പതിനഞ്ചുനോമ്പിനു തുടക്കം: ശ്രദ്ധിക്കാം പാപ്പായുടെ പത്ത് നിര്‍ദേശങ്ങള്‍

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഓരോ നോമ്പുകാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പുകാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ നോമ്പുകാലം അടുക്കുമ്പോഴും ഈ പഴയ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമ്മൾ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പുകാലത്ത് സ്വീകരിക്കാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ, ഏതൊരു നോമ്പുകാലത്തും നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെപ്പറ്റി നല്‍കിയിട്ടുള്ള പത്തു നിര്‍ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാം…

1. അലസതയുടെ അടിമത്തത്തില്‍ നിന്നും മോചിതരാവുക

നമ്മുടെ പഴയ ചിട്ടകളെയും അലസതയെയും നമ്മെ കുടുക്കിയിരിക്കുന്ന തിന്മയുടെ കുടിലതകളെയും ഉപേക്ഷിക്കാൻ ഈ നോമ്പുകാലത്ത് നമുക്ക് കഴിയണം.

2. സഹനങ്ങളെ സ്വീകരിക്കുക

സ്വയം ഇല്ലാതാക്കാനും സഹനം അനുഭവിക്കാനും പറ്റിയ ഒരു കാലഘട്ടമാണ് നോമ്പുകാലം. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന എന്തു പ്രവൃത്തി നമുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നാം സ്വയം ചോദിക്കണം.

3. നിസ്സംഗതയുള്ളവരായിരിക്കരുത്

നോമ്പുകാലത്ത് നമ്മുടെ ഉള്ളിന്റെയുള്ളില്‍ നമ്മളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ നാം തയാറാകണം. നമ്മുടെ ലോകത്തോട് ദൈവം നിസ്സംഗത കാണിച്ചില്ല; അതുപോലെ നാമും നിസ്സംഗത പുലര്‍ത്താന്‍ പാടില്ല.

4. നമ്മുടെ ഹൃദയം ദൈവത്തിന്റെ ഹൃദയം പോലെ ആക്കിത്തീര്‍ക്കണമേയെന്ന് പ്രാർഥിക്കുക

യേശുവിന്റെ തിരുഹൃദയത്തോടുള്ള പ്രാര്‍ഥനവഴി നമുക്ക് കരുണയും ഉദാരമനസ്‌കതയും നിറഞ്ഞ ഒരു ഹൃദയം ലഭിക്കും. ഈ നോമ്പുകാലത്ത് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് ഇപ്രകാരം അപേക്ഷിക്കാം, ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ രൂപാന്തരപ്പെടുത്തേണമേ.

5. കൂദാശകളില്‍ പങ്കെടുക്കുക

യേശുവിനു സദൃശ്യരായി നാം മാറാന്‍ നമ്മെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കാന്‍ പറ്റിയ സമയമാണ് നോമ്പുകാലം. ദൈവവചനം ശ്രവിക്കുകയും കൂദാശകളില്‍, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നതുവഴിയാണ് ഇത് സംഭവിക്കുന്നത്.

6. പ്രാര്‍ഥനയില്‍ വ്യാപൃതരായിരിക്കുക

ദൈവികസ്‌നേഹത്തിന്റെ സമുദ്രമാണ് പ്രാര്‍ഥന. ഇവിടെ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെ അനുഭവിക്കാന്‍ നമുക്ക് സാധിക്കുന്നു. പ്രാര്‍ഥനയുടെ സമയമാണ് നോമ്പുകാലം.

7. ത്യാഗപൂര്‍ണ്ണമായ ഉപവാസത്തിന് തയാറാകുക

ഉപവാസം നമ്മുടെ സുഖസൗകര്യങ്ങളെ ചോദ്യം ചെയ്യുകയാണെങ്കില്‍ ആ ഉപവാസംകൊണ്ട് ഏറെ ഗുണമുണ്ട്. നാം എടുക്കുന്ന ഉപവാസം മറ്റുള്ളവരുടെ ക്ഷേമത്തിന് കാരണമാവുകയാണെങ്കില്‍ അത് ഏറെ ഫലവത്തായിരിക്കും.

8. ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക

ദാനധര്‍മ്മ പ്രവര്‍ത്തികള്‍ സന്തോഷം അനുഭവിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. ഈ നോമ്പുകാലത്ത് ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക.

9. പാവങ്ങളെ സഹായിക്കുക

ദരിദ്രരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതുവഴി നമ്മള്‍ യേശുവിനെ സഹായിക്കുകയും സേവിക്കുകയുമാണ് ചെയ്യുന്നത്.

10. സുവിശേഷം പ്രഘോഷിക്കുക

കാരുണ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടെയും സുവിശേഷപ്രഘോഷകരാകാന്‍ ദൈവം ഈ നോമ്പുകാലത്തും നമ്മോട് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.