ഇതാ നിന്റെ അമ്മ – 8

മൂന്നിലോ, നാലിലോ ഒക്കെ പഠിക്കുമ്പോൾ സ്റ്റേജിൽകയറി എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. കാര്യമായ കലാവാസന വീട്ടിൽ ആർക്കും ഇല്ലാത്തതിനാലും ഇക്കാര്യത്തിൽ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാൻ കഴിയാത്തതിനാലും കുറേനാൾ ഈ ആഗ്രഹവുമായി നടന്നു. അപ്പോഴാണ് ഇടവകവാർഷികം വന്നത്. പരിപാടി അവതരിപ്പിക്കാൻ ആഗ്രഹമുള്ളവർ പേര് നൽകണമെന്ന് വേദപാഠക്ലാസ്സിൽ ടീച്ചർ പറഞ്ഞു. കാത്തിരുന്നിട്ടുകാര്യമില്ല. ഇത്തവണ കാര്യം സാധിക്കുകതന്നെ. ഞാൻ തീരുമാനിച്ചു.

പേര് കൊടുക്കാൻ ചെന്നപ്പോഴാണ് ഏത് ഇനത്തിന് പേരുകൊടുക്കണമെന്ന് സംശയമുണ്ടായത്. എനിക്ക് പാട്ടും പ്രസംഗവും ഡാൻസും എല്ലാം ഒരുപോലെയാണ്. ഏതായാലും കുഴപ്പമില്ല. ഇത്ര ആത്മവിശ്വാസത്തോടെ ആരും പേരുകൊടുക്കാൻ ചെന്നുകാണില്ല. “ആരോടെങ്കിലും പറഞ്ഞ് ഒരു ചെറിയ പ്രസംഗം എഴുതിവാങ്ങി, അത് കാണാതെപഠിച്ച് പറഞ്ഞാൽമതി” – എന്റെ കഴിവുകളുടെ ആഴം മനസ്സിലാക്കിയിട്ടാവാം ടീച്ചർ ഉപദേശിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് പ്രസംഗം എഴുതിത്തരാൻ പറ്റിയ ആളെ അന്വേഷിച്ചുനടന്നു. ആരും എഴുതിത്തരാൻ തയാറായില്ല. വെറുതെ സമയം മിനക്കെടുത്തുന്നത് എന്തിനാണെന്ന് അവർ ചിന്തിച്ചതുകൊണ്ടാണെന്ന് നിങ്ങൾക്കു തോന്നും. പക്ഷേ, സത്യം അതല്ല. എന്റെ ഒരു നിലവാരത്തിന് പറ്റിയ പ്രസംഗം എഴുതാൻ ആ നാട്ടിൽ ആരും അന്നുണ്ടായിരുന്നില്ല (നാട്ടുകാർ എന്നെ ഓടിച്ചിട്ട് തല്ലുമോ ആവോ?)

അടുത്ത ആഴ്ചയിൽ ആരും പ്രസംഗം എഴുതിത്തന്നില്ല എന്ന് ഞാൻ ടീച്ചറോട് പരാതി പറയുകയും ടീച്ചർതന്നെ എഴുതിത്തരണമെന്ന് വാശിപിടിക്കാനും തുടങ്ങി. ടീച്ചർക്കും എന്റെ നിലവാരമില്ലാതിരുന്നതിനാൽ ടീച്ചർ ഒരു ഉപായം പറഞ്ഞു:

“നീ പ്രസംഗം പറയേണ്ട. മറിച്ച് പ്രകടപ്രസംഗം പറഞ്ഞാൽ മതി.”

“അതെന്ത് സാധനം?”

“അത് ഞാൻ പറഞ്ഞുതരാം.”

“ടീച്ചർ ബൈബിൾ തുറന്ന് സ്നാപകയോഹന്നാന്റെ പ്രസംഗം എടുത്ത് എന്നെ കേൾപ്പിച്ചു – ‘അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. ഞങ്ങൾക്ക് പിതാവായ അബ്രഹാം ഉണ്ടെന്നുപറഞ്ഞ് ആരും അഭിമാനിക്കേണ്ട. ഈ കല്ലുകളിൽനിന്ന് അബ്രാഹത്തിന് സന്താനങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞു’ – ഇത് അല്പം വികാരവായ്പോടെ പറഞ്ഞാൽമതി.”

“എങ്ങനെയാണ് വികാരവായ്പോടെ പറയുക?”

“അത് നീ സിനിമയിൽ സുരേഷ്‌ഗോപി പറയുന്നതുപോലെ പറഞ്ഞാൽമതി.” സംഗതി ഏറ്റു. ഞാൻ ഇപ്രാവശ്യം പ്രസംഗം പൊരിക്കണം എന്ന തീരുമാനത്തിലെത്തി. ഈ വാർഷികം കഴിയുന്നതോടെ ഞാൻ ഇടവകയിൽ അറിയപ്പെടുന്ന കലാകാരനാകുമെന്ന് സ്വയം ഉറപ്പിച്ചു.

പിറ്റേദിവസം മുതൽ ബൈബിൾഭാഗം കാണാതെ പഠിക്കാൻതുടങ്ങി. രാവിലെ കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഞാൻ കുരിശുവരയ്ക്കുന്നതിനു മുൻപേ ഉറക്കെ പറയും – “അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്ക് മുന്നറിപ്പ് നല്കിയതാരാണ്?”

‘കിടക്കപ്പായിൽ കിടന്ന് ചെറുക്കൻ പിച്ചുംപേയും പറയുകയാണല്ലോ കൊരട്ടിമുത്തി’ എന്നും പറഞ്ഞുകൊണ്ട് അടുക്കളയിൽ തീപൂട്ടുന്ന അമ്മ ഓടിവരും. സംഗതി മനസ്സിലാകുമ്പോൾ കയ്യിലിരിക്കുന്ന തവിക്കണകൊണ്ട് തലയിലൊന്നു തരും. അതോടെ അല്പം ഉമിക്കരിയുമെടുത്ത് പല്ലുതേക്കാൻ ഇറങ്ങും. കട്ടൻകാപ്പിയും കുടിച്ച് പള്ളിയിൽ പോവുകയുംവരികയും ചെയ്യുമ്പോൾ ഞാൻ ഉറക്കെ പറയും: “അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്ക് മുന്നറിപ്പ് നല്കിയതാരാണ്?”

കേൾക്കുന്നവർ, ഇവനെന്തോ കുഴപ്പമുണ്ടല്ലോ എന്നമട്ടിൽ എന്നെ നോക്കും. ഞാൻ വൈകാതെ ഒരു കലാകാരനാകാൻ പോകുന്നതുകൊണ്ട് അതൊന്നും കാര്യമാക്കിയില്ല. സ്‌കൂളിൽ പോകാൻ കുളിക്കുമ്പോഴും സ്‌കൂളിലേക്ക് പോകുന്നവഴിക്കും തിരികെവരുമ്പോഴും ‘അണലിസന്തതികളേ’ എന്ന് വിളിച്ചുകൊണ്ടിരുന്നു. കുരിശുവരയ്ക്കാൻ മുട്ടിൽനിൽക്കുമ്പോഴും ഒരു അണലിസന്തതികളെ അടിച്ചിട്ടാണ് കുരിശുവരയ്ക്കുക. വീട്ടിലുള്ളവർക്ക് എന്നെക്കൊണ്ട് ശല്യമായി. രാത്രി കിടക്കുമ്പോഴും മിനിമം മൂന്നുപ്രാവശ്യം ‘അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ നിങ്ങൾക്ക് മുന്നറിപ്പ് നല്കിയതാരാണ്?’ എന്നൊന്ന് നീട്ടിച്ചോദിക്കും. ഇങ്ങനെ പ്രാക്ടീസോട് പ്രാക്ടീസ്.

അങ്ങനെ വാർഷികത്തിന്റെ ദിവസം സമാഗതമായി. കൂട്ടുകാരെല്ലാം ഹാളിലാണ്. പരിപാടി അവതരിപ്പിക്കാനുള്ളതുകൊണ്ട് ഞാൻ നേരത്തെ പോയി സ്റ്റേജിന്റെ പിറകിൽ സ്ഥലംപിടിച്ചു. വൈകാതെ ഞാൻ അറിയപ്പെടുന്ന കലാകാരനാകാൻ പോവുകയാണ് എന്ന ചിന്ത എന്നെ നമ്രശിരസ്കനാക്കി. പതിവുപോലെയുള്ള കാര്യക്രമങ്ങൾ. ഈശ്വരപ്രാർഥന, സ്വാഗതം, ഉദ്ഘാടനം, അധ്യക്ഷപ്രസംഗം എല്ലാം കഴിഞ്ഞ് കാലാപരിപാടികളിലേക്കു കടന്നു. വൈകാതെ എന്റെ ഊഴമെത്തി. മൈക്കിൽ എന്റെ പേര് വിളിച്ചുപറഞ്ഞു, “പ്രകടപ്രസംഗം – സിജോ കണ്ണമ്പുഴ.”

ഇൻ ഹരിഹർ നഗർ സിനിമയിൽ ജോണ് ഹോനായ് വരുന്നതുപോലെ ഞാൻ സ്റ്റേജിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ഇലക്ട്രിഷ്യൻ ബാബുച്ചേട്ടൻ വന്ന് മൈക്ക് എന്റെ പാകത്തിനാക്കിത്തന്നു. ടീച്ചർ, റെഡിയല്ലേ എന്നു ചോദിച്ചു. കലാകാരനാകാനുള്ള തിരക്കിൽ ഞാൻ ‘അതെ’ എന്നുപറഞ്ഞു (അര മണിക്കൂർ മുൻപ് വേണമെങ്കിൽ ‘അതെ’ എന്നുപറയാനും ഞാൻ റെഡി ആയിരുന്നു). കർട്ടൻ പൊക്കുന്ന റജിച്ചേട്ടൻ ‘പൊക്കട്ടെ’ എന്ന് എന്നോടു ചോദിച്ചു. ഞാൻ സ്വന്ത്രമായ മനസ്സോടും പൂർണ്ണമായ സമ്മതത്തോടും കൂടെ ‘സമ്മതമാണ്’ എന്നുപറഞ്ഞു. ചേട്ടൻ കർട്ടൻ പൊക്കി. അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായത്.

ആയിരമല്ല, പതിനായിരമല്ല, തൊള്ളായിരക്കണക്കിനാളുകൾ എന്നെ മാത്രം സാകൂതം വീക്ഷിച്ചുകൊണ്ടുനിൽക്കുന്നു. ഇന്നുവരെ ഇത്രയും ആളുകൾ എന്നെ ഒരുമിച്ചുനോക്കിയിട്ടില്ല. ശക്തമായ വെളിച്ചം അപ്പോഴേക്കും എന്റെ കണ്ണിലടിക്കാൻ തുടങ്ങി. അതോടെ അടുത്തുള്ളതൊന്നും എനിക്ക് കാണാൻപറ്റാതായി. മുൻപിലിരിക്കുന്ന എന്റെ ചില കൂട്ടുകാർ കൈവീശി കാണിക്കുന്നതായി എനിക്ക് തോന്നി. ഇവനെന്താണാവോ പറയാൻപോകുന്നത് എന്ന മട്ടിൽ ടീച്ചർ സ്റ്റേജിന്റെ  മൂലയിൽത്തന്നെയുണ്ട്.

ഞാൻ ഒന്നുകൂടി എല്ലാവരെയും നോക്കി. സ്റ്റേജിൽ കയറി ഏതാനും സെക്കന്റുകളായിട്ടും ഒന്നും മിണ്ടാതെനിൽക്കുന്ന എന്നെ നോക്കി ആളുകൾ ചിരിക്കാൻ തുടങ്ങി. അവരുടെ മുഖം മനസ്സിൽ ധ്യാനിച്ച് ഞാൻ വച്ചുകാച്ചി “അണലിസന്തതികളേ…” അല്പം ബാസ്സും ട്രബിളും എല്ലാം കൂട്ടിയാണ് വിളിച്ചത്. അതോടെ എല്ലാവരും ശാന്തരായി. അവരെയാണ് വിളിച്ചതെന്ന് ആളുകൾക്ക് സംശയമുണ്ടാകുമോ എന്നെനിക്ക് തോന്നി. ആ വാക്കിനുശേഷമുള്ള ‘ആസന്നമായ ക്രോധത്തിൽ നിന്ന്’ – എന്നുതുടങ്ങുന്ന ഭാഗം എനിക്ക് പിന്നെ ഓർമ്മയിൽ വരാതായി. ഇനി എന്താണ് പറയേണ്ടതെന്ന് ഓർമ്മ വരാതായപ്പോൾ എനിക്ക് കാലുമുതൽ തലവരെ ഒരു മിന്നൽപ്രവാഹം അനുഭവപ്പെട്ടു. ഇതെല്ലാം സെക്കന്റുകൾക്കുള്ളിൽ കഴിഞ്ഞു. സ്റ്റേജിൽ ഞാൻ വന്നിട്ട് അര മിനിറ്റായി. ഇതുവരെ ആളുകളെ തെറിവിളിക്കുന്നതുപോലെ ഒരു ‘അണലിസന്തതികളേ’ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

ഞാൻ ആദ്യേ കൂദ്യേ ഒരിക്കൽക്കൂടി തുടങ്ങാൻ തീരുമാനിച്ചു. ശബ്ദം ശരിയാക്കി നല്ല ബാസ്സിൽ ഒന്നുകൂടി വിളിച്ചു: “അണലിസന്തതികളേ…” ഇതുകേട്ട് ആളുകൾ പതിയെ ചിരിക്കാൻതുടങ്ങി. എനിക്ക് ബാക്കിയുള്ള ഭാഗം ഓർമ്മ വരുന്നില്ല. ഇനി എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ നിന്ന് പരുങ്ങി. വൈകാതെ ഈ ഇടവകയിലെ ഏറ്റവും നല്ല കലാകാരനാകേണ്ട ആളാണെന്ന കാര്യം എന്റെ മനസ്സിലേക്കുവന്നു. ഞാൻ ഒരു ശ്രമംകൂടെ നടത്താൻ തീരുമാനിച്ചു. ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നാണല്ലോ ബനാന ടോക്ക്. ഞാൻ ഒന്നുകൂടി എന്റെ ഇടവകക്കാരെ സ്നേഹത്തോടെ വിളിച്ചു: “അണലിസന്തതികളേ…” പ്രതീക്ഷിച്ചതുപോലെ കൂടെയുള്ള ‘ആസന്നമായ ക്രോധത്തിൽ നിന്ന്…’ കൂടെ വന്നില്ല.

മൂന്നാമതും ഞാൻ അണലിസന്തതികളേ വിളിച്ചപ്പോൾ എന്നെ സഹായിക്കാനാകണം എന്റെ ഒരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞു: “അത് ഞങ്ങൾ കേട്ട്, ബാക്കി നീ പറഞ്ഞോ.” ഇതുകേട്ട് ആളുകൾ വലിയവായിൽ ചിരിക്കാൻ തുടങ്ങി. അതോടെ എന്റെ ഉള്ള ഗ്യാസ് പോയി. ഞാൻ പതുക്കെ സ്റ്റേജിൽ നിന്നിറങ്ങി പൈപ്പിനു ചുവട്ടിൽ പോയി മുഖംകഴുകി. നാട്ടുകാരുടെ മുൻപിൽ കലാകാരനാകാൻപോയ ഞാൻ ബാക്കി ഒരു പരിപാടിയും കാണാൻനിൽക്കാതെ വീട്ടിലേക്കോടി. അന്ന് പിന്നെ എന്തുസംഭവിച്ചു എന്നത് വായനക്കാരുടെ ഹോം വർക്കിനായി വിടുന്നു. അന്നുമുതൽ കുറേനാൾ എന്നെ ആരുകണ്ടാലും അപ്പോൾ വിളിക്കും, “അണലിസന്തതികളേ.”

മുപ്പതിലധികം വർഷങ്ങൾക്കുമുൻപ് എനിക്കുണ്ടായ ഈ അനുഭവത്തെ ഇപ്പോഴും ചെറുപുഞ്ചിരിയോടെ ഞാൻ ഓർക്കും. പല ധ്യാനങ്ങളിലും ക്ലാസ്സുകളിലും ഞാനിത് പങ്കുവയ്ക്കാറുണ്ട്. ഏറ്റവും നിസ്സാരനും ധാരാളം പരിമിതികളുള്ളവനുമായ എന്നെപ്പോലും ദൈവം തന്റെ മഹത്വത്തിനായി ഉപയോഗിക്കുന്നതിനെയോർത്ത് നന്ദിയല്ലാതെ ഒന്നുംപറയാനില്ല.

കർത്താവെന്നും അന്ന്വേഷിച്ചിറങ്ങുന്നത് നിസ്സാരരെയും ചെറിയവരെയുമാണ്. അവന്റെ തിരഞ്ഞെടുപ്പിലെല്ലാം അത് സ്പഷ്ടമാണ്. നീ തിരഞ്ഞെടുക്കപ്പെടുന്നതുതന്നെ നീ ചെറുതായതുകൊണ്ടാണ്. വയോധികനായ അബ്രാഹവും വിക്കനായ മോശയും ഇടയച്ചെറുക്കനായ ദാവീദും മുക്കുവന്മാരായ ശിഷ്യന്മാരുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. അവന്റെ രക്ഷയുടെ സുവിശേഷം സ്വീകരിച്ച ബർത്തിമേയൂസും സക്കായിയും പാപിനിയും രക്തസ്രാവക്കാരിയുമെല്ലാം മറ്റുള്ളവരാൽ അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായിരുന്നു. നീ തിരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക൦, അതിനർഥം നീ അവന്റെ  കണ്ണുകളിൽ നിസ്സാരനാണ് എന്നുതന്നെയാണ്.

എലിസബത്തിനെ ശുശ്രൂഷിക്കാനെത്തിയ മറിയത്തെ എലിസബത്ത് ആദരിക്കുന്നുണ്ട്, അവളെ സ്തുതിക്കുന്നുണ്ട്. തന്റെ ഉദരത്തിൽ ഉരുവായിരിക്കുന്നത് ഇസ്രായേലിന്റെ രക്ഷകനാണെന്നു അർഥശങ്കയ്ക്കിടയില്ലാതെ മറിയം മനസ്സിലാക്കുകയാണ്. തുടർന്നുള്ള മറിയത്തിന്റെ സ്തോത്രഗീതത്തിൽ അവൾ സ്വയം വിശേഷിപ്പിക്കുന്നത് ഭാഗ്യവതിയെന്നും ദാസിയെന്നുമാണ്. താൻ എത്രമാത്രം നിസ്സാരയാണെന്ന് മറിയം തിരിച്ചറിഞ്ഞിരുന്നു. ആ ഹൃദയ എളിമയാണ് അവളെ ഉയർത്താൻ, നരകത്തെപ്പോലും ഭയപ്പെടുത്തുന്ന നാമമാകാൻ കാരണമായത്.

ഒന്നുമില്ലാതിരുന്ന, ഒന്നുമല്ലാതിരുന്ന ഒരു ഗ്രാമീണപെൺകൊടിയുടെ ജന്മദിനമാണിന്ന്. പക്ഷേ, ദൈവത്തിന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ടവളെന്ന വലിയ പ്രത്യേകത അവൾക്കുണ്ട്. ആ തിരഞ്ഞെടുപ്പിലും അവൾ പുലർത്തിയ എളിമയും വിധേയത്വവും ദൈവാശ്രയബോധവും നമുക്കെല്ലാവർക്കും അനുകരണീയമാണ്. ദൈവത്തിന്റെ അമ്മയായില്ലെങ്കിൽപോലും ഒരു വിശുദ്ധയാകുമായിരുന്നു അവളെന്ന് ഞാൻ വിശ്വസിക്കുന്നു. അത്രമാത്രം ഹൃദയനൈർമ്മല്യവും സഹാനുഭൂതിയും പരസ്നേഹവും അവളിലുണ്ടായിരുന്നു.

തന്റെ പരിമിതികളിലും ദൈവത്തിന് ഇടമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. തന്റെ പോരായ്മകളിലും അവന് പ്രവർത്തിക്കാനാകുമെന്ന് അവൾ വിശ്വസിച്ചു. ദൈവത്തിന് എടുത്തുപയോഗിക്കാൻ അവൾ അവളുടെ ജീവിതം വിട്ടുകൊടുത്തു. ദൈവാത്മാവിനു പ്രവേശിക്കാൻ അവൾ അവളുടെ ജാലകങ്ങൾ തുറന്നുകൊടുത്തു. പ്രതിസമ്മാനമായി അവൾ ദൈവത്തിന്റെ അമ്മയാകുന്നു. സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയാകുന്നു.

അമ്മ നമ്മെ ഓർമിപ്പിക്കുന്നത് ഒന്നുമാത്രമാണ്, കർത്താവിനു പ്രവർത്തിക്കാൻ നാം ഇടംനൽകണം. അവനായിരിക്കണം നമ്മുടെ ജീവിതത്തിലെ പ്രഥമവും പ്രധാനവുമായ ഇടം. ബാക്കിയെല്ലാം കർത്താവ് ക്രമീകരിക്കും.

തിരുനാൾ മംഗളങ്ങൾ!

ഫാ. സിജോ കണ്ണമ്പുഴ OM 

ഇതാ നിന്റെ അമ്മ ഇവിടെ അവസാനിക്കുന്നു. വായിക്കാൻ സന്മനസ്സ് കാണിച്ചവർക്ക്, നല്ല വാക്കുകൾ എഴുതിയവർക്ക് നന്ദി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.