പറേടത്തിലച്ചന്റെ ഒറ്റമൂലി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിയെട്ടാം ദിനം, ആഗസ്റ്റ് 22, 2022

വേറൊരുമരുന്നും കൂടാതെ ഒരു രോഗത്തെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധിയാണ് എന്നാണ് ഒറ്റമൂലിക്കുള്ള സാധാരണ നിർവചനം. ദിവ്യകാരുണ്യ മിഷനറി സഭയ്ക്കു പറേടത്തിലച്ചൻ നൽകിയ ഒറ്റമൂലിയാണ് ഇന്നത്തെ നമ്മുടെ ധ്യാന വിഷയം.

ദിവ്യകാരുണ്യ മിഷനറി സഭയെ പാലൂട്ടി വളർത്താൻ ജോസഫ് പറേടത്തിലച്ചൻ സഹിച്ച കഷ്ടപ്പാടുകൾ വാക്കുകൾക്കതീതമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ദിവ്യകാരുണ്യ മിഷനറി സഭയാകുന്ന ശിശുവിനെ പോറൽ ഏൽക്കാതെ വളർത്താൻ, സമചിത്തതയോടെ അച്ചൻ നിലകൊണ്ടു. 1933 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ പതിനാറു വർഷം വിക്കർ സുപ്പീരിയറായും ആറു വർഷം സുപ്പീരിയർ ജനറലായും പറേടത്തിലച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയിൽ നേതൃത്വ ശുശ്രൂഷ നിർവ്വഹിച്ചു.

ഈ അവസരത്തിൽ എന്തിനും ഏതിനും അച്ചനു ഒരു ഒറ്റമൂലി ഉണ്ടായിരുന്നു. “ദിവ്യകാരുണ്യ ഈശോയോടുള്ള അടിപതറാത്ത ഭക്തിയായിരുന്നു അത്.” ഒറ്റ വാക്കിൽ പറഞ്ഞാൽ വിശുദ്ധ കുർബാന. ഈ ഒറ്റമൂലി ഓരോ ദിവ്യകാരുണ്യ പ്രേഷിതൻ്റെയും ജീവിത ശൈലിയായി മാറുമ്പോൾ സഭയിലും സമൂഹത്തിലുമുള്ള പല പ്രശ്നങ്ങളും പരിഹാരം കണ്ടെത്താൻ കഴിയും.

ബഹുമാനപ്പെട്ട പറേടത്തിലച്ചനെപ്പോലെ വിശുദ്ധ കുർബാനയായിരിക്കട്ടെ പ്രശ്ന പരിഹാരങ്ങൾക്കുള്ള ആദ്യ വേദിയും ഒറ്റമൂലിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.