കാൻസർ രോഗിയായ ബാലനെ സന്ദർശിക്കാനെത്തിയ വിശുദ്ധൻ

മരിയ ജോസ്

ജീവിച്ചിരിക്കുമ്പോഴേ അത്ഭുതപ്രവർത്തകൻ എന്ന് അറിയപ്പെട്ടിരുന്ന, വിശുദ്ധൻ എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയാണ് വി. പാദ്രെ പിയോ. മരണശേഷവും, വേദനയോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കായി ദൈവത്തിനു മുന്നിൽ മാദ്ധ്യസ്ഥ്യം വഹിക്കുവാൻ അദ്ദേഹം സദാ ശ്രദ്ധാലുവായിരുന്നു. വി. പാദ്രെ പിയോയുടെ തിരുനാൾ ആചരിക്കുമ്പോൾ ഓർമ്മയിൽ സൂക്ഷിക്കുവാൻ ഒരു സംഭവം ചുവടെ ചേർക്കുന്നു.

ബ്രയാൻ എന്ന ആംഗ്ലിക്കൻ ബാലന്റെ ജീവിതത്തിലാണ് വി. പാദ്രെ പിയോ ഒരു അത്ഭുത സന്ദർശനം നടത്തിയത്. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള ജോൺ – മൗറീൻ ദമ്പതികളുടെ മകനാണ് ബ്രയാൻ. വളരെ ചുറുചുറുക്കുള്ള കുഞ്ഞു ബ്രയാന് ആരെയും കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. വളരെ പ്രത്യേകതകൾ നിറഞ്ഞ കുഞ്ഞു ബ്രയാൻ. എല്ലാവർക്കും അവന്റെ കളിയും ചിരിയും വളരെ ഇഷ്ടമായിരുന്നു. അത്ര പോസിറ്റിവ് എനർജി ആയിരുന്നു ആ കുഞ്ഞ് ചുറ്റുമുള്ളവരിലേയ്ക്ക് പകർന്നത്.

എപ്പോഴും സന്തോഷകരമായ സാഹചര്യങ്ങളിലേയ്ക്കാണല്ലോ വിധി പ്രതിനായകവേഷം കെട്ടി എത്തുന്നത്. ഇവിടെയും മറിച്ചായിരുന്നില്ല. വളരെ ഉത്സാഹത്തോടെ കാണപ്പെട്ടിരുന്ന കുഞ്ഞു ബ്രയാൻ പതിയെപ്പതിയെ ക്ഷീണിതനായി തുടങ്ങി. ആദ്യം നിസാരം എന്നു കരുതിയെങ്കിലും പിന്നീട് ബ്രയാന്റെ ആരോഗ്യം ക്ഷയിക്കുന്നുവെന്ന് മനസിലാക്കിയ മാതാപിതാക്കളുടെ പിന്നീടുള്ള ജീവിതം ആശുപത്രി പ്രയാണമായി മാറുകയായിരുന്നു. ആശുപതികളിൽ നിന്ന് ആശുപത്രികളിലേയ്ക്ക് കുഞ്ഞുമായുള്ള ഓട്ടം. ഒടുവിൽ ബ്രയാന് ലുക്കീമിയ ആണെന്ന് കണ്ടെത്തി. രോഗം കണ്ടെത്തിയപ്പോഴേക്കും മൂർച്ഛിച്ചിരുന്നു. കുട്ടിക്ക് ആറു മാസം കൂടിയേ ആയുസ് ഉണ്ടാകൂ എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. കരഞ്ഞു തളർന്ന കണ്ണുകളുമായി ആ മാതാപിതാക്കൾ ദൈവസന്നിധിയിലെത്തി. കാരണം, മറ്റൊന്നിനും കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ലായെന്ന് അതിനിടയിൽ അവർക്ക് മനസ്സിലായിരുന്നു.

അവർ പ്രാർത്ഥന തുടങ്ങി. പക്ഷെ, എന്ത് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് അവർക്ക് അറിയില്ലായിരുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ.. നന്മ നിറഞ്ഞ മറിയമേ.. എന്ന പ്രാര്‍ത്ഥനകള്‍ ചെല്ലി പ്രാർത്ഥിച്ചു. ഒരിക്കൽ കുഞ്ഞിന്റെ വേദന കണ്ട് സഹിക്കാൻ വയ്യാതെ തന്റെ സുഹൃത്തിനോട്, താൻ ആരോടു പ്രാർത്ഥിക്കണം എന്ന് കരഞ്ഞുകൊണ്ട് ബ്രയാന്റെ അമ്മ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു വി. പാദ്രെ പിയോയുടെ മാദ്ധ്യസ്ഥ്യം യാചിച്ച് പ്രാർത്ഥിക്കുവാൻ.

അന്ന് പാദ്രെ പിയോ മരിച്ചിട്ട് മൂന്ന് വർഷം. ബ്രയാന്റെ അമ്മ അങ്ങനെ ഒരു വിശുദ്ധനെക്കുറിച്ച് കേൾക്കുന്നത് ആദ്യമായിട്ടും. ആരാണ് പാദ്രെ പിയോ? മൗറീൻ സുഹൃത്തിനോട് ചോദിച്ചു. അതിനു വലിയ ഉത്തരമൊന്നും കൊടുക്കാൻ സുഹൃത്ത് ശ്രമിച്ചില്ല. പ്രാർത്ഥിക്കുവാൻ മാത്രം പറഞ്ഞു. ആരാണെന്നോ എന്താണെന്നോ അറിയില്ല. എങ്കിലും, തന്റെ മകനെ സുഖപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയും എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ആ കുടുംബം ശക്തമായി പ്രാർത്ഥിച്ചു തുടങ്ങി.

പ്രാർത്ഥന തുടങ്ങി ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം പതിവില്ലാതെ, ഒരാൾ തന്നെ കാണാൻ വന്ന കാര്യം കുഞ്ഞു ബ്രയാൻ അമ്മയോട് പറഞ്ഞു. തങ്ങളല്ലാതെ മറ്റാരാണ് ഇവിടെ വരുന്നത്? തോന്നിയതാവും എന്നു കരുതി കുഞ്ഞിനെ അമ്മ ആശ്വസിപ്പിച്ചു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിലും തന്നെ കാണാൻ വരുന്ന ആ വ്യക്തിയെക്കുറിച്ച് കുഞ്ഞ് പറഞ്ഞു തുടങ്ങി. പക്ഷേ, മറ്റാർക്കും ആ വ്യക്തിയെ കാണുവാൻ കഴിഞ്ഞില്ല. മൗറീൻ തന്റെ സുഹൃത്തിനോട് ഈ കാര്യം പങ്കുവെച്ചു. സുഹൃത്തിന്റെ സഹോദരൻ ഒരു സെമിനാരി വിദ്യാർത്ഥി ആയിരുന്നു. ബ്രയാന്റെ കഥ അറിഞ്ഞ അദ്ദേഹം കുട്ടിയോട് സംസാരിക്കുവാൻ താല്പര്യം അറിയിച്ചു. മാതാപിതാക്കൾ സമ്മതിച്ചു.

കുഞ്ഞിനെ കാണാനെത്തിയപ്പോൾ അദ്ദേഹം അവനോടു പറഞ്ഞു: ‘ഇനി ആ സന്ദർശകൻ എത്തുമ്പോൾ തീർച്ചയായും അദ്ദേഹത്തിന്റെ പേര് ചോദിക്കണം’ എന്ന്. ബ്രയാൻ സമ്മതിച്ചു. അടുത്ത ദിവസം അദ്ദേഹം അടുത്തു വന്നപ്പോൾ ആ കുഞ്ഞ് ചോദിച്ചു: ‘താങ്കളുടെ പേരെന്താണ്?  അദ്ദേഹം മറുപടി പറഞ്ഞു: ‘പാദ്രെ പിയോ.’ ഈ സംഭവം അറിഞ്ഞ അമ്മയ്ക്കും അത്ഭുതമായി. വിശുദ്ധന്റെ സന്ദർശനത്തോടെ കുഞ്ഞിൽ ആഴമായ വിശ്വാസം വളർന്നു തുടങ്ങി. ഒരുപക്ഷേ, ഒരു രണ്ടര വയസുകാരന്റേതിലും ഒരുപാട് അധികമായി.

ബ്രയാന് പല ദർശനങ്ങളും ലഭിച്ചു തുടങ്ങി. പരിശുദ്ധ അമ്മയും കുരിശുരൂപവുമൊക്കെ. ബ്രയാൻ ഒരിക്കൽ അമ്മയോട് പറഞ്ഞു: “ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയെയാണ്. എന്നാൽ, അതിൽ കൂടുതൽ ഞാൻ എന്റെ പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നു.” ബ്രയാനിൽ ഉണ്ടായ മാറ്റം അറിഞ്ഞ ആ വൈദിക വിദ്യാർത്ഥി അവനെ ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിൽ കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ അവനെ കുരിശുരൂപം കാണിച്ചു. ആ കുരിശുരൂപം നോക്കി ആ കുഞ്ഞുബാലൻ പറഞ്ഞു: ‘ഇതിലും വലിയ ക്രൂരത ആരോട് കാണിക്കാൻ അല്ലേ, എഡി’. ആ വൈദിക വിദ്യാർത്ഥി അത്ഭുതപ്പെട്ടു. അപ്പോൾ ബ്രയാന് പ്രായം വെറും മൂന്നു വയസ്. അതിനുള്ളിൽ കുരിശുമരണത്തിന്റെ തീവ്രത അവൻ മനസിലാക്കി കഴിഞ്ഞിരുന്നു!

അങ്ങനെയിരിക്കെ ആശ്രമത്തിലെ സന്യാസിമാർ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അവർ പാദ്രെ പിയോയുടെയും മറ്റൊരു സന്യാസിയുടെയും ചിത്രം അവനെ കാണിച്ചു. പാദ്രെ പിയോയുടെ ചിത്രം കണ്ട ഉടനെ സെമിനാരിക്കാരനെ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു: “എഡി, ഈ വ്യക്തിയാണ് എന്നും എന്നെ കാണാൻ വരുന്നത്.” അതോടെ എല്ലാവർക്കും ബോധ്യമായി. അവർ കുഞ്ഞിനായി കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു തുടങ്ങി. ഈ സമയം എഡിക്കും ഒരു ദർശനം ഉണ്ടായി. ഒരു പ്രായമുള്ള സ്ത്രീ വന്ന്, ബ്രയാൻ കാണുന്നത് പാദ്രെ പിയോയെ തന്നെയാണെന്ന് വെളിപ്പെടുത്തി.

ഈ സമയമൊക്കെയും അവന്റെ ആരോഗ്യം വഷളായിരുന്നുവെങ്കിലും അതീവ ആനന്ദത്തോടെ അവൻ കാണപ്പെട്ടു. ഡോക്ടർമാർ പറഞ്ഞു: ‘ആരോ അവനെ സംരക്ഷിക്കുകയാണ്’ എന്ന്. വൈകാതെ തന്നെ ബ്രയാൻ മരണത്തോട് അടുത്തു. അവൻ തന്റെ അമ്മയെ അടുത്തു വിളിച്ചു. അമ്മയോടായി പറഞ്ഞു: ‘അമ്മേ, ദൈവത്തോട് മറ്റൊരു കുഞ്ഞിനായി അമ്മ പ്രാർത്ഥിക്കണം. വൈകാതെ തന്നെ അമ്മയ്ക്ക് ഒരു കുഞ്ഞിനെ കിട്ടും എന്ന് പാദ്രെ പിയോ പറഞ്ഞു. ഇപ്പോൾ ഞാൻ എന്റെ സ്വർഗ്ഗീയ അമ്മയുടെ പക്കലേയ്ക് പോകാൻ സമയമായിരിക്കുന്നു.’

അവസാന നിമിഷം അവൻ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ലൂർദ്ദിലെ മാതാവിന്റെ രൂപം തന്റെ അടുക്കലേയ്ക്കു തനിക്ക് കാണാവുന്ന വിധത്തിൽ വയ്ക്കണം. അങ്ങനെ സാവധാനം അവൻ ദൈവത്തിന്റെ പക്കലേയ്ക്ക് യാത്രയായി. അത്ഭുതകരമായ വിശുദ്ധിയുടെ പരിമളം കൊണ്ട് ഈ കുഞ്ഞുബാലനെ അണിയിച്ചൊരുക്കാൻ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു വിശുദ്ധനായ പാദ്രെ പിയോ.

മരിയ ജോസ്

3 COMMENTS

  1. എല്ലാ കാൻസർ രോഗികൾക്കും വേണ്ടി ഈ വിശുദ്ധനോട് മദധസ്തഥം യാചിക്കുന്നു.ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.