ഡോമിനിക് സാവിയോയുടെ സ്വർഗ്ഗപ്രവേശനത്തിൻ്റെ 167-ാം വാർഷികം

“പാപത്തേക്കാൾ മരണം!” ഞാൻ ആദ്യം മനപാഠമാക്കിയ സുകൃത് വചനമായിരുന്നു. കാരണം എൻ്റെ മാതൃഇടവക ദൈവാലയമായിരുന്ന കലയന്താനി സെൻ്റ് മേരീസ് പള്ളിയിലെ പള്ളിമേടയുടെ ചുമരിൽ ഡോമിക് സാവിയോയുടെ ഒരു ചിത്രം ഉണ്ടായിരുന്നു. ആ ചിത്രത്തിലെ കുട്ടിവിശുദ്ധൻ്റെ കൈകളിൽ ഉണ്ടായിരുന്ന സ്ലിപ്പിൽ “പാപത്തേക്കാൾ മരണം” വചനം കറുത്ത അക്ഷരത്തിൽ ആലേഖനം ചെയ്തിരുന്നു. 2024 മാർച്ച് മാസം ഒൻപതാം തീയതി ഡോമിനിക് സാവിയോയുടെ സ്വർഗ്ഗ പ്രവേശനത്തിൻ്റെ 167-ാം വാർഷികമായിരുന്നു.

1842 ഏപ്രിൽ മാസം രണ്ടാം തീയതി വടക്കൻ ഇറ്റലിയിൽ പിഡസ്മോണ്ട് പ്രവിശ്യയിലെ റിവാ എന്ന ഗ്രാമത്തിൽ ഡൊമിനിക്ക് സാവിയോ ജനിച്ചു. ചാൾസും ബ്രിജിത്തായും ആയിരുന്നു മാതാപിതാക്കൾ. അവരുടെ ദാമ്പത്യവല്ലരിയിൽ പൂവിട്ട 11 മക്കളിൽ രണ്ടാമത്തെ പനിനീർ പൂവായിരുന്നു ഡൊമിനിക്ക്. ആരോഗ്യം മോശമായതിനാൽ ജനിച്ച അന്നുതന്നെ മാമ്മോദീസാ നൽകി. അഞ്ച് വയസ്സുള്ളപ്പോൾ മുതൽ വിശുദ്ധ കുർബാനയ്ക്കു കൂടാൻ ആരംഭിച്ച ഡോമിനിക് പലപ്പോഴും പുലർച്ചെ അഞ്ചുമണിക്ക് തന്നെ പള്ളിയിലെത്തി പ്രധാന വാതിൽ തുറക്കുന്നതും കാത്തു പ്രാർത്ഥനയോടെ നിൽക്കുമായിരുന്നു.

പഠനത്തിൽ മിടുക്കനായിരുന്ന ഡൊമിനിക്ക്, ദിവസവും ഏതാണ്ട് 12 മൈലുകളോളം സഞ്ചരിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്. ഏഴു വയസ്സുള്ളപ്പോള്‍, 1849 ഏപ്രില്‍ എട്ടിന് ഈസ്റ്റര്‍ ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. ഈ അവസരത്തിൽ കൊച്ചു ഡോമിനിക് എടുത്ത നാല് ദൃഢപ്രതിജ്ഞകൾ എക്കാലത്തുമുള്ള കുട്ടികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ്.

1. ഞാന്‍ കൂടെക്കൂടെ കുമ്പസാരിക്കും. കുമ്പസാരക്കാരന്‍ അനുവദിക്കുന്നതനുസരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കും.

2. ഞായറാഴ്ചകളും കടപ്പെട്ട അവധി ദിനങ്ങളും ഞാൻ വിശുദ്ധമായി ആചരിക്കും.

3. ഈശോയും മാതാവും ആയിരിക്കും എന്റെ സ്‌നേഹിതര്‍.

4. പാപം ചെയ്യുന്നതിനെക്കാള്‍ മരണമാണു ഭേദം.

1854-ല്‍ ഡൊമിനിക് വൈദീകനാകാനുള്ള ആഗ്രഹവുമായി ടൂറിനിലുളള ഡോണ്‍ബോസ്കോയുടെ ഓററ്റോറിയത്തിൽ ചേര്‍ന്നു. അവിടെ അവന്‍ ഡോണ്‍ബോസ്കോയുടെ കണ്ണിലുണ്ണിയായി വളർന്നു. മാതാവിൻ്റെ അമലോത്ഭവ ഹൃദയത്തോടു ഡൊമിനിക്ക് ഒരു പ്രത്യേക സ്നേഹം വെച്ചു പുലർത്തിയിരുന്നു. ‘മറിയമേ ഞാൻ എപ്പോഴും നിൻ്റെ മകനായിരിക്കുവാൻ ആഗ്രഹിക്കുന്നു. എൻ്റെ വിശുദ്ധിക്ക് എതിരായി ഒരു ചെറിയ പാപമെങ്കിലും ചെയ്യേണ്ടി വരികയാണെങ്കിൽ, അതിന് പകരം എന്നെ മരിക്കുവാൻ അനുവദിക്കുക.’ ഇങ്ങനെയായിരുന്നു പരിശുദ്ധ അമ്മയോട് ഡൊമിനിക് പ്രാർത്ഥിച്ചിരുന്നത്.

ഒരിക്കൽ രണ്ടു കുട്ടികൾ തമ്മിൽ കല്ലുകൾ കൊണ്ട് കലഹത്തിൽ ഏർപ്പെട്ടപ്പോൾ അവർക്കിടയിൽകയറി ഒരു ക്രൂശിതരൂപം പിടിച്ചു കൊണ്ടു ഡോമിനിക് പറഞ്ഞു: ഇന്നു വെള്ളിയാഴ്ചയാണ്. ക്രിസ്തു നമ്മോടുള്ള സ്നേഹത്തെ പ്രതിയാണ് ഇന്നു മരിച്ചത്. നിങ്ങൾക്ക് അവനെ നോക്കാനും പരസ്പരം വെറുക്കാനും കഴിയുമോ? അവർ കലഹം അവസാനിപ്പിച്ചു കൂട്ടുകാരായി എന്നാണ് ചരിത്രം പറയുന്നത്.

ഡൊമിനിക്കിൻ്റെ ആരോഗ്യം മോശമാകാൻ തുടങ്ങിയപ്പോൾ ഓററ്ററിയിൽ നിന്നു പോകാൻ അവൻ നിർബന്ധിതനായി. ഡോൺ ബോസ്‌കോയും മറ്റു കുട്ടികളും വളരെ വേദനയോടെയാണ് അവനെ യാത്രയാക്കിയത്. ഡോമിനിക്കിൻ്റെ പ്രസന്ന സ്വഭാവവും സൗമ്യമായ പെരുമാറ്റവും വിശ്വാസത്തെ വലിയ ഗൗരവ്വത്തിൽ എടുക്കാത്ത ആൺകുട്ടികൾക്കിടയിൽ പോലും അവനെ വളരെ ജനപ്രിയനാക്കി. 1857 മാർച്ച് മാസം ഒൻപതാം തീയതി സ്വവസതിയിൽ വച്ച് ആ കൊച്ചു വിശുദ്ധൻ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായി.

1876 ഡിസംബർ ആറിന് ഡൊമിനിക്കിന്റെ മരണത്തിന് പത്തൊൻപത് വർഷങ്ങൾക്ക് ശേഷം കൊച്ചു വിശുദ്ധൻ ഡോൺ ബോസ്കോയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഡോൺ ബോസ്‌കോയുടെ യുവാക്കൾക്കായുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനായിരുന്നു അത്. ആ ദർശനത്തിൽ ഡോൺ ബോസ്കോ തൻ്റെ ശിഷ്യനോട് ചോദിച്ചു: “ഡൊമിനിക്, മരണസമയത്ത് നിനക്കു ഏറ്റവും ആശ്വാസം നൽകിയത് എന്താണ്?”

“മരണവേളയിൽ എന്നെ ഏറ്റവും ആശ്വസിപ്പിച്ചത് ശക്തയും സ്നേഹനിധിയുമായ ദൈവമാതാവിൻ്റെ സഹായമായിരുന്നു.” എന്നായിരുന്നു മറുപടി. പതിനൊന്നാം പീയൂസ് മാർപാപ്പയുടെ വാക്കുകളനുസരിച്ച് മൂന്നു സ്രോതസുകളില്‍നിന്നാണ് ഡോമിനിക് സാവിയോ തൻ്റെ വിശുദ്ധ ജീവിതത്തിനു വേണ്ട ഊര്‍ജ്ജം സംഭരിച്ചിരുന്നത്: വിശുദ്ധി, ഭക്തി, തീക്ഷ്ണത എന്നിവയാണ് ആ സ്രോതസ്സുകൾ.

1950 മാർച്ച് അഞ്ചിന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഡൊമിനിക് സാവിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1950 മാർച്ച് അഞ്ചു നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായിരുന്നു എന്നത് കൗതുകകരമായ യാദൃശ്ചികതയാണ്. 1855-ലെ നോമ്പുകാലത്തിലെ രണ്ടാം ഞായറാഴ്ചയായിരുന്നു വിശുദ്ധ ഡോൺ ബോസ്‌കോ, ഡൊമിനിക് സാവിയോകൂടി കേട്ട പ്രസംഗത്തിൽ ആൺകുട്ടികൾക്ക് വിശുദ്ധനാകുന്നത് എത്ര എളുപ്പമാണെന്ന പ്രഭാഷണം നടത്തിയത്. 1954 ജൂണിൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഡോമിനിക് സാവിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.