ശുദ്ധീകരണസ്ഥലം: ബൈബിളും സഭാപഠനങ്ങളും

ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചിന്തകൾ പലവിധത്തിൽ നമ്മെ അലട്ടുന്നുണ്ട്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട വ്യക്തികളോട് ഇതിനെക്കുറിച്ചു സംസാരിച്ചാൽ അവർ പറയുന്നത് – ഇല്ല, ദൈവവചനത്തിൽ അതേപ്പറ്റി വ്യക്തമാക്കുന്നില്ല, പറയുന്നില്ല എന്നൊക്കെയാണ്.

നിരീശ്വരവാദികളോട് മരണശേഷമുള്ള കാര്യത്തെക്കുറിച്ചു ചോദിക്കുകയാണെങ്കിൽ അവർ പറയുന്നത്, മരണത്തിനു ശേഷം ഞാൻ എന്ന വ്യക്തിയില്ല എന്നാണ്. അതിനാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാ സന്തോഷങ്ങളിലും മുഴുകി മനഃസാക്ഷി അനുവദിക്കുന്ന എല്ലാ പ്രവർത്തികളിലും ലോകത്തിന്റെ കാലഘട്ടമനുസരിച്ച് നാം ജീവിക്കണം എന്നൊക്കെയാണ് അവർ പറയുന്നത്.

നമ്മുടെ കർത്താവിന്റെ ദൈവവചനവും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥവും ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.

വിശുദ്ധ ബൈബിളിൽ ഹബബുക്ക് പ്രവാചകന്റെ  പുസ്തകത്തിൽ പറയുന്നത്, “എന്റെ ദൈവമേ, അങ്ങ്‌ അനാദി മുതലേ കര്‍ത്താവും പരിശുദ്ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയശിലയായവനെ, അങ്ങ്‌ അവരെ ശിക്ഷക്കായി നീക്കിവച്ചിരിക്കുന്നു” (ഹബ. 1:12).

പ്രവാചകൻ ഹബബുക്ക് ദൈവത്തോടു പറയുന്ന ഒരു വിലാപഗാനത്തിന്റെ ഭാഗമാണിത്. ദൈവത്തിന്റെ പരിശുദ്ധിയെയും ദൈവസന്നിധിയിലെ ന്യായവിധിയെയും ശിക്ഷയെയുമാണ് പ്രവാചകനിലൂടെ നാം വിശുദ്ധ ബൈബിളിൽ വായിക്കുന്നത്.

മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്, “ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നു യാചിച്ച്‌ അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. പാപം നിമിത്തം മരണത്തിന്‌ ഇരയായവര്‍ക്ക്‌ സംഭവിച്ചതെന്തെന്ന്‌ ഒരിക്കല്‍ കണ്ട ജനത്തോട്‌ പാപത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ്‌ ഉപദേശിച്ചു. അനന്തരം, അവന്‍ അവരില്‍ നിന്ന് രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്ത് പാപപരിഹാര ബലിക്കായി ജറുസലെമിലേക്ക്‌ അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്നുറച്ച്‌ യൂദാസ്‌ ചെയ്‌ത ഈ പ്രവൃത്തി ശ്രേഷ്‌ഠവും ഉചിതവും തന്നെ. മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌ പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കു വേണ്ടി പാപപരിഹാരകര്‍മ്മം അനുഷ്‌ഠിച്ചു” (2 മക്ക. 12:39-45).

വി. പൗലോസിന്റെ ലേഖനം ശുദ്ധീകരണസ്ഥലത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: “ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അത്  വിളംബരം ചെയ്യും. അഗ്നിയാല്‍ അത് വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന്‌ അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്‌ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവന്‍ രക്ഷ പ്രാപിക്കും. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്‌; ആ ആലയം നിങ്ങള്‍ തന്നെ” (1 കോറി 3:13-17).

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം CCC 1030-1031 ഖണ്ഡിക പറയുന്നത് ഇങ്ങനെയാണ്: “ദൈവത്തിന്റെ കൃപാവരത്തിലും സൗഹ്യദത്തിലും മരിക്കുന്നവർ പൂർണ്ണമായി ശുദ്ധീകരിക്കപ്പെട്ടവരല്ലെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാൽ സ്വർഗ്ഗീയ ആനന്ദത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായ വിശുദ്ധി നേടുന്നതിനു വേണ്ടി അവർ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായിത്തീരുന്നു.”

1031 ഖണ്ഡിക, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം (purgatory)എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ ശിക്ഷയിൽ നിന്ന് അത് തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങൾ പ്രത്യേകമായും ഫ്ലോറൻസിലെയും ത്രെന്തിലെയും സൂനഹദോസുകളിൽ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ പരാമർശിച്ചുകൊണ്ട് ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്. തുടർന്ന് 1032-ാം ഖണ്ഡികയിലും മരിച്ചവരോടുള്ള കടമയെപ്പറ്റിയും പാപപരിഹാര പ്രാർത്ഥനാ ബലികളെപ്പറ്റിയുമാണ് സഭ നമ്മെ മതബോധന ഗ്രന്ഥത്തിലൂടെ പഠിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരേ, അന്തിമ ശുദ്ധീകരണം അഥവാ ശുദ്ധീകരണസ്ഥലം ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ നമ്മെ ഓർമിപ്പിക്കുന്നത്, നാം ഭൂമിയിൽ ചെയ്യുന്ന ഓരോ പ്രവർത്തിക്കും ദൈവത്തിനു മുമ്പിൽ കണക്ക് കൊടുക്കേണ്ടി വരും എന്നതാണ്. ശുദ്ധീകരണസ്ഥലത്തു നിന്നുള്ള മോചനം ലഭിക്കാനായി പ്രാർത്ഥനയും പാപപരിഹാര ബലികളുമാണ് ആവശ്യം.

“മരിച്ചവരെ സഹായിക്കാനും അവർക്കു വേണ്ടി പ്രാർത്ഥനകൾ സമർപ്പിക്കാനും നാം സംശയിക്കരുത്” (വി.ജോൺ ക്രിസോസ്തോം). “ജീവിതസായാഹ്നത്തിൽ നാം ദൈവത്തെ അടിസ്ഥാനപ്പെടുത്തി വിധിക്കപ്പെടും” (കുരിശിന്റെ വി. യോഹന്നാൻ).

ശുദ്ധീകരണസ്ഥലം ദൈവവചനത്തിലൂടെ…

1. 1 കൊറി 3:11 – 15
2. മത്തായി 12:32 36
3. 2 മക്ക 12:39-50
4. മത്തായി 5:26-27
5. ഹബ 1:12- 13
6. 1 പത്രോസ് 3:19
7. വെളി. 21:27
8. പ്രഭാ. 7:33

(തുടരും…)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.