സ്വർഗപ്രാപ്തിക്കായി പാപ്പാ നിർദേശിക്കുന്ന ആറ്‌ കാര്യങ്ങൾ

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവർക്കു മാത്രമേ സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ എന്ന് ക്രിസ്തു സഹനത്തിലൂടെ പറയുന്നു. ക്രിസ്തീയവിശ്വാസത്തിൽ എന്താണ് ഈ ‘ഇടുങ്ങിയ വാതിൽ?’ എങ്ങനെ നാം ഇടുങ്ങിയ വാതിലിലൂടെ കിടക്കും? ഇങ്ങനെ പല സംശയങ്ങളും നമുക്കുള്ളിൽ ഉണ്ടാകുന്നുണ്ട്. അനുദിന ജീവിതത്തിലെ, നിസ്സാരം എന്ന് നാം കരുതുന്ന പ്രവർത്തികളിലൂടെ നമുക്ക് ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കാനും സ്വർഗരാജ്യത്തിൽ പ്രവേശിക്കാനും സാധിക്കും. അതിനായി ഫ്രാൻസിസ് പാപ്പാ നൽകുന്ന ആറ്‌ നിർദേശങ്ങൾ ഇതാ. ഈ നിർദേശങ്ങൾ അനുദിനം അനുവർത്തിച്ചുകൊണ്ട് നമുക്കും സ്വർഗരാജ്യത്തിന്റെ പടവുകൾ കയറാം.

1. മക്കൾക്കൊപ്പം ആയിരിക്കാം

ആദ്യത്തെ നിർദേശം മാതാപിതാക്കൾക്കാണ്. മക്കൾക്കൊപ്പം ആയിരുന്നുകൊണ്ട് അവർക്കായി സ്വയം സമർപ്പിക്കുന്ന മാതാപിതാക്കൾ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. മാതാപിതാക്കൾക്ക് ഒരുപാട് സന്തോഷിക്കാനുള്ള അവസരങ്ങളും തിരക്കുകളും കാര്യങ്ങളുമുണ്ടാകും. എന്നാൽ അവയെല്ലാം ത്യജിച്ച്  മക്കൾക്കൊപ്പം ആയിരിക്കാൻ സമയം കണ്ടെത്തുക എന്നത് നിസ്സാരമല്ല. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ച് കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ കണ്ടുപിടിച്ച് അവർക്കായി സമയം ചിലവിടുന്നതിന് അവരെടുക്കുന്ന സന്മനസ്സ് സ്വർഗത്തിലേക്കു നയിക്കാൻ കഴിയുന്ന സത്പ്രവർത്തി തന്നെ.

2. സ്വന്തം താല്പര്യങ്ങൾ മാറ്റിവച്ച് മറ്റുള്ളവരെ പരിചരിക്കാം

സ്വന്തം താല്പര്യങ്ങൾ മാറ്റിവച്ച് മറ്റുള്ളവരുടെ താല്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ടാകാം. അതിന് ഒരുവിഭാഗം ആളുകൾ എന്നൊന്നുമില്ല. ദമ്പതികളിലും വൈദികരിലും സന്യസ്തരിലും അത്മായരിലും ഏകസ്ഥ ജീവിതം നയിക്കുന്നവരിലുമൊക്കെ ഇത്തരം ആളുകളുണ്ടാകാം. ഇങ്ങനെ ചെയ്യുമ്പോൾ നാം ഇടുങ്ങിയ വാതിൽ തുറക്കുകയാണ് ചെയ്യുന്നത്. സ്വന്തം താല്പര്യങ്ങളുടെ വിശാലമായ വാതിലുകൾ അടച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടുമ്പോൾ നാം സ്വർഗത്തിന്റെ പടവുകൾ കയറുകയാണ്.

3. വയോധികരെ സേവിക്കാം

ജീവിതത്തിന്റെ നല്ല നിമിഷങ്ങളൊക്കെയും മക്കൾക്കായും മാതാപിതാക്കൾക്കായും ഓടിത്തളർന്നവരാണ് വയോജനങ്ങൾ. ജീവിതത്തിന്റെ സായംകാലത്തിലൂടെ കടന്നുപോകുന്ന അവർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. ഈ സമയത്ത് അവർക്ക് ഉചിതമായ സഹായം ചെയ്‌തുകൊടുക്കുമ്പോൾ നാം സ്വർഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുകയാണ് ചെയ്യുന്നത്.

4. ആത്മാർഥമായി ജോലി ചെയ്യാം

ജീവിതത്തിലും ജോലിമേഖലകളിലും കഠിനമായി ജോലിചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടാകാം. ചിലപ്പോൾ പലതരത്തിലുള്ള പ്രതിസന്ധികളുടെയും തെറ്റിധാരണകളുടെയും നടുവിൽ ജീവിക്കേണ്ടിവരാം. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു പിടിച്ചുനിൽകുമ്പോൾ നാം സ്വർഗത്തിലേക്കുള്ള പടവുകൾ കയറുകയാണ് ചെയ്യുന്നത്; ഒപ്പം നിശ്ശബ്ദമായി സഹനദാസന്റെ സാക്ഷ്യം പകരുകയും.

5. കഷ്ടതയുടെ നടുവിലും വിശ്വാസത്തെ ചേർത്തുപിടിക്കാം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസത്തിനെതിരേ പീഡനങ്ങൾ നടക്കുകയാണ്. പീഡനങ്ങൾക്കിടയിലും വിശ്വാസത്തെ ചേർത്തുപിടിക്കുകയും പ്രാർഥിക്കുകയും ചെയ്യുമ്പോൾ നാം ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കുകയാണ്. ഇനി പീഡനങ്ങളുടെ നടുവിൽ മാത്രമല്ല, ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പ്രത്യാശയോടെ ദൈവത്തിൽ അടിയുറച്ചുനിൽക്കുമ്പോൾ നാം സ്വർഗരാജ്യം കരഗതമാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്.

6. തിന്മയ്‌ക്കെതിരെ പോരാടുകയും ക്ഷമ കണ്ടെത്തുകയും ചെയ്യാം

നമ്മുടെ ജീവിതത്തിൽ അനേകം തെറ്റുകളും തിന്മയിലേക്കുള്ള ചായ്‌വുകളും ഉണ്ടാകാം. ഈ പ്രലോഭനങ്ങളിൽ നിന്നും അകന്നിരിക്കുകയും നന്മകൊണ്ട് അതിജീവിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ നാം തിന്മയെ നന്മകൊണ്ട് അതിജീവിക്കുകയാണ് ചെയ്യുന്നത്. പ്രതീക്ഷയുടെ സന്ദേശം എപ്പോഴും ജീവിതത്തിൽ ചേർത്തുവയ്ക്കാം. ക്ഷമിക്കാനും ഒരു ധൈര്യം ആവശ്യമാണ്. നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കുമ്പോൾ ആത്മാവിൽ നാം ധീരരായി മാറുന്നു.

popeമരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.