നിലച്ച ജീവിതങ്ങൾക്കുമുമ്പിൽ നിലയ്ക്കാത്ത പ്രാർഥനകളോടെ

ജിൻസി സന്തോഷ്

“അഴകിന് അമിതവില കല്പിക്കരുത്. അഴകില്ല എന്നോർത്ത് അവഗണിക്കുകയുമരുത്. വസ്ത്രമോടിയിൽ അഹങ്കരിക്കരുത്. ബഹുമാനിതനാകുമ്പോൾ ഞെളിയരുത്” (പ്രഭാ. 11: 2,4). പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട്? ജീവിച്ചിരിക്കെ തന്നെ അവന്റെ ശരീരം ജീർണ്ണിക്കുന്നു. ഇന്ന് രാജാവ്, നാളെ ജഡം (പ്രഭാ. 10: 9,11).

മണ്ണായി മാറുമെന്ന് അറിയുന്ന മനുഷ്യരാണ് മണ്ണിനുമുകളിൽ മതിമറന്ന് അഹങ്കിരിക്കുന്നത്. എന്തും സാധ്യമെന്ന് അഹങ്കരിക്കുന്ന മനുഷ്യന് സ്വന്തം മുഖം നേരിൽകാണണമെങ്കിൽ ഒരു കണ്ണാടിയുടെ സഹായംവേണമെന്ന് തിരിച്ചറിയാൻ നാം വൈകുന്നു. “ഈ രാത്രിയിൽ നിന്റെ ആത്മാവിനെ നിന്നിൽ നിന്ന് ആവശ്യപ്പെടും. അപ്പോൾ നീ സംഭരിച്ചുവച്ചിരിക്കുന്നവ ആരുടേതാകും?” (ലൂക്കാ 12:20).

പുറമേ കാണിക്കാത്ത സ്നേഹം, ചിലവഴിക്കപ്പെടാത്ത പണം, പകർന്നുകൊടുക്കാത്ത അറിവ്, പരിപോഷിപ്പിക്കാത്ത കഴിവ്, കരുണയില്ലാത്ത മനസ്സ്, ഉറവയില്ലാത്ത കിണർ, സ്നേഹമില്ലാത്ത മക്കൾ, ചിരിക്കാത്ത ചുണ്ടുകൾ ഇവയെല്ലാം തുല്യമാണ്. സംഭരിച്ചുകൂട്ടാനുള്ള കളപ്പുരകൾക്ക് കരുണയുടെ വാതിൽ ഇല്ലാതാകുമ്പോൾ അധാർമ്മികതയുടെ തുറന്നിട്ട കിളിവാതിലിലൂടെ ദൈവാത്മാവ് പറന്നകലുമെന്ന് ഭോഷനായ ധനികന്റെ ഉപമയിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.

കരുണയുടെയും പങ്കുവയ്ക്കലിന്റെയും വാതായനങ്ങൾ നമുക്ക് ഇനിയെങ്കിലും തുറന്നിടാം. സ്വാർഥതയുടെ കളപ്പുരകളിൽനിന്ന് പഴകിപ്പോകാത്ത സുകൃതങ്ങളുടെ നിലവറയിലേക്ക്. ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിനു പരിഹാരമാണ്‌ (പ്രഭാ. 3:30).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.