
ഒക്ടോബർ ഒൻപത്, വി. ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾദിനം. ഒരു സത്യാന്വേഷിയായി ജീവിച്ച് ക്രൈസ്തവ ദൈവശാസ്ത്രമേഖലയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ ദാർശനികൻ. ആ ബഹുമുഖ പ്രതിഭയെക്കുറിച്ച് ഒരു കുറിപ്പ്.
ലഘു ജീവചരിത്രം
1801 ഫെബ്രുവരി 21-ന് ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻറി ന്യൂമാന്റെ ജനനം. ഇരുപത്തിയഞ്ചാം വയസ്സിൽ, ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാന്റെ സാക്ഷ്യം. രണ്ടു വർഷത്തിനു ശേഷം ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിപ്പിച്ചു.
സത്യത്തിന്റെയും വിശ്വാസത്തിന്റെയും അന്തസത്ത എന്തായിരിക്കുമെന്ന ചോദ്യം ന്യൂമാൻ എപ്പോഴും ചോദിച്ചിരുന്നു. 1833-ലെ ആദ്യ റോമാ സന്ദർശനത്തിനിടയിൽ അതിനുള്ള ഉത്തരം ന്യൂമാനു ലഭിച്ചു. ഓക്സ്ഫോർഡിൽ തിരിച്ചെത്തിയ ന്യൂമാൻ, ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പ്രസ്ഥാനത്തിന് രൂപം നൽകി. Oxford Movement എന്നാണ് അത് അറിയപ്പെടുന്നത്. എല്ലാ സഭാവിഭാഗങ്ങൾക്കും പൊതുവായുള്ള സഭാപിതാക്കന്മാരെപ്പറ്റി പഠിക്കാൻ അവർ ആരംഭിച്ചു. ആദ്യനൂറ്റാണ്ട് മുതലുള്ള പാരമ്പര്യത്തെ ബഹുമാനിക്കുന്ന നിലപാടിലായിരുന്നു അവർ. ആംഗ്ലിക്കൻ സഭയെയും യഥാർഥ പാരമ്പര്യത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഈ പ്രസ്ഥാനം ശ്രമിച്ചു. 44-ാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻറി ന്യൂമാൻ 1847-ൽ കത്തോലിക്കാ വൈദികനായി അഭിഷിക്തനായി.
1850-ല്‍ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം വിവിധ ജോലികളിൽ വ്യാപൃതനായി. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻറി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിന് നേതൃത്വം വഹിച്ചു. ഓക്സ്ഫോർഡിൽ വി. ഫിലിപ്പ് നേരിയുടെ നാമത്തിൽ ഒരു ഓറട്ടറി സ്ഥാപിച്ചു. ഫിലിപ്പ് നേരിയുടെ സഭയിലെ വൈദികനായാണ് ന്യൂമാൻ അഭിഷിക്തനായത്.
1879-ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കര്‍ദിനാളായി ഉയർത്തി. 1890 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻറി ന്യൂമാൻ മരണമടഞ്ഞു.
കര്‍ദിനാള്‍ ജോൺ ഹെൻറി ന്യൂമാനെ 2010 സെപ്റ്റംബർ 19-ന് ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
മഹാനായ എഴുത്തുകാരൻ
40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും 30 കവിതകളും കര്‍ദിനാള്‍ ന്യൂമാന്റെ പേരിലുണ്ട്. ദൈവവുമായുള്ള വ്യക്തിബന്ധത്തിന് വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകളായിരുന്നു അവയിൽ ഭൂരിഭാഗവും. പത്തൊൻപതാം നൂറ്റാണ്ടിൽ നൂറുകണക്കിന് ആഗ്ലിക്കൻ പുരോഹിതന്മാർക്ക് കത്തോലിക്കാ സഭയിൽ ചേരാൻ പ്രചോദനമായത് കര്‍ദിനാള്‍ ന്യൂമാന്റെ വാക്കുകളും പ്രവർത്തികളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനെയും ന്യൂമാന്റെ ചിന്തകൾ ശക്തമായി സ്വാധീനിച്ചട്ടുണ്ട്.
അപ്പോളജിയ (Apologia Pro Vita Sua) എന്നു പേരിട്ടിരിക്കുന്ന ന്യൂമാന്റെ ആത്മകഥ സാഹിത്യനിരൂപകന്മാരുടെ അഭിപ്രായത്തിൽ സാഹിത്യചരിത്രത്തിലെ മികച്ച ആത്മകഥകളിലൊന്നാണ്. പ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ ജെയിംസ് ജോയ്സ് (James Joyce) കര്‍ദിനാള്‍ ന്യൂമാനെ വിശേഷിപ്പിക്കുക “the greatest of English prose writers” – മഹത്തരനായ ഇംഗ്ലീഷ് ഗദ്യ എഴുത്തുകാരൻ എന്നാണ്.
Lead, Kindly Light (സ്വാന്തന പ്രകാശമേ നയിച്ചാലും) എന്ന പ്രശസ്തമായ ഗീതം രചിച്ചത് കര്‍ദിനാള്‍ ന്യൂമാൻ ആണ്.
മാർപാപ്പമാർക്കു പ്രിയങ്കരൻ
2001-ൽ കര്‍ദിനാള്‍ ന്യൂമാന്റെ ഇരുനൂറാം ജന്മവാർഷികത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ, വിശ്വാസവും യുക്തിയും (Faith and Reason) രണ്ടു ചിറകുകളായുള്ള ദൈവശാസ്ത്രജ്ഞനായിട്ടാണ് ഹെൻറി ന്യൂമാനെ വിശേഷിപ്പിച്ചത്. ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്ക് വളരെ ആത്മബന്ധമുള്ള ക്രിസ്തീയചിന്തകനായിരുന്നു കര്‍ദിനാള്‍ ന്യൂമാൻ. കര്‍ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ടതന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ് ഉപമിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയിൽ ചേരാൻ സ്വയം നഷ്ടങ്ങൾ ഏറ്റെടുത്ത വ്യക്തി
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രശസ്തമായ പ്രൊഫസർഷിപ്പ് ഉപേക്ഷിച്ചാണ് നാൽപത്തിനാലാം വയസ്സിൽ ന്യൂമാൻ, ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്കു വരുന്നത് (1845 ഒക്ടോബർ ഒൻപത്). കത്തോലിക്കാ സഭയിലേക്കു വന്ന ദിവസമാണ് വിശുദ്ധന്റെ തിരുനാൾ ദിനമായി സഭ ആഘോഷിക്കുന്നത്.
സംഗീതജ്ഞൻ
ന്യൂമാൻ നല്ലൊരു എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. അതിനൊപ്പം തന്നെ നലംതികഞ്ഞ ഒരു സംഗീതജ്ഞനുമായിരുന്നു. പത്താം വയസ്സു മുതൽ വയലിൻ പഠനം ആരംഭിച്ചു, ഓക്സ്ഫോർഡ് കാലത്ത് ചേമ്പർ മ്യൂസിക്കിലെ പ്രഗദ്ഭനായ വയലിനിസ്റ്റ് ആയിരുന്നു ന്യൂമാൻ.
ഹൃദയം കൊണ്ട് സംസാരിക്കാൻ ഇഷ്ടപ്പെട്ട വ്യക്തി
കര്‍ദിനാള്‍ ന്യൂമാന്റെ ആപ്തവാക്യം ‘Cor ad cor loquitur (heart speaks to heart) – ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു’ എന്നായിരുന്നു. കര്‍ദിനാള്‍ ന്യൂമാൻ വെറുമൊരു പ്രഭാഷകനായിരുന്നില്ല; ഏറ്റവും നല്ല പ്രഭാഷകനായിരുന്നു, വെറുമൊരു വൈദികനായിരുന്നില്ല; തീക്ഷ്ണതയുള്ള വൈദികനായിരുന്നു. പാവങ്ങളെയും രോഗികളും നിരന്തരം സന്ദർശിച്ചിരുന്ന കര്‍ദിനാള്‍, സ്വന്തം ജീവിതം കൊണ്ട് മത്തായിയുടെ സുവിശേഷം 25-ാം അധ്യായത്തിന് ഭാഷ്യമൊരുക്കി.
ഈ പുണ്യദിനത്തിൽ കര്‍ദിനാള്‍ ന്യൂമാന്റെ ഒരു ധ്യാനചിന്തയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം.
“ദൈവം കൃത്യമായ ശുശ്രൂഷയ്ക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏൽപിച്ചിട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നന്മ ചെയ്യും. ഞാൻ അവന്റെ വേല ചെയ്യും.”
ഫാ. ജയ്സൺ കുന്നേൽMCBS




