻ വെളിപ്പെടുത്തുന്നു.

സെന്റ് ജോസഫ് കോൺവെന്റ്

അമ്മത്രേസ്യ സ്ഥാപിച്ച ആദ്യത്തെ മഠം സ്ഥിതിചെയ്യുന്നതും ആവിലയിൽ തന്നെയാണ്. 1562-ൽ  സ്ഥാപിച്ച ഈ കോൺവെന്റ് വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ളതാണ്. വളരെ പഴക്കം ചെന്ന ഒരു കോൺവെന്റ് ആണ് ഇതും. ഈ കോൺവെന്റിൽ ഇപ്പോൾ സന്യാസിനിമാർ ഇല്ല. ഇത് ഇപ്പോൾ ദേശീയ സ്മാരകമായി സംരക്ഷിക്കപ്പെട്ടുപോരുന്നു. അമ്മത്രേസ്യ ഏതാണ്ട് 17 മഠങ്ങൾ സ്‌പെയിനിൽ സ്ഥാപിച്ചിരുന്നു. അതിൽ മിക്കവയും വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ളതായിരുന്നു.

ഒക്ടോബർ മാസം വിശുദ്ധിയുടെ ആഘോഷമാക്കുന്ന ആവില

ഒക്ടോബർ മാസം പതിനഞ്ചാം തീയതിയാണ് ആവിലയിലെ അമ്മത്രേസ്യയുടെ തിരുനാൾ സാധാരണയായി ആചരിക്കുന്നത്. എന്നാൽ ആവിലയിലെ ആളുകളെ സംബന്ധിച്ചിടത്തോളം ഈ മാസം മുഴുവൻ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷമാണ്. ഇതിൽ പ്രധാനം പതിനഞ്ചാം തീയതി നടക്കുന്ന വലിയ ഒരു പ്രദക്ഷിണമാണ്.

ബിഷപ്പിന്റെ നേതൃത്വത്തിലാണ് പ്രദക്ഷിണം നടക്കുന്നത്. ഈ പ്രദക്ഷിണത്തിൽ അമ്മത്രേസ്യയുടെ രൂപവും ഒപ്പം ഔർ ലേഡി ഓഫ് ചാരിറ്റി മാതാവിന്റെ രൂപവും വഹിക്കപ്പെടും. ഒടുവിൽ കത്തീഡ്രൽ പള്ളിയുടെ മൈതാനത്ത് എത്തുമ്പോൾ അമ്മത്രേസ്യയുടെയും പരിശുദ്ധ അമ്മയുടെയും രൂപം ചേർത്തുനിർത്തും. അമ്മത്രേസ്യയുടെ ജീവിതത്തിൽ ആദ്യം മുതൽ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ഉണ്ടായിരുന്നു. തന്റെ ജീവിതത്തിലെ നിർണ്ണായകമായ ഘട്ടങ്ങളിലെല്ലാം അമ്മത്രേസ്യയ്ക്ക് പരിശുദ്ധ അമ്മയോട് ആലോചന ചോദിക്കുന്ന രീതി ഉണ്ടായിരുന്നു. ഈ കാരണങ്ങളാണ് രണ്ടു രൂപങ്ങൾ ചേർത്തുനിർത്തുന്ന ചടങ്ങിനാൽ നടത്തപ്പെടുന്നത്.

ഒക്ടോബർ മാസം മുഴുവനും ആവില നഗരം ഭക്തിപരമായ ആഘോഷങ്ങൾക്കൊപ്പം മറ്റു ആഘോഷങ്ങളിലും മുങ്ങും. കാളപ്പോരും സംഗീതനിശയുമൊക്കെയായി ഒക്ടോബർ മാസം അവർ ആഘോഷിക്കും.

വിശുദ്ധയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന കോൺവെന്റ്

വിശുദ്ധയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് സ്‌പെയിനിലെ സലമാങ്കയിലെ ആൽബ ദേ തോർമസ് എന്ന കോൺവെന്റിലാണ്. ആവിലയിൽ നിന്ന് ഒരു മണിക്കൂർ നേരം യാത്ര ചെയ്‌താൽ ഇവിടെ എത്താൻ കഴിയും. ഇവിടെ ഇപ്പോഴും അമ്മത്രേസ്യയുടെ നശിച്ചുപോകാത്ത ഹൃദയം പവിത്രമായി സൂക്ഷിക്കുന്നു. ഈ ആശ്രമത്തിൽ വച്ചാണ് അമ്മത്രേസ്യ മരിക്കുന്നത്. ഇവിടെയും പ്രാർത്ഥിക്കുവാനായി എല്ലാവർക്കും കടന്നുചെല്ലാൻ കഴിയുമെന്ന് അച്ചൻ പറയുന്നു.

ഈ സ്ഥലങ്ങളൊക്കെയും സന്ദർശിക്കുമ്പോൾ അമ്മത്രേസ്യയുടെ ജീവിതം നമ്മുടെ കണ്മുമ്പിൽ കാണുന്നതുപോലെ ഒരു അനുഭവമാണ് ഉണ്ടാകുന്നതെന്ന് അച്ചൻ ഓർക്കുന്നു. മുമ്പ്, പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ കാര്യങ്ങൾ യഥാർത്ഥ അനുഭവങ്ങളായി പരിവർത്തനം ചെയ്യുന്ന അനുഭവമാണ് ഈ വിശുദ്ധ സ്ഥലസന്ദർശനം പ്രദാനം ചെയ്യുന്നത്.

ഓരോ തവണയും ഈ വിശുദ്ധ സ്ഥലം സന്ദർശിക്കുമ്പോൾ ആവർത്തനവിരസതയ്ക്കു പകരം ആത്മീയതയാൽ ബലപ്പെടുന്ന അനുഭവങ്ങളാണ് അച്ചന് പറയാനുള്ളത്. അതിൽ പ്രധാനമായി അച്ചൻ പറയുന്നത്, അവിടെ അനുഭവിക്കുവാൻ കഴിഞ്ഞ വലിയ ഒരു ശാന്തത തന്നെയാണ്. ഈ സ്ഥലങ്ങൾ ഒക്കെയും സ്ഥിതിചെയ്യുന്നത് തിരക്കു പിടിച്ച മാർക്കറ്റുകൾക്കും മറ്റും സമീപമാണ്. എങ്കിലും ഈ ദൈവാലയത്തിൽ, ആശ്രമത്തിൽ പ്രവേശിച്ചുകഴിയുമ്പോൾ വശ്യമായ ഒരു ആത്മീയശാന്തത നമ്മെ പുൽകും. ഒരു ‘മിസ്റ്റിക്കൽ എക്സ്പീരിയൻസ്’ എന്നാണ് അച്ചൻ ആ അനുഭവങ്ങളെ വിശേഷിപ്പിക്കുന്നത്.

ആവില എന്ന സ്ഥലവും അവിടുത്തെ വിശുദ്ധയും പകർന്ന വളരെയേറെ ആത്മീയ അനുഭവങ്ങൾ പറയാനുണ്ട് ഈ വൈദികന്. പറഞ്ഞുതീര്‍ക്കാന്‍  കഴിയുന്നതിലുമപ്പുറം അനുഭവങ്ങളായി നിലകൊള്ളുകയാണ് അതൊക്കെ ഈ വൈദികന്റെ ജീവിതത്തിൽ.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.