നീന റൂയിസ് അബാദ്: ചെറിയ കാര്യങ്ങളുടെ കുഞ്ഞുവിശുദ്ധ

“നിനക്ക് നീനയെ അറിയാമോ?” എന്ന ചോദ്യത്തിന് മയഗ്ബ എന്ന പെൺകുട്ടി പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു:

“എനിക്കറിയാം, എപ്പോഴും കഴുത്തിൽ ജപമാലയണിഞ്ഞു നടന്നിരുന്ന കുട്ടിയല്ലേ? പ്രാർഥിക്കാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടം ദൈവത്തോടായിരുന്നു.”

ഒറ്റശ്വാസത്തിൽ മയഗ്ബ പറഞ്ഞുതീർത്ത കാര്യങ്ങളിൽ നിന്നറിയാം നീന എന്ന കൊച്ചുവിശുദ്ധയുടെ ജീവിതം എത്ര ലളിതമായിരുന്നുവെന്ന്. 13 വർഷം മാത്രം ജീവിച്ചുമരിച്ച ആ കൊച്ചുവിശുദ്ധയെ നമുക്ക് പരിചയപ്പെടാം.

ജനനവും ബാല്യവും

ഫിലിപ്പിയൻസിലെ ഇലോകോസ് നോർട്ടെ പ്രവിശ്യയിലെ ഒരു പട്ടണമായ സരട്ടിൽ നിന്നുള്ള അഭിഭാഷക ദമ്പതികളുടെ മകളായിരുന്നു നീന റൂയിസ് അബാദ്. അവളും സഹോദരിയായ മേരി ആനും ക്യൂസോൺ സിറ്റിയിലാണ് ജനിച്ചതും വളർന്നതും. അവൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അവളുടെ പിതാവ് മരണമടയുന്നത്. അതിനുശേഷം 1988 ഏപ്രിലിൽ അവളുടെ കുടുംബം സരട്ടിലേക്ക് താമസം മാറി.

അവൾ പഠനത്തിൽ മിടുക്കിയായിരുന്നു. ഏറ്റവും ഉയർന്ന നിലയിൽ പ്രാഥമിക ബിരുദം നേടിയ നീന തുടർന്ന് മരിയാനോ മാർക്കോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലബോറട്ടറി സ്കൂളിൽ ഹൈസ്കൂൾ ഒന്നാം വർഷ ബിരുദവും നേടി. ആ കാലയളവിലാണ് അവളുടെ അമ്മ നീതിന്യായ വകുപ്പിന്റെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കമ്മീഷന്റെ ചീഫ് ഹിയറിംഗ് ഓഫീസറായി ചുമതലയേൽക്കുന്നത്. അതുകൊണ്ടുതന്നെ 1993 ജൂൺ മുതലുള്ള അവളുടെ ഹൈസ്‌കൂൾ പഠനം ക്യൂസൺ സിറ്റിയിലെ സ്‌കൂൾ ഓഫ് ഹോളി സ്പിരിറ്റിലേക്ക് മാറ്റേണ്ടതായിവന്നു.

അപൂർവ രോഗം

നീനയ്ക്ക് പത്തു വയസ്സുള്ളപ്പോഴാണ്, ഹൃദയപേശികൾ കട്ടിയുള്ളതായി മാറുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന ഒരു അപൂർവരോഗബാധിതയാണ് താനെന്ന് അവളറിയുന്നത്. ഇത് ഒരിക്കലും ഭേദമാക്കാനാവാത്ത ഒരു ഹൃദ്രോഗമായിരുന്നു. പുതിയ സ്കൂളിൽ പഠനമാരംഭിച്ച അതേ വർഷം തന്നെ ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ അവൾ മരണപ്പെടുകയും ചെയ്തു.

ചെറിയ ചെറിയ വലിയ കാര്യങ്ങൾ

അവൾ വലിയ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. എന്നാൽ ആ പതിമൂന്നു വയസ്സുകാരി ഒരുപാട് ചെറിയ കാര്യങ്ങൾ ചെയ്തു. അവയെല്ലാം ദൈവതിരുമുമ്പിൽ വലിയ കാര്യങ്ങളായിരുന്നു എന്നതാണ് അവളുടെ പ്രവൃത്തികളുടെ പ്രത്യേകത. അവളിലെ വിശ്വാസം വളരെ ആഴമേറിയതായിരുന്നു. അവൾ ചെയ്തിരുന്ന കൊച്ചുകൊച്ചു ജീവകാരുണ്യപ്രവർത്തികൾ അനേകരെ സ്വാധീനിച്ചിരുന്നതായി പലരും പങ്കുവച്ചിട്ടുണ്ട്.

ചെറിയ കുഞ്ഞായിരുന്നപ്പോൾ തന്നെ ദിവ്യബലിയിൽ അവൾ പുലർത്തിയിരുന്ന ഭക്തി അനിതരസാധാരണമായിരുന്നു. പരിശുദ്ധാത്മാവിനോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള ഭക്തിയും ആരാധനയും ആത്മബന്ധവും അവളിൽ നിറഞ്ഞുനിന്നിരുന്ന മറ്റു പ്രത്യേകതകളാണ്. ജപമാലകളും ബൈബിളുകളും പ്രാർഥനാപുസ്തകങ്ങളും വിശുദ്ധരുടെ ചിതങ്ങളും ഒരുപാടു പേർക്ക് നൽകുന്നതിലൂടെ ദൈവിക ഓർമ്മകൾ അവരിലേക്കും പകരാൻ അവൾ പരിശ്രമിക്കുമായിരുന്നു. ഒരു കുഞ്ഞ് എന്ന നിലയിൽ അവൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സുവിശേഷപ്രഘോഷണമായിരുന്നു അവ. അതുകൊണ്ടുതന്നെ അവൾ വലിയ ഉത്സാഹത്തോടെയാണ് അവ വിതരണം ചെയ്തിരുന്നത്. എപ്പോഴും കഴുത്തിൽ ജപമാലയണിഞ്ഞും വെള്ളവസ്ത്രങ്ങൾ ധരിച്ചും നടന്നിരുന്ന ആ കൊച്ചുവിശുദ്ധ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജപമാല ധരിച്ചുനടന്നിരുന്ന ആ കൊച്ചുവിശുദ്ധയെ നാട്ടുകാർ ഇന്നും ഓർക്കുന്നുണ്ട്.

“അവൾ ജീവിച്ചിരുന്ന കാലയളവിൽ ആ പെൺകുട്ടി മറ്റുള്ളവരിലേക്ക് സുവിശേഷം പകരുന്ന പ്രവൃത്തികൾ ചെയ്‌തിരുന്നു എന്നത് അസാധാരണമാണ്” – ലാവോഗിലെ ബിഷപ്പ് റെനാറ്റോ മയൂഗ്ബ പറയുന്നു.

കലിബോ രൂപതയിൽ അടുത്തിടെ നടന്ന എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്ലീനറി അസംബ്ലിയിൽ, നീനയുടെ വിശുദ്ധപദവിയിലേക്കുള്ള നടപടികൾ ആരംഭിച്ചു. ഔദ്യോഗികമായി വിശുദ്ധയാകാൻ വർഷങ്ങളെടുത്താലും അവളെ അറിയുന്നവർക്കെല്ലാം അവൾ ഇന്നും ഒരു വിശുദ്ധ തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.