ഇതാ നിന്റെ അമ്മ – 7

“നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണം. നമ്മുടെ സർക്കാർ, ശിശുദിനവുമായി ബന്ധപ്പെട്ട് ഒരു സ്റ്റാമ്പ് ഇറക്കുന്നുണ്ട്‌. എല്ലാവരും അത് വാങ്ങണം” – ബെല്ലടിച്ച് കുട്ടികളെല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതിനു മുൻപായി രാധാമണി ടീച്ചർ പറഞ്ഞു.

“ശരി ടീച്ചറേ.” ആരൊക്കെയോ വലിയവായിൽ ഉത്തരം പറയുന്നുണ്ട്. ഞാനും പിന്നെ എന്നെപ്പോലെ വേറെ കുറച്ചുപേരും ഒന്നും മിണ്ടിയില്ല.

അപ്പോൾ ആരോ വിളിച്ചുചോദിച്ചു: “എല്ലാരും വാങ്ങണാ?”

“ആ, എല്ലാരും വാങ്ങണം.” ടീച്ചർ മറുപടി പറഞ്ഞു.

ടീച്ചർ പിന്നെയും ആവർത്തിച്ചു. “എല്ലാരും മറക്കാതെ നാളെ രണ്ടുരൂപ കൊണ്ടുവരണം. മനസ്സിലായോ?”

“ഉവ്വ ടീച്ചറെ.” പഴയ കുട്ടികൾ പിന്നെയും ഉത്തരം പറഞ്ഞു.

ബെല്ലടിച്ചു, എല്ലാവരും പിരിഞ്ഞു. വൈകാതെ വീട്ടിലെത്തി. എത്തിയവഴി ബാഗ് മേശപ്പുറത്തേക്കെറിഞ്ഞ് കളിക്കാനോടി. വൈകിട്ടാണ് ഭക്ഷണസമയത്ത് സ്റ്റാമ്പിന്റെ കാര്യം അമ്മയോടു പറഞ്ഞത്.

“രാവിലെ അപ്പച്ചനോടു പറയ്.” അമ്മ പന്തുതട്ടി സൗകര്യപൂർവ്വം അടുത്ത കളത്തിലേക്കിട്ടു.

അപ്പൻ അപ്പോഴും എത്തിയിട്ടില്ല. അപ്പന്റെ ദിവസം തീരാൻ ഇനിയും സമയമെടുക്കും. മിക്കവാറും ദിവസങ്ങളിൽ വരുന്നത് കാണാറില്ല. എഴുന്നേൽക്കുമ്പോഴാണ് അപ്പച്ചനെ കാണുക. രാവിലെ എഴുന്നേറ്റ് കുളിച്ച് രൂപത്തിനുമുന്നിൽ അപ്പൻ കുരിശുവരയ്ക്കുകയാണ്. സാധാരണ അപ്പോഴാണ് എല്ലാവരും അവരവരുടെ ആവശ്യങ്ങളുമായി എത്തുക.

പെങ്ങന്മാർ ബസ് കാശ് ചോദിക്കുന്നതും, റേഷൻകടയിൽ പോകാൻ പൈസ നൽകുന്നതും, കുറിവയ്ക്കാനുള്ള ദിവസമായെന്ന് ഓർമ്മിപ്പിക്കുന്നതുമെല്ലാം അപ്പോഴാണ്. എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള പൈസ കയ്യിൽ കാണില്ല. അപ്പോൾ അപ്പൻ പറയും – “നാളെയാകട്ടെ.”

ഞാനും ചേട്ടനും (ഇരട്ടസഹോദരനാണ്; ചേട്ടൻ എന്നൊന്നും വിളിക്കാറില്ല) അപ്പച്ചന്റെ മുൻപിൽ നിൽക്കുന്നു. എല്ലാവരുടെയും ആവശ്യങ്ങൾക്ക് തീർപ്പുകല്പിച്ച് അപ്പച്ചൻ ഞങ്ങളുടെനേരെ നോക്കി. അടുത്ത സ്‌കൂളിൽ പഠിക്കുന്നതിനാലും ചെറിയ ക്ലാസ്സുകളിൽ ആയതിനാലും ഞങ്ങൾ വലിയ ആവശ്യങ്ങളൊന്നും അവതരിപ്പിക്കാറില്ല.

“ഇനി നിങ്ങൾക്കെന്താ വേണ്ടേ?”

സ്റ്റാമ്പ് വാങ്ങാൻ രണ്ടുരൂപ വേണമെന്ന കാര്യം അറിയിച്ചു.

“രണ്ടുരൂപയുടെ സ്റ്റാമ്പ് മക്കൾ വാങ്ങേണ്ട.” അപ്പച്ചൻ വേഗം തീർപ്പ് കല്പിച്ചു.

“അയ്യോ! അത് പറ്റില്ല. എല്ലാരും വാങ്ങണമെന്നാണ് ടീച്ചർ പറഞ്ഞത്.”

“എന്നാൽ നിങ്ങൾ രണ്ടാളുംകൂടി ഒരെണ്ണം വാങ്ങിക്കോ.”

“അയ്യോ, അതും പറ്റില്ല. രണ്ടുപേർക്ക് രണ്ടെണ്ണം തന്നെ വാങ്ങണം.”

“അപ്പൊ നാല് രൂപയോ?”

“ആ, നാല് രൂപ.”

“ടീച്ചറോട് എന്നാണ് സ്റ്റാമ്പ് വാങ്ങേണ്ട അവസാന ദിവസം എന്നുചോദിക്ക്; എന്നിട്ടുവാ. അപ്പോൾ നമുക്ക് വാങ്ങാം.” അപ്പൻ തൽക്കാലത്തേക്ക് രക്ഷപെട്ടു. സ്റ്റാമ്പ് വാങ്ങാനുള്ള പൈസ വാങ്ങാൻ ചെന്ന ഞങ്ങൾ ശശികളായി.

അന്ന് സ്‌കൂളിൽ ചെന്ന് അസംബ്ലി കഴിഞ്ഞപ്പോൾ ടീച്ചർ ഭംഗിയുള്ള സ്റ്റാമ്പ് എടുത്ത് എല്ലാവരെയുംകാണിച്ചു. നല്ല രസമുള്ള, പല വർണ്ണത്തിലുള്ള സ്റ്റാമ്പ്. പൈസ കൊണ്ടുവന്നവർ ഓരോരുത്തരായി ടീച്ചറെ സമീപിക്കാൻ ആവശ്യപ്പെട്ടു. ആൺകുട്ടികളെല്ലാവരും ഷർട്ടിന്റെയും ട്രൗസറിന്റെയും പോക്കറ്റുകളിൽ നിന്നായി നാണയത്തുട്ടുകൾ തപ്പാൻതുടങ്ങി. ആരുടെയൊക്കെയോ ഒറ്റരൂപാ നാണയങ്ങളും രണ്ടുരൂപാ നാണയങ്ങളും ക്ലാസ്സിലെ തറയിൽ വീണ് ഉരുണ്ടുപോകുന്നുണ്ട്. ചിലത് ബഞ്ചിനടിയിലേക്കും ചിലത് ബാഗിനടിയിലേക്കും മറ്റുചിലത് ചോറുപാത്രങ്ങൾ വച്ചിരിക്കുന്ന മൂലയിലേക്കും ഓടിക്കയറുന്നുണ്ട്. എല്ലാവരും ഓടിപ്പോകുന്ന നാണയങ്ങളുടെ പിന്നാലെ ഓടുന്നുണ്ട്. പെൺകുട്ടികളെല്ലാവരും അവരുടെ ബാഗിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് സൂക്ഷിച്ചിരുന്ന നാണയങ്ങളെടുത്ത് കയ്യിൽ പിടിച്ചു. ഓരോരുത്തരായി ഹാജർ വിളിക്കുന്ന ക്രമത്തിൽ ടീച്ചറെ സമീപിച്ചു. ആദ്യദിവസം ഏകദേശം പകുതിയിലേറെപേർ കൊടുത്തു കഴിഞ്ഞു. സ്റ്റാമ്പ് കിട്ടിയവരെല്ലാം അതുമായി അവരവരുടെ സ്ഥലങ്ങളിലെത്തി. അതിനെക്കുറിച്ച് വർണ്ണിക്കുന്നു. വാങ്ങാത്തവർ അത് കയ്യിലെടുക്കാനും നോക്കാനും കെഞ്ചുന്നു.

പൈസ കൊണ്ടുവന്നവരെല്ലാം കൊടുത്തുകഴിഞ്ഞപ്പോൾ ഞാൻ ചേട്ടനെ നോക്കി; അവൻ എന്നെയും. പിന്നെ ഒന്നുംമിണ്ടാതെ ഞാൻ എഴുന്നേറ്റുപോയി ടീച്ചറുടെ മേശയ്ക്കരികിലെത്തി. എന്നിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു: “ടീച്ചറേ, എന്നാണ് സ്റ്റാമ്പ് വാങ്ങേണ്ട അവസാന ദിവസം?”

“വെള്ളിയാഴ്ച.” ടീച്ചർ അറ്റൻഡൻസ് രജിസ്റ്ററിൽ നിന്ന് തലയുയർത്താതെ ഉത്തരം പറഞ്ഞു.

പിറ്റേന്നു രാവിലെ രൂപക്കൂടിനുമുന്നിൽ അപ്പച്ചൻ കുരിശുവരയ്ക്കാൻ നിൽക്കുന്നു. എല്ലാവരും അവരവരുടെ പരാതികളും ആവശ്യങ്ങളുമായി ചുറ്റിലുമുണ്ട്.  പ്രതീക്ഷയോടെ ഞങ്ങൾ പറഞ്ഞു, വെള്ളിയാഴ്ചവരെ മാത്രമേ സമയമുള്ളൂ എന്നാണ്  ടീച്ചർ പറഞ്ഞത്.

“ഇന്ന് എന്താഴ്ചയാണ്?”

“ചൊവ്വാഴ്ച.”

“എങ്കിൽ ഇനിയും സമയമുണ്ടല്ലോ?”

അപ്പച്ചൻ ഗ്ളാസ്സിലിരുന്ന ചായ വലിച്ചുകുടിച്ചു. പകുതി മാത്രമേ കുടിക്കൂ.

“ആ ഗ്ളാസ്സിലുള്ളതുമുഴുവൻ കുടിച്ചുകൂടെ? ഇനി എപ്പോഴാണ് ഒരു തുള്ളി വെള്ളമിറക്കുക എന്ന് ദൈവത്തിനുമാത്രമറിയാം. ഇത് മുഴുവൻ കുടിച്ചുകൂടെ?”

അമ്മയുടെ ആവലാതി കേൾക്കാത്തതുപോലെ അപ്പച്ചൻ വണ്ടിയുടെ ചാവിയുമെടുത്ത് പുറത്തേക്കിറങ്ങി. അപ്പച്ചൻ പുറത്തേക്കിറങ്ങിയപ്പോഴേക്കും ഞാനും ചേട്ടനുംകൂടി അപ്പച്ചൻ കുടിച്ചുവച്ച ഗ്ളാസ്സിൽ പിടുത്തമിട്ടിരുന്നു. അപ്പച്ചന് കൊടുക്കുന്ന ചായയുടെ ബാക്കി ഞങ്ങൾ, ആണ്മക്കളുടെ അവകാശമായിരുന്നു. ഗ്ളാസ്സിൽ ബാക്കിയുള്ളത് പകുതിവീതം ഞങ്ങൾ കുടിക്കുമായിരുന്നു. ഞങ്ങളത് കുടിക്കാൻ കാത്തുനിൽക്കുകയാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അപ്പൻ അതിൽ പകുതി ബാക്കിവയ്ക്കുന്നത്. പാലൊക്കെ ലക്ഷ്വറി ആയിരുന്ന കാലം. ഉരിപ്പാലുകൊണ്ട് ആറുപേർക്ക് ചായയുണ്ടാക്കുന്ന അത്ഭുതയന്ത്രം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു.

അന്നും ഹാജർവിളി കഴിഞ്ഞപ്പോൾ സ്റ്റാമ്പ് വിതരണമുണ്ടായി. കുറച്ചു കുട്ടികളുംകൂടി സ്റ്റാമ്പ് വാങ്ങി. വാങ്ങാത്തവർ എത്രയുംവേഗം തന്നെ വാങ്ങണമെന്ന് ടീച്ചർ ഓർമ്മിപ്പിച്ചു.

പിറ്റേദിവസം കുരിശുവരയ്ക്കാൻ നിൽക്കുന്ന അപ്പന്റെ മുന്നിലേക്ക് പ്രതീക്ഷയോടെ ഞങ്ങൾ ചെന്നു.

“അപ്പച്ചാ സ്റ്റാമ്പ്.”

“ഇന്ന് എന്താഴ്ചയാണ്?”

“ബുധൻ.”

“എന്നാണ് അവസാന ദിവസം?”

“വെള്ളിയാഴ്ച.”

“അപ്പോൾ എത്ര ദിവസമുണ്ട്?”

“രണ്ടു ദിവസം.”

“ആ, അപ്പോഴേക്കും ശരിയാക്കാം.”

അന്ന് ഹാജർവിളി കഴിഞ്ഞപ്പോൾ ഏതാനും പേര് കൂടി സ്റ്റാമ്പ് വാങ്ങി. ഇനി വാങ്ങാൻ അധികം പേരൊന്നും ബാക്കിയില്ല. വാങ്ങാത്തവർ കൈപൊക്കാനായി ടീച്ചർ ആവശ്യപ്പെട്ടു. കുനിഞ്ഞ തലയുമായി ഏതാനും കൈകൾ ക്ലാസ്സ്മുറിയിൽ ഉയർന്നു. ആ കൈകൾക്ക് ഉടമസ്ഥനുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നവിധമായിരുന്നു അവ ഉയർന്നുനിന്നത്.

അങ്ങനെ വെള്ളിയാഴ്ച വന്നെത്തി. അപ്പൻ കുരിശുവര കഴിഞ്ഞുനിൽക്കുന്നു. ആവലാതികൾ ബോധിപ്പിക്കാനുള്ളവരുടെ തിക്കിനും തിരക്കിനുംശേഷം ഞാനും ചേട്ടനും കോറസ്സായി ഏറ്റുപാടി, “അപ്പച്ചാ സ്റ്റാമ്പ്.”

“ഏത് സ്റ്റാമ്പ്?” ഇതുവരെ ഒന്നും കേൾക്കാത്തപോലെ അപ്പച്ചൻ, കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ റോളിലേക്കു കടന്നു.

ശിശുദിനം – സ്റ്റാമ്പ് – ടീച്ചർ – സ്‌കൂൾ എല്ലാം പിന്നെയും വിസ്തരിച്ചുപറഞ്ഞു.

“എന്നാണ് അവസാന ദിവസം?”

ചോദിച്ചു തീരുന്നതിനുമുൻപ് ഞങ്ങൾ പറഞ്ഞു “ഇന്നാണ്.”

“എത്ര പൈസയാണ്?”

“രണ്ടു രൂപ.”

“ഇന്നാ, രണ്ടുരൂപാ.”

അപ്പൻ, ഒറ്റരൂപയുടെ രണ്ടുനാണയങ്ങൾ മേശപ്പുറത്തു വച്ചു. ചേട്ടൻ അതിൽ ചാടിവീണു.

“അയ്യോ, ഇതുപോരാ. ഇനിയും വേണം രണ്ടുരൂപാ കൂടെ.”

“അതെന്തിനാ? ഒരെണ്ണം വാങ്ങിയാൽ പോരെ? നിങ്ങൾ ഒരു വീട്ടിലുള്ളതാണെന്ന് ടീച്ചറോട് പറയ്.”

“അത് ടീച്ചർക്കറിയാം. പക്ഷേ, എല്ലാവരും ഓരോന്നുവീതം വാങ്ങണമെന്നാണ് ടീച്ചർ പറഞ്ഞത്.”

അപ്പൻ മനസ്സില്ലാമനസ്സോടെ എവിടെനിന്നോ ഒരു രണ്ടുരൂപാ നാണയംകൂടി മേശപ്പുറത്തു വച്ചു. സ്വർഗം കിട്ടിയ സന്തോഷത്തോടെ ഞാനത് സ്വന്തമാക്കി. മുഖം ട്യൂബ് ലൈറ്റ് ഇട്ടപോലെ പ്രകാശമാനമായി. ചോറുണ്ട്, സ്‌കൂളിൽ പോകാനൊരുങ്ങി. വീട്ടിൽ നിന്നിറങ്ങുമ്പോൾമുതൽ വഴിയിൽകണ്ട എല്ലാവരെയും ആ രണ്ടുരൂപാ നാണയം കാണിച്ചു. അന്ന് സ്റ്റാമ്പ് വാങ്ങാൻ രണ്ടുരൂപയുമായി വന്ന മറ്റുള്ളവരുടെ കയ്യിലുള്ള നാണയങ്ങളും എന്റെ കയ്യിലുള്ള നാണയവുമായി വ്യത്യാസങ്ങളും പൊരുത്തങ്ങളും കണ്ടുപിടിച്ചു. ചിലരുടെ കയ്യിലുള്ള രണ്ടുരൂപാ നോട്ടുകളെടുത്ത് ഭംഗിനോക്കി. ത്രിവേണി ജംക്ഷൻ കഴിഞ്ഞ് ദേവസ്സിച്ചേട്ടന്റെ കടയുടെ മുന്നിലൂടെ കയ്യിൽ രണ്ടുരൂപയുമായി മുമ്പോട്ടുപോവുകയാണ്. കോനുപറമ്പൻ ദേവസ്സിച്ചേട്ടന്റെ വീടിനു മുന്നിലുള്ള കുളത്തിലേക്ക് പതിവുപോലെ കല്ലുകളെടുത്തെറിഞ്ഞ് പാടത്തേക്കു കടന്നു.

കൊയ്‌ത്തെല്ലാം കഴിഞ്ഞ് പാടമെല്ലാം വിണ്ടുകീറിക്കിടക്കുകയാണ്. വിണ്ടുകീറിയ നിലത്തിലൂടെ കുട്ടികളെല്ലാം സ്‌കൂളിനെ ലക്ഷ്യമാക്കിനടക്കുന്നു. കൊയ്ത്തിനുമുമ്പ് പാടവരമ്പത്തുകൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ എല്ലാവരും കൊയ്ത്തുകഴിഞ്ഞ പാടത്തൂടെതന്നെ നടക്കുകയാണ്.

ഞാൻ കയ്യിലിരിക്കുന്ന രണ്ടുരൂപാ നാണയം മുകളിലേക്ക് എറിയുന്നു. താഴെവീഴാതെ കൈകൊണ്ടു പിടിക്കുന്നു. സ്‌കൂളിലേക്കുള്ള വഴിയിൽ ഈ സാഹസകൃത്യം ചെയ്തുകൊണ്ടാണ് ഞാൻ പോകുന്നത്. കൂടെയുള്ളവരെല്ലാം എന്റെ വീരകൃത്യം കാണുന്നുണ്ട്; പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രോത്സാഹനത്തിൽ മതിമറന്ന് ഞാൻ അത് പിന്നെയും കൂടുതൽ മുകളിലേക്ക് എറിയുന്നു.

രണ്ടുരൂപാ നാണയം മുകളിലേക്കെറിഞ്ഞും കൈനീട്ടിപ്പിടിച്ചും ഞാൻ യാത്രതുടരുന്നതിനിടയിൽ കാലേതോ കുഴിയിൽ പോയി, മുകളിലേക്കെറിഞ്ഞ നാണയം വീഴുന്നിടത്തേക്ക് കൈനീട്ടിയെങ്കിലും, കയ്യിൽ നിൽക്കാതെ അത് നിലത്തേക്കുപോയി. പെട്ടെന്നാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്. ഒരു ഉൾഭയത്തോടെ വേഗം ഞാൻ താഴേക്കുനോക്കി. ഇല്ല, നാണയം വീണതിന്റെ ഒരു അടയാളവും അവശേഷിക്കുന്നില്ല. ഉരുണ്ടുപോയതുപോലും കാണാനായില്ല. കൂടെയുള്ളവരും പൈസയ്ക്കായി തപ്പുന്നുണ്ട്. പക്ഷേ, ആർക്കും അത് കണ്ടെടുക്കാനാകുന്നില്ല.

കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങി വിണ്ടുകിടക്കുന്ന ആ നിലത്തെവിടെയോ ആ രണ്ടുരൂപാ നാണയം വീണുപോയി. ഏതാനും നേരം ആരൊക്കെയോ അത് നോക്കാനായി കൂടി. കുറച്ചുകഴിഞ്ഞപ്പോൾ ഞാനും ചേട്ടനും മാത്രമായി.

എന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം പുറത്തുവരാതായി. ബെല്ലടിക്കാൻ അധികം സമയമില്ല. ഇനി എന്തുചെയ്യും? സ്റ്റാമ്പ് വാങ്ങേണ്ട അവസാന ദിവസമാണ്. വീട്ടിൽ ചെന്ന് എന്തുപറയും? എനിക്ക് നഷ്ടപ്പെട്ടത് രണ്ടുരൂപയല്ലായിരുന്നു. എന്റെ ജീവന്റെ ഒരുഭാഗമായിരുന്നു.

അപ്പോഴേക്കും സ്‌കൂളിലെ ഫസ്റ്റ് ബെല്ലടിച്ചു, ചേട്ടൻ എന്നെ ഉപേക്ഷിച്ച് സ്‌കൂളിലേക്കോടി. ഞാൻ പിന്നെയും അവിടെ ആ പാടത്ത്, വിണ്ടുണങ്ങിയ വരണ്ടുകീറിയ ഭൂമിയുടെ മാറിൽ എന്റെ രണ്ടുരൂപാ നാണയത്തിനായി തപ്പിക്കൊണ്ടിരുന്നു.

നിശീഥിനിയുടെ നിശബ്ദതയിൽ ഭാവി എന്താകുമെന്ന് ഒരു രൂപവുമില്ലാതെ ഭയപ്പെട്ടും ഉത്കണ്ഠപ്പെട്ടും വെട്ടിവിയർത്തും നസറത്തിലെ ആ വീട്ടിൽ എത്ര രാത്രികളാണ് മറിയം തള്ളിനീക്കിയിട്ടുണ്ടാകുക? തന്റെ നാളെയെക്കുറിച്ച് അവൾക്ക് മുമ്പിലുള്ളത് വലിയ അനിശ്ചിത്വത്വം മാത്രമാണ്. ദൈവത്തിൽ വലിയ പ്രത്യാശവയ്ക്കുമ്പോഴും മാനുഷികമായ ചിന്തകളുടെ ഭാരം തീർച്ചയായും അവളെ ഭാരപ്പെടുത്തിയിട്ടുണ്ടാകും. ആകെയുള്ള മകനെക്കുറിച്ച് ഇനിയും പലതും മനസ്സിലായിട്ടില്ല. വീടിനെക്കുറിച്ചോ, ഭാവിയെക്കുറിച്ചോ അല്ല അവന്റെ വേവലാതികളെന്ന് അവൾക്കറിയാം. ഉത്തരംകിട്ടാത്ത ഒരു പാടുചോദ്യങ്ങളുമായി അവൾ ആ വീടിന്റെ അകം നിറച്ചു. ആരും അവൾക്ക് ആശ്വാസമായി ഉണ്ടായില്ല.

യേശു പിതാവിന്റെ കാര്യങ്ങളിൽ കൂടുതൽ വ്യാപൃതനാകുന്തോറും മറിയത്തിന്  അവനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മഴവെള്ളപ്പാച്ചിലിൽ കൈവെള്ളയിൽ മുറുകെപ്പിടിച്ചിരുന്ന ഒന്നിനെ എത്ര പരിശ്രമിച്ചിട്ടും നഷ്ടപ്പെടുന്നതുപോലെ സാവധാനം യേശു പൂർണ്ണമായും അവൾക്ക് നഷ്ടപ്പെടുന്നു. അവൻ വലിയ കാര്യങ്ങൾക്കായി നിയോഗിക്കപ്പെട്ടവനാണെന്ന ബോധത്തിനിടയിലും തനിക്കുള്ള നഷ്ടത്തെ അവൾക്ക് ഉൾക്കൊള്ളാതിരിക്കാനാവില്ലല്ലോ.

ജീവിതം ചിലപ്പോൾ അങ്ങനെയാണ്. ചിലതെല്ലാം കൈകളിൽ വച്ചുതരും. പക്ഷേ, അതിന് ഒത്തിരി ആയുസ്സൊന്നും ഉണ്ടാവുകയില്ല. അത് നൽകപ്പെടുന്നത് ഏതാനും നാളുകൾക്കുവേണ്ടി മാത്രമാകാം. മകന്റെ വഴികളിൽ തനിക്ക് നഷ്ടമുണ്ടാകാതിരിക്കാൻ മറിയം പ്രതിബന്ധമായില്ല എന്നത് അവളുടെ ശ്രേഷ്ഠമായ ത്യാഗത്തെ കാണിക്കുന്നു. ചില നാണയങ്ങൾ നഷ്ടപ്പെട്ടുപോകരുതെന്ന് നമുക്ക് നിർബന്ധവും ആഗ്രഹവുമുണ്ടാകാം. എങ്കിലും ചില നാണയങ്ങൾ വിധവയുടെ ചെമ്പുനാണയങ്ങൾപോലെ ഭണ്ഡരത്തിൽ നിക്ഷേപിക്കാനുള്ളതാണ്. മടികൂടാതെ ചില നാണയങ്ങൾ നിക്ഷേപിക്കാൻ, ചിലതെല്ലാം തമ്പുരാനുവേണ്ടി മാറ്റിവയ്ക്കാൻ  നമുക്കു കഴിയട്ടെ. വിറയ്ക്കാതെ, എതിർക്കാതെ, കുതറാതെ ചിലതെല്ലാം അഴിച്ചുമാറ്റാൻ നാം ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു, മറിയത്തെപ്പോലെ.

ഫാ. സിജോ കണ്ണമ്പുഴ OM 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.