മനുഷ്യരുടെ പാപങ്ങൾ നിമിത്തം നൊമ്പരപ്പെടുന്ന മറിയത്തിന്റെ ഹൃദയം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിമുപ്പത്തിയേഴാം ദിനം, സെപ്റ്റംബർ 20, 2022

ഫാത്തിമായിലെ രണ്ടാം ദർശനത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയം മുള്ളുകളാൽ ചുറ്റപ്പെട്ടതായി കാണുന്നു. മനുഷ്യരുടെ പാപങ്ങൾ നിമിത്തം നൊമ്പരപ്പെടുന്ന മറിയത്തിന്റെ ഹൃദയത്തിൻറെ പ്രതീകമാണിത്. ഈശോയുടെ തിരുഹൃദയത്തോടെ ചെയ്യുന്നത് തൻ്റെ ഹൃദയത്തോട് ചെയ്യുന്നതുപോലെ തന്നെയാണെന്ന് പരിശുദ്ധ മറിയവും ഫാത്തിമ ദർശനത്തിലൂടെ പഠിപ്പിക്കുന്നു. ദൈവവിസ്മൃതിയിലും ലൗകീകായത്വത്തിലും ആണ്ടുപോയിരിക്കുന്ന ലോകത്തിൻ്റെ കണ്ണുതുറപ്പിക്കുന്നതിനുള്ള ഒരു താക്കീതായാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിലെ മുള്ളുകളെ ആലക്കളത്തിൽ അച്ചൻ വീക്ഷിക്കുന്നത്.

ധനമാന സുഖങ്ങളെ സർവ്വസ്വവുമായി കരുതി അന്ധമായ മൃഗീയ ജീവിതം നയിക്കുന്ന ഇന്നത്തെ ഭൂതാത്മക ലോകത്തിന് ആത്മത്യാഗം, സ്വയം നിഗ്രഹം, പ്രായശ്ചിത്തം എന്നൊക്കെ പറഞ്ഞാൽ കയ്പ്പും വെറുപ്പുമാണ്. പശ്ചാത്താപത്തിലൂടെയും പ്രവർത്തികളിലൂടെയും സ്വന്തം പാപങ്ങൾക്കും മറ്റുള്ളവരുടെ പാപങ്ങൾക്കും പരിഹാരം അനുഷ്ഠിക്കുവാൻ, അതുവഴി ഈശോയുടെയും മറിയത്തിന്റെയും തിരുഹൃദയങ്ങളെ സമാശ്വസിപ്പിക്കുവാനും ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്

ദൈവത്തെ ഉപദ്രവിച്ചു എന്നുള്ളത് ഭയത്തോടും ദുഃഖത്തോടും കൂടി ഒരുവൻ ഓർത്ത് ആ ദ്രോഹത്തിന് പരിഹാരം ചെയ്തു ദൈവകൃപയെ വീണ്ടും പ്രാപിക്കുന്നതിനായി ശ്രമിക്കുന്നതാണ് പ്രായശ്ചിത്തം. ചെയ്ത തെറ്റിനെ പറ്റിയുള്ള ഖേദം, പരിഹാരം, ജീവിത ക്രമീകരണം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ പ്രായശ്ചിത്തത്തിൽ അടങ്ങിയിരിക്കുന്നു.

പരിശുദ്ധ ത്രിത്വത്തെയും പരിശുദ്ധ മറിയത്തെയും ഏറ്റവും പ്രീതിപ്പെടുത്തുന്ന പ്രായശ്ചിത്ത പരിഹാര പ്രവർത്തികളിലൂടെ ദൈവവുമായി വീണ്ടും സമ്പർക്കത്തിലായി നമ്മുടെ ജീവിതത്തെ നമുക്ക് ധന്യമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.