ദാമ്പത്യബന്ധം ദൃഢമാക്കാൻ ലളിതമായ അഞ്ച് വഴികൾ

വിവാഹം രണ്ടു വ്യക്തികൾ ഒന്നുചേരുന്ന ബന്ധം മാത്രമല്ല, സ്നേഹത്തിലും വിശ്വാസത്തിലും കൈകോർത്തു മുന്നേറുന്ന ജീവിതയാത്രയാണ്. സന്തോഷവും പ്രതീക്ഷകളും നിറഞ്ഞ ഈ യാത്രയിൽ ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങളും നിരാശകളും പ്രതിസന്ധികളും കടന്നുവരാം. കാരണം, കുറവുകളുള്ള രണ്ടു വ്യക്തികളാണ് വിവാഹത്തിലൂടെ ഒരുമിക്കുന്നത്. ഒരാൾക്കും മറ്റൊരാളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനോ ജീവിതത്തിലെ എല്ലാ ശൂന്യതകളും നികത്താനോ കഴിയില്ല. നമ്മുടെ ഹൃദയത്തെ പൂർണമായി തൃപ്തിപ്പെടുത്താൻ ദൈവത്തിനു മാത്രമേ സാധിക്കൂ.

ക്രിസ്തീയ വിവാഹത്തിന്റെ സൗന്ദര്യം ഈ തിരിച്ചറിവിലാണ്. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിസ്വാർഥമായി സ്നേഹിക്കാനും ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനുമുള്ള വിളിയാണത്. ദാമ്പത്യബന്ധത്തിൽ സ്നേഹവും വിശ്വാസവും വളർത്തി, ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം.

1. ‘ഞാൻ’ എന്നതിനു പകരം ‘നമ്മൾ’ എന്ന ചിന്ത

ദാമ്പത്യജീവിതത്തിന്റെ സൗന്ദര്യം സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കുന്നതിലല്ല, പങ്കാളിയുടെ സന്തോഷത്തിനും നന്മയ്ക്കും പ്രാധാന്യം നൽകുന്നതിലാണ്. ‘എനിക്ക് എന്തു ലഭിക്കും?’ എന്ന ചോദ്യത്തിനുപകരം ‘നമുക്ക് എങ്ങനെ സന്തോഷത്തോടെ ജീവിക്കാം?’ എന്ന് ചിന്തിക്കണം. ക്രിസ്തു നമുക്കുവേണ്ടി സ്വയം സമർപ്പിച്ചതുപോലെ, സ്വന്തം താൽപര്യങ്ങളിൽ ചിലത് മാറ്റിവച്ച് പങ്കാളിയുടെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും വില നൽകാൻ നമുക്കു കഴിയണം. അപ്പോഴാണ് ‘ഞാൻ’ എന്നതിൽനിന്ന് ‘നമ്മൾ’ എന്ന മനോഹരമായ ജീവിതത്തിലേക്ക് ദാമ്പത്യം വളരുന്നത്.

2. ക്ഷമകൊണ്ട് ബന്ധങ്ങളെ ചേർത്തുപിടിക്കാം

സ്നേഹിക്കുന്നവർ ഒരിക്കലും പിണങ്ങില്ല എന്നല്ല; പിണക്കങ്ങൾക്കിടയിലും പരസ്പരം കൈവിടില്ല എന്നതാണ് യഥാർഥ സ്നേഹം. ജീവിതത്തിൽ തെറ്റുകളും കുറവുകളും സ്വാഭാവികമാണ്. എന്നാൽ ചെറിയ പിഴവുകൾ വലിയ മുറിവുകളാകാതിരിക്കാൻ ക്ഷമയും വിട്ടുവീഴ്ചയും ആവശ്യമാണ്. പങ്കാളിയുടെ കുറവുകളേക്കാൾ നന്മകൾക്ക് പ്രാധാന്യം നൽകാനും പഴയ തെറ്റുകൾ മറന്ന് പുതിയ തുടക്കങ്ങൾക്ക് അവസരം നൽകാനും കഴിയണം. ക്ഷമിക്കാൻ തയ്യാറാകുന്ന മനസ്സാണ് ദാമ്പത്യത്തിലെ പല അകലങ്ങളെയും ഇല്ലാതാക്കുന്നത്.

3. വിവാഹം വിശുദ്ധ ഉടമ്പടി

വിവാഹം പരസ്പരസൗകര്യങ്ങൾക്കുവേണ്ടിയുള്ള ഒരു കരാർ മാത്രമല്ല; ദൈവസന്നിധിയിൽ ഭാര്യയും ഭർത്താവും തമ്മിൽ ചെയ്യുന്ന വിശുദ്ധ ഉടമ്പടിയാണ്. ‘അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.’ (ഉല്പത്തി 2:24) എന്ന തിരുവചനം ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും രോഗത്തിലും പരസ്പരം വിശ്വസ്തരായിരിക്കുമെന്ന വാഗ്ദാനമാണത്. കാലം മാറിയാലും ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമായാലും വിവാഹദിനത്തിൽ നൽകിയ വാഗ്ദാനങ്ങളുടെ മൂല്യം കാത്തുസൂക്ഷിക്കണം.

4. അധികാരമല്ല, പരസ്പര ബഹുമാനമാണ് പ്രധാനം

ഭാര്യയുടെയും ഭർത്താവിന്റെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് എഫേസോസ് 5-ാം അധ്യായം നൽകുന്ന സന്ദേശം ക്രിസ്തീയ കുടുംബജീവിതത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ക്രിസ്തു സഭയെ സ്നേഹിക്കുകയും അവൾക്കുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്തതുപോലെ ഭർത്താവും ഭാര്യയെ സ്നേഹിക്കുകയും കരുതുകയും വേണം. അതുപോലെ ഭാര്യയും ഭർത്താവിനോട് സ്നേഹത്തോടും ആദരവോടും കൂടി സഹകരിക്കണം. ഒരാൾ മറ്റൊരാളുടെ മേൽ അധികാരം സ്ഥാപിക്കുന്നതല്ല ഇവിടെ പ്രധാനം; ഇരുവരും ദൈവത്തിന് സമർപ്പിച്ച് പരസ്പരം ബഹുമാനിക്കുകയും കരുതുകയും ചെയ്യുന്നതാണ്. പങ്കാളിയുടെ അഭിപ്രായങ്ങൾ കേൾക്കാനും തീരുമാനങ്ങളിൽ പരസ്പരം പരിഗണിക്കാനും കഴിയുമ്പോൾ കുടുംബത്തിൽ ഐക്യവും സമാധാനവും നിറയും.

5. പ്രാർഥനയിലൂടെ കുടുംബത്തിന് കരുത്തേകാം

ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും സ്വന്തം കഴിവുകൊണ്ടുമാത്രം നേരിടാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. ചില പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താനും ചില സാഹചര്യങ്ങളെ മനസ്സിലാക്കാനും പ്രയാസമുണ്ടാകാം. അത്തരം നിമിഷങ്ങളിൽ ദൈവസാന്നിധ്യമാണ് കുടുംബത്തിന്റെ ഏറ്റവും വലിയ ആശ്രയം. ഒരുമിച്ചുള്ള പ്രാർഥനയും തിരുവചനവായനയും വിശുദ്ധ കുർബാനയിലെ പങ്കാളിത്തവും കുടുംബത്തിന്റെ ആത്മീയജീവിതത്തെ ശക്തിപ്പെടുത്തുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ദൈവസന്നിധിയിൽ സമർപ്പിക്കുമ്പോൾ പ്രതിസന്ധികളെ നേരിടാനുള്ള ആത്മധൈര്യവും പ്രത്യാശയും ലഭിക്കുന്നു.

ദൈവകൃപയിൽ മനോഹരമാകട്ടെ ഓരോ ദാമ്പത്യവും

തികഞ്ഞവരായ രണ്ടു വ്യക്തികൾ ഒന്നിക്കുന്നതല്ല വിവാഹം; കുറവുകളുള്ള രണ്ടു വ്യക്തികൾ സ്നേഹത്തിലൂടെയും ക്ഷമയിലൂടെയും ദൈവകൃപയിലൂടെയും ഒരുമിച്ച് വളരുന്നതാണ്. പ്രശ്നങ്ങളില്ലാത്ത ജീവിതമല്ല സന്തോഷകരമായ ദാമ്പത്യം; പ്രതിസന്ധികൾക്കിടയിലും പരസ്പരം കൈവിടാതെ മുന്നേറുന്നതാണ് അതിന്റെ യഥാർഥ സൗന്ദര്യം. പങ്കാളിയെ തിരുത്താൻ ശ്രമിക്കുന്നതിനുമുമ്പ് മനസ്സിലാക്കാനും സ്വന്തം ഇഷ്ടങ്ങളെക്കാൾ കുടുംബത്തിന്റെ നന്മയ്ക്ക് പ്രാധാന്യം നൽകാനും നമുക്ക് കഴിയണം. ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിൽ നിർത്തി മുന്നേറുമ്പോൾ നമ്മുടെ കുടുംബങ്ങൾ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ സാക്ഷ്യങ്ങളായി മാറും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.