

ബെൽജിയത്തു നിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനും വാനശാസ്ത്രജ്ഞനുമാണ് ജെസ്വിട്ട് പുരോഹിതനായിരുന്ന ഗില്ലസ്-ഫ്രാങ്കോയിസ് ദെ ഗോട്ടിഗ്നീസ്. പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവികസനത്തിന് അദ്ദേഹം നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ബ്രസ്സൽസിലെ പേരുകേട്ട കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം പഠനാർഥം റോമിലെത്തുകയും അവിടുത്തെ ശാസ്ത്രസമൂഹത്തിലെ പ്രശസ്തനായ അംഗമായിത്തീരുകയും ചെയ്തു. നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയും അത് ശാസ്ത്രലോകത്ത് ശാശ്വത സംഭാവന നൽകുകയും ചെയ്തു.
എ ഡി 1630 മാർച്ച് പത്തിന് ബെൽജിയത്തിലെ ബ്രസ്സൽസിലാണ് ഗില്ലസ്-ഫ്രാങ്കോയിസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്ന അഗസ്റ്റിൻ ദെ ഗോട്ടിഗ്നീസ് നഗരത്തിലെ ന്യായാധിപനും പ്രധാന പ്രഭുകുടുംബത്തിലെ അംഗവുമായിരുന്നു. ഈ കുടുംബത്തിലെ പലരും നഗരത്തിലെയും സഭയിലെയും പ്രധാന ചുമതലകൾ വഹിച്ചിരുന്നവരായിരുന്നു. ഗില്ലസ്-ഫ്രാങ്കോയിസ് തന്റെ പ്രാഥമിക വിദ്യാഭ്യാസം ഗ്രിഗോറിയെ എന്ന പ്രശസ്ത ജെസ്വിട്ട് ഗണിതശാസ്ത്രജ്ഞന്റെ ശിക്ഷണത്തിൽ നടത്തി. അദ്ദേഹമാണ് ഗില്ലസ്-ഫ്രാങ്കോയിസിൽ ശാസ്ത്രാഭിരുചിയുടെ വിത്തുപാകിയത്.
1653 ൽ അദ്ദേഹം മെച്ചലൻ നഗരത്തിലുള്ള ജെസ്വിട്ട് സന്യാസ സമൂഹത്തിൽ ചേരുകയും അവിടെ ആദ്യ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. ഇവിടെ അദ്ദേഹം പഠനത്തിൽ, പ്രത്യേകിച്ച് ശാസ്ത്രവിഷയങ്ങളിൽ തന്റെ മികവ് തെളിയിച്ചു. ഗില്ലസ്-ഫ്രാങ്കോയിസിന്റെ ശാസ്ത്രാഭിരുചി തിരിച്ചറിഞ്ഞ അധികാരികൾ അദ്ദേഹത്തെ റോമിലെ ജെസ്വിട്ട് കോളേജിൽ ഉപരിപഠനത്തിനായി അയച്ചു. അവിടെ പഠനം വിജയകരമായി പൂർത്തിയാക്കി 1660 ൽ ഗില്ലസ്-ഫ്രാങ്കോയിസ് ഒരു സന്യാസവൈദികനായി അഭിഷിക്തനായി.
എ ഡി 1661 ൽ ഗില്ലസ്-ഫ്രാങ്കോയിസിനെ അധികാരികൾ റോമൻ കോളേജിലെ ഗണിതശാസ്ത്ര അധ്യാപകനായി നിയമിച്ചു. അനേകം ശിഷ്യന്മാർക്ക് അറിവ് പകർന്ന് ഈ സ്ഥാനത്ത് അദ്ദേഹം 1689 വരെ തുടർന്നു. ശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും ആരംഭം കുറിച്ച ഒരു കാലഘട്ടമായിരുന്നു ഇത്. റോമിലെ ശാസ്ത്രസമ്മേളനങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ സ്ഥിരസാന്നിധ്യം ഉണ്ടായിരുന്നു. ഇറ്റാലിയൻ വാനശാസ്ത്രജ്ഞനായിരുന്ന ജൊവാന്നി ഡൊമനിക്കോ കസിനിയുടെ ചില കണ്ടെത്തലുകളെ ഇദ്ദേഹം ചോദ്യം ചെയ്തു. 1665 ൽ എഴുതിയ ഒരു കത്തിൽ വ്യാഴഗ്രഹണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയതെളിവുകളുടെ സഹായത്തോടെ ഇദ്ദേഹം സ്ഥാപിക്കുകയും അതേ തുടർന്ന് പല ശാസ്ത്രജ്ഞരും ഈ മേഖലയിലുള്ള തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു. ഇതുകൂടാതെ, പ്രകൃതിശാസ്ത്രവും ശാസ്ത്രീയയുക്തിയും സംബന്ധിച്ച വിഷയങ്ങളിലും അദ്ദേഹം വളരെയധികം തൽപരനായിരുന്നു. പുതിയ ശാസ്ത്രീയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലും പഴയവ നവീകരിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം അന്നത്തെ ഉന്നത വിദ്യാഭ്യാസ ഭാഷയായ ലത്തീനിലാണ് അവയൊക്കെ എഴുതിയിരിക്കുന്നത്. 1665 ൽ ബൊളോഞ്ഞയിൽ പ്രസിദ്ധീകരിച്ച ‘അസ്ട്രണോമിക്ക’ എന്ന പേരിൽ തുടങ്ങുന്ന ഗ്രന്ഥത്തിൽ ഗില്ലസ്-ഫ്രാങ്കോയിസ് താൻ നടത്തിയ വാനനിരീക്ഷണങ്ങളെക്കുറിച്ചു വിവരിക്കുന്നു. 1669 ൽ റോമിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥത്തിൽ ക്ഷേത്രഗണിത തത്വങ്ങൾ വിവരിക്കുന്നു. കണക്കുകൂട്ടുന്ന രീതിയെക്കുറിച്ചും ഗണിത തർക്കശാസ്ത്ര തത്വങ്ങളെക്കുറിച്ചും വിവരിക്കുന്ന ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഗണിതശാസ്ത്ര ലോജിസ്റ്റിക്സുകളെക്കുറിച്ചും അവയുടെ പ്രയോഗങ്ങളെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൂടെ ശാസ്ത്രലോകത്തിനു ലഭിച്ചു. ഗില്ലസ്-ഫ്രാങ്കോയിസിന്റെ ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങൾ ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും അവിടെയുള്ള ശാസ്ത്രജ്ഞർ തങ്ങളുടെ പഠനങ്ങൾക്കായി ഇവ ഉപയോഗിക്കുകയും ചെയ്തു.
ഗില്ലസ്-ഫ്രാങ്കോയിസ് 1689 ഏപ്രിൽ ആറിന് റോമിൽ വച്ചാണ് അന്തരിച്ചത്. തന്റെ നിരവധി ഗ്രന്ഥങ്ങളിലൂടെ അനേകം തലമുറകളെ സ്വാധീനിച്ച ഒരു ശാസ്ത്രജ്ഞനാണ് ഗില്ലസ്-ഫ്രാങ്കോയിസ്. കൂടാതെ, വിശ്വാസവും യുക്തിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പഠനം, ഗവേഷണം, ബൗദ്ധികവിജ്ഞാനത്തിന്റെ വ്യാപനം എന്നിവ വഴി ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ മേഖലകളിൽ ശാശ്വത സംഭാവന നൽകിയ ശാസ്ത്രജ്ഞനാണ് ഗില്ലസ്-ഫ്രാങ്കോയിസ്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ