മറിയം നിർമ്മലസ്നേഹത്തിന്റെ മാതാവ്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിയിരുപത്തിനാലാം ദിനം, സെപ്റ്റംബർ 07, 2022

മറിയം അമലോത്ഭവ ആയിരുന്നെങ്കിലും മറ്റു മനുഷ്യരെപ്പോലെ പീഡനങ്ങൾക്കും പരീക്ഷണങ്ങൾക്കും ബാഹ്യപ്രലോഭനങ്ങൾക്കും അവൾ വിധേയയായിരുന്നു. നമ്മെപ്പോലെ തന്നെ നന്മ-തിന്മകൾ ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പൂർണ്ണസ്വാതന്ത്ര്യം അവൾക്കുണ്ടായിരുന്നു. എന്നാലും മറിയം ആദ്യന്തം പാപരഹിതയായി ജീവിച്ചു. അതാണ് ദൈവമാതാവിന്റെ വലിയ ശ്രേഷ്ഠത. 

പാപം നിറഞ്ഞ ലോകത്തിൽ പാപരഹിതയായി ജീവിച്ചു. ആത്മാവിലും ശരീരത്തിലും ഒരുപോലെ പരിപൂർണ്ണ നിർമ്മലയായി ജീവിച്ച അവളെ പാപത്തിന്റെ നിഴൽ പോലും സ്പർശിച്ചിരുന്നില്ല. പാപവും പുണ്യവും ഹൃദയത്തിൽ നിന്നാണല്ലോ ഉത്ഭവിക്കുന്നത്. ഹൃദയത്തിലെ സ്നേഹമാണ് പാപ-പുണ്യങ്ങളെ തരംതിരിക്കുന്നത്. ഒരാൾ ദൈവത്തെ എല്ലാത്തിനും മേലായും പൂർണ്ണഹൃദയത്തോടും കൂടി സ്നേഹിക്കുകയും മറ്റുള്ളവയെല്ലാം ദൈവത്തോടു കൂടിയും ദൈവത്തെപ്രതിയും ദൈവത്തിൽ നിലനിർത്തിയും സ്നേഹിക്കുകയും ചെയ്താൽ പാപം അയാളെ സ്പർശിക്കുകയില്ല. പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്.

ദൈവത്തിൽ നിന്ന് അല്പമെങ്കിലും വ്യതിചലിച്ച് സ്വയപക്ഷം നിവർത്തിക്കാൻ മറിയം ഒരിക്കലും ശ്രമിച്ചിട്ടില്ല. അതാണ് മറിയത്തിന്റെ അതുല്യത. ദൈവത്തെ മറന്നോ, മറികടന്നോ ജീവിക്കാൻ തുടങ്ങുമ്പോൾ മനുഷ്യജീവിതത്തിൽ പരാജയം ആരംഭിക്കും. ദൈവമാതാവ് എന്ന നിലയിൽ പൂർണ്ണഹൃദയത്തോടും മുഴുമനസോടും സർവ്വശക്തിയോടും കൂടി മറിയം ദൈവത്തെ സ്നേഹിച്ചിരുന്നു. ദൈവത്തെയും ദൈവകാര്യങ്ങളെയും പറ്റി സദാ ഓർക്കുകയും അവയിൽ ധ്യാനിക്കുകയും ചെയ്തിരുന്ന അവളുടെ ജീവിതം സദാ നിർമ്മലമായിരുന്നു. പരിശുദ്ധ മറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്ന നിർമ്മലസ്നേഹത്തിന്റെ ജീവിക്കുന്ന വക്താക്കളായി നാം ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിച്ച് നമ്മുടെ ജീവിതത്തെ സമ്പൂർണ്ണമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.