പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുർബാന സ്വീകരണവും

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപതാം ദിനം, സെപ്റ്റംബർ 23, 2022

പരിശുദ്ധ കന്യകാമറിയം യോഹന്നാൻ ശ്ലീഹായുടെ കരങ്ങളിൽ നിന്ന് എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നു എന്നൊരു പാരമ്പര്യമുണ്ട്. വിശുദ്ധ കുർബാനയുടെ സ്വീകരണം നമ്മിൽ വിശുദ്ധി ഉളവാക്കുകയും അവ പാലിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

ഏറ്റവും യോഗ്യമായും സഫലമായും വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനുള്ള മാർഗ്ഗം നമ്മുടെ പരിശുദ്ധ അമ്മയോടു കൂടി വിശുദ്ധ കുർബാനയ്ക്ക് അണയുന്നതാണ്.

വിശുദ്ധ മറിയത്തിന്റെ സുകൃതങ്ങളാകുന്ന നിർമ്മലവസ്ത്രത്താൽ നമ്മുടെ ആത്മാവിനെ അലങ്കരിച്ചും അവളുടെ സ്നേഹോജ്ജ്വല ഹൃദയമാകുന്ന തിരുപ്പീഠത്തെ നമുക്ക് കടം തന്നും നമ്മെ യഥായോഗ്യം ഒരുക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കണമെന്ന് ആലക്കളത്തിലച്ചൻ ഉപദേശിക്കുന്നു.

വിശുദ്ധ കുർബാന എന്നത് ഈ മാതാവ് തന്നെ നമുക്ക് ഒരുക്കിത്തരുന്ന ആഹാരമാണ്. എന്തുകൊണ്ടെന്നാൽ, ഇതിന്റെ ഉത്ഭവം അവളുടെ ഹൃദയത്തിൽ നിന്നാണ്. ഈ ഭോജനം നാം ധാരാളമായി അനുഭവിക്കണമെന്നും ആത്മശക്തി പ്രാപിച്ച് ഈശോയ്ക്ക് സേവനം ചെയ്യണമെന്നും അമ്മയ്ക്ക് വലിയ ആഗ്രഹമുണ്ട്. വിശുദ്ധ കുർബാന സ്വീകരണത്തിന് നാം അണയുമ്പോൾ പരിശുദ്ധ ദൈവമാതാവ് നമുക്ക് അകമ്പടി ആയിട്ടുണ്ടെങ്കിൽ ഈശോ വളരെ പ്രസാദിക്കും. വിശുദ്ധ കുർബാന സ്വീകരണത്തിന് നമ്മെ ഒരുക്കുന്നതും സഹായിക്കുന്നതും മറിയത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.

വിശുദ്ധ കുർബാനയുടെ സ്വീകരണത്തിന് നാം അണയുമ്പോൾ വി. മോണ്ട്ഫോർട്ടിന്റെ ചിന്ത നമ്മെ വളരെ സഹായിക്കും: “മറിയത്തിന്റെ ഹൃദയം നാം കടം വാങ്ങണം. അതിൽ ഈശോയെ സ്വീകരിക്കണം. അവിടെ വേണ്ടതെല്ലാം അവൾ ചെയ്യട്ടെ. അമ്മ സ്വീകരിക്കട്ടെ, അമ്മ തന്നെ ഉണ്ണിയെ പാടിസ്തുതിക്കട്ടെ, ആരാധിക്കട്ടെ, നന്ദി പറയട്ടെ. നമുക്ക് വേണ്ടതെന്താണ് ചോദിച്ചുവാങ്ങുകയും ചെയ്യട്ടെ. നമുക്ക് ഭക്തിപൂർവ്വം നോക്കിനിന്ന് എല്ലാം ശരിവയ്ക്കാം. നമ്മുടെ ജോലി ലഘുവും എളുപ്പവും ആയിരിക്കും. ഫലം കൂടുതൽ കിട്ടുകയും ചെയ്യും.”

ദിവ്യകാരുണ്യ ഹൃദയത്തിന്റെ അമ്മേ, വിശുദ്ധ കുർബാനയുടെ മക്കളായി ഞങ്ങളെ വളർത്തുകയും നയിക്കുകയും ചെയ്യണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.