പുരോഹിത ശാസ്ത്രജ്ഞർ 101: ലൗറന്റ് കാസ്സെഗ്രയ്ൻ (1629-1693)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഫ്രാൻസിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞനും പുരോഹിതനുമാണ് ലൗറന്റ് കാസ്സെഗ്രയ്ൻ. ‘കാസ്സെഗ്രയ്ൻ റിഫ്ളക്റ്റർ’ എന്നറിയപ്പെടുന്ന, മടക്കി ഉപയോഗിക്കാവുന്ന രണ്ടു കണ്ണാടികളുള്ള ടെലസ്കോപ്പിന്റെ ആദ്യ നിർമ്മാതാവാണ് അദ്ദേഹം. ദർശനശാസ്ത്രം, വാനശാസ്ത്രം തുടങ്ങിയ മേഖലകളിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്തു മാത്രമാണ് ശാസ്ത്രലോകത്ത് അദ്ദേഹത്തിന് അർഹിച്ച അംഗീകാരം ലഭിച്ചുതുടങ്ങിയത്. ഒരേസമയം ഒരു പുരോഹിതന്റെയും ശാസ്ത്രഞ്ജന്റെയും വിളി വിശ്വസ്തതയോടെ നിർവഹിക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനം.

ഫ്രാൻസിലെ ചാർത്രെസ് പ്രദേശത്ത് എ ഡി 1629 ലാണ് ലൗറന്റ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേര് മത്തുറീൻ എന്നും യെഹാന്നെ മാർക്കി എന്നുമായിരുന്നു. ലൗറന്റിന്റെ ബാല്യകാലത്തെകുറിച്ചോ, വിദ്യാഭ്യാസത്തെകുറിച്ചോ കാര്യമായ ചരിത്രവിവരങ്ങൾ നമുക്ക് ലഭ്യമല്ല. 1654 ലാണ് അദ്ദേഹം ഒരു പുരോഹിതനും അധ്യാപകനുമായി സേവനമനുഷ്ഠിക്കാൻ ആരംഭിച്ചത്. ചാർത്രെസ് പ്രദേശത്ത് അക്കാലത്ത് നിലവിലുണ്ടായിരുന്ന കത്തീഡ്രൽ ദൈവാലയം ആരാധനയുടെ മാത്രമല്ല, അറിവിന്റെയും വലിയ കേന്ദ്രമായിരുന്നു. അതിനാൽതന്നെ ലൗറന്റിന് ചെറുപ്രായത്തിൽ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നു. ഗലീലിയോ, കെപ്ലർ, ദെകാർഡ് തുടങ്ങിയ ശാസ്ത്രജ്ഞർ തുടക്കം കുറിച്ച ശാസ്ത്രവിപ്ലവം യൂറോപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു ഇത്. ലൂയി പതിനാലാമൻ രാജാവ് സ്ഥാപിച്ച ശാസ്ത്ര അക്കാദമി ഫ്രാൻസിലും ഇതിന്റെ പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. ഈ അക്കാദമിയിൽ പ്രവർത്തിച്ച പല ശാസ്ത്രജ്ഞരും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇക്കാരണത്താൽ ഇക്കാലയളവിൽ പ്രപഞ്ച പ്രതിഭാസങ്ങൾ കൂടുതൽ വ്യക്തതയോടെ ശാസ്ത്രജ്ഞന്മാർക്ക് അവതരിപ്പിക്കാൻ സാധിച്ചു. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുവേണം ലൗറന്റ് കാസ്സെഗ്രയ്ന്റെ ശാസ്ത്രഗവേഷണങ്ങളെ മനസ്സിലാക്കാൻ. ദീർഘകാലം ചാർത്രെസിലെ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ലൗറന്റ് 1693 സെപ്റ്റംബർ ഒന്നിന് മരിക്കുന്നതുവരെ ശാസ്ത്രീയ അറിവുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകി.

ലൗറന്റിന്റെ ഏറ്റം വലിയ ശാസ്ത്രസംഭാവനയായി കരുതപ്പെടുന്നത് പുതിയ ഒരു ടെലസ്ക്കോപ്പിന്റെ രൂപകൽപനയാണ്. അക്കാലത്ത് നിലവിലിരുന്ന പല ടെലസ്ക്കോപ്പുകളുടെയും ന്യൂനതകൾ പരിഹരിക്കുന്നതായിരുന്നു ഇത്. ശാസ്ത്രജ്ഞരുടെ ഇടയിൽ ഈ മേഖലയിൽ വളരെയധികം മത്സരം നിലനിന്ന ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്. പ്രകാശത്തെ ദിശമാറ്റി വിടാനും വിദൂരവസ്തുക്കളെ വലുതാക്കാനും ഗലീലിയോ വികസിപ്പിച്ചെടുത്ത പ്രകാശവക്രണ ദൂരദർശിനി (refracting telescope) ലെൻസുകളെ ശാസ്ത്രലോകം ആശ്രയിച്ചിരുന്നു. ഇത് ശാസ്ത്രലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നപ്പോഴും പല ന്യൂനതകളും നിറഞ്ഞതായിരുന്നു. ഐസക് ന്യൂട്ടൺ 1668 ൽ, കൂടുതൽ വികസിച്ചതും പ്രായോഗികവുമായ ദൂരദർശിനി രൂപകൽപന ചെയ്തു. എന്നാൽ ലൗറന്റ് അന്നുവരെ നിലവിലുണ്ടായിരുന്ന ദൂരദർശിനികളെ പഠനവിധേയമാക്കി പുതിയതും കാര്യക്ഷമവുമായ ഒരെണ്ണത്തിന്റെ നിർമ്മാണം നടത്തി. വലിയ ശാസ്ത്രജ്ഞരുടെ ശിഷ്യന്മാരായിരുന്ന പലരും ഈ കണ്ടുപിടുത്തം അംഗീകരിക്കാൻ തയ്യാറാകാതെ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

ലൗറന്റിന്റെ റിഫ്ലക്ടർ, ഒപ്റ്റിക്കൽ അച്ചുതണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കണ്ണാടിയിലൂടെ പ്രകാശത്തെ കടത്തിവിടുകയും അങ്ങനെ ഒന്നാമത്തെ കണ്ണാടിയിൽ നിന്നും വരുന്ന പ്രകാശം രണ്ടാമത്തെതിൽ പ്രതിഫലിക്കുകയും ചെയ്യിക്കുന്നതായിരുന്നു. മടക്കി ഉപയോഗിക്കാവുന്ന ഈ ദൂരദർശിനി മുമ്പുണ്ടായിരുന്നവയിൽ നിന്നും ചെറുതും പ്രായോഗികവുമായിരുന്നു. ഇത് പല ജ്യോതിശാസ്ത്രജ്ഞരും ഉപയോഗിക്കുകയും അങ്ങനെ ലൗറന്റിന്റെ പേരും പെരുമയും വർധിക്കുകയും ചെയ്തു. 1672 ഏപ്രിൽ 25 ന് ജീൻ-ബാപ്റ്റിസ്റ്റ് ഡെനിസ് എന്ന ശാസ്ത്രജ്ഞൻ എഡിറ്റ് ചെയ്ത ഒരു ഫ്രഞ്ച് ശാസ്ത്ര പ്രസിദ്ധീകരണത്തിൽ ലൗറന്റിന്റെ റിഫ്ലക്ടറിനെക്കുറിച്ചുള്ള ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചു. അങ്ങനെ ലൗറന്റിന്റെ പുതിയ കണ്ടുപിടുത്തം ലോകം അറിയുകയും അതുവഴി പല പുതിയ പരീക്ഷണങ്ങളും നടക്കുകയും ചെയ്തു.

ഒരു പുരോഹിതൻ, അധ്യാപകൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ, വ്യക്തിമുദ്ര പതിപ്പിച്ച ലൗറന്റിന് ഈ അടുത്ത കാലത്താണ് ശാസ്ത്രലോകത്ത് അംഗീകാരം ലഭിച്ചത്. അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളുടെ അംഗീകാരമായി ‘കാസ്സെഗ്രയ്ൻ റിഫ്ളക്റ്റർ’ ഇന്നും ശാസ്ത്രജ്ഞരുടെ ഇടയിൽ ഉപയോഗത്തിൽ ഇരിക്കുന്നു.

ഫാ. മാത്യു ചാർത്തക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.