കാരുണ്യപ്രവാഹത്തിന്റെ തിരുനാൾ ആഘോഷിക്കാം

മാർത്തോമ്മാ ക്രിസ്ത്യാനികൾ ‘പുതുഞായർ’ എന്ന പേരിൽ ആഘോഷിക്കുന്ന ദിനമാണ് ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യത്തെ ഞായർ. നമ്മുടെ പിതാവായ തോമാശ്ലീഹയ്ക്ക് ഈശോ തന്റെ തിരുവിലാവിലെയും കരങ്ങളിലെയും മുറിവുകൾ കാണിച്ചുകൊടുക്കുകയും അദ്ദേഹം തന്റെ കർത്താവിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തതിന്റെയും ഓർമ്മദിനമാണത്. എന്നാലും, അതിലുപരി വളരെയധികം പ്രത്യേകതകൾ ആ ദിവസത്തിന് ഉണ്ടെന്നും ക്രൈസ്തവരെ സംബന്ധിച്ച് എറ്റവും പ്രാധാന്യമർഹിക്കുന്ന തിരുനാളാണ് അതെന്നും നമ്മിൽ പലർക്കും അറിവില്ല.

തിരുസഭയുടെ ഉയിർപ്പുകാല ആരാധനാക്രമത്തിൽ പരമ്പരാഗതമായി അന്തർലീനമയിരിക്കുന്നതും സകലരാലും ആഘോഷിക്കപ്പെടേണ്ടതുമായ ദൈവകരുണയുടെ തിരുനാൾ കൂടിയാണ് ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച.

എന്താണ് ദൈവകരുണയുടെ തിരുനാൾ? 

“നീതിമാനു വേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ, ഒരു നല്ല മനുഷ്യനു വേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കു വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5:7-8).

പാപികളെ തേടിവന്ന ദൈവപുത്രനായ ഈശോ, അവിടുത്തെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും പാപികളായ നമ്മോട് കാണിച്ച സ്നേഹവും കരുണയും അതുല്യമാണ്. കരുണയുടെ കൂദാശകളായ വിശുദ്ധ കുമ്പസാരവും വിശുദ്ധ കുർബാനയും വലിയ ശരണത്തോടെ സ്വീകരിക്കുമ്പോളാണ് അവിടുത്തെ മഹാകരുണയുടെയും അനന്തസ്നേഹത്തിന്റെയും സമൃദ്ധി നമുക്ക് അനുഭവവേദ്യമാകുന്നത്.

ദൈവകരുണയുടെ തിരുനാൾ ദിവസത്തെക്കുറിച്ച് ഈശോ നൽകുന്ന വാഗ്ദാനം വി. ഫൗസ്റ്റീനായുടെ ഡയറിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്റെ മകളേ, എന്റെ അഗ്രാഹ്യമായ കരുണയെപ്പറ്റി സമസ്തലോകത്തോടും പറയുക. എല്ലാ ആത്മാക്കളും പ്രത്യേകിച്ച് കഠിനപാപികൾക്ക്, കരുണയുടെ തിരുനാൾ അഭയവും സംരക്ഷണവും ആയിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എന്റെ കരുണയുടെ ഉറവിടത്തെ സമീപിക്കുന്ന ആത്മാക്കളുടെമേൽ, ഞാൻ പ്രസാദവരത്തിന്റെ വൻകടൽ തന്നെ ഒഴുക്കും. അന്നേ ദിവസം കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആത്മാക്കൾക്ക് പരിപൂർണ്ണ പാപമോചനവും കടങ്ങളുടെ പൊറുതിയും ലഭിക്കും. അന്നേ ദിവസം ദൈവിക പ്രസാദവരമൊഴുകുന്ന എല്ലാ ചാലുകളും ഞാൻ തുറന്നുവിടും. ഒരു ആത്മാവ് പോലും തന്റെ പാപങ്ങൾ എത്ര കടുംചുവപ്പാണെങ്കിലും എന്റെ അടുക്കൽ വരുവാൻ ഭയപ്പെടരുത്.

മാനുഷികമോ, അമാനുഷികമോ ആയ ബുദ്ധിക്ക് ഒരിക്കലും അളക്കാനാവാത്തവിധം എന്റെ കരുണ അത്ര ഉന്നതമാണ്. അത് നിത്യതയോളം അങ്ങനെ തന്നെയായിരിക്കും. എന്റെ അനുകമ്പാർദ്രമായ കരുണയിൽ നിന്നാണ് എല്ലാ സൃഷ്ടികളും അസ്തിത്വം സ്വീകരിച്ചിരിക്കുന്നത്. എല്ലാ ആത്മാക്കളും എന്റെ സ്നേഹത്തിലും കരുണയിലുമാണ് നിത്യതയിൽ എപ്പോഴും മുഴുകിയിരിക്കുന്നത്. എനിക്ക്  നിങ്ങളോടുള്ള വാത്സല്യത്തിൽ നിന്നാണ് കരുണയുടെ തിരുനാൾ ഉത്ഭൂതമായത്. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച്ച ഇത് സാഘോഷം കൊണ്ടാടണമെന്നതാണ് എന്റെ അഭിലാഷം. എന്റെ കരുണയുടെ ഉറവയിലണയാതെ മാനവകുലത്തിന് സമാധാനം ലഭിക്കുകയില്ല” (ഡയറി 699).

ഈശോയുടെ ഈ വാഗ്ദാനം പാപികളായ നമ്മിലേക്ക് പ്രത്യാശയുടെ വലിയ വെളിച്ചം വീശുന്നു. പലവിധമായ സാഹചര്യങ്ങളാലും ദൗർബല്യങ്ങളാലും പാപത്തിൽ വീണുപോയതിന്റെ നിരാശയും പേറി നടക്കുന്ന ലോകമെമ്പാടുമുള്ള തന്റെ മക്കളെ കരുണയോടെ, സ്നേഹത്തോടെ ചേർത്തുപിടിക്കാനും ദൈവമക്കളുടെ സ്വാതന്ത്രത്തിലേക്ക് അവരെ കൈപിടിച്ചു നടത്താനും ദൈവം അത്രമേൽ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ദൈവകരുണയുടെ തിരുനാൾ.

ഈശോ ഇപ്രകാരം വി. ഫൗസ്റ്റീനയുടെ ഡയറിയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു: “പൂർണ്ണത പ്രാപിക്കാൻ ആഗ്രഹിക്കുന്ന ആത്മാക്കൾ എന്റെ കരുണയെ പ്രത്യേകിച്ച് ആരാധിക്കട്ടെ, എന്തെന്നാൽ, ഞാൻ അവർക്ക് പ്രദാനം ചെയ്യുന്ന കൃപയുടെ സമൃദ്ധി എന്റെ കരുണയിൽ നിന്ന് ഒഴുകിവരുന്നു. എന്റെ കരുണയിലുള്ള പരിധിയില്ലാത്ത ശരണത്താൽ ഈ ആത്മാക്കൾ മറ്റുള്ളവരിൽ നിന്ന് സ്വയം വ്യത്യസ്തരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്രകാരമുള്ള ആത്മാക്കളുടെ വിശുദ്ധീകരണം ഞാൻ തന്നെ നിർവ്വഹിക്കും. വിശുദ്ധി പ്രാപിക്കാൻ അവർക്കു വേണ്ടതെല്ലാം ഞാൻ തന്നെ നൽകും. എന്റെ കരുണയുടെ കൃപകൾ ഒരേയൊരു പാത്രം ഉപയോഗിച്ചു മാത്രമേ കോരിയെടുക്കാൻ സാധിക്കുകയുള്ളൂ. ആ പാത്രമാണ് ശരണം.

ആത്മാവ് എത്രയധികം ശരണപ്പെടുന്നുവോ, അത്രയധികം അതിനു ലഭിക്കും. പരിധിയില്ലാതെ ശരണപ്പെടുന്ന ആത്മാക്കൾ എനിക്ക് ഒരു വലിയ ആശ്വാസമാണ്. എന്തെന്നാൽ എന്റെ കൃപയുടെ നിക്ഷേപം മുഴുവൻ ഞാൻ അവരിലേക്ക് ഒഴുക്കുന്നു. അവർ കൂടുതൽ ചോദിക്കുമ്പോൾ ഞാൻ ആഹ്ളാദിക്കുന്നു. അവർക്ക് അധികമധികം, കൊടുക്കണമെന്നതാണ് എന്റെ ആഗ്രഹം. നേരെ മറിച്ച്, ശുഷ്ക്കമായ ഹൃദയത്തോടെ ആത്മാക്കൾ കുറച്ചു ചോദിക്കുമ്പോൾ ഞാൻ ദുഃഖിക്കുന്നു.”

കരുണയുടെ തിരുനാളിൽ ദൈവത്തിന്റെ കാരുണ്യത്തിലും ക്ഷമയിലും സമ്പൂർണ്ണമായി ശരണപ്പെട്ടുകൊണ്ട് വി. തോമാശ്ലീഹായെപ്പോലെ അവിടുത്തെ ആരാധിക്കാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്. കരുണയുടെ തിരുനാളിന്റെ സവിശേഷതകൾ. കരുണയുടെ തിരുനാൾ ദിവസം തിരുസഭ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മൾ അനുതപിച്ച് കുമ്പസാരത്തിലൂടെ ഏറ്റുപറഞ്ഞ പാപങ്ങളുടെ കാലികശിക്ഷയാണ് നമുക്ക് പൂർണ്ണ ദണ്ഡവിമോചനത്തിലൂടെ ഇളച്ചുകിട്ടുന്നത്. എന്നാൽ, കരുണയുടെ തിരുനാളിൽ ഈശോ നല്കുന്ന കൃപ അതിലും ഉപരിയാണ്. ഒരു വിശ്വാസി, അനുതാപത്തോടെ കുമ്പസാരിച്ച് കരുണയുടെ തിരുനാൾ ദിവസം ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുമ്പോൾ, ആ വ്യക്തിയുടെ സകല പാപങ്ങളും – കുമ്പസാരത്തിൽ ഏറ്റുപറയാൻ മറന്നുപോയ പാപങ്ങൾ പോലും, ക്ഷമിക്കപ്പെടുകയും അവയുടെ എല്ലാ – നിത്യവും കാലികവുമായ – ശിക്ഷകളിൽ നിന്ന് പൂർണ്ണമായ ഇളവ് ലഭിക്കുകയും ചെയ്യുന്നു. അതുവഴി, മാമ്മോദീസയിലൂടെ തനിക്ക് ലഭിച്ച അതേ വരപ്രസാദവസ്ഥയും വിശുദ്ധിയും അവന്/ അവൾക്ക് തിരികെ ലഭിക്കുന്നു. ഡോ. ഇഗ്നാസി റോസിക്കി എന്ന ദൈവശാസ്ത്രജ്ഞന്റെ ഈ പഠനത്തെ വിശ്വാസതിരുസംഘവും വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയും അംഗീകരിച്ചിട്ടുണ്ട്. തിരുസഭയിൽ മറ്റൊരു തിരുനാളിനും ഇത്രയും ഉന്നതമായ വാഗ്ദാനം ഇല്ല എന്നതിനാലാണ് ‘കരുണയുടെ തിരുനാൾ, തിരുനാളുകളുടെ തിരുനാൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ഈശോയുടെ ആഗ്രഹം നിറവേറ്റാൻ…

കരുണയുടെ തിരുനാൾ ദിവസം ദേവാലയങ്ങളിൽ കരുണയുടെ ചിത്രം ആഘോഷമായി വെഞ്ചിരിക്കപ്പെടണമെന്നും വണങ്ങപ്പെടണമെന്നും (ഡയറി 49), ദൈവകരുണയെക്കുറിച്ച് വൈദികർ അന്ന് പ്രസംഗിക്കണമെന്നും, ദൈവജനം കുമ്പസാരിച്ച് ഒരുങ്ങി, യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കണമെന്നും, കർത്താവിന്റെ കരുണ അനുസ്മരിച്ചുകൊണ്ട് കാരുണ്യപ്രവർത്തികൾ ചെയ്യണമെന്നും ഈശോ ആഗ്രഹിക്കുന്നു.

“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? ” (മര്‍ക്കോ. 8:36- 37). പരമ പരിശുദ്ധനായ ദൈവത്തിൽ നിന്ന് നമുക്ക് നൽകപ്പെട്ട ആത്മാവിന്റെ നൈർമ്മല്യം, നമ്മുടെ പാപങ്ങൾ മൂലം ഒരിക്കൽ നഷ്ടപെട്ടു. എങ്കിലും, ആ നൈർമ്മല്യവും പവിത്രതയും നമ്മുടെ ആത്മാവിന് തിരികെ നൽകാൻ ഈശോയുടെ കരുണക്ക് സാധിക്കും. ഇന്ന്, മഹാമാരിയും യുദ്ധവും പ്രകൃതിദുരിതങ്ങളും ഉൾപ്പെടുന്ന അനേകമനേകം കാര്യങ്ങൾ നമ്മെ അസ്വസ്ഥരാക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുമ്പോൾ, നമ്മുടെ ആത്മാവിനെ കുറിച്ച് ജാഗ്രത പാലിച്ചുകൊണ്ട് ദൈവകരുണയുടെ തണലിൽ നമുക്ക് അഭയം തേടാം.

“രക്ഷ പ്രാപിക്കാനുള്ള അവസാന പ്രതീക്ഷയായി ദൈവകരുണയുടെ തിരുനാൾ ഞാൻ അവർക്ക് നൽകുന്നു. എന്റെ കരുണയെ ആരാധിക്കുന്നില്ല എങ്കിൽ, നിത്യമായി അവർ നശിച്ചുപോകും” (ഡയറി 965).

ലിഷാമോൾ 
കടപ്പാട്: ദ് ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.