മഞ്ഞുമാതാവിന്റെ തിരുനാൾ

ആഗസ്റ്റ് മാസം അഞ്ചാം തീയതി മഞ്ഞുമാതാവിന്റെ (Our Lady of the Snows) തിരുനാൾ ആഘോഷിക്കുന്നു. അതിന്റെ ചരിത്രത്തെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പാണിത്.

റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്താ മരിയ മജ്ജിയോരെ അഥവാ മേരി മേജർ ബസിലിക്ക. എ.ഡി. 352-ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച്, റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യയ്ക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തരാവകാശിയെ നിയോഗിച്ചുതരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം 5-ന് രാത്രി പരിശുദ്ധ മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിൻ കുന്നിൽ ഒരു ദേവാലയം പണിയാനാവശ്യപ്പെട്ടു. പള്ളിപണിയേണ്ട യഥാർഥസ്ഥലം മഞ്ഞുപെയ്യിച്ച് കാണിച്ചുതരാമെന്ന് പരിശുദ്ധ കന്യാമറിയം വാഗ്ദാനം കൊടുത്തു.

അതികഠിനമായ ഒരു വേനൽരാത്രി എസ്ക്വിലിൻ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞുപെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞുപെയ്തത്‌ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്ററ്റ്‌ മാസത്തിലെ അസാധരണമായ മഞ്ഞുവീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നുചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുതമഞ്ഞ് കാണാൻ നേരത്തെ എത്തിയിരുന്നു. മഞ്ഞുപെയ്ത സ്ഥലത്ത് പള്ളിപണി ആരംഭിച്ചു. രണ്ടുവർഷത്തിനുള്ളിൽ ദേവാലയനിർമ്മിതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദേവാലയം കൂദാശ ചെയ്തു. ഈ ദേവാലയനിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ലൈബീരിയൻ ബസിലിക്ക എന്നും മേരി മേജർ ബസിലിക്ക എന്നും അറിയപ്പെടുന്നു.

എ.ഡി. 431-ലെ എഫേസൂസ് കൗൺസിൽ പരിശുദ്ധ കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസലിക്കാ സെന്റ് മേരി മേജർ ബസിലിക്ക എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞുപെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ മഞ്ഞുമാതാവിന്റെ പള്ളി എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153).

വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലൂസ് പോപ്പുലി റോമാനി (the Protectress of the People of Rome) ‘റോമിലെ ജനങ്ങളുടെ സംരക്ഷക’ എന്ന മരിയൻചിത്രം ഈ ദേവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാപട്ടണം പ്ലേഗിൽ നിന്ന് പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1837-ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846), റോമിൽ കോളറ പടർന്നുപിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നുതന്നെ റോമാനഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷനേടി.

ലോക കത്തോലിക്കാ യുവജനസമ്മേളനത്തിലെ രണ്ട് പ്രതീകങ്ങളിലൊന്നാണ് സാലൂസ് പോപ്പുലി റോമാനിയുടെ ഐക്കൺ, മറ്റൊരു പ്രതീകം തീർഥാടക കുരിശാണ്. യുവജനങ്ങൾക്കിടയിൽ മറിയത്തിന്റെ സാന്നിധ്യത്തിന്റെ പ്രതീകമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2003-ലാണ് റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന ഐക്കൺ ഉപയോഗിക്കാൻ അനുവാദം നൽകിയത്.

ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാവർഷവും ആഗസ്റ്റ് അഞ്ചാം തീയതി മേരി മേജർ ബസിലിക്കയുടെ സമർപ്പണത്തിരുനാൾ ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.