അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു

മകന്റെ കാര്യം സംസാരിക്കാൻ വന്നതായിരുന്നു ആ മാതാപിതാക്കൾ. അവരുടെ മകൻ പുക വലിക്കുമെന്ന സുഹൃത്തുക്കളുടെ വാക്കുകൾക്ക് അവർ ചെവി കൊടുത്തില്ല. എന്തെന്നാല്‍ തങ്ങളുടെ മകൻ അങ്ങനെ ചെയ്യില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

ആ നാളുകളിലാണ് രാത്രികളിൽ മകൻ എഴുന്നേൽക്കുന്നതും വാതിൽ തുറന്നു  പോകുന്നതും മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. ചോദിച്ചപ്പോൾ, ഉറക്കം വരാത്തതു കാരണം മുറ്റത്തേക്കിറങ്ങിയതാണ് എന്നായിരുന്നു മറുപടി. ഒരു ദിവസം കള്ളം വെളിപ്പെട്ടു. മുറ്റത്തെ മരച്ചുവട്ടിലിരുന്ന് പുക വലിക്കുന്ന മകനെ അവർ കണ്ടു. തുടർന്നുള്ള ഭാഗം അവരുടെ വാക്കുകളിൽ നിന്ന് കേൾക്കാം.

“ഞങ്ങളുടെ മകൻ ചതിക്കുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ കാര്യങ്ങൾ വെളിപ്പെട്ടപ്പോൾ വിശ്വസിക്കാതെ നിവൃത്തിയുമില്ല. അച്ചനറിയുമോ, അവൻ വലിച്ചു തള്ളിയത് വെറും സിഗററ്റല്ല; മയക്കുമരുന്നായിരുന്നു. എന്നും ആ സമയമാകുമ്പോൾ അത് അകത്തു ചെന്നില്ലെങ്കിൽ അവന് ഉറക്കം വരില്ലത്രെ. അത് വാങ്ങിക്കുന്നതിനായി അവൻ വീട്ടിൽ നിന്ന് മോഷണവും തുടങ്ങിയിരിക്കുന്നു…”

ആ മാതാപിതാക്കൾ മകനെ ചികിത്സിക്കാൻ തയ്യാറായി. തുടർന്ന് അവൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.

സമാനമായ ധാരാളം സംഭവങ്ങൾ നമ്മുടെ കൺമുന്നിൽ നടക്കുന്ന കാലഘട്ടമാണിത്. കൂടെ നടന്ന് വഞ്ചിക്കാൻ മടി കാണിക്കാത്ത ഒരുപാടു പേർ നമുക്ക് ചുറ്റുമുണ്ട്. പണ്ടത്തെ കാലത്തേക്കാൾ ഉപരിയായി ആർക്കും ആരെയും വിശ്വസിക്കാൻ കഴിയാത്ത സ്ഥിതിയായി. ചതിയുടെയും വഞ്ചനയുടെയും സംഭവങ്ങൾ കുടുംബങ്ങളിലും സുഹൃത്തുക്കൾക്കിടയിലും സമൂഹത്തിലെ സകല ശ്രേണികളിലും ഇന്ന് നടക്കുന്നുണ്ട്. ഇവിടെയാണ് ക്രിസ്തുവിന്റെ ചോദ്യത്തിന് മൂർച്ചയേറുന്നത്: “യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ?” (യോഹ. 14:9).

ക്രിസ്തുവിലെ ദൈവത്വം ശിഷ്യർ മനസിലാക്കാത്തതു പോലെ മറ്റുള്ളവരിലെ നന്മയും തിന്മയും തിരിച്ചറിയാൻ നമ്മളും പരാജയപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ ഒന്നു ചിന്തിച്ചു നോക്കിക്കേ, വർഷങ്ങളായി കൂടെ വസിക്കുന്ന ജീവിതപങ്കാളിയെ ഇപ്പോഴും നിങ്ങൾക്ക് മനസിലായിട്ടുണ്ടോ? കൂടപ്പിറപ്പിനെ, സഹപാഠിയെ, സഹപ്രവർത്തകരെ എന്തിനേറെ പറയുന്നു ആത്മാർത്ഥസുഹൃത്തിനെ വരെ പൂർണ്ണമായും മനസിലായെന്ന് അവകാശപ്പെടാൻ ആർക്കാണ് കഴിയുക?

നിഗൂഢതകളുടെ കലവറയാണ് മനുഷ്യമനസ്. അത് തിരിച്ചറിയണമെങ്കിൽ  ദൈവികമായ ഉൾക്കാഴ്ച കൂടിയേ തീരൂ. അതിനു വേണ്ടിയാകട്ടെ നമ്മുടെ ഇന്നത്തെ പ്രാർത്ഥന.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.