ഇതാ നിന്റെ അമ്മ – 6

പ്രതീക്ഷകളുടെ ഭാരവുംപേറി ഷീബ വിമാനം കയറുകയാണ്, ഇസ്രായേലിലേക്ക്. നഴ്സിംഗൊന്നും പഠിച്ചിട്ടില്ല. എങ്കിലും അമ്മയെയും വീട്ടിലെ മുതിർന്നവരെയും പരിചരിച്ച അനുഭവമുണ്ട്. ഭാഷയൊന്നും അറിയില്ല. ഇനിയും പിരിഞ്ഞിരിക്കാൻ പറ്റാത്ത കൊച്ചുകുഞ്ഞിനെ പിരിയാൻ ആഗ്രഹവുമില്ല. പക്ഷേ, ഈ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങാതെ തരമില്ല. വലിയ പ്രതീക്ഷയോടെയൊക്കെയാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതെങ്കിലും സാമ്പത്തികവശം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. വിവാഹശേഷം ഭർത്താവായ ബിജുവിന്റെ മാതാപിതാക്കളെ ശുശ്രൂഷിച്ച് ഏതാനും വർഷങ്ങൾ കടന്നുപോയി. അവരുടെ രോഗാവസ്ഥ, ഉള്ള സ്ഥലം വിൽക്കാനും വാടകവീട്ടിലേക്കു മാറാനും ഇടയാക്കി. കുഞ്ഞ് പിറന്നതോടെ ചെറിയ ജോലിക്കുക്ക് പോലും പോകാനാകാതായി. ഭർത്താവ് ഓട്ടോ ഓടിച്ചുകിട്ടുന്ന പണം കൊണ്ട് രണ്ടറ്റം മുട്ടിക്കാനും വാടക നൽകാനുംതന്നെ ബുദ്ധിമുട്ടായി.

സ്വന്തമായി ഒരു വീടുവേണമെന്ന ആഗ്രഹം അവസാനം വിമാനം കയറാൻ പ്രേരിപ്പിക്കുകയാണ്. ഇസ്രായേലിൽ നല്ല ശമ്പളം കിട്ടുമെന്നും പ്രായമായവരെ നോക്കുന്നത് എളുപ്പമാണെന്നുമൊക്കെ പറഞ്ഞുകേട്ടപ്പോൾ ഒരുകൈ നോക്കാൻ തീരുമാനിച്ചു. പക്ഷേ, ഏകദേശം പത്തുലക്ഷത്തോളം രൂപാ ഏജൻസിക്കു നല്കണമെന്നത് വലിയ കടമ്പയായി. അവസാനം, ഉള്ള സ്വർണ്ണം മുഴുവൻ വിറ്റു. ഷീബയുടെ ആങ്ങളയുടെ വീടിന്റെ ആധാരം എടുത്ത് പണയം വച്ച് വലിയൊരു ഭാഗ്യപരീക്ഷണത്തിന് തയാറായി. എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് വിസ വരാൻ വൈകി. ഏജൻസി പിന്നെയും അഞ്ചുലക്ഷംകൂടി ചോദിച്ചു. ഗത്യന്തരമില്ലാതെ ആരുടെയൊക്കെയോ മുൻപിൽ കെഞ്ചി കൈനീട്ടി അഞ്ചുലക്ഷം കൂടി ഒപ്പിച്ചെടുത്തു. പിന്നെ നേർച്ചയും നൊവേനയുമായി ഏതാനും നാൾ നടന്നു. അവസാനം വിസ വന്നു. എല്ലാവർക്കും സന്തോഷമായി.

തങ്ങളുടെ വറുതിയുടെ നാളുകൾ കഴിഞ്ഞെന്നും വൈകാതെ സ്വന്തമായി ഒരു വീട് വയ്ക്കണമെന്നും അവർ സ്വപ്നം കണ്ടു. കടങ്ങളെല്ലാം വീടുമെന്നും അവർക്കും സമാധാനപൂർണ്ണമായി ഉറങ്ങാനാകുമെന്നും ഷീബയും ബിജുവും ചിന്തിച്ചു. അവരുടെ ഏകമകളെ പിരിയുക എന്നത് ഷീബയ്ക്ക് വലിയ മാനസികവിഷമത്തിന് ഇടയാക്കിയെങ്കിലും വേറെ മാർഗങ്ങളില്ലെന്ന തിരിച്ചറിവിൽ നിറഞ്ഞ കണ്ണുകളോടെ ഷീബ കുഞ്ഞിനോട് യാത്രപറഞ്ഞു. യാത്ര തിരിക്കുന്നതിന്റെ മൂന്നുദിവസം മുൻപേ ഷീബ കരയാൻ തുടങ്ങി. പരിമിതികളുണ്ടെങ്കിലും സ്നേഹസമ്പന്നനായ ഭർത്താവിനെ പിരിയാൻ ഷീബയ്ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പിഞ്ചുകുഞ്ഞിനെ അമ്മയില്ലാതെ എങ്ങനെ രാത്രിയിൽ ഉറക്കുമെന്ന് ബിജു വേവലാതിപ്പെട്ടു. കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം അടുപ്പിച്ചു. യാത്രയെക്കുറിച്ചുള്ള ടെൻഷനുകളെക്കാളും ഷീബയെ അലോസരപ്പെടുത്തിയത് ഭർത്താവിനെയും കുഞ്ഞിനെ യും അകന്നുനിൽക്കുന്നതായിരുന്നു.

അനിവാര്യമായ യാത്രപറച്ചിലിന്റെ ദിവസമെത്തി. പ്രാർഥന ചൊല്ലി എല്ലാവരോടും യാത്രപറഞ്ഞ് ഷീബ വണ്ടിയിൽ ക;റി. ഒപ്പം ബിജുവും കുഞ്ഞുമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് വലിയ ഗ്രാഹ്യമൊന്നുമില്ലെങ്കിലും അമ്മ, താനില്ലാതെ എങ്ങോട്ടോ യാത്രപോവുകയാണെന്ന് മനസ്സിലാക്കി അമ്മയെ കുഞ്ഞ് മുറുകെ കെട്ടിപ്പിടിച്ചു. എയർപോർട്ടിൽ ചെന്നപ്പോൾ കരഞ്ഞുബഹളം വയ്ക്കുന്ന കുഞ്ഞിനെ ശാന്തമാക്കാൻ അവർ പ്രായാസപ്പെട്ടു. നിറഞ്ഞ കണ്ണുകളോടെ, വേവുന്ന മനസ്സോടെ ഷീബ എല്ലാവർക്കും ഒരിക്കൽക്കൂടി യാത്രപറഞ്ഞു. ഒത്തിരി ആളുകളുടെ കണ്ണുനീർ വീണുകുതിർന്ന ആ തറയിലേക്ക് ബിജുവിന്റെയും കുഞ്ഞിന്റെയും ഷീബയുടെയും കൂടി കണ്ണുനീർ ചേർക്കപ്പെട്ടു.

വിരഹത്തിന്റെ വേദനയിലും എല്ലാം നല്ലൊരു നാളേക്കുവേണ്ടിയാണല്ലോ എന്ന ചിന്ത ബിജുവിനെയും ഷീബയെയും തെല്ലൊന്നാശ്വസിപ്പിച്ചു. ഷീബ പുതിയ ജോലിസ്ഥലത്തെത്തി. ചെറിയ ഭയവും വിറയലുമെല്ലാം ഉണ്ടെങ്കിലും സാവധാനത്തിൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും തുടങ്ങി. വീട്ടുകാർക്കും ഷീബയെ ഇഷ്ടപ്പെട്ടു. രണ്ടാംദിവസം വൈകുന്നേരത്തോടെ ഷീബ തലകറങ്ങിവീണു. ചെറിയ അസ്വസ്ഥതയും അനുഭവപ്പെട്ടു. വീട്ടുകാർ വേഗം അവളെ ആശുപത്രിയിലെത്തിച്ചു. അവളെ പരിചരിച്ച പാക്കിസ്ഥാൻകാരൻ ഡോക്ടർ അവളെ ആ സന്തോഷവാർത്ത അറിയിച്ചു – “ഷീബ രണ്ടാമതും അമ്മയാകാൻ പോകുന്നു.”

ഒരിക്കലും പ്രതീക്ഷിക്കാതിരുന്നതാണ് സംഭവിച്ചത്. ഇനി ഒന്നുംപറഞ്ഞിട്ട് കാര്യമില്ല. ദൈവം തന്നത് സ്വീകരിക്കുകതന്നെ. പക്ഷേ, ഈ വാർത്ത ഉണ്ടാക്കാൻപോകുന്ന മറുചലനങ്ങൾ ഷീബയെ അസ്വസ്ഥയാക്കി. ജോലിനൽകിയ ഏജൻസിയും വീട്ടുകാരും ഇതെങ്ങനെ ഉൾക്കൊള്ളുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. ഏതായാലും വീട്ടിലേക്കു വിളിച്ച് ബിജുവിനോട് കാര്യങ്ങൾ പറഞ്ഞു. ഷോക്കേറ്റതുപോലെ ബിജു നിന്നു. മറച്ചുവച്ചിട്ടു കാര്യമില്ലെന്നും വീട്ടുകാരോട് തുറന്നുപറയാനും ബിജു നിർദേശിച്ചു. മുറിഇംഗ്ലീഷിന്റെ സഹായത്തോടെ, താൻ വീണ്ടും അമ്മയാകാൻ പോവുകയാണെന്ന് ഷീബ വീട്ടുകാരെ അറിയിച്ചു. ആ വാർത്ത അവർക്കൊട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഗർഭിണിയായ ഒരാൾ എങ്ങനെ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കുമെന്ന് അവർക്ക് സന്ദേഹമുണ്ടായി. അവർ വിസ കാൻസൽ ചെയ്യാനും ഷീബയെ തിരിച്ചയയ്ക്കാനും തീരുമാനിച്ചു.

അത് ഒഴിവാക്കാൻ ഷീബയുടെ മുൻപിൽ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ. മറ്റാരും മിക്കവാറും തിരഞ്ഞെടുക്കുമായിരുന്ന ആ വഴി ഷീബ തിരഞ്ഞെടുക്കാൻ കൂട്ടാക്കിയില്ല. കുഞ്ഞിനെ നഷ്ടപ്പെടുത്തിയാൽ തനിക്ക് ഉണ്ടാകാൻപോകുന്ന നേട്ടങ്ങളും സഫലീകരിക്കാവുന്ന സ്വപ്നങ്ങളും അവൾ ഓർത്തെടുത്തു. കുഞ്ഞിനെ സ്വീകരിച്ചാൽ ഉണ്ടാകുന്ന ജോലിനഷ്ടവും വലിയ സാമ്പത്തികബാധ്യതയും പരിഹാസവും കുറ്റപ്പെടുത്തലും അവളെ അസ്വസ്ഥയാക്കി. ഒരു അഭിപ്രായവും പറയാനാകാതെ ബിജു നിശബ്ദനായി. അവസാനം ഷീബ ആ ഉറച്ച തീരുമാനമെടുത്തു. കുഞ്ഞിനെ സ്വീകരിക്കുകതന്നെ.

ഒരാഴ്ചയ്ക്കുള്ളിൽ ഷീബ തിരികെയെത്തി. പോയത് അറിയാതിരുന്നവർപോലും തിരികെവന്നതും അതിന്റെ കാരണവുമറിഞ്ഞു. ചിലരൊക്കെ കളിയാക്കി, ചിലർ അവരുടെ ബുദ്ധിമോശത്തെ കുറ്റപ്പെടുത്തി. പണം വാങ്ങിയവർ വീടിനു മുമ്പിൽനിന്നു പോകാതായി. ജീവിതം കൂടുതൽ ദുരിതത്തിലേക്ക് കൂപ്പുകുത്തി. അപ്പോഴും വൈകുന്നേരങ്ങളിൽ മെഴുകുതിരി കത്തിച്ചുവച്ച് അവർ കൊന്തചൊല്ലുന്ന ശബ്ദം വഴിയിലൂടെ പോകുമ്പോൾ കേൾക്കാമായിരുന്നു.

ഏതൊരു സ്ത്രീയും അമ്മയാകുന്ന വാർത്തയറിയുന്നത് വളരെയേറെ സന്ദേഹങ്ങളോടെയായിരിക്കും; പ്രത്യേകിച്ച് ആദ്യത്തെ തവണ. പിന്നെ അത് സന്തോഷത്തിലേക്കും ആത്മനിർവൃതിയിലേക്കും അവരെ നയിക്കും. തന്റെ ജീവിതം പുതിയൊരു ജീവന്റെ തുടിപ്പിനായി ഇടമൊരുക്കുന്നത് കൗതുകത്തോടെ, അതിശയത്തോടെ അവളറിയും. തന്നിലുണ്ടാകുന്ന മാറ്റങ്ങളെ അവൾ സാകൂതം വീക്ഷിക്കും. കൂടെയുള്ളവരുടെ പരിചരണവും ഭർത്താവിന്റെ സ്നേഹലാളനവും അവളെ കൂടുതൽ സന്തോഷവതിയാക്കും. തങ്ങൾക്ക് സ്നേഹിക്കാനും തങ്ങളെ സ്നേഹിക്കാനുമായി ഒരാൾ വരുന്നതിന്റെ ആനന്ദഹർഷം അവിടെ തുടികൊട്ടാൻ  തുടങ്ങും.

പക്ഷേ, കൂടെയിരിക്കാനും തന്നെ ഒന്ന് കേൾക്കാനും ആരുമില്ലാതെ വന്നാലോ? ഭർത്താവിൽ നിന്നല്ലാതെ ഗർഭിണിയായാലോ? കാരണക്കാരനായവനെ കാണിച്ചുകൊടുക്കാൻ പറ്റാതെവന്നാലോ? ഒന്ന് ആശ്വസിപ്പിക്കാനും ചേർത്തുപിടിക്കാനും ആരെങ്കിലും ഉണ്ടായെങ്കിലെന്ന് എത്രമാത്രം മറിയം ആഗ്രഹിച്ചിട്ടുണ്ടാകും? തന്റെ ഉദരത്തിലെ ജീവൽത്തുടിപ്പ് ആരാകുമെന്നോർത്ത് എത്ര ഉത്ക്കണ്ഠപ്പെട്ടിട്ടുണ്ടാകും? ദൈവത്തിന്റെ മാലാഖയുടെ മുൻപിൽ പറഞ്ഞ ‘ഫിയാത്ത്’ മറിയത്തിന് വലിയൊരു ബാധ്യതയാവുകയാണ്. പൂർണ്ണമനസ്സോടെ, അതിന്റെ വരുംവരായ്കകൾ അറിയാതെയാണെങ്കിലും അവളത് നേരിടാൻ തയാറാകുന്നു.

എത്രമാത്രം പ്രശ്നസങ്കീർണ്ണമായ കാലമാണ് മറിയം ഗർഭാവസ്ഥയിൽ കടന്നുപോയത്? ഏറ്റവും സന്തുഷ്ടയായിരിക്കേണ്ട സമയം അവൾ ഏറ്റവും അബലയായി മാറുന്നു. ഏറ്റവും സ്നേഹിക്കപ്പെടേണ്ട സമയം അവൾ സംശയിക്കപ്പെടുന്നു. ഏറ്റവും അഭിമാനിക്കേണ്ട സമയം അവൾ അപമാനിതയാകുമെന്ന് ഭയപ്പെടുന്നു. എന്നിട്ടും ഉള്ളിൽ ഉരുവായതിനെ തള്ളിപ്പറയാനും വേണ്ടെന്നുവയ്ക്കാനും അവൾ തയാറാകുന്നില്ല.

വിട്ടുകൊടുക്കാനും സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്താനും മറിയം തയാറായതുകൊണ്ടാണ് യേശു ഭൂമിയിൽ അവതരിച്ചത്. നിന്റെ വിട്ടുകൊടുക്കലുകളും തോൽവികളും ഭൂമിയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. വിശ്വസിക്കുക!

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.