യാത്ര

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എൺപത്തിയെട്ടാം ദിനം, ആഗസ്റ്റ് 02, 2022 

ഓരോ ജീവിതവും ഒരു യാത്രയാണ്. ആ യാത്രക്ക് അർത്ഥമേകുന്നത് അതിന് ഒരു ലക്ഷ്യസ്ഥാനമുണ്ടാകുമ്പോഴാണ്. ലക്ഷ്യമുള്ളിടത്താണ് മാർഗ്ഗങ്ങളും രൂപപ്പെടുന്നത്. ഓരോ ക്രൈസ്തവനും ഈ ഭൂമിയിൽ ഒരു തീർത്ഥാടനത്തിലാണ്. അതിന്റെ  ലക്ഷ്യമെന്നതോ, സ്വർഗ്ഗരാജ്യപ്രാപ്തിയും.

പക്ഷേ, ഇന്നിന്റെ ലോകത്തിൽ പലപ്പോഴും ലക്ഷ്യം മാറിയുള്ള യാത്രകളാണ് നാം കൂടുതലും കാണുന്നത്. അപരന്റെ നന്മക്കും നിലനിൽപ്പിനും വേണ്ടി നിലകൊള്ളേണ്ട ജീവിതങ്ങൾ സ്വാർത്ഥത തേടി യാത്രയാകുമ്പോൾ നഷ്ടമാകുന്നത് ദൈവരാജ്യമാണെന്ന ഓർമ്മ പലപ്പോഴും നമുക്ക്  നഷ്ടമാകുന്നു.

എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ഗുരുമൊഴികൾ നമ്മുടെ ഉൾക്കണ്ണുകൾ തുറക്കട്ടെ. സ്വർഗ്ഗത്തെ ലക്ഷ്യം വച്ചുള്ള യാത്രക്ക് ഊർജ്ജം നമുക്കാവശ്യമാണ്. അത് നാം സ്വീകരിക്കേണ്ടത് വിശുദ്ധ കുർബാനയുടെ ചാരത്തായിരുന്ന് അവനെ സ്നേഹിച്ചുകൊണ്ടാണ്. ആലക്കളത്തിൽ ബഹു. മത്തായി അച്ചന്റെ വാക്കുകളിൽ സ്വർഗ്ഗപ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്. ഈ ടിക്കറ്റ് മാമ്മോദീസായുടെ അവസരത്തിൽ പരിശുദ്ധാത്മാവ് നമുക്കു നൽകുന്ന ശുദ്ധീകരണ വരപ്രസാദമാണ്. മരണ വാറൻ്റ് എപ്പോൾ നമ്മെ പിടികൂടുമെന്ന് ആർക്കും നിശ്ചയമില്ലാത്തതു കൊണ്ട് ഈ ടിക്കറ്റോടു കൂടി എപ്പോഴും നാം ഒരുങ്ങിയിരിക്കേണ്ടതാണ്. അതിനാൽ ജീവിതത്തിന്റെ ലക്ഷ്യം മറക്കാതിരിക്കാം. അങ്ങനെ ഈശോയുടെ കാലടികളെ ബോധപൂർവ്വം നമുക്കു പിൻതുടരാം.

ഡീ. ജോസഫ് ഐക്കര MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.