മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 71

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

വിശുദ്ധിയുടെ പരിമളം പരത്തി അനേകർക്ക് അത്താണിയായ ജേക്കബ് വിളയിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

“ജീവിതവിശുദ്ധിയും ദൈവഭക്തിയും മരണം വരെ കാത്തുസൂക്ഷിച്ച പുണ്യപുരോഹിതൻ. പാലു പോലെ ചിരിക്കും, ജീവിതവും അതുപോലെ തന്നെ. വീടുകളിൽ അച്ചന്റെ ഫോട്ടോ തൂക്കി പ്രാർത്ഥിക്കുന്ന അനേകരെ നേരിട്ടറിയാം. അച്ചൻ ഒരു വിശുദ്ധനായിരുന്നു” – തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന ജോൺ മാത്യു വടക്കടത്ത്, അച്ചനെ അനുസ്മരിക്കുന്നു.

പുനരൈക്യത്തിനായി സ്വജീവിതം സമർപ്പിച്ച് പുത്തൂർ പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് തുടക്കം കുറിച്ച മത്തായി അച്ചന്റെ മകൻ അങ്ങനെ ആയില്ലെങ്കിലാണ് അത്ഭുതം. ഫാ. മത്തായി വിളയിലിന്റെയും മറിയാമ്മയുടെയും മൂന്നാമത്തെ മകനായി 1926 നവംബർ 20-ന് ജനിച്ച ജേക്കബ്, കടമ്പനാട് സി.എസ്.ഐ. എൽ.എം.എസ് സ്കൂളിലും പുത്തൂർ ലിറ്റിൽ ഫ്ളവർ സ്കൂളിലും പട്ടം സെന്റ് മേരീസ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1945-ൽ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. തിരുച്ചിറപ്പള്ളി സെൻറ് പോൾസ് മേജർ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി, 1954 നവംബർ 30-ന് തിരുച്ചിറപ്പള്ളി രൂപതാദ്ധ്യക്ഷൻ ജെയിംസ് മെൻഡോൻസാ (James Mendonca) പിതാവിൽ നിന്നും സെമിനാരി ചാപ്പലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു.

ആദ്യ നിയമനം ജോൺ ആറാഞ്ചേരി അച്ചന്റെ സഹവികാരിയായി ചെല്ലങ്കോണം ഇടവകയിൽ. കടമ്പനാട്, പുത്തൻകാവ്, ഇലഞ്ഞിമേൽ, ചെറിയനാട്, പുലിയൂർ, കുടശ്ശനാട്, പന്തളം, കുരമ്പാല, ചെങ്ങന്നൂർ, ആല, പാണ്ടനാട്, അമ്പിളികോണം, കുളത്തൂർ, അടയ്ക്കാകുഴി, കരിന്തോട്ടുവ, മണ്ണാറോഡ്, മരിയാഗിരി, ചെറുവാരക്കോണം, മണക്കാട്, സൂര്യക്കോട്, മീനച്ചൽ, ആദിച്ചവിളാകം, നെടിയവിള പള്ളികളിൽ അനുഗ്രഹീതമായ ശുശ്രൂഷ ചെയ്തു. വാഹനങ്ങൾ തുലോം കുറവായിരുന്ന കാലഘട്ടത്തിൽ കാൽനടയായും സൈക്കിളിലും, മഴയോ വെയിലോ വകവയ്ക്കാതെ കിലോമീറ്ററുകളോളം ജപമാലയും ചൊല്ലി ഇടവകകളിൽ പോയി വിശുദ്ധ കുർബാന അർപ്പിച്ച് രോഗീസന്ദർശനം, ഭവനസന്ദർശനം, ഇടവക കൂട്ടായ്മകൾ, പ്രാർത്ഥനകൾ എന്നിവ നടത്തിയിരുന്നു.

അമ്പിളികോണം, കുളത്തൂർ ഇടവകകളിൽ വികാരിയായിരിക്കെ ദാരിദ്ര്യം കൊടികുത്തിവാണ നാളുകളിൽ എല്ലാവർക്കും ആശ്വാസമായിരുന്ന, പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രവും അന്നവും വിദ്യാഭ്യാസവും നൽകിയ അച്ചനെ അന്നത്തെ അൾത്താര ബാലനായിരുന്ന ഇന്നസെന്റ് കൃഷ്ണൻ സാർ ഇപ്പോഴും ഓർക്കുന്നു.

1963-ൽ പാസ്റ്ററൽ സോഷ്യോളജിയിൽ ഉപരിപഠനത്തിനായി റോമിലെ ‘പ്രൊപ്പഗാൻഡ’ കോളേജിൽ (Pontifical Urban College for the Propagation of Faith) ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി അയച്ചു. വിജയകരമായി പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി. വിവിധ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന വിളയിൽ അച്ചൻ അനേകം വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള തന്റെ സുഹൃത്തുക്കളുടെയും ഉപകാരികളുടെയും പിന്തുണയോടെ നിരവധിയായ സഹായങ്ങൾ നാനാജാതി മതസ്ഥരായ പാവങ്ങൾക്ക് നൽകുകയും ചെയ്തു.

“എത്ര ക്ഷീണിതനാണെങ്കിലും, ദീർഘദൂര യാത്രകൾ കഴിഞ്ഞെത്തിയാലും രാത്രി ഒരു മണിക്കു പോലും വിശുദ്ധ കുർബാന അർപ്പിച്ചിരുന്ന അച്ചൻ ആഴമേറിയ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു. ജപമാല ഭക്തിയിലായിരുന്നു അച്ചന്റെ ജീവിതം ഉറപ്പിച്ചു നിർത്തിയിരുന്നത്. യാത്രയിലുടനീളം ജപമാല ചൊല്ലികൊണ്ടിരിക്കും. എന്നും രാവിലെ വിശുദ്ധ കുർബാനക്കു മുമ്പുള്ള ധ്യാനം, പ്രാർത്ഥന ഇവ കൃത്യമായി നടത്തിയിരുന്നു. യാമപ്രാർത്ഥനകൾ, ഉച്ചനമസ്കാരം, സന്ധ്യാപ്രാർത്ഥന എന്നിവ മുടക്കമില്ലാതെ നടത്തിയിരുന്നു. പ്രാർത്ഥനയിലധിഷ്ഠിതമായ ഒരു ആത്മീയജീവിതമായിരുന്നു അച്ചൻ നയിച്ചത്. സൗമ്യനും ക്ഷമാശീലനുമായ അച്ചൻ തനിക്ക് ലഭിച്ചിരുന്നതെല്ലാം മറ്റുള്ളവർക്കായി പങ്കുവച്ചു നൽകി ദരിദ്രനെപ്പോലെ ജീവിച്ചു.” 1996 മുതൽ അച്ചന്റെ മരണം വരെയും ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഇളയ സഹോദന്റെ മകൾ, സോഫി ജോൺ വലിയവീട്ടിലിന്റെ വാങ്മയചിത്രം അച്ചന്റെ ജീവിതത്തിന്റെ നേർരേഖയാണ്.

നവീനവും ക്രിയാത്മകവുമായ സാമൂഹിക സമ്പർക്ക പരിപാടികളിലൂടെ ഒരു മാതൃകാ വൈദികനായി മനുഷ്യന്റെ സമഗ്രവളർച്ചക്കായി സമർപ്പിക്കപ്പെട്ട വിളയിലച്ചന്റെ ജീവിതം വൈദികസമൂഹത്തിന് അനുകരണീയമാണ്. ഇപ്പോഴത്തെ മാർത്താണ്ഡം രൂപതയിൽ ഉൾപ്പെടുന്ന മിഷൻ മേഖലകളിൽ ബഹുമാനപ്പെട്ട അച്ചന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. കോഴിവളർത്തൽ, കൃഷി ചെയ്യാനുള്ള പ്രോത്സാഹനം, വിദ്യാഭ്യാസത്തിനും തൊഴിൽ കണ്ടെത്താനുമുള്ള സഹായങ്ങൾ, താമസ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ആരാധനാലയങ്ങൾ പുനരുദ്ധരിക്കുന്നതിനുമുള്ള പരിശ്രമം, പാവപ്പെട്ടവരുടെ ദൈനംദിന ആവശ്യത്തിനുള്ള സഹായം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രത്യേകമായ ശ്രദ്ധ അച്ചൻ നൽകിയിരുന്നു.

അവയിൽ ഏതാനും കാര്യങ്ങൾ

1. 1959-ൽ പുലിയൂർ ഇടവക വികാരിയായിരുന്ന സന്ദർഭത്തിൽ ജർമ്മൻ സംഘടനയായ ‘മിസവേറിന്റെ’ സഹായത്തോടെ ഒരു മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കുകയും അതിന് ബ്ലോക്ക് ഡെവലപ്മെന്റിന്റെ അവാർഡ് ലഭിക്കുകയുമുണ്ടായി.

2. 1965-ൽ കുടശ്ശനാട് ഇടവക വികാരിയായിരുന്നപ്പോൾ കോ-ഓപ്പറേറ്റീവ് രീതിയിൽ ഒരു പൗൾട്രിഫാം ആരംഭിച്ച് അവിടെയുള്ള അനേകമാളുകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി.

3. 1968-ൽ ചെങ്ങന്നൂർ ഇടവക വികാരിയായിരുന്നപ്പോൾ ചെങ്ങന്നൂർ പള്ളിയുടെ പണി പൂർത്തീകരിക്കുകയും വീടില്ലാത്ത അഞ്ച് പേർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു. കൂടാതെ ‘ഹെർബോമിനറൽ മെഡിസിൻ’, വിദ്യാഭ്യാസ സഹായം, രോഗികൾക്ക് ചികിത്സാസഹായം തുടങ്ങിയവയും അച്ചൻ ലഭ്യമാക്കി കൊടുത്തു.

4. 1984-ൽ മരിയാഗിരി ഇടവക വികാരി ആയിരുന്നപ്പോൾ മേക്കാട് പള്ളി, മരിയാഗിരിപ്പള്ളി, നഴ്സറി സ്കൂൾ, വൈദിക മന്ദിരം, പള്ളിക്കു വേണ്ടി വസ്തുക്കൾ, മരിയാഗിരിയിൽ ‘കോൾപിംഗ്’ സഹായത്തോടെ ആരംഭിച്ച ബ്രഡ് ഫാക്ടറി എന്നിവ ജേക്കബ് വിളയിലച്ചന്റെ ദീർഘവീക്ഷണത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്.

അതു കൂടാതെ

• മരിയാഗിരിയിൽ കോൾപിംഗ് തൊഴിൽശാല വഴി നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

• വിൻസെൻറ് ഡി പോൾ സൊസൈറ്റി വഴി നോട്ടുബുക്ക് മേക്കിങ്ങ് സെന്റർ സ്ഥാപിച്ചു.

• സെൻറ് ജോസഫ് സോഷ്യൽ സർവീസ് സൊസൈറ്റി രജിസ്റ്റർ
ചെയ്ത് ദരിദ്രർക്കുള്ള സഹായങ്ങൾ ഗവൺമെന്റിൽ നിന്നും ലഭ്യമാക്കി

• 1989ൽ മെട്രിക്കുലേഷൻ സ്കൂൾ സ്ഥാപിച്ചു.

• 1996-ൽ കടമ്പനാട് ഇടവക വികാരിയായിരുന്നപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുകയും മണ്ണാറോഡ്, നെടിയവിള എന്നിവിടങ്ങളിൽ കുരിശടികൾ സ്ഥാപിക്കുകയും ചെയ്തു.

വിളയിലച്ചന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത് ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ്. അതിന്റെ സ്മരണക്കായി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് കടമ്പനാട് ഇടവകയിൽ നാലും, മണ്ണാറോഡ് ഇടവകയിൽ രണ്ടും, നെടിയവിള ഇടവകയിൽ ഒന്നും, കരിന്തോട്ടുവ ഇടവകയിൽ മൂന്നും, ചെങ്ങന്നൂർ ഇടവകയിൽ അഞ്ചും ഭവനങ്ങളുടെ നിർമ്മാണത്തിന് അച്ചന്റെ നേതൃത്വത്തിൽ സഹായം നൽകുകയുണ്ടായി. ഫാ. മത്തായി വിളയിൽ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവരെ സഹായിക്കാൻ ബൃഹത്തായ ഒരു പദ്ധതി അച്ചൻ നടപ്പിലാക്കി. സ്വന്തം മിഷനുകളിൽപെട്ടവരും മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരും ഇതിൽ നിന്ന് സഹായം സ്വീകരിച്ചുപോന്നു.

ആഴ്ചയിൽ ഒരു ദിവസം വൃദ്ധരായ ആളുകൾക്കു വേണ്ടി മാത്രം അച്ചൻ നീക്കിവച്ചിരുന്നു. അവർക്കു വേണ്ട വൈദ്യസഹായവും മറ്റ് സാമ്പത്തിക സഹായവും കൃത്യമായി നൽകുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതുപോലെ കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ അനേകർ അച്ചന്റെ കൈത്താങ്ങിലൂടെ ജീവിതം തിരിച്ചുപിടിച്ചു.

ഭവനരഹിതർക്ക് അത്താണി, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനു വേണ്ട സാമ്പത്തിക സഹായം, സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം, തൊഴിൽ സംരംഭങ്ങൾ ഇങ്ങനെ നിരവധി നന്മ പ്രവർത്തികൾ അച്ചൻ ചെയ്തിരുന്നു. 1993-ൽ റോമിലെ സുബിയാക്കോയിലുള്ള അച്ചന്റെ സുഹൃത്തുക്കൾ വഴി ‘സേവ് എ ഫാമിലി’ പദ്ധതി ആരംഭിക്കുകയും ഏകദേശം 175 കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിനും ചികിത്സക്കും വിദ്യാഭ്യാസത്തിനും സാമ്പത്തികസഹായം നൽകുകയും ചെയ്തിട്ടുണ്ട്.
കടമ്പനാട് വികാരിയായിരിക്കുമ്പോൾ വില്ലേജ് ഓഫീസിനായി തന്റെ പിതൃസ്വത്ത് സർക്കാരിന് നൽകി.

ദൈവാനുഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിറകുടമായിരുന്ന ജേക്കബ് വിളയിലച്ചൻ – നരച്ചു മിനുത്ത താടി രോമങ്ങൾ, ചുവന്നുതുടുത്ത മുഖം, ശാന്തത കളിയാടുന്ന കണ്ണുകൾ, ഗാംഭീര്യം നിറഞ്ഞ ശബ്ദം, ആത്മനിഷ്ഠയിലൂടെ പതം വന്ന താപസഭാവം, ദൈവാനുഗ്രഹത്തിൽ നിറഞ്ഞ 56 വർഷങ്ങൾ പൗരോഹിത്യശുശ്രൂഷ ചെയ്ത് 2010 ആഗസ്റ്റ് 29-ന് സ്വപിതാവിന്റെ ഭവനത്തിൽ വിലയം പ്രാപിച്ചു. ജേക്കബ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായെങ്കിലും അച്ചന്റെ നന്മകൾ സ്വീകരിച്ച അനേകരിലൂടെ, അച്ചന്റെ ജീവിതവിശുദ്ധിയിലൂടെ ദൈവത്തെ അറിഞ്ഞവരിലൂടെ അച്ചൻ ഇന്നും ജീവിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ. ജേക്കബ് വിളയിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

‘പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വിളയിലച്ചൻ’ – ഫാ. ഗീവർഗീസ് എഴിയത്ത്.

‘ജേക്കബ് വിളയിലച്ചന്റെ ജീവിതത്തിലേക്ക് ഒരു സഹോദരന്റെ വീക്ഷണം’ – ജോൺ മാത്യു വിളയിൽ (സ്മരണികയിലെ ലേഖനങ്ങൾ).

സേവ്യർ മാത്യു കടമ്പനാട് (വിളയിൽ അച്ചന്റെ സഹോദരപുത്രൻ)

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.