

ഫ്രാൻസിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞനും പണ്ഡിതനും ബഹുമുഖ പ്രതിഭയുമായിരുന്നു ഓറട്ടോറിയൻ സന്യാസ വൈദികനായിരുന്ന ജീൻ ബാപ്റ്റിസ്റ്റെ ദു ഹാമെൽ. യൂറോപ്പിലെ ശാസ്ത്രവിപ്ലവത്തിന് അദ്ദേഹം നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ദൈവശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭരണം തുടങ്ങിയ മേഖലകളിൽ അദ്ദേഹം വലിയ പ്രാവീണ്യം സമ്പാദിച്ചിരുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സത്യം കണ്ടെത്താൻ സാധിക്കുമെന്നും അത് ദൈവപദ്ധതിയുടെ ഭാഗമാണെന്നും ചിന്തിച്ചിരുന്ന പണ്ഡിതനുമായിരുന്നു അദ്ദേഹം. ഫ്രഞ്ച് ശാസ്ത്ര അക്കാദമിയുടെ ആദ്യസെക്രട്ടറി എന്ന നിലയിൽ അക്കാലത്തെ ശാസ്ത്രപുരോഗതിയിൽ ജീൻ ബാപ്റ്റിസ്റ്റെയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. പുതിയ എന്തെങ്കിലും കണ്ടുപിടുത്തം നടത്തിയ ആൾ എന്നതിലുപരി യൂറോപ്പിൽ മുഴുവൻ സ്വാധീനം ചെലുത്തിയ ശാസ്ത്രസംഘത്തെ വളർത്തിയെടുത്തവൻ എന്ന നിലയിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്.
ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തെ വയർ (Vire) നഗരത്തിലാണ് ജീൻ ബാപ്റ്റിസ്റ്റെ ജനിച്ചത്. അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരിൽ മൂത്തയാൾ പിതാവിനെപ്പോലെ, നാട്ടിലെ പേരെടുത്ത വക്കീൽ ആയിരുന്നു. മറ്റൊരു സഹോദരൻ വൈദികനായി ഫ്രാൻസിലെ രാജസദസ്സിൽ സേവമ നുഷ്ഠിക്കുകയും ചെയ്തു. ചെറുപ്പകാലത്തു തന്നെ പഠനത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ച ജീൻ ബാപ്റ്റിസ്റ്റെ, മാനവിക വിഷയങ്ങൾ പഠിച്ചു. 1642 ൽ പഠനത്തിനായി അദ്ദേഹം പാരീസിലെത്തി അടുത്ത വർഷം ഓറട്ടോറിയൻ സന്യാസ സമൂഹത്തിൽ (Confederation of Oratories of Saint Philip Neri) ചേർന്നു. 1649 ൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾക്കുശേഷം ഒരു വൈദികനായി അഭിഷിക്തനായി. പാരീസിലെ ഓറട്ടോറിയൻ സ്‌കൂളിലെ അധ്യാപകനായി നിയമിതനായ ജീൻ ബാപ്റ്റിസ്റ്റെ ഇവിടെയായിരിക്കുമ്പോൾ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഭാവനകൾ പല മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഏതെങ്കിലും മേഖലയിൽ പുതിയ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞനായിരുന്നില്ല ജീൻ ബാപ്റ്റിസ്റ്റെ. ഇതുവരെ നിലവിലുള്ള ആശയങ്ങൾ സംഗ്രഹിച്ചു സംവേദനം ചെയ്യുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ നൈപുണ്യം അടങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ കൃതികൾ ഭൗതികശാസ്ത്രം, രസതന്ത്രം, വാനനിരീക്ഷണം എന്നീ മേഖലകളൊക്കെ ഉൾക്കൊണ്ടിരുന്നു. അക്കാലത്ത് നിലവിലിരുന്ന അരിസ്റ്റോട്ടിലിന്റെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത ശാസ്ത്രീയചിന്തയും ദെകാർഡിന്റെയും ന്യൂട്ടന്റെയും ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആധുനിക ശാസ്ത്രീയചിന്തകളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. ആധുനിക ശാസ്ത്രയുഗത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ച ഈ കാലഘട്ടത്തിൽ ആശയപരമായ പല അഭിപ്രായവ്യത്യാസങ്ങളും ബുദ്ധിജീവികളുടെ ഇടയിൽ നിലനിന്നിരുന്നു. അവിടെയൊക്കെ ഒരു മധ്യസ്ഥന്റെ റോളിലാണ് ജീൻ ബാപ്റ്റിസ്റ്റെ അവതരിച്ചത്.
ശാസ്ത്രീയ അറിവുകൾ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചുകൊണ്ട് വിവിധ ശാസ്ത്രവിഭാഗങ്ങൾ പരസ്പരം സഹായിച്ച് കൂടുതൽ നന്മ ഉരുവാക്കണം എന്ന് അദ്ദേഹം എഴുതി. മതവും ശാസ്ത്രവും ഇത്തരത്തിൽ യോജിപ്പോടെ പ്രവർത്തിക്കുകയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും മനുഷ്യപുരോഗതി കൈവരുത്തുകയും വേണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ജീൻ ബാപ്റ്റിസ്റ്റെയുടെ പ്രധാന കൃതികൾ ‘പഴയതും പുതിയതുമായ തത്വശാസ്ത്രം’, ‘വസ്തുക്കളുടെ ഗുണവിശേഷങ്ങൾ’ ‘ശാസ്ത അക്കാദമിയുടെ ചരിത്രം’ ‘പ്രാമാണികവും പ്രായോഗികവുമായ ദൈവശാസ്ത്രം’ എന്നിവയാണ്. ഈ ഗ്രന്ഥങ്ങളിൽ അദ്ദേഹം അതുവരെയുള്ള വിവിധ ശാസ്ത്രനേട്ടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. എന്നാൽ ഈ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ മേഖലകളിലേക്ക് ശാസ്ത്ര അറിവുകൾ വികസിക്കണം എന്ന ആശയക്കാരനായിരുന്നു അദ്ദേഹം.
ജീൻ ബാപ്റ്റിസ്റ്റെയുടെ ഏറ്റം വലിയ സംഭാവന ഫ്രഞ്ച് ശാസ്ത്ര അക്കാദമി സ്ഥാപിക്കാൻ നേതൃത്വം നൽകി എന്നതാണ്. 1666 ൽ ലൂയി പതിനാലാമൻ രാജാവിന്റെ രക്ഷാകർത്തൃത്വത്തിൽ സ്ഥാപിതമായ ഈ അക്കാദമി ശാസ്ത്രീയപരീക്ഷണങ്ങൾക്കായി സ്ഥാപിതമായ ആദ്യത്തെ സംരംഭമായി കണക്കാക്കപ്പെടുന്നു. ജീൻ ബാപ്റ്റിസ്റ്റെയുടെ നേതൃത്വത്തിൽ അനേകം ശാസ്ത്രജ്ഞർ വളർന്നുവരികയും യൂറോപ്പിലെ വിവിധ ശാസ്ത്രസംഘടനകളുമായി സഹകരിക്കുകയും ചെയ്തു. അങ്ങനെ ശാസ്ത്ര-വിജ്ഞാനമേഖലകളിൽ സംഘടിത ശ്രമങ്ങൾക്കു നേതൃത്വം നൽകാൻ അദ്ദേഹത്തിനു സാധിച്ചു. 1706 ഓഗസ്റ്റ് ആറിന് പാരീസിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ