ആൺകുട്ടികളെ നല്ലവരായി വളർത്തണോ? എങ്കിൽ വിശുദ്ധ ഡോൺ ബോസ്‌കോയുടെ വാക്കുകൾ ശ്രവിക്കാം

കുട്ടികളെ വളർത്തുക, അവരെ നല്ലവരായി വളർത്തുക എന്നത് നിസാരമായ കാര്യമല്ല. അതിനു ദീർഘമായ ക്ഷമയും പരിശ്രമവും സ്‌നേഹപൂർണമായ ഇടപെടലും ആവശ്യമാണ്. കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകമാണ് മാതാപിതാക്കളുടെ സാമിപ്യം. ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ പിതാവിന്റെ സാന്നിധ്യം അവരെ വല്ലാതെ ആകർഷിക്കും. അമ്മപറഞ്ഞു കൊടുക്കുന്ന മൂല്യങ്ങൾക്കും പരിശീലനത്തിനും ഒപ്പം പിതാവിന്റെ സാന്നിധ്യവും നല്ല ജീവിത മാതൃകയും കൂടി ആയാൽ ആൺകുട്ടികളെ നല്ലവരായി വളർത്തുവാൻ നമുക്ക് സാധിക്കും. അതിനു ആൺകുട്ടികളോടൊപ്പം നടന്നു അവരെ പരിചരിച്ച് സ്നേഹം കൊണ്ട് കീഴടക്കിയ വിശുദ്ധ ഡോൺ ബോസ്‌കോയുടെ വാക്കുകൾ ശ്രവിക്കാം…

1. ശിക്ഷണങ്ങൾ കുറയ്ക്കുവാൻ പ്ലാൻ ചെയ്യാം

കുട്ടികളെ സംബന്ധിച്ചിടത്തോളം വികൃതികളും കുരുത്തക്കേടുകളും അവരുടെ പ്രായത്തിന്റെ ഭാഗമാണ്. എങ്കിലും നല്ല ശിക്ഷകൾക്കും ശിക്ഷണങ്ങൾക്കും അവരെ തിരുത്തുവാനും നല്ല സ്വഭാവത്തിന് ഉടമകളാക്കി മാറ്റുവാനും കഴിയും. എന്നാൽ ശിക്ഷകൾ കൊണ്ട് മാത്രം കുട്ടികളെ നല്ലവരാക്കുവാൻ കഴിയില്ല എന്നതാണ് വിശുദ്ധ ഡോൺ ബോസ്‌കോ നമുക്ക് വ്യക്തമാക്കി തരുന്നത്. ശിക്ഷകൾ അത്യാവശ്യം ആണ്. എന്നാൽ ശിക്ഷിക്കുന്നതിനൊപ്പം അത് എന്തിനാണെന്ന് കൂടെ മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. എന്തൊക്കെ ചെയ്‌താൽ ശിക്ഷകള്‍ ഒഴിവാക്കാം എന്നും അവർക്കു മനസിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ശരി തെറ്റുകളെ കുറിച്ച് വ്യക്തമായ ഒരു ഗ്രാഹ്യം അവരുടെ ഉള്ളിൽ ഉണ്ടാവും.

2. അച്ഛനൊപ്പം ഉള്ള സമയം കുട്ടികൾക്ക് ഗുണകരമാണ്

വീട്ടിലെ കാര്യങ്ങൾക്കായുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും കുട്ടികൾ തങ്ങളുടെ അച്ഛനെ കാണുന്നത് രാത്രി സമയങ്ങളിലായിരിക്കും. എന്നാൽ തിരക്കായി പോയി എന്ന കാരണത്താൽ കുട്ടികൾക്കൊപ്പം ഇരിക്കുവാൻ മടി കാണിക്കരുത്. എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും മാതാപിതാക്കൾ മക്കൾക്കൊപ്പം ചിലവിടണം. പ്രത്യേകിച്ച് അച്ഛൻ. ആൺകുട്ടികൾക്ക് ഇപ്പോഴും ഹീറോ അച്ഛനായിരിക്കും. അച്ഛന്റെ സാന്നിധ്യം അവർക്കു മാതൃകയും ആയിരിക്കണം. അച്ഛന്റെ പെരുമാറ്റങ്ങൾ കുട്ടികൾ ഓരോ നിമിഷവും വീക്ഷിക്കുന്നുണ്ട്. ഒരു പുരുഷനായ അച്ഛൻ വീട്ടിലും സമൂഹത്തിലും പെരുമാറുന്നത് കണ്ടാണ് കുട്ടികളുടെ പ്രത്യേകിച്ച് ആൺകുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നത്. സ്ഥിരം വീട്ടിൽ അലോഹ്യം ഉണ്ടാക്കുന്ന അച്ഛന്റെ മകൻ അങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളു.

3. കുട്ടികൾക്ക് ചെറിയ ജോലികൾ നൽകുക

ഏറ്റവും മോശം സ്വഭാവം ഉള്ള കുട്ടികളെ പോലും നേരിന്റെയും നന്മയുടെയും പാതയിൽ കൈപിടിച്ചു നടത്തിയ വ്യക്തിയാണ് വി. ഡോൺ ബോസ്‌കോ. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ അവർക്കു നൽകിക്കൊണ്ടാണ് ഡോൺ ബോസ്‌കോ കുട്ടികളെ നയിച്ചത്. അതുവരെ കളിച്ചു വികൃതി കാണിച്ചു നടന്നിരുന്ന കുട്ടികൾ അദ്ദേഹം ഏൽപ്പിച്ചിരുന്നു ജോലികൾ ചെയ്യുന്നതിൽ അതീവ ശ്രദ്ധാലുക്കളായിരുന്നു. അത് അവരെ കൂടുതൽ ഉത്തരവാദിത്വ ബോധം ഉള്ളവരാക്കി. ഈ രീതി നമുക്കും സ്വീകരിക്കാം. കുഞ്ഞുങ്ങൾക്ക് അവരുടെ പ്രായത്തിനു അനുസരിച്ചുള്ള ജോലികൾ നൽകാം. ജോലികൾ ചെയ്തു കഴിയുമ്പോൾ അവരെ അഭിനന്ദിക്കാനും മറക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.