ഇത് നിനക്കായ്; ഇനിയും നിനക്കായ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിയാറാം ദിനം, ആഗസ്റ്റ് 10, 2022

ദിവ്യകാരുണ്യ മിഷനറി സഭാസ്ഥാപകരിൽ ഒരാളായ ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചന്റെ ജീവിതം ഈശോയുടെ നെഞ്ചിന്റെ ചൂടും ഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങിയ സ്നേഹവും മതിവരുവോളം ആസ്വദിച്ച വി. യോഹന്നാൻശ്ലീഹായുടെ സ്നേഹവുമായി ഉപമിക്കാവുന്നതാണ്. ഈശോ സ്നേഹിച്ച ശിഷ്യൻ എന്ന് പറേടത്തിലച്ചനെയും നമുക്ക് വിശേഷിപ്പിക്കാം.

തന്റെ ദിനാരംഭവും അവസാനവും ഈശോയോടത്ത് ആയിരുന്നു. അത് അനുഭവിച്ചറിഞ്ഞാൽ, ആ സ്നേഹത്തിന്റെ മാധുര്യം നുകർന്നാൽ പിന്നെ അതിൽ നിന്ന് ഓടിയകലുക സാധ്യമല്ല എന്ന് തന്റെ ജീവിതം കൊണ്ട് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. കാരണം ജീവൻ നൽകുന്ന സ്നേഹമാണ് ദിവ്യകാരുണ്യത്തിൽ നിന്ന് നിർഗളിക്കുന്നത്. ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി അവൻ പകർന്നുനൽകിയ ആ സ്നേഹം ഇന്നും ദിവ്യകാരുണ്യത്തിൽ സാന്നിധ്യമായി, സമ്മാനമായി നമ്മോടൊത്തുള്ളപ്പോൾ പറേടത്തിൽ അച്ചനെപ്പോലെ നമ്മളും ആ സ്നേഹത്തിനു മുമ്പിൽ പൂർണ്ണമായി നമ്മെ സമർപ്പിക്കണം.

എമ്മാവൂസ് ശിഷ്യന്മാരുടെ അതേ അനുഭവത്തിലേക്ക് നയിക്കുന്നതായിരുന്നു അച്ചന്റെ ഓരോ ദിവ്യകാരുണ്യ ബലിയും ദൗത്യവും. അച്ചൻ ആ അനുഭവത്തിലൂടെ നിരന്തരം ജ്വലിച്ചുകൊണ്ടിരുന്നു. ഇന്നും പറേടത്തിലച്ചൻ പകർന്നേകിയ ആ ദിവ്യാഗ്നി അച്ചന്റെ കൂടെ സഹവസിച്ചിട്ടുള്ളവരിൽ നിന്ന് ഇന്നത്തെ തലമുറക്ക് പകർന്നുനൽകുന്നുണ്ട്. ആ മനോഭാവത്തിലേക്ക്, ആ ദിവ്യകാരുണ്യ സ്നേഹത്തിലേക്ക് നമ്മളെ എല്ലാവരെയും അച്ചൻ ക്ഷണിക്കുന്നു. ആ സ്നേഹം നമുക്കും തിരിച്ചറിയാം. ഇത് നിനക്കായ്; ഇനിയും നിനക്കായ്…

ബ്ര. ജോസഫ് നെടുങ്ങനാൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.