“ഇവിടെ ഇപ്പോള്‍ ആരുമില്ല”: ഒരു സിറിയന്‍ നഗരത്തിലെ അവസാന ക്രിസ്ത്യാനികളില്‍ ഒരാളുടെ വിലാപം

ഒരു കാലത്ത് സജീവമായിരുന്നതും ഇപ്പോള്‍ അപ്രത്യക്ഷമാകുന്നതിന്റെ വക്കിലുമുള്ള സിറിയയിലെ ഇദ്ലിബിലെ ഒരു നഗരത്തില്‍ അവശേഷിക്കുന്ന മൂന്നു ക്രിസ്ത്യാനികളില്‍ ഒരാളാണ് മിഷേല്‍ ബുട്രോസ് അല്‍-ജിസ്രി. ഇപ്പോഴും  ഇസ്ലാമിസ്റ്റുകളാണ് സിറിയയിലെ ഈ നഗരം ഭരിക്കുന്നത്.

‘ഇവിടെ ഇപ്പോള്‍ ആരുമില്ല: ഒരു സിറിയന്‍ നഗരത്തിലെ അവസാന ക്രിസ്ത്യാനികളില്‍ ഒരാളുടെ വിലാപം’ എന്ന ഫീച്ചര്‍, 2022 ജനുവരി 23 -ന് ‘ദ ന്യൂ യോര്‍ക്ക്‌ ടൈംസി’ല്‍ പ്രസിദ്ധീകരിച്ചു. ഇസ്ലാമിസ്റ്റുകള്‍ ഒരു പ്രദേശത്തിന്റെ ഭരണം പിടിച്ചെടുത്താല്‍ മറ്റൊരു മത വിഭാഗത്തിനും പിന്നീടവിടെ ജീവിക്കാനാവില്ല എന്ന കാര്യം ഉറപ്പിക്കുകയാണ് ഈ ഫീച്ചര്‍.  

ക്രിസ്തുമസ് ദിനത്തില്‍, സിറിയന്‍ നഗരമായ ഇദ്ലിബിലെ അവസാന ക്രിസ്ത്യാനികളില്‍ ഒരാളായ മിഷേല്‍ ബുട്രോസ് അല്‍-ജിസ്രി ക്രിസ്തുമസ് ചടങ്ങുകളില്‍ ഒന്നും പങ്കെടുത്തില്ല. കാരണം പ്രദേശം നിയന്ത്രിക്കുന്ന ഇസ്ലാമിസ്റ്റ് വിമതര്‍ പള്ളികളെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. സിറിയയിലെ 10 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ അദ്ദേഹത്തിന്റെ ഒപ്പം വസിച്ചിരുന്ന ക്രിസ്ത്യാനികളെല്ലാവരും മരിക്കുകയോ, പലായനം ചെയ്യുകയോ ചെയ്തതിനാല്‍ അദ്ദേഹത്തിന് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിച്ചില്ല. പകരം ആരും ഉപയോഗിക്കാത്ത നഗരത്തിലെ ക്രിസ്ത്യന്‍ സെമിത്തേരിയിലേക്ക് പോയി, തന്റെ പൂര്‍വ്വികരുടെ ശവകുടീരങ്ങള്‍ക്കിടയില്‍ ഇരുന്ന് സ്വസ്ഥമായി ആ ദിവസം സ്വയം അടയാളപ്പെടുത്തുകയാണ് ചെയ്തതെന്ന് മിസ്റ്റര്‍ അല്‍-ജിസ്രി പറഞ്ഞു.

“ഞാന്‍ ആരുടെ കൂടെയാണ് അവധി ആഘോഷിക്കുക? മതിലുകളുടെ കൂടെയോ?” അയാള്‍ ചോദിക്കുന്നു. “ഞാന്‍ തനിച്ചായതിനാല്‍ ഒന്നും ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

അല്പം കൂനുണ്ട്. ചെവിയുടെ കേള്‍വിശക്തിയും കുറഞ്ഞു. എങ്കിലും ഇപ്പോഴും സാമാന്യം ആരോഗ്യവുണ്ട് തൊണ്ണൂറുകാരന്‍ അല്‍-ജിസ്രിക്ക്. ഇദ്ദേഹം, ഇന്ന് വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മിഡില്‍ ഈസ്റ്റിലെ നിരവധി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നിന്റെ ജീവനുള്ള അവശേഷിപ്പാണ്. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളവുമുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ ദശാബ്ദങ്ങളായി യുദ്ധം, ദാരിദ്ര്യം, പീഡനം എന്നിവയുമായി പൊരുതുകയാണ്. 2019 -ലെ ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ക്രിസ്ത്യാനികള്‍ ഒരു നൂറ്റാണ്ട് മുമ്പ് 20 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ നാലു ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്ന് കണ്ടെത്തുകയുണ്ടായി.

കഴിഞ്ഞ ദശാബ്ദം പ്രത്യേകിച്ചും ക്രൂരമായിരുന്നു. കാരണം, വന്‍തോതിലുള്ള സാമൂഹ്യപരിവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യാനികളെ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലാക്കി. ഇസ്ലാമിസ്റ്റുകള്‍ മതപരമായ ആചാരങ്ങള്‍ നിരോധിക്കുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്തു.

ഒമ്പത് പതിറ്റാണ്ടിലേറെയായി, അല്‍-ജിസ്രി ഇദ്ലിബിലെ ഒരു ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗം എന്ന നിലയില്‍ നിന്നു മാറി, നഗരത്തിന്റെ സാമൂഹിക ഘടനയിലേക്ക് എളുപ്പത്തില്‍ ലയിച്ചുകൊണ്ട് അവിടെ അവശേഷിക്കുന്ന മൂന്ന് ക്രിസ്ത്യാനികളില്‍ ഒരാളായി. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍, ഒലിവ് തോട്ടങ്ങളാലും കൃഷിയിടങ്ങളാലും ചുറ്റപ്പെട്ട നഗരമായ ഇദ്ലിബില്‍ 1931 -ല്‍ ജനിച്ച താന്‍ മാതാപിതാക്കളുടെ നാലു മക്കളില്‍ ഒരാളാണെന്ന് അല്‍-ജിസ്രി പറഞ്ഞു. അദ്ദേഹത്തിന് രണ്ടു മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ താമസിയാതെ മറ്റൊരു വിവാഹം കഴിക്കുകയും രണ്ട് ആണ്‍മക്കള്‍ കൂടി ജനിക്കുകയും ചെയ്തു.

ഇദ്ലിബിലെ ക്രിസ്ത്യാനികളുടെ എണ്ണം, അലപ്പോ പോലെയുള്ള പ്രധാന നഗരങ്ങളിലെ ക്രിസ്ത്യാനികളുടെ എണ്ണത്തിന്റെ ഒപ്പം ഇല്ലായിരുന്നു. എങ്കിലും ഊര്‍ജ്ജസ്വലരായ ക്രൈസ്തവ സമൂഹമായിരുന്നു അവിടെയും. പ്രദേശത്തെ മുസ്ലീം ഭൂരിപക്ഷത്തോടൊപ്പം അവര്‍ ജീവിച്ചു പോന്നിരുന്നു. ഇദ്ലിബിലെ മിക്ക ക്രിസ്ത്യാനികളെയും പോലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് വിഭാഗക്കാരായിരുന്നു അല്‍-ജിസ്രിയുടെ കുടുംബവും. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് അവര്‍ ആരാധന നടത്തിയിരുന്നത്. നഗരമധ്യത്തിനടുത്തായി 1886 -ല്‍ കല്ലു കൊണ്ട് പണികഴിപ്പിച്ച ആ പള്ളി, മണിഗോപുരവും ബിംബങ്ങളും കൊണ്ട് സമ്പന്നവുമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അതിന് സമീപത്തായി നിര്‍മ്മിക്കപ്പെട്ടു.

അല്‍-ജിസ്രിയുടെ മതത്തിലെ മറ്റംഗങ്ങള്‍ ആഭരണ നിര്‍മ്മാതാക്കള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വ്യാപാരികള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. മതപരമായി വിലക്കുണ്ടായിരുന്നെങ്കിലും മദ്യവില്‍പനയും ചിലര്‍ നടത്തിയിരുന്നു. അവരുടെ മുസ്ലീം അയല്‍ക്കാര്‍ക്കാണ് അത് വിറ്റിരുന്നത്. ഈസ്റ്ററിനും ക്രിസ്തുമസിനും പുരോഹിതന്‍ തന്റെ വീട് മുസ്ലീം, ക്രിസ്ത്യന്‍ അഭ്യുദയകാംക്ഷികള്‍ക്കായി തുറന്നുകൊടുത്തിരുന്നതായി പ്രദേശത്തെ ചരിത്രകാരനായ ഫയീസ് കൗസറ പറയുന്നു. പള്ളിക്കു സമീപമുള്ള ചത്വരത്തിലെ കൂറ്റന്‍ ക്രിസ്മസ് ട്രീ, മുസ്ലീം – ക്രിസ്ത്യന്‍ കുട്ടികളുടെ കൂട്ടത്തെ ആകര്‍ഷിച്ചിരുന്നുവെന്ന് അല്‍-ജിസ്രിയുടെ വികാരി ഫാദര്‍ ഇബ്രാഹിം ഫറ പറഞ്ഞു.

നിരവധി പതിറ്റാണ്ടുകള്‍ സിമിത്തേരി സംരക്ഷകനായി പള്ളിക്കു വേണ്ടി ജോലി ചെയ്തു അല്‍-ജിസ്രി. സിമിത്തേരി ശുചീകരണം, വേലികള്‍ നന്നാക്കല്‍, ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍. ദുഃഖിതരായ കുടുംബങ്ങളെ സ്വീകരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കാപ്പി ഉണ്ടാക്കി നല്‍കുകയും ചെയ്യുമായിരുന്നു.

50 വര്‍ഷത്തിലേറെയായി അല്‍-അസാദ് കുടുംബമാണ് സിറിയ ഭരിച്ചത്; 2000-ല്‍ മരിച്ച ഹഫീസിന്റെയും അദ്ദേഹത്തിന്റെ മകന്‍ ബഷാറിന്റെയും കീഴില്‍. മതസമൂഹങ്ങള്‍ തമ്മിലുള്ള അക്രമം ആ സമയങ്ങളില്‍ അപൂര്‍വ്വമായിരുന്നു. എന്നാല്‍ 2011 -ല്‍ സിറിയയുടെ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു ശേഷം ആ സംവിധാനവും അല്‍-ജിസ്രിക്ക് വളരെക്കാലമായി അറിയാമായിരുന്ന ജീവിതവും തകര്‍ന്നു. വലിയ ഭൂപ്രദേശങ്ങളില്‍ ഗവണ്‍മെന്റിന്റെ സ്വാധീനം കുറഞ്ഞു.

“2015 -ല്‍ ഇദ്ലിബ് നഗരത്തില്‍ ഇസ്ലാമിക വിമതര്‍ ആക്രമണം നടത്തി. അവര്‍ അവിടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് ഏലിയാസ് അല്‍-ഖലി എന്ന ക്രിസ്ത്യാനിയേയും മകന്‍ നജീബിനെയും കൊന്നു” – അല്‍-ജിസ്രി പറഞ്ഞു. “ഉടന്‍ തന്നെ അവര്‍ ഫാദര്‍ ഇബ്രാഹിമിനെ തട്ടിക്കൊണ്ടു പോയി 19 ദിവസം തടവിലാക്കി. അദ്ദേഹം മോചിതനായപ്പോഴേക്കും പള്ളി ലൈബ്രറിയും ചരിത്രശേഖരവും കൊള്ളയടിക്കപ്പെട്ടിരുന്നു. നഗരത്തില്‍ ഉണ്ടായിരുന്ന ഏകദേശം 1200 ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും അതിനകം പലായനം ചെയ്യുകയോ, പുറത്തേക്ക് പോവുകയോ ചെയ്തിരുന്നു. നഗരത്തിലെ പുതിയ ഭരണാധികാരികള്‍ പള്ളി അടച്ചുപൂട്ടുകയും ക്രൈസ്തവ ആരാധനയുമായി ബന്ധപ്പെട്ട എല്ലാത്തിന്റേയും പൊതുപ്രദര്‍ശനം നിരോധിക്കുകയും ചെയ്തു. ഇത് പലായനത്തിന് ആക്കം കൂട്ടി. ക്രിസ്ത്യാനികള്‍ നഗരത്തില്‍ ഇല്ലാതായപ്പോള്‍, കലാപകാരികള്‍ അവരുടെ വീടുകളും കടകളും കയ്യേറി.”

ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഗ്രൂപ്പുകളുടെ അഭിപ്രായപ്രകാരം 2011 -ല്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് സിറിയയിലെ 21 ദശലക്ഷം ജനസംഖ്യയില്‍ 10 ശതമാനം ക്രിസ്ത്യാനികളായിരുന്നു. ഇപ്പോള്‍, അവര്‍ ഏകദേശം 5 ശതമാനമാണ്. ഇറാഖിലെ സദ്ദാം ഹുസൈന്റെ പതനത്തോടെ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ആ രാജ്യവും വിടാന്‍ തുടങ്ങി. 2003 -ല്‍ 15 ലക്ഷമുണ്ടായിരുന്ന അവര്‍ 2015 ആയപ്പോഴേക്കും 5 ലക്ഷത്തില്‍ താഴെയായി ചുരുങ്ങി.

ഇദ്ലിബില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ പലായനം പ്രത്യേകിച്ചും അതിരൂക്ഷമായിരുന്നു. 2015 അവസാനത്തോടെ അഞ്ച് ക്രിസ്ത്യാനികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് ഫാദര്‍ ഇബ്രാഹിം പറഞ്ഞത്. രണ്ട് പേര്‍ ഇതിനോടകം മരിക്കുകയും ചെയ്തു. അവശേഷിക്കുന്നവരില്‍ ഒരാള്‍ തന്റെ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണ്. മറ്റൊരാള്‍, 72 -കാരനായ നബീല്‍ റസൂഖ്. ഭാര്യ മരിച്ച അദ്ദേഹത്തിന്റെ നാലു മക്കള്‍ സിറിയയിലും വിദേശത്തുമൊക്കെയായി ജീവിക്കുന്നു. തന്റെ വീട് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് ഇദ്ലിബില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതു കൂടി നഷ്ടപ്പെട്ടാല്‍ ഞാന്‍ ഭ്രാന്തനാകുമെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ അവസാന പ്രവിശ്യയാണ് ഇദ്ലിബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള 4.4 ദശലക്ഷത്തിലധികം ജനങ്ങളില്‍ മൂന്നിലൊന്നു പേരും യുദ്ധസമയത്ത് അവിടെ നിന്ന് പലായനം ചെയ്തവരോ, സര്‍ക്കാരിന്റെ സഹായത്തോടെ മാറിത്താമസിച്ചവരോ ആണ്. വിമതര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം താന്‍ പള്ളിയില്‍ പ്രവേശിക്കുകയോ, ശവസംസ്‌കാര ചടങ്ങുകളില്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് അല്‍ ജിസ്രി പറഞ്ഞു.

“ഇപ്പോള്‍, ഇവിടെ ആരുമില്ല” – ഇടറിയ ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ മുന്‍സഭയിലെ അംഗങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന് ഓണററി ശമ്പളം നല്‍കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഭക്ഷണം എത്തിക്കുന്നു. അദ്ദേഹം താമസിക്കുന്നത് ഒരു ഒറ്റമുറി വീട്ടിലാണ്. അവിടെ ഒരു ഗ്യാസ് ബര്‍ണര്‍ അടുക്കളയായി പ്രവര്‍ത്തിക്കുന്നു. ഭിത്തിയോടു ചേര്‍ത്തുവച്ച ഒരു മെത്തയില്‍ കിടക്കുന്നു. ഒരു ഹീറ്റര്‍ ഉണ്ട്; പക്ഷേ ഇന്ധനം ലഭ്യമല്ല. ടെലിവിഷനും റേഡിയോയും ഉണ്ടെങ്കിലും വൈദ്യുതിയില്ല. ചായക്കപ്പുകള്‍ സൂക്ഷിക്കുന്ന അലമാരയുടെ മുകളില്‍ മരിച്ചുപോയ ബന്ധുക്കളുടെയും യേശുവിന്റെയും മറിയത്തിന്റെയും രൂപങ്ങളും മങ്ങിയ ഫോട്ടോകളും തൂക്കിയിരിക്കുന്നു. അതിഥികള്‍ വരുമ്പോള്‍, അദ്ദേഹം തന്റെ ചെറിയ മുറ്റത്തു വച്ച് അവര്‍ക്ക് ചായയോ, കാപ്പിയോ നല്‍കുന്നു. അടുത്തുള്ള മോസ്‌കില്‍ നിന്നുള്ള പ്രാര്‍ത്ഥനക്കുള്ള വിളി ദിവസം മുഴുവനും മുഴങ്ങിക്കൊണ്ടിരിക്കും.

“ഞങ്ങളും ജീവിക്കുന്നു, ദൈവത്തിന് നന്ദി, ഞങ്ങള്‍ ആരോടും ഒന്നും കടപ്പെട്ടിട്ടില്ല, ആരും ഞങ്ങളോടും ഒന്നും കടപ്പെട്ടിട്ടില്ല” – അല്‍ ജിസ്‌രി പറയുന്നു. അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. ഒരു സഹോദരന്‍ ഒഴികെ എല്ലാവരും മരിച്ചു. ജീവിച്ചിരിക്കുന്ന സഹോദരന്‍ യുഎസ് -ല്‍ താമസിക്കുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നു. പക്ഷേ അവര്‍ തമ്മില്‍ ബന്ധമൊന്നുമില്ല. ഒരു മണിക്കൂര്‍ ഡ്രൈവ് അകലെ സഹോദരങ്ങളുടെ മക്കളും മറ്റുമുണ്ട്. അവരെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും വര്‍ഷങ്ങളായി അവിടേക്കൊന്നും യാത്ര നടത്തിയിട്ടില്ല. കാരണം വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള അതിര്‍ത്തി കടന്നുവേണം അവിടേക്കു പോകാന്‍.

അതുകൊണ്ട് അദ്ദേഹം തന്റെ നഗരത്തില്‍ തന്നെ സമയം ചിലവഴിക്കുന്നു. അയല്‍ക്കാരുമായും സുഹൃത്തുക്കളുമായും സംസാരിക്കുന്നു. അവരെല്ലാം മുസ്ലിംങ്ങളാണെന്നത് അദ്ദേഹത്തെ അലട്ടുന്നില്ല. “ഞങ്ങള്‍ എല്ലാവരും സഹോദരന്മാരാണ്” – അദ്ദേഹം പറഞ്ഞു.

ചില ദിവസങ്ങളില്‍, താന്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത സെമിത്തേരിയിലേക്ക് അദ്ദേഹം പോകും. ഒരു കാലത്ത് കുടുംബങ്ങള്‍ വന്നും പോയും തിരക്കിലായിരുന്ന അവിടം ഇപ്പോള്‍ വിജനമാണ്. ചിലപ്പോള്‍ അദ്ദേഹം ശവക്കല്ലറകള്‍ക്കിടയില്‍ മണിക്കൂറുകളോളം ഒറ്റക്കിരിക്കും. എന്നാല്‍ തന്റെ സമൂഹത്തിന്റെ തകര്‍ച്ചയ്ക്കിടയിലും സിറിയ വിടുന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

“എന്തിന് ഞാന്‍ പോകണം? ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന സുഹൃത്തുക്കളുണ്ട് ഇവിടെ. ആരും എന്നെ ശല്യപ്പെടുത്തുന്നില്ല, ഞാനും ആരെയും ശല്യപ്പെടുത്തുന്നില്ല.”

പ്രദേശം നിയന്ത്രിക്കുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്, അവരുടെ തീവ്രവാദത്തെ കുറച്ചുകാണിക്കുന്നതിനായി സമീപഗ്രാമങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് അവരുടെ പള്ളികളില്‍ ശുശ്രൂഷകള്‍ പുനരാരംഭിക്കാന്‍ അനുവാദം നല്കിയിട്ടുണ്ടെങ്കിലും ഇദ്ലിബിലെ പള്ളികള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ വളര്‍ത്തുന്ന പ്രാവുകളാണ് അല്‍ ജിസ്‌രിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. മുറ്റത്ത് അവര്‍ അദ്ദേഹത്തിന്റെ ചുറ്റും പറന്നുയരുമ്പോള്‍, അവയ്ക്ക് ധാന്യമണികള്‍ എറിഞ്ഞുകൊടുത്തു കൊണ്ട് സ്‌നേഹത്തെക്കുറിച്ചും തന്നെ ഒരിക്കലും തിരിച്ചു സ്‌നേഹിച്ചിട്ടില്ലാത്ത ഒരു രാജ്യത്തെക്കുറിച്ചുമുള്ള പഴയ അറബി ഗാനങ്ങള്‍ സ്വയം പാടുകയാണ് അല്‍ ജിസ്‌രി എന്ന ആ വൃദ്ധന്‍.

‘ഓ ലവാന്റ്റ്, (ലവാന്റ്റ് – സിറിയ ഉള്‍പ്പെടുന്ന പ്രദേശം) ഞാന്‍ നിന്നോടൊപ്പം ചെലവഴിച്ച ഏറ്റവും മധുരമുള്ള സമയം എന്റെ മനസിലുണ്ട്… എന്നെ മറക്കരുത്, ഞാന്‍ നിന്നെ മറക്കില്ല… എത്ര വര്‍ഷങ്ങളും രാത്രികളും കഴിഞ്ഞാലും…’

ഹ്വൈദ സാദ്, അസ്മാ അല്‍-ഒമര്‍, ബെന്‍ ഹുബാര്‍ഡ്‌

വിവര്‍ത്തനം: കീര്‍ത്തി ജേക്കബ് 

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.